Wednesday, April 4, 2012

അന്തോണിയോ മച്ചാദോ - കണ്ണുകൾ

Antonio_Machado

I
തന്റെ പ്രിയപ്പെട്ടവൾ മരിച്ചപ്പോളയാൾ കരുതി,
താനിനിയൊരു കിഴവനാവുമെന്നും,
ഒരു തെളിഞ്ഞ പകൽ
അവൾ മുഖം നോക്കിയ കണ്ണാടിയും ഓർമ്മകളുമായി
വീട്ടിലൊറ്റയ്ക്കു താനടച്ചിരിക്കുമെന്നും.
പിശുക്കന്റെ പെട്ടിയിലെ സ്വർണ്ണനാണയങ്ങൾ പോലെ
ആ തെളിഞ്ഞ കണ്ണാടിയിൽ ഭദ്രമായി വയ്ക്കും
ഇന്നലെകളെല്ലാമെന്നുമയാൾ കരുതി.
കാലപ്രവാഹമെന്നതും ഇനിമേൽ തനിയ്ക്കില്ല.

II
ഒരു കൊല്ലം കഴിഞ്ഞപ്പോൾപ്പക്ഷേ,
അവളുടെ കണ്ണുകളെക്കുറിച്ചയാൾക്കു സംശയങ്ങളായി:
“അവയ്ക്കു തവിട്ടുനിറമായിരുന്നോ, അതോ കറുപ്പോ?
ഇനി പച്ചയോ?...അല്ല നരച്ച നിറമോ?
അവയെന്തു മാതിരിയായിരുന്നു?
എന്റെ ദൈവമേ! എനിക്കോർമ്മ കിട്ടുന്നില്ലല്ലോ...”

III
വസന്തകാലത്തൊരുദിവസം അയാൾ വീട്ടിൽ നിന്നിറങ്ങി,
തന്റെ ശോകത്തെ അയാൾ തെരുവിലൂടെ നടത്തി,
മൗനമായും, ഹൃദയമിറുക്കിയടച്ചും...
ഒരു ജനാലയുടെ നിഴലടഞ്ഞ പഴുതിൽ
ഒരു ജോഡി കണ്ണുകളുടെ മിന്നായമയാൾ കണ്ടു.
സ്വന്തം കണ്ണുകൾ താഴ്ത്തി കുത്തനേ അയാൾ നടന്നു...
അവയെപ്പോലെതന്നെ!


Antonio Machado's eyes

No comments: