നോക്കൂ: ജിവന്റെ ഭ്രമണപഥം വരച്ചിടുന്നു,
ഗ്രാമത്തിന്റെ പച്ചപ്പിനു മേലൊരിന്ദ്രചാപം.
പ്രണയത്തെത്തേടിപ്പോകൂ, ബാലികമാരേ,
ശിലകൾക്കിടയിലുറവുകളിറ്റുമവിടെ.
പ്രണയത്തിന്റെ കഥ കേൾക്കേണ്ടതവിടെ,
ചിരിച്ചും, സ്വപ്നം കണ്ടും ജലമൊഴുകുമവിടെ.
നിങ്ങളുടെ കൈകളൊരുനാൾ വാരിയെടുക്കില്ലേ,
വാസന്തസൂര്യനെക്കണ്ടത്ഭുതപ്പെടുന്ന കണ്ണുകളെ?
പിറന്നുവീഴുമ്പോളടഞ്ഞുകിടന്ന കണ്ണുകളെ,
ഈ ജീവിതം വിട്ടുപോകുമ്പോളന്ധമാവുന്ന കണ്ണുകളെ?
നിങ്ങളുടെ മാറിലൊരുനാൾ ദാഹം തീർക്കില്ലേ,
ആ മനുഷ്യർ, പാടങ്ങളുഴുതുമറിയ്ക്കുന്നവർ?
ആഹ്ളാദിക്കൂ, യൗവനം വിടർന്ന മാതാക്കളേ,
നിങ്ങൾക്കുദരങ്ങളിൽ നിറയട്ടെ, ഈ ഞായറിന്റെ തെളിമ!
നമുക്കമ്മയായ മണ്ണിന്റെ മന്ദഹാസം നുകരൂ.
മനോഹരമായ കൂടുകൾ പറ്റി കൊറ്റികൾ ചേക്കയായിരിക്കുന്നു,
മേടകളിലവർ കുറിച്ചിടുന്നു, വെണ്മ കൊണ്ടൊരു ചിത്രലിപി.
ശിലാരന്ധ്രങ്ങളിൽ മരതകം പോലെ പായൽ തിളങ്ങുന്നു.
മൂരികളോക്കുമരങ്ങൾക്കിടയിൽ ശേഷിച്ച പുല്ലു കാരുന്നു,
ആടുകളെ മേച്ചുനടക്കുന്നവനോ,
മലഞ്ചരിവിൽ തന്റെ മേലാടയുരിഞ്ഞിട്ടിരിക്കുന്നു.
No comments:
Post a Comment