Thursday, April 5, 2012

കാർലോസ് ദ്രുമോൺ ദി അന്ദ്രാദെ - ദാരുണകവിത

450px-Carlos_Drummond_de_Andrade,_kapo

എന്തു ശബ്ദമാണവിടെ കോണിപ്പടിയിൽ കേട്ടത്?
പ്രണയത്തിനു പര്യവസാനമാവുകയാണവിടെ,
ഒരാൾ മുറിയിൽ കയറി കുറ്റിയിടുകയാണ്‌,
ജനാലക്കർട്ടനിൽ കെട്ടിത്തൂങ്ങുകയാണ്‌.

എന്തു ശബ്ദമാണവിടെ കോണിപ്പടിയിൽ കേട്ടത്?
അതു ഗ്വൊയോമാർ കണ്ണു പൊത്തിയതാണ്‌,
ഉച്ചസ്ഥായിയിൽ അവൾ മൂക്കു ചീറ്റിയതാണ്‌.
തളികകളിൽ നിശ്ചലചന്ദ്രനാണ്‌,
മേശ മേൽ തിളങ്ങുന്ന കത്തികളും മുള്ളുകളുമാണ്‌.

എന്തു ശബ്ദമാണവിടെ കോണിപ്പടിയിൽ കേട്ടത്?
ടാപ്പിൽ നിന്നു വെള്ളമിറ്റുന്നതാണ്‌,
ചൂതാട്ടത്തിൽ തോറ്റവന്റെ നിശബ്ദവിലാപമാണ്‌,
ബാന്റുവാദ്യം മെല്ലെ,മെല്ലെ നിലയ്ക്കുകയാണ്‌.

എന്തു ശബ്ദമാണവിടെ കോണിപ്പടിയിൽ കേട്ടത്?
അതു കന്യാമറിയം, ഒരു കാഹളവുമായി,
ഉണ്ണിയേശു ചെണ്ടയുമായി,
ഒരു ബിഷപ്പ് മണിയുമായി,
എന്റെ നെഞ്ചിൽ നിന്നു ചാടുന്ന ശബ്ദങ്ങളെ
മന്ദ്രസ്ഥായിയിൽ വായിക്കുന്ന മറ്റൊരാളും.


കാർലോസ് ദ്രുമോൺ ദി അന്ദ്രാദെ - (1902-1987)- ആധുനിക ബ്രസീലിയൻ കവികളിൽ ഏറ്റവും പ്രമുഖൻ.


 

No comments: