Thursday, May 31, 2012

ഒലാവ് എഛ്. ഹോഗ് - ശിലാദൈവം



ശിലാദൈവം


നിങ്ങൾ നിങ്ങൾക്കുള്ളിൽ
ഒരു ശിലാദൈവത്തെ പേറിനടക്കുന്നു.
നിങ്ങളവനു സേവ ചെയ്യുന്നു,
ഒളിവായി നിവേദ്യങ്ങളർപ്പിക്കുന്നു.
ചോര പുരണ്ട കൈകളിൽ
നിങ്ങളവനായി കൊണ്ടുചെല്ലുന്നു,
പൂച്ചെണ്ടുകളും കത്തിച്ച മെഴുകുതിരികളും.
എന്നിട്ടും നിങ്ങൾക്കറിയാം,
നിങ്ങളുടെ ഹൃദയത്തിൽ
അവന്റെ ശൈത്യം,
നിങ്ങളുടെ നിശ്വാസം
അവന്റേതുപോലെ കല്ലിയ്ക്കുന്നതും,
നിങ്ങളുടെ മന്ദഹാസം
അവന്റേതുപോലെ വെറുങ്ങലിക്കുന്നതും.



ഗാനമേ, ഹൃദയത്തിലമർത്തിച്ചവിട്ടരുതേ...


ഗാനമേ, ഹൃദയത്തിലമർത്തിച്ചവിട്ടരുതേ,
മൃദുപദങ്ങൾ വച്ചുവരൂ,
ചതുപ്പിൽ മണിപ്പൂവുകൾ പോലെ,
രാത്രി പെയ്ത മഞ്ഞിൽ കിളികളെപ്പോലെ.
നോവിന്റെ പുറംപാളിയടർന്നാൽ
നീ മുങ്ങിത്താഴുമേ, ഗാനമേ.





Wednesday, May 30, 2012

ചെസ് വാ മിവോഷ് - നേർക്കുനേരെ

Alfred_Wierusz-Kowalski_-_Wyścig


പുലർച്ചെ മഞ്ഞുറഞ്ഞ തുറസ്സിലൂടെ
കുതിരവണ്ടിയിൽ പോവുകയായിരുന്നു നാം.
ഇരുട്ടത്തൊരു പക്ഷി പറന്നുപൊങ്ങി.
പെട്ടെന്നൊരു മുയൽ വഴി മുറിച്ചുപാഞ്ഞു.
ഞങ്ങളിലൊരാളതിനെച്ചൂണ്ടി.
അതു വളരെപ്പണ്ടായിരുന്നു.
ഇരുവരിലാരുമിന്നില്ല. ആ മുയലോ,
ആ ചേഷ്ട കാണിച്ചയാളോ.
ഹാ, എന്റെ പ്രിയേ,
എവിടെയാണവർ,
എവിടെയ്ക്കാണവർ പോകുന്നത്,
ഒരു കൈയിളക്കം, ഒരു ചലനത്തിന്റെ രേഖ,
ചരൽക്കല്ലുകളുടെ കിരുക്കം.
ശോകം കൊണ്ടല്ല,
വിസ്മയം കൊണ്ടാണു ഞാൻ ചോദിക്കുന്നത്.

(1936)


link to image


ബോദ്‌ലെയെർ - അപമാനിതചന്ദ്രൻ

Selene_and_Endymion_by_Victor_Florence_Pollett


ഞങ്ങളുടെ പ്രപിതാക്കളബോധത്തിലാരാധിച്ചിരുന്ന ചന്ദ്രനേ,
നീലിച്ച മാളികയിൽ നിന്നന്തഃപുരം വിട്ടിറങ്ങുമ്പോൾ
വെള്ളിമാറ്റുടുത്ത ദാസിമാരകമ്പടി വന്നവളേ, സിന്തിയാ,
ഇരുളടഞ്ഞ ഞങ്ങളുടെ മടകളിൽ വെളിച്ചം വീശുന്ന ദീപമേ,

നീ കണ്ടുവോ, മൃദുശയ്യകളിൽ തളർന്നുറക്കമായ കാമുകരെ,
വിടർന്ന ചുണ്ടുകളിലൂടെ കവിടിനിരകൾ പോലവരുടെ പല്ലുകളെ,
വൈകിയ രാത്രിയിലും നെറ്റി മേൽ പ്രഹരിച്ചിരിക്കുന്ന കവികളെ,
പുറ്റിനടിയിലിണചേർന്നു പിണയുന്ന അണലിപ്പാമ്പുകളെ?

അതോ, മൃദുപദങ്ങളുമായി, മഞ്ഞ മുഖംമൂടിയുമായി,
രാവു മുഴുവൻ നീയലയുന്നതു പഴയൊരു പ്രണയത്തിന്റെ ഓർമ്മയിലോ,
എൻഡമിയോന്റെ വിളറിപ്പോയ ചാരുതകളെ പുൽകുവാനോ?

-“ഈ ജീർണ്ണകാലത്തിന്റെ സന്താനമേ, ഞാൻ കാണുന്നതു നിന്റെയമ്മയെ,
തന്റെ നരയും നോക്കി കണ്ണാടിയിൽ നോക്കിയിളിയ്ക്കുന്നവളെ,
നിന്നെയൂട്ടിയ മുലക്കണ്ണുകളിൽ കുങ്കുമം തേയ്ക്കുകയാണവൾ!”


പാപത്തിന്റെ പൂക്കൾ


സിന്തിയാ - ആർട്ടെമിസ് എന്ന ചാന്ദ്രദേവതയുടെ മറ്റൊരു ഗ്രീക്കുനാമം.

എൻഡമിയോൺ - ഗ്രീക്കുപുരാണത്തിൽ ചന്ദ്രൻ പ്രണയിച്ച ആട്ടിടയബാലൻ; സിയൂസ് അവനു നിത്യയൌവനം നല്കി.

ഈ ജീർണ്ണകാലത്തിന്റെ സന്താനമേ - കവിയുടെ ധാർഷ്ട്യം കണ്ടു കോപിച്ച ചന്ദ്രൻ അയാളുടെ അമ്മയെ, ഈ ജീർണ്ണിച്ച കാലത്തെയാണു താൻ കാണുന്നതെന്നു തിരിച്ചടിക്കുന്നു; കാലം കവർന്ന സൌന്ദര്യത്തെ ചമയം കൊണ്ടു തിരിച്ചുപിടിക്കാൻ നോക്കുന്ന വൃദ്ധവേശ്യയാണവർ.


La Lune offensée

Ô Lune qu'adoraient discrétement nos pères,
Du haut des pays bleus où, radieux sérail,
Les astres vont te suivre en pimpant attirail,
Ma vieille Cynthia, lampe de nos repaires,

Vois-tu les amoureux sur leurs grabats prospères,
De leur bouche en dormant montrer le frais émail?
Le poète buter du front sur son travail?
Ou sous les gazons secs s'accoupler les vipères?

Sous ton domino jaune, et d'un pied clandestin,
Vas-tu, comme jadis, du soir jusqu'au matin,
Baiser d'Endymion les grâces surannées?

— «Je vois ta mère, enfant de ce siècle appauvri,
Qui vers son miroir penche un lourd amas d'années,
Et plâtre artistement le sein qui t'a nourri!»

Charles Baudelaire

The Offended Moon

O Moon whom our ancestors discreetly adored,
Radiant seraglio! from the blue countries' height
To which the stars follow you in dashing attire,
My ancient Cynthia, lamp of our haunts,

Do you see the lovers on their prosperous pallets,
Showing as they sleep, the cool enamel of their mouths?
The poet beating his forehead over his work?
Or the vipers coupling under the withered grass?

Under your yellow domino, with quiet step,
Do you go as in days of old from morn till night
To kiss the faded charms of Endymion?

— "I see your mother, child of this impoverished age,
Bending toward her mirror a heavy weight of years,
Skillfully disguising the breast that nourished you!"

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

The Moon Offended

O moon, to whom our fathers used to pray,
From your blue home, where, odalisques of light,
'The stars will follow you in spruce array,
Old Cynthia, lantern of our dens by night,

Do you see sleeping lovers on their couches
Reveal the cool enamel of their teeth:
The poet at his labours, how he crouches:
And vipers — how they couple on the heath?

In yellow domino, with stealthy paces,
Do you yet steal with clandestine embraces
To clasp Endymion's pale, millenial charm?

— "I see your mother, by her mirror, buckled
By weight of years, poor child of death and harm!
Patching with art the breast at which you suckled!"

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)


link to image

Tuesday, May 29, 2012

ചെസ് വാ മിവോഷ് - വനയാത്ര

Bierstadt_Albert_Sunset_in_the_Rockies


തലപ്പുകൾ കാണാത്തത്ര കിളരത്തിൽ മരങ്ങൾ.
അസ്തമയസൂര്യനരുണനാളങ്ങൾ കൊളുത്തുന്നു,
ഓരോ മരത്തലപ്പിലും, മെഴുതിരിക്കാലിലെന്നപോലെ.
ചുവട്ടിലൂടെ നടന്നുപോകുന്നു, വിരലോളം പോന്ന മനുഷ്യർ.

കണ്ണുകൾ നാമുയർത്തിപ്പിടിയ്ക്കുക, കൈകൾ കോർത്തുപിടിയ്ക്കുക,
ഈ പിണഞ്ഞ പുൽക്കാടിൽ നമുക്കു വഴി പിണയാതിരിക്കട്ടെ.
രാത്രി പൂക്കളെ അടച്ചുവയ്ക്കാൻ തുടങ്ങുകയായി,
ഓരോരോ ചായമായി മാനത്തു നിന്നൊഴുകുകയുമായി.

അവിടെ, അങ്ങു മുകളിലൊരു സദ്യവട്ടം. പൊന്നിന്റെ കുംഭങ്ങൾ,
ചെമ്പിന്റെ കോപ്പകളിൽ ചുവന്ന വീഞ്ഞു പകരുന്നു.
ഒരാകാശരഥമതാ, ഉപഹാരങ്ങളുമായിപ്പോകുന്നു,
അദൃശ്യരായ രാജാക്കന്മാർക്കായി, അഥവാ ധ്രുവതാരകൾക്കായി..


link to image



Monday, May 28, 2012

ലൂയിസ് ബുനുവേൽ - ഓർമ്മ

dali_moma_0708_04



മരിക്കുന്നതിനു മുമ്പുള്ള പത്തു കൊല്ലത്തിനിടയിൽ എന്റെ അമ്മയ്ക്ക് ഓർമ്മ ക്രമേണ നഷ്ടപ്പെട്ടു. എന്റെ സഹോദരന്മാരോടൊപ്പം അമ്മ താമസിച്ചിരുന്ന സാരഗോസ്സയിൽ അവരെ കാണാൻ ചെല്ലുമ്പോൾ അവർ ആഴ്ചപ്പതിപ്പുകൾ എടുത്തു വായിക്കുന്നത് ഞാൻ നോക്കിയിരിക്കും: ആദ്യം മുതൽ അവസാനം വരെ ഓരോ പേജും ശ്രദ്ധാപൂർവം മറിച്ച്. വായിച്ചുകഴിഞ്ഞാൽ ഞാനത് അവരുടെ കൈയിൽ നിന്നു വാങ്ങിയിട്ട് വീണ്ടും തിരിച്ചുകൊടുക്കും; അവർ പിന്നെയും അത് സാവധാനം പേജു മറിച്ചു വായിക്കുന്നതാണ്‌ ഞാൻ കാണുക.
അവരുടെ ശാരീരികാരോഗ്യത്തിന്‌ ഒരു കുഴപ്പവുമുണ്ടായിരുന്നില്ല; ആ പ്രായം വച്ചു നോക്കുമ്പോൾ നല്ല ചുറുചുറുക്കുമുണ്ടായിരുന്നു; പക്ഷേ ഒടുവിലായപ്പോൾ സ്വന്തം മക്കളെ അവർക്കു തിരിച്ചറിയാതായി. ഞങ്ങളാരാണെന്നോ, താനാരെന്നോ അവർക്കറിവുണ്ടായിരുന്നില്ല. ഞാൻ അവരുടെ മുറിയിലേക്കു ചെന്ന് ചുംബിച്ചിട്ട് ഒപ്പം അല്പനേരമിരിക്കും. ചിലപ്പോൾ പോകാനെന്നപോലെ ഇറങ്ങിയിട്ട് തിരിച്ചു വീണ്ടും ചെല്ലും. അതേ പുഞ്ചിരിയോടെ അവരെന്നെ നോക്കും, എന്നോടിരിക്കാൻ പറയും- ആദ്യമായിട്ടാണ്‌ അമ്മ എന്നെ കാണുന്നതെന്നപോലെ. എന്റെ പേരും അവർക്കോർമ്മയുണ്ടായിരുന്നില്ല.
സാരഗോസ്സയിൽ സ്കൂൾകുട്ടിയായിരിക്കുന്ന കാലത്ത് സ്പെയിനിലെ വിസിഗോത്ത് രാജാക്കന്മാരുടെ പേരുകൾ മുഴുവൻ എനിക്കു മനപ്പാഠമായിരുന്നു; അതുപോലെ യൂറോപ്പിലെ ഓരോ രാജ്യത്തിന്റെയും വിസ്തീർണ്ണവും ജനസംഖ്യയും. ഉപയോഗശൂന്യമായ വിവരങ്ങളുടെ ഒരു സ്വർണ്ണഖനിയായിരുന്നു ഞാൻ എന്നതാണു വസ്തുത. ഈ യാന്ത്രികമായ വെടിക്കെട്ടുകൾ എണ്ണമറ്റ തമാശകൾക്കു വിഷയവുമായിരുന്നു; ഇതിൽ മിടുക്കു കാണിച്ചിരുന്ന വിദ്യാർത്ഥികളെ memorione എന്നാണു വിളിച്ചിരുന്നത്; അങ്ങനെയൊരു കേമനായിരുന്നു ഞാനെങ്കിൽക്കൂടി അത്തരം അഭ്യാസങ്ങളെ എനിക്കു പുച്ഛവുമായിരുന്നു.

ഇന്നു പക്ഷേ അത്രയും അവജ്ഞ എനിക്കു തോന്നുന്നില്ല. ഒരായുസ്സിനിടയിൽ അബോധപൂർവ്വം നാം ശേഖരിച്ചുവയ്ക്കുന്ന ഓർമ്മകളെക്കുറിച്ച് രണ്ടാമതൊന്നു നാം ചിന്തിക്കുന്നത്, പെട്ടെന്നൊരു ദിവസം അടുത്തൊരു സ്നേഹിതന്റെയോ, ബന്ധുവിന്റെയോ പേരു നമുക്കോർമ്മിക്കാൻ പറ്റാതെ വരുമ്പോഴാണ്‌. അതു പോയിക്കഴിഞ്ഞു; നമുക്കതു മറന്നുകഴിഞ്ഞു. അതിസാധാരണമായ ഒരു പദം ഓർത്തെടുക്കാൻ നാമെത്ര കിണഞ്ഞു ശ്രമിച്ചിട്ടും അതു വിഫലമാവുകയാണ്‌. നമ്മുടെ നാവിൻ തുമ്പത്തതുണ്ട്; പക്ഷേ അവിടെ നിന്നു പോരാൻ അറച്ചുനിൽക്കുകയാണത്.
ഇതു വന്നുകഴിഞ്ഞാൽ പിന്നെ മറ്റു ഭ്രംശങ്ങൾ ഉണ്ടാവുകയായി; ഓർമ്മയുടെ പ്രാധാന്യം അപ്പോഴേ നമുക്കു മനസ്സിലാവുന്നുള്ളു, അപ്പോഴേ നാമത് അംഗീകരിച്ചു കൊടുക്കുന്നുമുള്ളു. ഈ തരം സ്മൃതിലോപം എന്നെ ആദ്യമായി ബാധിക്കുന്നത് എഴുപതോടടുക്കുമ്പോഴാണ്‌. പേരുകളിൽ നിന്നായിരുന്നു തുടക്കം; പിന്നെ ആസന്നഭൂതകാലത്തിൽ നിന്നും. ഞാനെന്റെ ലൈറ്റർ എവിടെ വച്ചു? ( അഞ്ചു മിനുട്ടു മുമ്പ് അതെന്റെ കൈയിൽ ഉണ്ടായിരുന്നതാണല്ലോ!) ഈ വാക്യത്തിനു തുടക്കമിടുമ്പോൾ എന്തു പറയാനാണ്‌ ഞാൻ ഉദ്ദേശിച്ചത്? അധികം വൈകേണ്ട, ചില മാസങ്ങൾക്കു മുമ്പോ വർഷങ്ങൾക്കു മുമ്പോ നടന്ന കാര്യങ്ങളിലേക്ക് ഈ സ്മൃതിലോപം പടരുകയായി- 1980ൽ മാഡ്രിഡിൽ ഞാൻ മുറിയെടുത്തു താമസിച്ച ഹോട്ടലിന്റെ പേര്‌, ആറു മാസം മുമ്പു മാത്രം അത്രയും രസം പിടിച്ചു ഞാൻ വായിച്ച ആ പുസ്തകം. തിരഞ്ഞുതിരഞ്ഞു പോവുകയാണു ഞാൻ; പക്ഷേ ഫലമില്ല; എന്നാണ്‌ അവസാനത്തെ ആ സ്മൃതിനാശം വരിക എന്നു നോക്കിയിരിക്കുകയേ വേണ്ടു ഞാനിനി; എന്റെ അമ്മയുടെ കാര്യത്തിലെന്നപോലെ ഒരു ജീവിതത്തെയപ്പാടെ തുടച്ചുമാറ്റുന്ന തൊന്നിനായി.

ആ അന്തിമാന്ധകാരത്തെ വിലക്കിനിർത്താൻ ഇതുവരെ എനിക്കു കഴിഞ്ഞിരിക്കുന്നു. എന്റെ വിദൂരഭൂതകാലത്തിൽ നിന്ന് എണ്ണമറ്റ പേരുകളും മുഖങ്ങളും വിളിച്ചുവരുത്താൻ ഇപ്പോഴും എനിക്കു കഴിയുന്നുണ്ട്; ഏതെങ്കിലുമൊന്നു മറന്നുപോയാൽ ഞാനങ്ങനെ വേവലാതിപ്പെടാറുമില്ല. എനിക്കറിയാം, അബോധമനസ്സിന്റെ ചില യാദൃച്ഛികതകളിലൂടെ പെട്ടെന്നതു പുറത്തേക്കു വരുമെന്ന്. നേരേ മറിച്ച്, തൊട്ടടുത്തു നടന്ന ഒരു സംഭവമോ, കഴിഞ്ഞ ചില മാസങ്ങൾക്കിടയിൽ ഞാൻ കണ്ടുമുട്ടിയ ഒരാളുടെ പേരോ, പരിചയമുള്ള ഒരു സാധനത്തിന്റെ പേരോ ഓർക്കാനാവാതെ വരുമ്പോൾ വല്ലാത്ത ഉത്ക്കണ്ഠയിൽ വീണുപോവുകയാണു ഞാൻ. എന്റെ വ്യക്തിസത്ത അങ്ങനെതന്നെ പെട്ടെന്നു പൊടിഞ്ഞുപോയതുപോലെ എനിക്കു തോന്നിപ്പോവുന്നു; അതെനിക്ക് ഒരൊഴിയാബാധയാവുന്നു; മറ്റൊന്നും എന്റെ ചിന്തയിൽ വരുന്നില്ല; എന്നാൽക്കൂടി എന്റെ യത്നങ്ങളും ക്ഷോഭവുമൊന്നും എന്നെ എവിടെയ്ക്കുമെത്തിക്കുന്നുമില്ല.
ഓർമ്മയാണ്‌ നമ്മുടെയൊക്കെ ജീവിതത്തെ ജീവിതമാക്കുന്നതെന്നു നിങ്ങൾക്കു ബോദ്ധ്യപ്പെടണമെങ്കിൽ നിങ്ങൾക്കോർമ്മ നഷ്ടപ്പെട്ടു തുടങ്ങണം, പൊട്ടും പൊടിയുമായിട്ടെങ്കിലും. ഓർമ്മ വിട്ടുപോയ ജീവിതം ജീവിതമേയല്ല; ആവിഷ്കാരസാദ്ധ്യതയില്ലാത്ത പ്രജ്ഞ പ്രജ്ഞയല്ലെന്നു പറയുന്ന പോലെ തന്നെയാണത്. നമ്മുടെ ഓർമ്മ തന്നെയാണ്‌ നമ്മുടെ മാനസികഭദ്രത, നമ്മുടെ യുക്തി, നമ്മുടെ വികാരം, നമ്മുടെ പ്രവൃത്തി തന്നെയും. അതില്ലെങ്കിൽ ആരുമല്ല നാം.
ഇങ്ങനെയൊരു സിനിമാരംഗം മനസ്സിൽ കണ്ടുനോക്കുക ( ഞാൻ പലപ്പോഴും അങ്ങനെ ചെയ്യാറുണ്ട്): തന്റെ സ്നേഹിതനോട് ഒരു കഥ പറഞ്ഞുകൊടുക്കുന്നയാൾക്ക് നാലു വാക്കിൽ ഒന്നു വീതം മറന്നു പോവുകയാണ്‌; കാറെന്നോ, തെരുവെന്നോ, പോലീസുകാരനെന്നോ ഉള്ള വെറും സരളമായ വാക്കുകൾ. അയാൾ വിക്കുകയാണ്‌, അറയ്ക്കുകയാണ്‌, വായുവിൽ കൈയിട്ടു വീശുകയാണ്‌, സമാനപദങ്ങൾക്കായി തപ്പുകയാണ്‌. ഒടുവിൽ ദേഷ്യം വന്ന സ്നേഹിതൻ അയാൾക്കിട്ടൊരടിയും കൊടുത്ത് സ്ഥലം വിടുന്നു. ചിലപ്പോൾ പരിഭ്രമം മറയ്ക്കാനുള്ള ഉപാധിയായി ഹാസ്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഞാൻ ഇങ്ങനെ ഒരു കഥയും പറയാറുണ്ട്: തന്റെ ഓർമ്മപ്പിശകുകളുടെ കാര്യവും പറഞ്ഞുകൊണ്ട് മനോരോഗവിദഗ്ധനെ കാണാൻ പോവുകയാണൊരാൾ; പതിവുള്ള ഒന്നുരണ്ടു ചോദ്യങ്ങൾക്കു ശേഷം ഡോക്ടർ അയാളോടു ചോദിക്കുന്നു:
“അപ്പോൾ, ഈ ഓർമ്മപ്പിശക്?”
“എന്തോർമ്മപ്പിശക്?”

ഓർമ്മ സർവശക്തമായിരിക്കാം, അനിവാര്യവുമായിരിക്കാം, ഒപ്പം ഭയാനകമാം വിധം ദുർബ്ബലവുമാണത്. എവിടെയും ഭീഷണിയിലാണത്; ജന്മശത്രുവായ ഓർമ്മക്കുറവിൽ നിന്നു മാത്രമല്ല, വ്യാജമായ ഓർമ്മകളിൽ നിന്നും. 1930കളിൽ നടന്ന പോൾ നിസ്സാന്റെ വിവാഹത്തെക്കുറിച്ചുള്ള ഈ കഥ ഞാൻ പലപ്പോഴും ആവർത്തിച്ചിരിക്കുന്നു. അയാളുടെ വിവാഹം നടന്ന സാങ്ങ് ജർമൻ ഡി പ്രി (St. Germain-des-pres)പള്ളി സ്ഫടികം പോലെ ഇപ്പോഴും എന്റെ മനക്കണ്ണുകൾക്കു മുന്നിലുണ്ട്. വിവാഹം കൂടാൻ വന്നവരെ (കൂട്ടത്തിൽ ഞാനും) ഞാൻ കാണുന്നുണ്ട്; അൾത്താര, പുരോഹിതൻ, വരന്റെ സഹായിയുടെ വേഷത്തിൽ സാർത്രും. അപ്പോഴാണ്‌ കഴിഞ്ഞകൊല്ലം പെട്ടെന്നൊരു ദിവസം ഞാൻ എന്നോടു തന്നെ പറയുന്നത്- ഇതെന്തു കഥ! തീവ്രമാർക്സിസ്റ്റായ നിസ്സാനും, കുടുംബത്തോടെ അജ്ഞേയവാദികളായ അയാളുടെ ഭാര്യയും തമ്മിൽ പള്ളിയിൽ വച്ചു വിവാഹം കഴിക്കുകയോ! അചിന്ത്യമാണതെന്നതിൽ സംശയമേ വേണ്ട. അതു ഞാൻ ഉണ്ടാക്കിയെടുത്തതാണോ? മറ്റു വിവാഹങ്ങളുമായി ഞാനതു കൂട്ടിക്കുഴച്ചോ? ആരോ എന്നോടു പറഞ്ഞ ഒരു കഥയിലേക്ക് എനിക്കു നല്ലവണ്ണം പരിചയമുള്ള ഒരു പള്ളിയെ ഞാൻ പറിച്ചുനടുകയായിരുന്നോ? ഇന്നും എനിക്കൊരു ധാരണയുമില്ല, എന്താണു സത്യമെന്ന്, അതിനെക്കൊണ്ട് ഞാനെന്തു ചെയ്തുവെന്ന്.
നമ്മുടെ ഭാവന, നമ്മുടെ സ്വപ്നങ്ങളും, നമ്മുടെ ഓർമ്മകളിലേക്ക് നിരന്തരം കടന്നുകയറുകയാണ്‌; സ്വന്തം മനോരഥങ്ങളെ അവിശ്വസിക്കുകയെന്നതു നമുക്കു ശീലമല്ലാത്തതിനാൽ നാമൊടുവിൽ നമ്മുടെ വ്യാജങ്ങളെ യാഥാർത്ഥ്യങ്ങളാക്കി മാറ്റുകയുമാണ്‌. ശരി തന്നെ, യാഥാർത്ഥ്യവും ഭാവനയും ഒരേപോലെ വൈയക്തികമാണ്‌, അവ നമുക്കനുഭൂതമാകുന്നതിലും വ്യത്യാസമൊന്നുമില്ല; അതിനാൽ ഒന്നിനെ മറ്റൊന്നായി കാണുന്നതിന് ആപേക്ഷികമായ പ്രാധാന്യമേ കൊടുക്കേണ്ടതുള്ളു.

ആത്മകഥയെന്നു ഭാഗികമായി പറയാവുന്ന ഈ ഓർമ്മകളിൽ - ഒരു സാഹസികനോവലിലെ വഴിയാത്രക്കാരൻ അപ്രതീക്ഷിതമായ ഒരു കടന്നുകയറ്റത്തിന്റെ, മുൻകൂട്ടിക്കാണാത്ത ഒരു കഥയുടെ ചാരുതയിൽ ആകൃഷ്ടനായിപ്പോകുന്നതുപോലെ, പലപ്പോഴും ഞാൻ വിഷയത്തിൽ നിന്നു തെന്നുകയും ചെയ്യും- ചില വ്യാജസ്മൃതികൾ തീർച്ചയായും ശേഷിക്കുന്നുണ്ടാവും, എന്റെ ജാഗ്രതയൊക്കെ ഇരിക്കെത്തന്നെ. പക്ഷേ, ഞാൻ നേരത്തേ പറഞ്ഞപോലെ, അതിനെ അത്രയ്ക്കങ്ങു കാര്യമാക്കാനില്ല. എന്റെ തീർച്ചകളുടേതെന്നപോലെ, എന്റെ സ്ഖലിതങ്ങളുടെയും സന്ദേഹങ്ങളുടെയും കൂടി ആകെത്തുകയാണു ഞാൻ. ചരിത്രകാരനല്ല ഞാനെന്നതിനാൽ, കുറിപ്പുകളും വിജ്ഞാനകോശങ്ങളും എനിക്കില്ല; എന്നാൽക്കൂടി ഞാൻ ഈ വരച്ചിടുന്ന ഛായാചിത്രം എന്റേതു മാത്രമാണ്‌- എന്റെ സ്ഥിരീകരണങ്ങളും എന്റെ വികല്പങ്ങളുമായി, എന്റെ ആവർത്തനങ്ങളും എന്റെ സ്ഖലിതങ്ങളുമായി, എന്റെ നേരുകളും എന്റെ നുണകളുമായി. ആ വിധമാണ്‌ എന്റെ ഓർമ്മ.


(ബുനുവേലിന്റെ “അന്ത്യശ്വാസം” എന്നു പേരുള്ള ആത്മകഥയുടെ ആദ്യത്തെ അദ്ധ്യായം.)




ചെസ്വാ മീവോഷ് - പുഴകൾ

File:Entry of the cave and river of San Matéo, early 1800s.jpg

പലപല പേരുകളിൽ നിങ്ങളെയല്ലാതാരെയും സ്തുതിച്ചിട്ടില്ല ഞാൻ, പുഴകളേ!
പാലും തേനും പ്രണയവും മരണവും നൃത്തവുമാണു നിങ്ങൾ.
കണ്ണിൽപ്പെടാത്ത ശിലാകോടരങ്ങളിലെയുറവകളിൽ,
പായൽ പറ്റിയ കൽക്കെട്ടുകൾക്കു മേലൊരു ദേവത ചരിച്ചൊഴുക്കുന്ന കുടത്തിൽ,
മണ്ണിനടിയിലരുവികൾ മന്ത്രിക്കുന്ന പുൽമേട്ടിലെ തെളിഞ്ഞ ചാലുകളിൽ
നിങ്ങളുടെയുമെന്റെയും കുതിപ്പുകൾക്കാരംഭമായി,
നമ്മുടെ ആശ്ചര്യങ്ങൾക്കും, ക്ഷണികയാത്രകൾക്കും.
നഗ്നനായി, സൂര്യനു നേർക്കു മുഖം തിരിച്ചും,
പുഴയിൽ തുഴ തൊടാതെ ഞാനൊഴുകി-
ഓക്കുമരക്കാടുകളും പാടങ്ങളും ഒരു പൈന്മരക്കൂട്ടവുമെന്നെക്കടന്നുപോയി.
ഓരോ തിരിവിലുമുണ്ടായിരുന്നു, മണ്ണിന്റെ വാഗ്ദാനങ്ങൾ,
അടുക്കളപ്പുകകൾ, മയക്കത്തിലാണ്ട കാലിപ്പറ്റങ്ങൾ,
പൂഴിമണൽക്കൂനകൾക്കു മേൽ പറന്നുയരുന്ന കുരുവികൾ.
ചുവടു വച്ചു ചുവടു വച്ചു നിങ്ങളിലേക്കു ഞാനിറങ്ങി,
ആ നിശ്ശബ്ദതയിൽ ഒഴുക്കെന്‍റെ മുട്ടിനു ചുറ്റിപ്പിടിച്ചു,
ഒടുവിലൊഴുക്കെന്നെയെടുത്തു, ഞാനൊഴുകി,
നട്ടുച്ചയെരിയുന്ന മാനത്തിന്റെ കൂറ്റൻപ്രതിഫലനത്തിലൂടെ.
നിങ്ങളുടെ കരയിലുണ്ടായിരുന്നു ഞാൻ,
മദ്ധ്യവേനൽരാത്രിയിൽ പൂർണ്ണചന്ദ്രനുരുണ്ടിറങ്ങുമ്പോൾ,
ചുംബനാനുഷ്ഠാനങ്ങളിൽ ചുണ്ടുകൾ തമ്മിലടുക്കുമ്പോൾ-
അന്നെന്നപോലിന്നുമെന്നിൽ ഞാൻ കേൾക്കുന്നു,
തോണിക്കടവിലലയലയ്ക്കുന്നതും,
ഒരാശ്ളേഷത്തിനുമാശ്വാസത്തിനുമായി
അകത്തേക്കെന്നെ വിളിയ്ക്കുന്ന മന്ത്രണവും.
മണ്ണിലാണ്ട നഗരങ്ങളിൽ മണികൾ മുഴങ്ങുമ്പോൾ
ആരുമോർക്കാതെ ഞങ്ങളടിയുന്നു,
തീരാപ്രവാഹത്തിൽ ഞങ്ങളെയുമെടുത്തു നിങ്ങൾ പായുമ്പോൾ
ഞങ്ങളെയെതിരേൽക്കുന്നതു മരിച്ചവരുടെ ദൗത്യസംഘങ്ങൾ.
ആകുന്നതല്ല, ആയിരുന്നതല്ല. നിമിഷത്തിന്റെ നിത്യതയൊന്നേ.

1980


link to image

Sunday, May 27, 2012

ബോദ്‌ലെയെർ - അർദ്ധരാത്രിയ്ക്ക് ഒരാത്മപരിശോധന

[baude7[5].jpg]

പാതിരാത്രിയിൽ ഘടികാരമടിക്കുമ്പോൾ
പരിഹാസത്തോടതു നമ്മെ വിളിച്ചുചോദിക്കുന്നു,
ഒരു പകലു കൂടി കഴിഞ്ഞുപോകുമ്പോൾ
ആ നേരം കൊണ്ടു നാമെന്തു ചെയ്തു?
-വെള്ളിയാഴ്ച, പതിമൂന്നാം തീയതിയും,
ഇന്നു നമുക്കൊരു ദുർഭഗദിനമത്രെ;
എല്ലാമറിയുന്നവരാണു നാമെന്നിരിക്കെ,
ദൈവവിരോധമായിരുന്നു നാം ചെയ്തതൊക്കെ.

യേശുവിനെ നാമിന്നു തള്ളിപ്പറഞ്ഞു,
ദൈവങ്ങളിൽ വച്ചനിഷേധ്യനായവനെ!
ഏതോ ദുർവൃത്തനായ പിശാചിനൊപ്പം
പരാന്നഭോജിയെപ്പോലെ നാം വിരുന്നിനു പോയി.
നമുക്കുള്ളിലധിവസിക്കുന്ന മൃഗത്തെ,
നരകത്തിന്റെ സാമന്തനെ പ്രീതിപ്പെടുത്താനായി
നാം സ്നേഹിക്കുന്നവരെ നാമധിക്ഷേപിച്ചു,
നാം വെറുക്കുന്നവർക്കു നാം മുഖസ്തുതി പാടി;

ഭീരുക്കളുടെ ക്രൂരതയോടെ നാം ദ്രോഹിച്ചു,
നിസ്സഹായരായ സാധുമനുഷ്യരെ;
കാളമുഖം വച്ച മൂഢതയ്ക്കു മുന്നിൽ
മുട്ടിലിഴഞ്ഞു നാമാരാധിച്ചു.
ജഡപിണ്ഡത്തെ ചുംബിച്ചു നാം കിടന്നു,
അതും, ആത്മസമർപ്പണത്തോടെ!
ജീർണ്ണതയുടെ നരകവെളിച്ചത്തിന്‌
താണുവീണു നാം മുഖസ്തുതിയും ചൊല്ലി.

അതും പോരാ, പമ്പരം കറങ്ങുന്ന തലയെ
ചിത്തഭ്രമത്തിൽ മുക്കിത്താഴ്ത്തിയ നാം-
മരണത്തിന്റെ പ്രഹർഷങ്ങളെ വിളിച്ചുകാട്ടേണ്ട,
കാവ്യദേവതയുടെ മേശാന്തികളായ നാം-
ഒരു വിശപ്പുമില്ലാതെ പന്നികളെപ്പോലെ വാരിവലിച്ചുതിന്നു,
ദാഹമെന്നതില്ലാതെ കലക്കവെള്ളം കോരിക്കുടിച്ചു.
വേഗം, വേഗമെന്റെയാത്മാവേ, വിളക്കൂതിക്കെടുത്തൂ,
രാത്രിയുടെ കരിമ്പടമെടുത്തു തലവഴിയേ മൂടൂ!


പിൽക്കാലത്തെഴുതിയ “പുലർച്ചയ്ക്കൊരു മണിയ്ക്ക്” എന്ന ഗദ്യകവിതയിലും ഈ മനഃസാക്ഷിവിചാരണ ആവർത്തിക്കുന്നുണ്ട്.


പുലർച്ചയ്ക്കൊരുമണിയ്ക്ക്‌

 

ഒടുവിൽ ഞാനൊറ്റയ്ക്കാകുന്നു!

മടങ്ങാൻ വൈകിയ ചില പഴഞ്ചൻവണ്ടികളുടെ കടകടശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ല. ഇനി കുറേ നേരത്തേക്ക്‌ ശാന്തതയല്ലെങ്കിൽ നിശ്ശബ്ദതയെങ്കിലും നമുക്കു പ്രതീക്ഷിക്കാം. മനുഷ്യമുഖങ്ങളുടെ ദുർഭരണത്തിനവസാനമായിരിക്കുന്നു; ഇനി എന്റെ വക ദുരിതങ്ങളേ എനിക്കനുഭവിക്കാനുള്ളു.

ഹാവൂ! ഇനിയീ ഇരുട്ടു കോരിയൊഴിച്ച്‌ എനിക്കൊരു കുളികഴിക്കാം. അതിനു മുമ്പ്‌ ഞാനീ വാതിലൊന്ന് താക്കോലിട്ടു പൂട്ടട്ടെ; താക്കോൽ വീഴുന്ന ആ ശബ്ദം എന്റെ ഏകാന്തതയുടെ കനം കൂട്ടുന്ന പോലെയാണ്‌ എനിക്കു തോന്നുന്നത്‌; പുറംലോകത്തിൽ നിന്ന് എന്നെ വേർപെടുത്തുന്ന കന്മതിൽ ഒന്നുകൂടി ബലപ്പെടുത്തുകയാണത്‌.

അസഹ്യമായ ജീവിതം!അസഹ്യമായ നഗരം! ഇന്നു പകലു നടന്നതെന്തൊക്കെയാണ്‌-കുറേ സാഹിത്യകാരന്മാരെ കണ്ടുമുട്ടി;അവരിലൊരാൾക്ക്‌ റഷ്യയിലേക്കു കരമാർഗ്ഗമുള്ള വഴി ഞാൻ പറഞ്ഞുകൊടുക്കണമത്രെ(റഷ്യ കടലിനു നടുവിൽക്കിടക്കുന്ന ദ്വീപാണെന്നായിരിക്കണം ആൾ കരുതിയിരിക്കുന്നത്‌); ഒരു പത്രാധിപരുമായി ശ്വാസം വിടാതെ നിന്നു തർക്കിച്ചു;എന്റെ ഓരോ തടസ്സവാദത്തിനും അയാളുടെ മറുപടി ഇതായിരുന്നു:"ഞങ്ങൾ മര്യാദക്കാരുടെ കൂടെയാണ്‌." എന്നതിനർത്ഥം മറ്റു പത്രാധിപന്മാരൊക്കെ പോക്കിരികളാണെന്നാണല്ലോ; ഒരിരുപതു പേരുടെ അഭിവാദനങ്ങൾക്ക്‌ പ്രത്യഭിവാദനം ചെയ്യേണ്ടിവന്നു; അതിൽ പതിനഞ്ചുപേരും എനിക്കു കണ്ടുപരിചയം പോലുമില്ലാത്തവരുമായിരുന്നു; അതേയളവിൽത്തന്നെ ഹസ്തദാനങ്ങളും നടത്തി, അതും ഒരു കൈയുറയുടെ മുൻകരുതൽ പോലുമില്ലാതെ; മഴ ചാറിയ നേരത്ത്‌ സമയം കൊല്ലാൻ വേണ്ടി ഒരു സർക്കസ്സുകാരിയെ കാണാൻ പോയി; അവൾക്കു  ഞാനൊരു വേഷം ഡിസൈൻ ചെയ്തു കൊടുക്കണമത്രെ; കുറേനേരം ഒരു നാടകസംവിധായകന്റെ പിന്നാലെ തൂങ്ങിനടന്നു; ഒടുവിൽ എന്നെ ഒഴിവാക്കാൻ അയാൾ പറയുകയാണ്‌:"ഇന്നയാളെ ഒന്നു പോയിക്കാണൂ. എന്റെ നാടകകൃത്തുക്കളിൽ വച്ച്‌ ഏറ്റവും പൊണ്ണനും ഏറ്റവും ബുദ്ധിഹീനനും ഏറ്റവും പ്രശസ്തനും അയാളാണ്‌. അയാളോടൊട്ടിനടന്നാൽ തനിക്കെവിടെയെങ്കിലുമെത്താം. പോയിട്ടുവാ, എന്നിട്ടു നമുക്കു നോക്കാം." ചെയ്തിട്ടേയില്ലാത്ത ചില കന്നത്തരങ്ങൾ ചെയ്തതായി ഞാൻ വീരവാദം മുഴക്കി(എന്തിന്‌); മര്യാദകേടുകൾ ചിലതു ചെയ്തത്‌ ഒരു പേടിത്തൊണ്ടനെപ്പോലെ ഞാൻ നിഷേധിക്കുകയും ചെയ്തു.ഒരു സുഹൃത്തിന്‌ നിഷ്‌പ്രയാസം സാധിച്ചുകൊടുക്കാമായിരുന്ന ഒരു സഹായം ചെയ്യാൻ ഞാൻ മിനക്കെട്ടില്ല; അതേസമയം ഒരൊന്നാന്തരം പോക്കിരിയ്ക്ക്‌ ഒരു ശുപാർശക്കത്തു തന്നെ എഴുതിക്കൊടുക്കുകയും ചെയ്തു. ഹൊ,ഇത്രയൊക്കെപ്പോരേ!

സകലതും വെറുത്ത,എന്നെത്തന്നെ വെറുത്ത ഞാൻ ഈ രാത്രിയുടെ നിശ്ശബ്ദതയിലും ഏകാന്തതയിലും സ്വയമൊന്നു വീണ്ടെടുടക്കട്ടെ; നഷ്ടമായ ആത്മാഭിമാനം അൽപമെങ്കിലും ഞാൻ കണ്ടെടുക്കട്ടെ. ഞാൻ സ്നേഹിച്ചവരുടെ ആത്മാക്കളേ,ഞാൻ കവിതകളിൽ കൊണ്ടാടിയവരുടെ ആത്മാക്കളേ, എനിക്കു ബലം തരൂ,എന്നെ താങ്ങിനിർത്തൂ,ഈ ലോകത്തിന്റെ നുണകളിലും ദുഷിച്ച വായുവിലും നിന്ന് എന്നെ രക്ഷപെടുത്തൂ. എന്റെ ദൈവമേ, അവിടുന്നും ഒന്നു ചെയ്യാനുണ്ട്‌: മനോഹരമായ ചില കവിതകളെഴുതാൻ വേണ്ട അനുഗ്രഹം എനിക്കു നൽകേണമേ; മനുഷ്യർക്കിടയിൽ ഏറ്റവും താഴ്‌ന്നവനല്ല ഞാനെന്ന്, ഞാൻ വെറുക്കുന്നവരേക്കാൾ അധമനല്ല ഞാനെന്ന് എനിക്കു ബോധ്യമാവട്ടെ.


Friday, May 25, 2012

മരണം - വാമൊഴിക്കവിതകൾ

File:Tribal II.jpg

മന്ത്രം


ദൈവമെല്ലാം സൃഷ്ടിക്കുന്ന വേളയിൽ
അവൻ സൂര്യനെ സൃഷ്ടിച്ചു;
സൂര്യൻ ജനിക്കുന്നു, മരിക്കുന്നു, പിന്നെയും ജനിക്കുന്നു.
അവൻ ചന്ദ്രനെ സൃഷ്ടിച്ചു,
ചന്ദ്രൻ ജനിക്കുന്നു, മരിക്കുന്നു, പിന്നെയും ജനിക്കുന്നു.
അവൻ നക്ഷത്രങ്ങളെ സൃഷ്ടിച്ചു,
നക്ഷത്രങ്ങൾ ജനിക്കുന്നു, മരിക്കുന്നു, പിന്നെയും ജനിക്കുന്നു.
അവൻ മനുഷ്യനെ സൃഷ്ടിച്ചു,
മനുഷ്യൻ ജനിക്കുന്നു, മരിക്കുന്നു, പിന്നെ ജനിക്കുന്നുമില്ല.

(ഡിങ്കാഗോത്രം, സുഡാൻ)


പുലർച്ചെ സൂര്യനുദിക്കുന്നു...


File:Tiger-eye-vector.svg

പുലർച്ചെ സൂര്യനുദിക്കുന്നു,
പൊന്നു പോലെ,
സന്ധ്യയ്ക്കു സൂര്യനസ്തമിക്കുന്നു,
വെള്ളി പോലെ;
നമ്മുടെ ജീവിതങ്ങൾ കടന്നുപോകുന്നു,
പട്ടുനൂലുകൾ പോലെ.
നാമൊഴുകുന്നു,
പുഴവെള്ളം പോലെ
നാമൊഴുകിക്കടന്നുപോകുന്നു.

(ഫിൻലാൻഡ്)



നൃത്തഗാനം

File:Dogon105.jpg

ആശാരിയോടു കട്ടിൽ പറഞ്ഞു, എന്നെപ്പണിയരുത്,
പണിതാൽ, നാളെയോ മറ്റെന്നാളോ,
എന്റെ മേലിട്ടു നിന്നെയവർ കുഴിയിലേക്കെടുക്കും;
ആരുമുണ്ടാവില്ല, നിന്നെത്തുണയ്ക്കാൻ.

കൊല്ലനോടു മൺവെട്ടി പറഞ്ഞു, എന്നെപ്പണിയരുത്,
പണിതാൽ, നാളെയോ മറ്റെന്നാളോ,
എന്നെക്കൊണ്ടവർ നിന്റെ കുഴിയെടുക്കും;
ആരുമുണ്ടാവില്ല നിന്നെത്തുണയ്ക്കാൻ.

നെയ്ത്തുകാരനോടു തുണി പറഞ്ഞു, എന്നെ നെയ്യരുത്,
നെയ്താൽ, നാളെയോ മറ്റെന്നാളോ,
ഞാൻ നിന്റെ ശവക്കോടിയാവും;
ആരുമുണ്ടാവില്ല നിന്നെത്തുണയ്ക്കാൻ.

(ഗോണ്ട്, ഇന്ത്യ)


പരസ്ക്കേവി പുണ്യവാന്റെ പള്ളിയിൽ


പരസ്ക്കേവി പുണ്യവാന്റെ പള്ളിയിൽ
ഒരു പെൺകുട്ടി തനിയേയുറങ്ങുന്നു.

ഉറങ്ങുമ്പോളവൾ സ്വപ്നം കാണുന്നു,
താൻ മണവാട്ടിയായെന്നവൾ സ്വപ്നം കാണുന്നു.

ഒരുയർന്ന ഗോപുരമവൾ കാണുന്നു,
നിറഞ്ഞൊഴുകുന്ന രണ്ടു പുഴകളും.

‘അമ്മേ, ഗോപുരമെന്റെ മണവാളൻ,
പഴത്തോട്ടമെന്റെ കല്യാണം,

നിറഞ്ഞൊഴുകുന്ന രണ്ടു പുഴകൾ
എന്റെ നാത്തൂന്മാർക്കുള്ള വീഞ്ഞും.’

‘മകളേ, ഗോപുരം നിന്റെ മരണം,
പഴത്തോട്ടം നിന്റെ ശവമാടം,

നിറഞ്ഞൊഴുകുന്ന രണ്ടു പുഴകൾ
ഞാനൊഴുക്കുന്ന കണ്ണുനീർ.’

(സ്പൊറേഡ് ദ്വീപുകൾ, ഗ്രീസ്)



ഉടലിനോടാത്മാവു പറയുന്നു

നീയും ഞാനും തമ്മിലിനിയെന്തു ബന്ധം,
മിണ്ടാട്ടമില്ലാത്ത ശവമേ?
നീയും ഞാനുമൊരുമിച്ചായിരുന്നപ്പോൾ ഞെളിഞ്ഞുനടന്നതല്ലേ നീ,
മിണ്ടാട്ടമില്ലാത്ത ശവമേ?
ഇന്നെന്തേ, വായും പൊളിച്ചനക്കമറ്റു നീ കിടക്കുന്നു,
മിണ്ടാട്ടമില്ലാത്ത ശവമേ?
ചിറ നിറഞ്ഞിരുന്നു, താമര പൂത്തിരുന്നു, വഞ്ചിയൊഴുകിയിരുന്നു;
ഇന്നു ചിറ മുറിഞ്ഞു, താമര വാടി, ചെളിയിൽ വഞ്ചി മുങ്ങിയും പോയി,
മിണ്ടാട്ടമില്ലാത്ത ശവമേ!

(ഛത്തീസ്ഗഢ്)



മരിച്ചവർ സമാധാനത്തോടെ പിരിയട്ടെ

പതിയെപ്പതിയെ ചേറ്റുകുളം പുഴയാവുന്നു,
പതിയെപ്പതിയെ അമ്മയുടെ ദീനമവരുടെ മരണമാവുന്നു.
മുട്ട വീണുടയുമ്പോൾ ഒരു കുഴഞ്ഞ രഹസ്യം പുറത്താവുന്നു;
അമ്മ പോയപ്പോൾ തന്റെ രഹസ്യവും കൂടെക്കൊണ്ടുപോയി.
അവർ പോയതകലെയകലെയെവിടെയോ,
നാമിനി തിരയുന്നതു വെറുതേ.
എന്നാൽ പാടത്തേക്കു നടക്കുന്ന പേടമാനിനെ കാണുമ്പോൾ,
പുഴയിലേക്കു നടക്കുന്ന പേടമാനിനെക്കാണുമ്പോൾ,
അമ്പുകളാവനാഴിയിൽത്തന്നെ കിടക്കട്ടെ,
മരിച്ചവർ സമാധാനത്തോടെ പിരിയട്ടെ.

(യോരുബാ, നൈജീരിയ)

 

File:



മരണഗാനം

കണ്ണീരൊഴുകുവോളം ഞാൻ പാട്ടുകൾ പാടിയിരിക്കുന്നു,
ലോകമന്നെത്ര പരന്നതുമായിരുന്നു.
ഞാൻ പറയട്ടെ: ഞാൻ മരിക്കുന്ന നാൾ
കടത്തുകാരൻ തോണിയുമായി കടവത്തേക്കു പോരട്ടെ!
ഇടതുകൈ വീശി ഞാൻ ജീവനുള്ളവരോടു വിട പറയും.
ഞാൻ പോവുകയായെന്നേ!
കേൾക്കൂ, ഞാൻ പോയിക്കഴിഞ്ഞുവെന്നേ!
ഓളക്കൈകളിലുലഞ്ഞും കൊണ്ടു
മരണത്തിന്റെ തോണി വന്നടുക്കും,
അതിൽക്കയറി ഞാൻ പോകും,
എന്റെയാളുകൾക്കത്രയും പാട്ടുകൾ പാടിക്കൊടുത്ത ഞാൻ!

(ടോഗോ, ആഫ്രിക്ക)



അങ്ങാടിയിലെന്നെയടക്കൂ

image

ഇനിയൊരുനാളുച്ചച്ചൂടിൽ
തോൾപ്പൊക്കത്തിലെന്നെയെടുക്കും,
മരണത്തിന്റെ നാട്ടിലേക്കെന്നെയെടുക്കും.
കാട്ടുമരങ്ങൾക്കടിയിലെന്നെയടക്കരുതേ,
പേടിയാണവയുടെ മുള്ളുകളെനിയ്ക്ക്.
കാട്ടുമരങ്ങൾക്കടിയിലെന്നെയടക്കരുതേ,
പേടിയാണു മഴത്തുള്ളിയിറ്റുന്നതെനിയ്ക്ക്.

അങ്ങാടിമരങ്ങൾക്കടിയിലെന്നെയടക്കൂ,
ഞാൻ കേൾക്കട്ടെ,ചെണ്ടപ്പുറത്തു കോലുകൾ,
ഞാനറിയിട്ടെ, താളം ചവിട്ടുന്ന കാലുകൾ.

(കൂബ, ആഫ്രിക്ക)


ബോദ്‌ലെയെർ - ഇവിടെ നിന്നകലെ

766px-Eugène_Ferdinand_Victor_Delacroix_015


ഇതത്രേ, ആ പാവനമായ ശ്രീകോവിൽ,
സമൃദ്ധമായ പുടവകളാലാവൃതയായി,
ഏതതിഥിയ്ക്കും സന്നദ്ധയായി,

പതുത്ത തലയിണയിൽ കൊടുംകൈ കുത്തി,
പനവിശറി കൊണ്ടു മാറിടം വീശി,
ജലധാരകളുടെ ഗാനത്തിനവൾ കാതോർക്കുന്നതിവിടെ:

ഇതത്രേ, ഡോറത്തിയുടെ കിടപ്പറ.
അകലെ, താരാട്ടിന്റെ തേങ്ങുന്ന താളത്തിൽ
തെന്നലും ചോലയും പാടുന്നതിവൾക്കായി;
ഇത്രയും ലാളന കിട്ടിയ മറ്റൊരു വേശ്യയുണ്ടോ?

തുളസിയും സാമ്പ്രാണിയും തൈലങ്ങളും,
മുടി തൊട്ടു നഖങ്ങളോളമുടലുടനീളം പൂശി,
സ്നിഗ്ധചർമ്മത്തോടവളുടെ മേനി മിനുങ്ങുമ്പോൾ,
മുറിയുടെ കോണിൽ പൂക്കൾ മൂർച്ഛിക്കുന്നു.


റീയൂണിയൻ ദ്വീപിൽ വച്ചു പരിചയിച്ച ഡോറത്തിയെക്കുറിച്ചെഴുതിയത്. ഇതേ ഡോറത്തിയുടെ ഇതിലും ശക്തവും വിശദവുമായ പ്രതിപാദനമാണ്‌ ‘ഡോറത്തി എന്ന സുന്ദരി’ എന്ന പേരിലുള്ള ഗദ്യകവിത.

ഡോറത്തി എന്ന സുന്ദരി

നഗരത്തിനു മേൽ കൊടുംവെയിൽ കൊട്ടിച്ചൊരിയുകയാണ്‌ സൂര്യൻ; പൂഴിമണ്ണിൽ കണ്ണു പുളിയ്ക്കുന്നു; കണ്ണാടി കണക്കെ വെട്ടിത്തിളങ്ങുന്ന കടൽ. ബോധം മന്ദിച്ച ലോകം ഭീരുവിനെപ്പോലെ കുഴഞ്ഞുവീഴുകയും ഉച്ചമയക്കത്തിലാഴുകയും ചെയ്യുന്നു. ഈ മയക്കം ഹൃദ്യമായൊരു മരണമാണ്‌: ഉറങ്ങുന്നയാൾ പാതിബോധത്തിൽ സ്വന്തം ഉന്മൂലനം ആസ്വദിക്കുന്നു.

ഈ നേരത്താണ്‌ ഡോറത്തി, സൂര്യനെപ്പോലെ ബലത്തവൾ, അത്രയ്ക്കഭിമാനിയും, ജനം വെടിഞ്ഞ തെരുവിലൂടെ നടക്കാനിറങ്ങിയിരിക്കുന്നത്‌; വിപുലമായ നീലാകാശത്തിനു ചുവട്ടിൽ ഇവളൊരാൾക്കേ അനക്കമുള്ളു; ആ വെളിച്ചത്തിൽ തെളിഞ്ഞുകിടക്കുന്ന കറുത്ത പാടാണവൾ.

അത്രയ്ക്കു കനത്ത അരക്കെട്ടിനു മേൽ അത്രയ്ക്കു കൃശമായ ഉടലുലച്ച്‌ അവൾ നടക്കുന്നു. ദേഹത്തൊട്ടിക്കിടക്കുന്ന പാടലവർണ്ണമായ പട്ടുടുപ്പാകട്ടെ, അവളുടെ ഇരുണ്ടനിറവുമായി ഇടയുന്നു, വിസ്തൃതമായ ജഘനത്തിന്റെ,ഒടിഞ്ഞ ചുമലിന്റെ,കൂർത്ത മുലകളുടെ വടിവുകളെ കൃത്യമായി പകർത്തുന്നു.

കൈയിലെടുത്ത ചെമ്പട്ടുകുട അവളുടെ ഇരുണ്ട മുഖത്ത്‌ സിന്ദൂരം പൂശുന്നു.

നീണ്ടിടതൂർന്ന്, നീലനിറം തന്നെയായ മുടിക്കെട്ടിന്റെ ഭാരത്താൽ പിന്നിലേക്കമർന്ന ശിരസ്സിന്‌ പ്രതാപത്തിന്റെയും ആലസ്യത്തിന്റെയും ഭാവങ്ങൾ. കനം തൂങ്ങിയ കർണ്ണാഭരണങ്ങൾ ഭംഗിയുള്ള ആ കാതുകളിൽ രഹസ്യങ്ങൾ മന്ത്രിക്കുന്നുണ്ട്‌.

ഇടയ്ക്കിടെ കടൽക്കാറ്റു വീശുമ്പോൾ പാവാടത്തുമ്പുയർന്ന് മിനുസമുള്ള, പ്രൗഢിയുറ്റ കാലുകൾ വെളിവാകുന്നു. യൂറോപ്പ്‌ അതിന്റെ കാഴ്ചബംഗ്ലാവുകളിൽ അടച്ചുപൂട്ടിയിട്ടിരിക്കുന്ന വെണ്ണക്കൽദേവിമാരുടെ പാദങ്ങൾക്കു കിടനിൽക്കുന്ന അവളുടെ പാദങ്ങൾ പുതയുന്ന പൂഴിയിൽ അവയുടെ വടിവുകൾ അതേപടി വീഴ്ത്തുന്നു. ആരെയും മോഹിപ്പിക്കുന്നവളാണീ ഡോറത്തി; അതിനാൽത്തന്നെ വിടുതൽ കിട്ടിയ ഒരടിമയുടെ ആത്മാഭിമാനത്തേക്കാൾ അന്യർക്കാരാധനാവസ്തുവാകുന്നതിലെ ആനന്ദമാണ്‌ അവൾക്കു കാമ്യം; സ്വതന്ത്രയാണു താനെങ്കിൽക്കൂടി അവൾ ചെരുപ്പുപയോഗിക്കാറില്ല.

അങ്ങനെ, ജീവിച്ചിരിക്കുന്നതിന്റെ ആഹ്ലാദത്തോടെ, വെളുത്ത മന്ദഃസ്മിതവും തൂകി താളത്തിൽ നടന്നുപോവുകയാണവൾ. തന്റെ നടയും തന്റെ സൗന്ദര്യവും അകലെയേതോ കണ്ണാടിയിൽ പ്രതിഫലിക്കുന്നതായി അവൾ കാണുന്നുണ്ടോ?

കൊല്ലുന്ന സൂര്യനു ചുവട്ടിൽ, നായ്ക്കൾ പോലും ചൂടു താങ്ങാനാവാതെ മോങ്ങുന്ന ഈ നേരത്ത്‌, വെങ്കലപ്രതിമ പോലെ സുന്ദരിയായവൾ, അതേപോലെ തണുത്തവൾ, അലസയായ ഈ ഡോറത്തി എന്തു കാര്യസാധ്യത്തിനാണിറങ്ങിനടക്കുന്നത്‌?

പൂക്കളും പായകളും കൊണ്ട്‌ ചിലവില്ലാതെ ഒരന്തഃപുരം പോലെ അലങ്കരിച്ച തന്റെ കുടിൽ വിട്ട്‌ എവിടെയ്ക്കാണവൾ പോകുന്നത്‌? മുടി കോതിയും ഹുക്ക വലിച്ചും വിശറിയുടെ കാറ്റു കൊണ്ടും തൂവൽച്ചാമരങ്ങൾ അരികു പിടിപ്പിച്ച കണ്ണാടിയിൽ സ്വയം ചന്തം നോക്കിയും സുഖിച്ചുകഴിഞ്ഞതാണല്ലോ അവളവിടെ. ഒരു നൂറു ചുവടു മാത്രമകലെ അലയലയ്ക്കുന്ന കടൽ അതിന്റെ ബലിഷ്ടവും ഏകതാനവുമായ ഗാനാലാപനം കൊണ്ട്‌ അവളുടെ ദിവാസ്വപ്നങ്ങൾക്ക്‌ അകമ്പടി നൽകിയിരുന്നു; പിന്നാമ്പുറത്ത്‌ ഒരിരുമ്പുചട്ടിയിൽ അരിയും ഞണ്ടും കുങ്കുമവും കലർന്നു വേവുന്നതിന്റെ കൊതിയൂറുന്ന ഗന്ധം അവളെത്തേടിയെത്തിയിരുന്നതുമാണ്‌.

ഇനിയൊരുപക്ഷേ ചെറുപ്പക്കാരനായ ഏതോ പട്ടാളക്കാരനുമായി സന്ധിക്കാൻ പോവുകയാവാം അവൾ: ഡോറത്തി എന്ന വമ്പത്തിയെക്കുറിച്ച്‌ തന്റെ ചങ്ങാതിമാർ സംസാരിക്കുന്നത്‌ ദൂരെയേതോ തുറമുഖത്തു വച്ച്‌ അയാളുടെ കാതിൽ പെട്ടിട്ടുണ്ടായിരിക്കണം. പാരീസിലെ നൃത്തശാലകളെക്കുറിച്ചു വിവരിക്കാൻ ഈ ശുദ്ധഗതിക്കാരി അയാളോടു യാചിക്കുമെന്നതു തീർച്ച; ഞായറാഴ്ചകളിൽ കിഴവികളായ കാപ്പിരിപ്പെണ്ണുങ്ങൾ പോലും കുടിച്ചുമദിക്കുന്ന ഈ നാട്ടിലെപ്പോലെ അവിടെയും ചെരുപ്പിടാതെ കയറിച്ചെല്ലാമോയെന്ന് അവൾ ആരായാം; പാരീസിലെ പെണ്ണുങ്ങൾ തന്നെപ്പോലെ സുന്ദരികളാണോയെന്നും അവൾക്കറിയേണ്ടതുണ്ട്‌.

ഏവരുടെയും പൂജാവിഗ്രഹവും കളിപ്പാവയുമാണ്‌ ഡോറത്തി; പക്ഷേ തന്റെ കൊച്ചനിയത്തിയുടെ സ്വാതന്ത്ര്യം വിലയ്ക്കുവാങ്ങാനുള്ള പണം കണ്ടെത്താനായി ഓരോ ചെമ്പുതുട്ടും പിടിച്ചുവയ്ക്കേണ്ടതില്ലായിരുന്നെങ്കിൽ ഇതിലുമെത്രയോ സന്തോഷവതിയായേനേ അവൾ; പതിനൊന്നു വയസ്സേ ആയിട്ടുള്ളുവെങ്കിൽക്കൂടി വളർച്ചയെത്തിയ ഒരു സുന്ദരിയായിരിക്കുന്നു ആ കുട്ടി. തന്റെ ഉദ്യമത്തിൽ വിജയം കാണുകതന്നെ ചെയ്യും നമ്മുടെ ഡോറത്തി; കുട്ടിയുടെ യജമാനനാകട്ടെ, പണത്തിന്റെ സൗന്ദര്യമല്ലാതെ മറ്റൊരു സൗന്ദര്യവും കണ്ണിൽപ്പെടാത്ത ഒരു പിശുക്കനുമാണ്‌!

 


Bien loin d'ici

C'est ici la case sacrée
Où cette fille très parée,
Tranquille et toujours préparée,

D'une main éventant ses seins,
Et son coude dans les coussins,
Écoute pleurer les bassins:

C'est la chambre de Dorothée.
— La brise et l'eau chantent au loin
Leur chanson de sanglots heurtée
Pour bercer cette enfant gâtée.

Du haut en bas, avec grand soin.
Sa peau délicate est frottée
D'huile odorante et de benjoin.
— Des fleurs se pâment dans un coin.

Charles Baudelaire

Very Far From Here

This is the sacred dwelling
In which that much adorned maiden
Calm and always prepared

Listens to the fountains weeping,
Fanning her breast with her hand,
Her elbow resting on the cushions;

It's the bedroom of Dorothy.
— Far off the breeze and waters sing
Their broken, sobbing song
To lull to sleep this pampered child.

From head to foot, with greatest care
Her delicate skin is polished
With perfumed oil and benzoin.
— Flowers swoon in a corner.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

Far Away From Here

This is the room, the sacred nest
Of that girl so richly dressed,
Tranquil and ready for her guest.

With one hand she fans her nipples
Elbow on the couch at rest
Listening to the ponds and ripples.

This room is Dorothy's. The play
Of wind and water, far away,
With fainting song and rhythmic sobs,
Through her reverie hums and throbs.

From head to toe with greatest care
Her skin is polished, to adorn her
With benjamin and oils as rare...
Some flowers are swooning in a corner.

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)

Ever So Far from Here

This is the house, the sacred box,
Where, always draped in languorous frocks,
And always at home if someone knocks,

One elbow into the pillow pressed,
She lies, and lazily fans her breast,
While fountains weep their soulfullest:

This is the chamber of Dorothy.
— Fountain and breeze for her alone
Sob in that soothing undertone.
Was ever so spoiled a harlot known?

With odorous oils and rosemary,
Benzoin and every unguent grown,
Her skin is rubbed most delicately.
— The flowers are faint with ecstasy.

— Edna St. Vincent Millay, Flowers of Evil (NY: Harper and Brothers, 1936)


link to image


Thursday, May 24, 2012

ഫ്യോദോർ ഇവാനോവിച് ട്യൂത്ച്ചേവ് - അന്ത്യപ്രണയം

tiutchev_trns_lg


വൈകിയ വേളയിൽ പ്രണയം തേടിയെത്തുമ്പോൾ,
എത്രയാർദ്രമായി നം പ്രണയിക്കുന്നു, എത്ര ഭയാകുലരായും!
തിളങ്ങൂ, തിളങ്ങൂ, പിൻവാങ്ങുന്ന വെളിച്ചമേ,
ഒരന്ത്യപ്രണയത്തിന്റെ പോക്കുവെയിൽക്കതിരുകളേ.

ആകാശത്തിന്റെ പാതിയും നിഴലടഞ്ഞുകഴിഞ്ഞു,
മേഘങ്ങൾക്കിടയിൽ മാത്രമൊരു വെളിച്ചമലയുന്നു;
നിൽക്കൂ, നിൽക്കൂ, ക്ഷയിക്കുന്ന പകലേ,
നിന്നിൽ വശ്യനായി നിൽക്കട്ടെ ഞാൻ വശ്യതേ.

ചോരയുടെ ചാലുകൾ നേർത്തുനേർത്തുപോകട്ടെ,
ഹൃദയമതിനാലാർദ്രമാകരുതെന്നുമില്ലല്ലോ?
നേരം വൈകിയെത്തിയൊരന്ത്യപ്രണയമേ,
എന്റെയാനന്ദമാണു നീ, എന്റെ നൈരാശ്യവും.

(1852-1854)


Last Love

O, how in our waning days
We love more tenderly and more obsessively. . .
Shine on, shine on, the parting rays
Of our last love, our setting sun!
Shadow's embraced the heavens,
A glow still wanders in the West,-
Hold back, hold back, o dying day,
Prolong, prolong enchantment.
The blood may thin within our veins,
But in our hearts some tenderness still reigns. . .
O you, our final love!
You are both paradise and bane.


ട്യൂത്ചേവ് (1803-1873) - പുഷ്കിൻ, ലെർമൊണ്ടോവ് എന്നിവർക്കൊപ്പം റഷ്യൻ കാല്പനികകവിത്രയത്തിലൊരാൾ. ആകെയെഴുതിയ മുന്നൂറു കവിതകളിൽ അമ്പതും വിവർത്തനങ്ങൾ. പ്രകൃതി മുഖ്യപ്രമേയമെങ്കിലും വൈകിയെത്തിയ പ്രണയത്തെക്കുറിച്ചുള്ള ഒരു കൂട്ടം കവിതകൾ മാറിനിൽക്കുന്നു.


wiki link to the poet


ബോദ്‌ലെയർ - സിസിന

3239453492_5f054f745d

ഡയാനയെ മനസ്സിൽക്കാണൂ, മൃഗയയ്ക്കു സുസജ്ജയായവളെ,
അടിക്കാടടിച്ചൊതുക്കിക്കാട്ടിലൂടെക്കുതിക്കുന്നവളെ,
വേട്ടയുടെ ലഹരിയിൽ മാറിടം തുറന്നും,കാറ്റു പിടിച്ച മുടി പറത്തിയും
ഏതശ്വവേഗത്തെയുമേറെപ്പിന്നിലാക്കിപ്പായുന്നവളെ!



തെറോയിനെ കണ്ടിട്ടില്ലേ, ചോരയ്ക്കു ദാഹിക്കുന്നവളെ,
ചെരുപ്പു പോലുമില്ലാത്തൊരാൾക്കൂട്ടവുമായി പട നയിക്കുന്നവളെ,
കണ്ണും കവിളുമാളിക്കത്തിച്ചു തന്റെ ഭാഗമഭിനയിക്കുന്നവളെ,
കൈയിൽ വാളുമെടുത്തു കൊട്ടാരപ്പടവോടിക്കയറുന്നവളെ?



അവരെപ്പോലെ സിസിന! ഭീഷണമാണവളുടെ കൈകൾ.
നെഞ്ചിലവൾ സൂക്ഷിക്കുന്നുണ്ടു പക്ഷേ, അലിവിന്റെ കണികകൾ.
വെടിമരുന്നും പെരുമ്പറകളുമവളുടെയൂറ്റം പെരുക്കുമ്പോഴും,



ശരണാഗതർക്കു മുന്നിലവളായുധങ്ങൾ താഴെ വയ്ക്കും;
താൻപോരിമ തെളിയിച്ചവരെ തന്റെ കാൽച്ചുവട്ടിൽക്കാണുമ്പോൾ
ആ ജ്വലിക്കുന്ന ഹൃദയം കണ്ണീരിന്റെ തടാകവുമാകും.



(പാപത്തിന്റെ പൂക്കൾ - 59)
സിസിന- മദാം സബാത്തിയേയുടെ ഇറ്റാലിയൻ സ്നേഹിതയായ എലിസാ നിയേരിയ്ക്ക് ബോദ്ലെയർ നല്കിയ പേര്‌; നെപ്പോളിയൻ മൂന്നാമനെ വധിക്കാൻ ശ്രമിച്ച ഓർസിനിയുടെ നേതൃത്വത്തിലുള്ള ഇറ്റാലിയൻ വിപ്ളവകാരികളോട് ഇവർക്കുള്ള അനുഭാവം വലിയ ചർച്ചാവിഷയമായിരുന്നു.
തെറോയിൻ- തെരോയിൻ ദെ മേരിക്കോർ, ഫ്രഞ്ചുവിപ്ളവനായിക; വേഴ്സായ് കൊട്ടാരത്തിന്റെ കോണിപ്പടികൾ ഉപരോധിച്ചതിവരായിരുന്നു.



Sisina
Imaginez Diane en galant équipage,
Parcourant les forêts ou battant les halliers,
Cheveux et gorge au vent, s'enivrant de tapage,
Superbe et défiant les meilleurs cavaliers!
Avez-vous vu Théroigne, amante du carnage,
Excitant à l'assaut un peuple sans souliers,
La joue et l'oeil en feu, jouant son personnage,
Et montant, sabre au poing, les royaux escaliers?
Telle la Sisina! Mais la douce guerrière
À l'âme charitable autant que meurtrière;
Son courage, affolé de poudre et de tambours,
Devant les suppliants sait mettre bas les armes,
Et son coeur, ravagé par la flamme, a toujours,
Pour qui s'en montre digne, un réservoir de larmes.
Charles Baudelaire
Sisina
Imagine Diana in elegant attire,
Roaming through the forest, or beating the thickets,
Hair flying in the wind, breast bare, drunk with the noise,
Superb, defying the finest horsemen!
Have you seen Théroigne that lover of carnage,
Urging a barefoot mob on to attack,
Her eyes and cheeks aflame, playing her role,
And climbing, sword in hand, the royal staircase?
That is Sisina! But the sweet amazon's soul
Is as charitable as it is murderous;
Her courage, exalted by powder and by drums,
Before supplicants, knows how to lay down its arms,
And her heart, ravaged by love, has always,
For him who is worthy, a reservoir of tears.
— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)
Sisina
Picture Diana, gallantly arrayed,
Ranging the woods, elated with the chase,
With flying hair and naked breasts displayed,
Defying fleetest horsemen with her pace.
Know you Theroigne whom blood and fire exalt,
Hounding a shoeless rabble to the fray,
Up royal stairways heading the assault,
And mounting, sword in hand, to show the way?
Such is Sisina. Terrible her arms.
But charity restrains her killing charms.
Though rolling drums and scent of powder madden
Her courage, — laying by its pikes and spears,
For those who merit, her scorched heart will sadden,
And open, in its depth, a well of tears.
— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)



link to Theroigne


Wednesday, May 23, 2012

പ്രണയം - ആഫ്രിക്കയിലെ വാമൊഴിക്കവിതകൾ

File:Chiwara male drawing.png

പ്രണയഗാനം


കപ്പയിലയിടിച്ചതു വയറുനിറയെത്തിന്നാൽ
ചെണ്ടയുമെടുത്തു ഞാൻ പുറത്തേയ്ക്കു പോകും,
തന്നിഷ്ടം പോലതിൽ താളമിട്ടു ഞാനിരിയ്ക്കും.
ഹാ! അപ്പോഴെന്റെ മനസ്സു പിന്നോട്ടു പായും,
നീയെന്നെപ്പുണർന്നതെനിയ്ക്കോർമ്മയെത്തും.
അവിടെയൊരിടുക്കുമുറിയിൽ, ഞാനോർക്കുന്നു-
നാമാദ്യമന്യോന്യം പ്രണയമറിയിച്ചതവിടെ.
അന്യനൊരാളു പോലുമിതൊന്നുമറിയരുതേ!

(ടെംനേ ഗോത്രം- സിയെരാലിയോൺ)

പ്രണയഗാനം


ഞാനൊറ്റയ്ക്കു നടക്കുന്നു.

(സുളു- തെക്കേ ആഫ്രിക്ക)


ഒരു സംഭാഷണം


പുരുഷൻ:

ഞാൻ വരട്ടെ, റസോവാ, നല്ല പെണ്ണേ?File:Edo ivory mask 18472.png
സ്ത്രീ:

വന്നാട്ടെ, വന്നാട്ടെ, തമ്പ്രാനേ,
നല്ല പുൽത്തടുക്കു ഞാൻ നീർത്തിയിടാം.
പുരുഷൻ:

എനിക്കിരിക്കാനൊരു പുൽത്തടുക്കും വേണ്ട,
നിന്റെ ചേലയുടെ മൂല മതി.

(മെരീന- മഡഗാസ്കർ)

വേശ്യ


വരണ്ടുണങ്ങിയ ചേറ്റുകുളം:
ആണുങ്ങളതിലും മുങ്ങിച്ചാവുന്നു.

(ഹൌസാ- നൈജീരിയ)


ചോര പുരളാത്ത കുന്തം
കുന്തമല്ല;
ചുംബനങ്ങളില്ലാത്ത പ്രണയം
പ്രണയവുമല്ല.
(ഗല്ല- എത്യോപ്യ)



തുഴയറ്റൊഴുകുന്ന തോണി


പുലർച്ചെ മിന്നുന്ന മിന്നൽ പോലത്തെപ്പെണ്ണേ,
ഒരിക്കലെങ്കിലുമെന്നോടൊന്നു മിണ്ടൂ.
നിന്നെയോർത്തെത്രയാർത്തിപ്പെടുന്നു ഞാനെന്നോ,
വേനൽക്കാറ്റിൽ തുഴയറ്റൊഴുകുന്ന തോണിയിൽ
കര കാണാൻ നോക്കിനോക്കിയിരിക്കെ
നരച്ചുപരന്ന കടലു മാത്രം കണ്ണിൽപ്പെടുന്നൊരാളെപ്പോലെ.

(സോമാലി)


ഞാനൊരു മൂരിയായെങ്കിൽFile:Eshu-statue.jpg

ഞാനൊരു മൂരിയായെങ്കിൽ,
ഒരു മൂരി,അഴകുള്ള മൂരി,
അഴകുള്ളോനെ,ന്നാൽ മുരത്തവൻ;
ഒരു വ്യാപാരി എന്നെ വാങ്ങും,
എന്നെ വാങ്ങുമയാളെ,ന്നെയറുക്കും,
എന്റെ തോലൂറയ്ക്കിടും,
പിന്നെയങ്ങാടിയിൽ കൊണ്ടുപോകും.
ഒരു നീചത്തി വിലപേശും,
ഒരു സുന്ദരി വാങ്ങുമെന്നെ.
മണക്കുന്ന തൈലമവൾ
എന്റെ മേൽ തളിയ്ക്കുമല്ലോ,
രാത്രിയിലവളോടൊപ്പം
പുതച്ചുമൂടിയുറങ്ങും ഞാൻ,
ഉച്ചയ്ക്കവളോടൊപ്പം
പുതച്ചുമൂടിയിരിക്കും ഞാൻ.
‘ഇതെന്താ ചത്ത തോൽ,’
അവൾക്കുള്ള ഭർത്താവു പറയും.

ആ പെണ്ണിന്റെ പ്രണയം കിട്ടിയ-
തെനിക്കല്ലേ, പക്ഷേ!

(അബിസീനിയ)


ഇവാൻ ബുനിൻ - ശിലാവിഗ്രഹം

easter-island


ഉഷ്ണത്തിലുണങ്ങിക്കരിഞ്ഞ പുൽനാമ്പുകൾ.
വാടിയുണങ്ങിയ പുൽമേടു പരന്നുപരന്നുപോകുന്നു,
ആകാശത്തിന്റെ വിളറിയ വൈപുല്യങ്ങളിൽപ്പോയലിയുന്നു.
ഇവിടെയൊരു കുതിരയുടെ വെയിലേറ്റു വെളുത്ത കപാലം,
പരന്ന ശിലാമുഖവുമായി അവിടെയൊരു വിഗ്രഹം.

ഹാ,യെത്ര നിദ്രാണമാണതിന്റെ മുഖം!
നിരപ്പില്ലാതെ ചെത്തിയെടുത്തപോലെ കൂറ്റനൊരുടലും.
പാതിബോധത്തിലൊരു പേടിയോടെ
ഞാനതിന്റെ നിർജ്ജീവമായ ചിരി കണ്ടു:
അതു കാതരമായിരുന്നു, നിസ്സഹായവും.

ഹാ, അന്ധകാരം പിറവി കൊടുത്തതൊന്നേ!
ഒരിക്കലൊരു പൂജാവിഗ്രഹമായിരുന്നതല്ലേ നീ,
ആളുകൾ ഭയന്നതുമാരാധിച്ചതും?
നമ്മെ സൃഷ്ടിക്കുകയായിരുന്നില്ല ദൈവം.
അടിമകളെപ്പോലെ നാം സൃഷ്ടിച്ചു, ദൈവങ്ങളെ.
(1903-1906)


ബോദ്‌ലെയർ - പ്രണയവും കപാലവും

13 copy


പ്രണയം മനുഷ്യരാശിയുടെ കപാലത്തിൽത്തന്നെ കയറിയിരിക്കുന്നു,
അവിടമാരൂഢമാക്കിക്കൊണ്ടു നിർല്ലജ്ജമവനാർത്തുചിരിക്കുന്നു,
തുടുത്ത കവിളു വീർപ്പിച്ചും കൊണ്ടവൻ കുമിളകളൂതിവിടുന്നു,
ആകാശത്തിന്റെയതിരിലന്യലോകങ്ങളെത്തേടിയെന്നപോലവയുയരുന്നു.
ദുർബലമായ ദീപ്തഗോളങ്ങൾ പോലുയർന്നുയർന്നുപോകവെ,
പൊൻകിനാവുകൾ പോലവയുടെയാത്മാവുകളുടഞ്ഞുചിതറുന്നു.
ഓരോ കുമിള പൊട്ടുമ്പോഴും കപാലത്തിന്റെ കരച്ചിൽ  ഞാൻ കേൾക്കുന്നു,
“ഈ ക്രൂരവും, മൂഢവുമായ കളി,യെന്നിതിനൊന്നവസാനമാവും?
നീയീ ഊതിപ്പറത്തുന്നതെന്തെന്നറിയുമോ, പൈശാചഘാതകാ,
അതെന്റെ മാംസം, എന്റെ ചോര, എന്റെ തലച്ചോറും!”



പാപത്തിന്റെ പൂക്കൾ - 117
Hendrik Goltzius (1558-1617)ന്റെ രണ്ടു ചിത്രങ്ങളിൽ നിന്നുള്ള ബിംബങ്ങൾ.



L'Amour et le Crâne
Vieux cul-de-lampe
L'Amour est assis sur le crâne
De l'Humanité,
Et sur ce trône le profane,
Au rire effronté,
Souffle gaiement des bulles rondes
Qui montent dans l'air,
Comme pour rejoindre les mondes
Au fond de l'éther.
Le globe lumineux et frêle
Prend un grand essor,
Crève et crache son âme grêle
Comme un songe d'or.
J'entends le crâne à chaque bulle
Prier et gémir:
— «Ce jeu féroce et ridicule,
Quand doit-il finir?
Car ce que ta bouche cruelle
Eparpille en l'air,
Monstre assassin, c'est ma cervelle,
Mon sang et ma chair!»
Charles Baudelaire
Cupid and the Skull
An Old Lamp Base
Cupid is seated on the skull
Of Humanity;
On this throne the impious one
With the shameless laugh
Is gaily blowing round bubbles
That rise in the air
As if they would rejoin the globes
At the ether's end.
The sphere, fragile and luminous,
Takes flight rapidly,
Bursts and spits out its flimsy soul
Like a golden dream.
I hear the skull groan and entreat
At every bubble:
"When is this fierce, ludicrous game
To come to an end?
Because what your pitiless mouth
Scatters in the air,
Monstrous murderer — is my brain,
My flesh and my blood!"
— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

link to image

Tuesday, May 22, 2012

ബോദ്‌ലെയർ - സ്തോത്രം

800px-Statue-Orsay-10


എത്രയും മനോഹരി, എത്രയും പ്രിയങ്കരി,
എന്നിലെന്റെ ഹൃദയത്തിനു തീപ്പിടിപ്പിക്കുന്നവൾ,
എനിയ്ക്കു മാലാഖ, എന്റെ പൂജാവിഗ്രഹം,
എന്നുമെന്നുമവൾക്കു സ്തോത്രം!

കടലുപ്പു ചുവയ്ക്കുന്ന വായു പോലെ
എന്റെ ജീവനിലേക്കവളരിച്ചിറങ്ങുന്നു,
തൃഷ്ണകളൊടുങ്ങാത്ത എന്റെ ആത്മാവിൽ
നിത്യതയ്ക്കായുള്ള ദാഹമവൾ പകരുന്നു.

നിഗൂഢാനന്ദങ്ങളുറങ്ങുന്ന മുറിയിൽ
പരിമളം പാറ്റുന്ന വാസനച്ചെപ്പവൾ;
എടുത്തുമാറ്റാൻ മറന്ന ധൂപപാത്രം
രാത്രിയിലാരും കാണാതെ പുകയുന്ന പോലെ.

എന്റെ പ്രണയത്തിന്റെ പൂർണ്ണതേ,
നിന്റെ നേരിന്നതെന്നെങ്ങനെ ഞാൻ പറയും?
എന്റെ നിത്യതയുടെ ഖനിയാഴത്തി-
ലൊളിഞ്ഞിരിക്കുന്ന കസ്തൂരിത്തരിയേ!

എത്രയും മനോഹരി, എത്രയും പ്രിയങ്കരി,
എന്റെയാനന്ദ,മെന്റെയാരോഗ്യ,മെന്റെ സുബോധം,
എനിയ്ക്കു മാലാഖ, എന്റെ പൂജാവിഗ്രഹം,
എന്നുമെന്നുമവൾക്കു സ്തോത്രം!


(പാപത്തിന്റെ പൂക്കൾ - X)

1854 മേയ് 8ന്‌ മദാം സബാത്തിയേയ്ക്ക് പേരു വയ്ക്കാതെഴുതിയ കത്തിൽ നിന്ന്.


Hymne

À la très chère, à la très belle
Qui remplit mon coeur de clarté,
À l'ange, À l'idole immortelle,
Salut en l'immortalité!

Elle se répand dans ma vie
Comme un air imprégné de sel,
Et dans mon âme inassouvie
Verse le goût de l'éternel.

Sachet toujours frais qui parfume
L'atmosphère d'un cher réduit,
Encensoir oublié qui fume
En secret à travers la nuit,

Comment, amour incorruptible,
T'exprimer avec vérité?
Grain de musc qui gis, invisible,
Au fond de mon éternité!

À la très bonne, à la très belle
Qui fait ma joie et ma santé,
À l'ange, à l'idole immortelle,
Salut en l'immortalité!

Charles Baudelaire

Hymn

To the dearest, fairest woman
Who sets my heart ablaze with light,
To the angel, the immortal idol,
Greetings in immortality!

She permeates my life
Like air impregnated with salt
And into my unsated soul
Pours the taste for the eternal.

Sachet, ever fresh, that perfumes
The atmosphere of a dear nook,
Forgotten censer smoldering
Secretly through the night,

Everlasting love, how can I
Describe you truthfully?
Grain of musk that lies unseen
In the depths of my eternity!

To the dearest, fairest woman
Who is my health and my delight
To the angel, the immortal idol,
Greetings in immortality!

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)


ചിത്രം

Auguste Clésinger: Femme piquée par un serpent, 1847, marbre, Paris, Musée d'Orsay. (This is Apollonie Sabatier) സര്‍പ്പദംശനമേറ്റ സ്ത്രീ


Monday, May 21, 2012

ബോദ്‌ലെയർ - എന്നുമൊരുപോലെ

Apollonie_Sabatier_by_Vincent_Vidal_(M500901_0000130_p)


നിന്റെ മേൽ ഈ വിഷാദമെവിടെനിന്നു വന്നു, നീ ചോദിച്ചു,
നഗ്നമായ കരിമ്പാറകളിൽ വേലിയേറ്റമെന്ന പോലെ?
-ഹൃദയത്തിന്റെ മുന്തിരിത്തോപ്പിൽ വിളവെടുപ്പിന്റെ കാലം കഴിഞ്ഞാൽ
ജീവിതമൊരു ശാപമത്രേ, അതേവർക്കുമറിയുന്ന രഹസ്യം.

വെറുമൊരു സരളശോകം, ദുരൂഹതകളൊഴിഞ്ഞതും,
നിന്റെയാ പ്രസന്നത പോലേവരിലും പടർന്നുകേറുന്നതും;
ജിജ്ഞാസുവായ സുന്ദരീ, ചോദ്യങ്ങളതിനാൽ വേണ്ടെന്നുവയ്ക്കൂ,
കാതിൽ തേനിറ്റുന്നതെങ്കിലും നിന്റെ നാവടക്കിവയ്ക്കൂ.

മിണ്ടരുതേ, കഥയറിയാതാടിപ്പാടി നടക്കുന്നവളേ,
ശിശുവിനെപ്പോലെ ചിരിക്കുന്ന മുഖമേ! ജീവിതമല്ല,
കാണാത്ത ചരടുകളാൽ നമ്മെ വരിയുന്നതു മരണം.

ഒരു നുണയുടെ മദിര കുടിച്ചെന്റെ ഹൃദയമുന്മത്തമാവട്ടെ,
ഒരു സ്വപ്നത്തിലെന്നപോലെ നിന്റെ കണ്ണുകളിൽ ഞാൻ മറയട്ടെ,
നിന്റെ കണ്ണിമകളുടെ തണലിൽ ഞാൻ ദീർഘനിദ്രയിൽ മുഴുകട്ടെ!


(പാപത്തിന്റെ പൂക്കൾ-40)


(അപ്പോളോണീ സബാത്തിയേ എന്ന ‘വെളുത്ത വീനസ്’ പ്രചോദിപ്പിച്ച ഒമ്പതു കവിതകളിൽ ആദ്യത്തേത്. ബോദ്ലെയർ പരിചയപ്പെടുന്ന കാലത്ത് ഒരു ബൽജിയൻ പണക്കാരനൊപ്പമാണ്‌ അവർ. കലാകാരന്മാരുടെയും ബുദ്ധിജീവികളുടെയും ഒരു താവളമായിരുന്നു ഇവരുടെ സ്വീകരണമുറി; കൂട്ടത്തിൽ അവരുടെ മുൻകാമുകരുമുണ്ടായിരുന്നു. ബോദ്ലെയർ അവരെ കണ്ടതു പക്ഷേ,  ശുദ്ധസൗന്ദര്യത്തിന്റെ ആദർശരൂപമായിട്ടാണ്‌. പേരു വയ്ക്കാതെഴുതിയ കത്തുകളിൽ വിഗ്രഹപൂജ പോലെ തോന്നുന്ന സ്വരത്തിൽ അവരെ പ്രകീർത്തിച്ചുകൊണ്ട് അദ്ദേഹം കവിതകളെഴുതി. കവിതകൾ വായിച്ച ‘കാവ്യദേവത’ ശാരീരികബന്ധത്തിനുള്ള സന്നദ്ധത കാണിച്ചപ്പോൾ പക്ഷേ കവി നിരാശനായിപ്പോയി; തന്റെ ‘കാവൽമാലാഖയും, കാവ്യദേവതയും, ദേവമാതാവു’മായി താൻ വരിച്ച സ്ത്രീയിൽ നിന്ന് ‘മാംസനിബദ്ധമായ പ്രണയ’മല്ല അദ്ദേഹത്തിനു വേണ്ടിയിരുന്നത്.)


Semper eadem

«D'où vous vient, disiez-vous, cette tristesse étrange,
Montant comme la mer sur le roc noir et nu?»
— Quand notre coeur a fait une fois sa vendange
Vivre est un mal. C'est un secret de tous connu,

Une douleur très simple et non mystérieuse
Et, comme votre joie, éclatante pour tous.
Cessez donc de chercher, ô belle curieuse!
Et, bien que votre voix soit douce, taisez-vous!

Taisez-vous, ignorante! âme toujours ravie!
Bouche au rire enfantin! Plus encor que la Vie,
La Mort nous tient souvent par des liens subtils.

Laissez, laissez mon coeur s'enivrer d'un mensonge,
Plonger dans vos beaux yeux comme dans un beau songe
Et sommeiller longtemps à l'ombre de vos cils!

Charles Baudelaire

Ever the Same

"Whence comes to you, you asked, this singular sadness
That rises like the sea on the naked, black rock?"
— Once our heart has gathered the grapes from its vineyard,
Living is an evil. That's a secret known to all,

A simple pain, with no mystery,
As obvious to all men as your gaiety.
So abandon your search, inquisitive beauty;
And though your voice is sweet, be still!

Be silent, ignorant! ever enraptured soul!
Mouth with the child-like laugh! Still more than Life,
Death holds us frequently with subtle bonds.

Let, let my heart become drunk with a lie; let it
Plunge into your fair eyes as into a fair dream
And slumber long in the shadow of your lashes.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)


link to Madame Sabatier



 

Sunday, May 20, 2012

ഗോട്ട്ഫ്രീഡ് ബെൻ - പ്രസവമുറി

 

gottfried-benn


ബർലിനിലെ ഏറ്റവും പാവപ്പെട്ട സ്ത്രീകൾ
-പതിമൂന്നു പേർക്കാണ്‌ ഒന്നര മുറി ഒരുക്കിവച്ചിരിക്കുന്നത്-
തടവുകാർ, വേശ്യകൾ, തെണ്ടികൾ
ഇവിടെ ഞെളിപിരിക്കൊണ്ടു തേങ്ങുന്നു.
ഇങ്ങനെയൊരലമുറയിടൽ മറ്റെവിടെയും നിങ്ങൾ കേൾക്കില്ല.
യാതനയും വേദനയും മറ്റെവിടെയുമിത്ര അവഗണിക്കപ്പെടുകയുമില്ല;
എന്തെന്നാൽ ഇവിടെയേതുനേരത്തും
എന്തെങ്കിലുമൊന്നലമുറയിടുന്നുണ്ടാവും.
“അടങ്ങു പെണ്ണേ! പറഞ്ഞതു കേട്ടോ? അടങ്ങാൻ!
തമാശയ്ക്കല്ല നീയിവിടേയ്ക്കു വന്നത്.
അങ്ങനെയങ്ങു വലിച്ചുനീട്ടാൻ നോക്കേണ്ട.
പോരുമ്പോൾ പോരട്ടേയെന്നു വയ്ക്കുകയും വേണ്ട.
ഉള്ളിലുള്ളതൊക്കെപ്പുറത്തുപോരുമെന്നു തോന്നിയാലും
ആഞ്ഞുമുക്കുക തന്നെവേണം!
വിശ്രമെടുക്കാനൊന്നുമല്ല നിന്നെയിവിടെ കൊണ്ടുവന്നത്.
അതതായിട്ടു പോരുകയുമില്ല.”
ഒടുവിലതു പുറത്തേക്കു വരുന്നു:
തീരെ വലിപ്പം കുറഞ്ഞ്, നീലിച്ച നിറത്തിൽ,
മലവും മൂത്രവും കൊണ്ടഭിഷിക്തമായും.
കണ്ണീരിന്റെയും ചോരയുടെയും പതിമൂന്നു കിടക്കകളിൽ നിന്ന്
കരച്ചിലുകൾ അതിനെ എതിരേൽക്കുന്നു.
രണ്ടു കണ്ണുകളിൽ നിന്നു മാത്രം
ഒരു വിജയാഹ്ളാദത്തിന്റെ സങ്കീർത്തനം മാനം നോക്കി ഉയരുന്നു.
ഈ ഇറച്ചിത്തുണ്ടൊരു ജീവിതം കൊണ്ടെല്ലാമറിയും:
കയ്പ്പും മധുരവും.
പിന്നെയതു പ്രാണൻ കുറുകിക്കൊണ്ടു മരിച്ചുകഴിഞ്ഞാൽ,
തന്റെ തലവിധി അനുഭവിച്ചു കഴിഞ്ഞാൽ
ഈ മുറിയിലെ പന്ത്രണ്ടു കിടക്കകളിൽ
മറ്റുള്ളവർ വന്നുനിറയും.


Tuesday, May 15, 2012

ബോദ്‌ലെയർ - ചൂതാട്ടം


File:Jean-Louis Forain - Un bal à l'Opera.jpg

നിറം മങ്ങിയ കസേരകളിൽ പ്രായം ചെന്ന വേശ്യകൾ,
കറുപ്പിച്ച പുരികങ്ങൾ, മാരകവും ശാന്തവുമായ കണ്ണുകൾ;
അവരിളിയ്ക്കുമ്പോൾ, ചുളിഞ്ഞ കാതുകളിൽ നിന്നിറ്റുവീഴുന്നു,
മുക്കുപൊന്നിന്റെ കമ്മലുകളിളകുന്ന നേർത്ത കിലുക്കങ്ങൾ.

ചൂതാട്ടമേശകൾക്കു ചുറ്റും ചുണ്ടുകളില്ലാത്ത മുഖങ്ങൾ,
നിറമില്ലാത്ത ചുണ്ടുകൾ, പല്ലുകളില്ലാത്ത മോണകൾ,
ജ്വരത്തിന്റെ നരകപ്പിടുത്തത്തിൽ പിടഞ്ഞുപോയ വിരലുകൾ
ഒഴിഞ്ഞ കീശകൾ തപ്പുന്നു, നെഞ്ചുകളള്ളിപ്പിടിയ്ക്കുന്നു.

കരി പിടിച്ച മച്ചിൽ നിന്നു തൂക്കിയിട്ട കവരവിളക്കുകൾ,
കൂറ്റനെണ്ണവിളക്കുകൾ- അവയുടെ രൂക്ഷവെളിച്ചം തിളക്കുന്നു,
ചോര നീരാക്കിയതൊക്കെയുമിവിടെക്കൊണ്ടു തുലയ്ക്കുന്ന
വിശിഷ്ടരായ കവികളുടെ വിയർപ്പിറ്റുന്ന നെറ്റികൾ.

ഇതത്രേ, ഒരു രാത്രിയിൽ ഞാൻ കണ്ട സ്വപ്നത്തിൽ
എന്റെ ദീർഘദൃഷ്ടിയ്ക്കു മുന്നിൽ ചുരുളു നിവർന്ന ചിത്രം.
അവിടെ, ആ മടയുടെ പിമ്പുറത്തെന്നെയും ഞാൻ കണ്ടു:
കൈമുട്ടുകളിൽ മുഖം വച്ചും, മിണ്ടാതനങ്ങാതസൂയാലുവായും,

എനിക്കസൂയയായിരുന്നു, ആ മനുഷ്യരുടെ ദുരാശയോട്,
ആ കിഴട്ടുവേശ്യകളുടെ പുണ്ണു പിടിച്ച പ്രണയത്തോട്.
എല്ലാം മറന്നെന്റെ കണ്മുന്നിൽ വാണിഭം നടത്തുകയാണവർ,
ഒരാൾ തന്റെ പഴയ പ്രതാപം, ഒരുവൾ തന്റെ സൗന്ദര്യം.

വാ പിളർന്ന പടുകുഴിയിലേക്കവരിരച്ചുപായുമ്പോൾ
ആ പതിതരോടിത്രയുമസൂയയോ, നിനക്കു ഹൃദയമേ?
സ്വന്തം ചോരയൂറ്റിക്കുടിക്കുടിയ്ക്കുമ്പോഴുമവർക്കിഷ്ടം,
മരണത്തെക്കാൾ യാതനയെ, ശൂന്യതയെക്കാൾ നരകത്തെ!

(പാപത്തിന്റെ പൂക്കൾ - 97)


______________________________________________________________________________



Le Jeu
Dans des fauteuils fanés des courtisanes vieilles,
Pâles, le sourcil peint, l'oeil câlin et fatal,
Minaudant, et faisant de leurs maigres oreilles
Tomber un cliquetis de pierre et de métal;
Autour des verts tapis des visages sans lèvre,
Des lèvres sans couleur, des mâchoires sans dent,
Et des doigts convulsés d'une infernale fièvre,
Fouillant la poche vide ou le sein palpitant;
Sous de sales plafonds un rang de pâles lustres
Et d'énormes quinquets projetant leurs lueurs
Sur des fronts ténébreux de poètes illustres
Qui viennent gaspiller leurs sanglantes sueurs;
Voilà le noir tableau qu'en un rêve nocturne
Je vis se dérouler sous mon oeil clairvoyant.
Moi-même, dans un coin de l'antre taciturne,
Je me vis accoudé, froid, muet, enviant,
Enviant de ces gens la passion tenace,
De ces vieilles putains la funèbre gaieté,
Et tous gaillardement trafiquant à ma face,
L'un de son vieil honneur, l'autre de sa beauté!
Et mon coeur s'effraya d'envier maint pauvre homme
Courant avec ferveur à l'abîme béant,
Et qui, soûl de son sang, préférerait en somme
La douleur à la mort et l'enfer au néant!
— Charles Baudelaire

Gambling
In faded armchairs aged courtesans,
Pale, eyebrows penciled, with alluring fatal eyes,
Smirking and sending forth from wizened ears
A jingling sound of metal and of gems;
Around the gaming tables faces without lips,
Lips without color and jaws without teeth,
Fingers convulsed with a hellborn fever
Searching empty pockets and fluttering bosoms;
Under dirty ceilings a row of bright lusters
And enormous oil-lamps casting their rays
On the tenebrous brows of distinguished poets
Who come there to squander the blood they have sweated;
That is the black picture that in a dream one night
I saw unfold before my penetrating eyes.
I saw myself at the back of that quiet den,
Leaning on my elbows, cold, silent, envying,
Envying the stubborn passion of those people,
The dismal merriment of those old prostitutes,
All blithely selling right before my eyes,
One his ancient honor, another her beauty!
My heart took fright at its envy of so many
Wretches running fiercely to the yawning chasm,
Who, drunk with their own blood, would prefer, in a word,
Suffering to death and hell to nothingness!
— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)
___________________________________________________________

Monday, May 14, 2012

ബ്രെഹ്ത് - നരകത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ


File:DPAG1998-BertoltBrecht.jpg

നരകത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, ഞാനൊരിക്കൽ കേട്ടതാണ്‌,
എന്റെ സഹോദരൻ ഷെല്ലിയ്ക്കു തോന്നിയത്രെ,
ലണ്ടൻ നഗരത്തോടൊരുപാടു സാദൃശ്യമുള്ളതാണതെന്ന്.
ഞാൻ, ലണ്ടനിലല്ല, ലൊസ് ആൻജലൊസിൽ ജീവിക്കുന്നവൻ,
നരകത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ കാണുന്നത്
അതിനതിലും സാദൃശ്യം ലൊസ് ആൻജൊലസിനോടാണെന്നാണ്‌.

നരകത്തിലുമുണ്ട്,അതിലെനിക്കു സംശയമൊന്നുമില്ല,
ഇതുപോലത്തെ ആഡംബരോദ്യാനങ്ങൾ,
അവയിൽ മരങ്ങളുടെ വലിപ്പത്തിൽ പൂക്കൾ,
വളരെ വിലയുള്ള വെള്ളം കൊണ്ടു നനച്ചുകൊടുത്തില്ലെങ്കിൽ
മടിക്കാതെ കൊഴിയുന്നവ.
പിന്നെ പഴച്ചന്തകൾ, കൂന കൂട്ടിയ പഴങ്ങളുമായി,
എന്നാലവയ്ക്കു മണവും രുചിയുമില്ലതാനും.
പിന്നെയുമുണ്ട്, കാറുകളുടെ നീണ്ട നിരകൾ,
സ്വന്തം നിഴലുകളെക്കാൾ ഭാരം കുറഞ്ഞ,
മൂഢചിന്തകളെക്കാൾ വേഗതയേറിയ മിന്നുന്ന വാഹനങ്ങൾ,
അവയിൽ കാണാം ചുവന്നുതുടുത്ത മനുഷ്യരെ,
എങ്ങു നിന്നുമല്ലാതെ വരുന്നവർ,
എങ്ങോട്ടുമല്ലാതെ പോകുന്നവർ.
പിന്നെ വീടുകൾ, സന്തുഷ്ടർക്കു വേണ്ടി പണിതത്,
അതിനാൽ ആൾപ്പാർപ്പുണ്ടായാലും ഒഴിഞ്ഞവ.

നരകത്തിലെ വീടുകളും അസുന്ദരമെന്നു പറയാനില്ല.
പക്ഷേ തെരുവിലേക്കെറിയപ്പെടാമെന്ന ഭീതി
ചേരികളിലെ താമസക്കാരെയെന്നപോലെ
ബംഗ്ളാവുകളിൽ താമസിക്കുന്നവരെയും വല്ലാതെ വേട്ടയാടുന്നു .

__________________________________________________________________________

Contemplating Hell

Contemplating Hell, as I once heard it,
My brother Shelley found it to be a place
Much like the city of London. I,
Who do not live in London, but in Los Angeles,
Find, contemplating Hell, that it
Must be even more like Los Angeles.

Also in Hell,
I do not doubt it, there exist these opulent gardens
With flowers as large as trees, wilting, of course,
Very quickly, if they are not watered with very expensive water. And fruit markets
With great leaps of fruit, which nonetheless

Possess neither scent nor taste. And endless trains of autos,
Lighter than their own shadows, swifter than
Foolish thoughts, shimmering vehicles, in which
Rosy people, coming from nowhere, go nowhere.
And houses, designed for happiness, standing empty,
Even when inhabited.

Even the houses in Hell are not all ugly.
But concern about being thrown into the street
Consumes the inhabitants of the villas no less
Than the inhabitants of the barracks. 
__________________________________________________________________________



ബോദ്‌ലെയർ - ദിനാവസാനം


File:Karl Nordström, Sunset, oil on canvas, appr. 1899.jpg




വിളറിയ വെളിച്ചത്തിലാർത്തുവിളിച്ചും കൊണ്ടു
നിർല്ലജ്ജമോടിനടക്കുന്നു ജീവിതം,
കാരണമില്ലാതതു പുളച്ചുനൃത്തം വയ്ക്കുന്നു.
ചക്രവാളത്തിലൊരു മദാലസയപ്പോലെ,

സർവതും, വിശപ്പു പോലുമടക്കിയും,
സർവതും, നാണക്കേടു പോലും മായ്ച്ചും,
പിന്നെ രാത്രി വന്നുകയറുമ്പോൾ
കവി നെടുവീർപ്പിടുന്നു:“ അവസാനം!

എന്റെയാത്മാവുമെന്റെ തണ്ടെല്ലിനെപ്പോലെ
തളർന്നു വിശ്രമത്തിനായിക്കേഴുന്നു;
ഒരു ഹൃദയം നിറയെ നിഴലടഞ്ഞ സ്വപ്നങ്ങളുമായി

നിവർന്നൊന്നു കിടക്കാൻ ഞാൻ പോവുകയായി.
നിന്റെ തിരശ്ശീലകളിൽ ഞാനെന്നെപ്പൊതിയും,
ഉന്മേഷമേകുന്ന നിബിഡാന്ധകാരമേ!”
___________________________________________________________________________

(പാപത്തിന്റെ പൂക്കൾ - 124)



La Fin de la Journée
Sous une lumière blafarde
Court, danse et se tord sans raison
La Vie, impudente et criarde.
Aussi, sitôt qu'à l'horizon
La nuit voluptueuse monte,
Apaisant tout, même la faim,
Effaçant tout, même la honte,
Le Poète se dit: «Enfin!
Mon esprit, comme mes vertèbres,
Invoque ardemment le repos;
Le coeur plein de songes funèbres,
Je vais me coucher sur le dos
Et me rouler dans vos rideaux,
Ô rafraîchissantes ténèbres!»
— Charles Baudelaire

The End of the Day
Under a pallid light, noisy,
Impudent Life runs and dances,
Twists and turns, for no good reason
So, as soon as voluptuous
Night rises from the horizon,
Assuaging all, even hunger,
Effacing all, even shame,
The Poet says to himself: "At last!
My spirit, like my vertebrae,
Passionately invokes repose;
With a heart full of gloomy dreams,
I shall lie down flat on my back
And wrap myself in your curtains,
O refreshing shadows!"
— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)
__________________________________________________________


link tom image

Sunday, May 13, 2012

ഗോട്ട്ഫ്രീഡ് ബെൻ - സുന്ദരമായ ബാല്യം


File:Egon Schiele 053.jpg








ഓടപ്പുല്ലുകൾക്കിടയില്‍ ഏറെക്കാലമായിക്കിടന്നിരുന്ന പെൺകുട്ടിയുടെ വായ
കാർന്നെടുത്തപോലെ കാണപ്പെട്ടു.
നെഞ്ചിൻകൂടു ഞങ്ങൾ വെട്ടിപ്പൊളിച്ചപ്പോൾ
അന്നനാളം നിറയെ തുള വീണിരുന്നു.
ഒടുവിൽ ഉദരഭിത്തിയ്ക്കടിയിലെ ഒരു വള്ളിക്കൂട്ടത്തിൽ
ഒരു പറ്റം കുഞ്ഞെലികളെ ഞങ്ങൾ കണ്ടെത്തി.
ഒരെലിപ്പെങ്ങൾ ചത്തുകിടന്നിരുന്നു.
ശേഷിച്ചവ കരളും വൃക്കയും തിന്നും 
തണുത്ത ചോര കുടിച്ചും ജീവിക്കുകയായിരുന്നു;
സുന്ദരമായ ഒരു ബാല്യമാസ്വദിക്കുകയായിരുന്നു അവ.
അത്ര സുന്ദരവും ആകസ്മികവുമായിരുന്നു അവയുടെ മരണവും:
ഒക്കെക്കൂടി ഞങ്ങൾ വെള്ളത്തിലേക്കെറിഞ്ഞു.
ഹൊ, ആ കൂർത്ത മോന്തകൾ ചീറ്റുന്നതു നിങ്ങളൊന്നു കേൾക്കണമായിരുന്നു!
________________________________________________________________________________

Beautiful Youth


The mouth of the girl who had lain long in the rushes
looked so nibbled.
When they opened her chest, her esophagus was so holey.
Finally in a bower under the diaphragm
they found a nest of young rats.
One little thing lay dead.
The others were living off kidneys and liver
drinking the cold blood and had
had themselves a beautiful youth.
And just as beautiful and quick was their death:
the lot of them were thrown into the water.
Ah, will you hearken at the little muzzles’ oinks!
________________________________________________________________

ബോദ്‌ലെയർ - അലഞ്ഞും കരഞ്ഞും





അഗഥാ, പറയൂ, നിന്റെ ഹൃദയം ചിലനേരം പറന്നു പോകാറുണ്ടോ,
ഈയിരുണ്ട നഗരത്തിൽ നിന്ന്, ഈ ദുഷിച്ച കടലിൽ നിന്ന്,
ഏതൊരാകാശവും പോലെ നീലിച്ച മറ്റൊരു കടലിലേക്ക്,
കന്യകാത്വം പോലെ സ്വച്ഛവുമഗാധവുമായതൊന്നിലേക്ക്?
അഗഥാ, പറയൂ, നിന്റെ ഹൃദയം ചിലനേരം പറന്നുപോകാറുണ്ടോ?

നമ്മുടെ യാതനകളിൽ നമുക്കു സാന്ത്വനമാകുന്നതു പെരുംകടൽ..
ഏതു ചെകുത്താനാണാ കഠോരഗായകനെ, കടലിനെ
കാറ്റിന്റെ ഹുങ്കാരം മുഴക്കുന്ന പക്കമേളവുമേർപ്പെടുത്തി,
സങ്കടങ്ങൾ മറന്നു നമുക്കുറങ്ങാൻ താരാട്ടു പാടാനേല്പിച്ചു?
നമ്മുടെ യാതനകളിൽ നമുക്കു സാന്ത്വനമാകുന്നതു പെരുംകടൽ.

തീവണ്ടികളേ! കപ്പലുകളേ! അതിദൂരേയ്ക്കെന്നെക്കൊണ്ടുപോകൂ!
ഞങ്ങളുടെ കണ്ണീരിൽ കുഴഞ്ഞു ചെളി കെട്ടുന്നതാണിവിടെ മണ്ണു പോലും!
നേരല്ലേ, അഗഥായുടെ കരയുന്ന ഹൃദയവും ചിലനേരം പറയാറില്ലേ,
“ദുഃഖത്തിൽ നിന്നു ദൂരെ, പാപത്തിൽ നിന്നു ദൂരെ, ഭീതിയിൽ നിന്നു ദൂരെ,
തീവണ്ടികളേ! കപ്പലുകളേ! അതിദൂരേയ്ക്കെന്നെക്കൊണ്ടുപോകൂ!“

എത്രയകലെയാണു നീ, പരിമളങ്ങൾ വിതറുന്ന പറുദീസാ,
നീലാകാശത്തിനു ചോടെ പ്രണയവുമാനന്ദവും കൈകോർക്കുന്നതവിടെ,
ഞങ്ങൾ സ്നേഹിക്കുന്നവ ഞങ്ങളുടെ സ്നേഹത്തിനർഹമാകുന്നതവിടെ,
കലർപ്പറ്റ പ്രഹർഷത്തിൽ ഹൃദയങ്ങൾ മുങ്ങിത്താഴുന്നതുമവിടെ!
എത്രയകലെയാണു നീ, പരിമളങ്ങൾ വിതറുന്ന പറുദീസാ!

പക്ഷേ നമ്മുടെയാ കൈശോരസ്നേഹങ്ങളുടെ പച്ചപ്പറുദീസ,
-ഉല്ലാസയാത്രകൾ, പാട്ടുകൾ, പൂക്കൾ, കട്ടെടുത്ത ചുംബനങ്ങൾ,
മലകൾക്കു പിന്നിലൊരു വിദൂരഗാനം പാടിയടങ്ങുന്ന വയലിനുകൾ,
സന്ധ്യയുടെ നിഴലടഞ്ഞ തോപ്പുകളിൽ മദിരയുടെ ഭാജനങ്ങൾ-
പക്ഷേ നമ്മുടെയാ കൈശോരസ്നേഹങ്ങളുടെ പച്ചപ്പറുദീസ,

നിഗൂഢാനന്ദങ്ങൾ നിറഞ്ഞ, പാപബോധമില്ലാത്ത പറുദീസ,
-ഇന്ത്യയെക്കാൾ, ചൈനയെക്കാൾ നമുക്കതകലെയായെന്നോ?
കരഞ്ഞും വിലപിച്ചും തിരിച്ചുവരുത്താനാവുമോ, നമുക്കതിനെ,
രജതഗാനങ്ങൾ പാടി ജീവൻ കൊടുക്കാനാവുമോ, നമുക്കതിനെ,
നിഗൂഢാനന്ദങ്ങൾ നിറഞ്ഞ, പാപബോധമില്ലാത്ത പറുദീസയെ?
_______________________________________________________________________________

(പാപത്തിന്റെ പൂക്കൾ-62)
___________________________________________________________________________________________


Moesta et errabunda
Dis-moi ton coeur parfois s'envole-t-il, Agathe,
Loin du noir océan de l'immonde cité
Vers un autre océan où la splendeur éclate,
Bleu, clair, profond, ainsi que la virginité?
Dis-moi, ton coeur parfois s'envole-t-il, Agathe?
La mer la vaste mer, console nos labeurs!
Quel démon a doté la mer, rauque chanteuse
Qu'accompagne l'immense orgue des vents grondeurs,
De cette fonction sublime de berceuse?
La mer, la vaste mer, console nos labeurs!
Emporte-moi wagon! enlève-moi, frégate!
Loin! loin! ici la boue est faite de nos pleurs!
— Est-il vrai que parfois le triste coeur d'Agathe
Dise: Loin des remords, des crimes, des douleurs,
Emporte-moi, wagon, enlève-moi, frégate?
Comme vous êtes loin, paradis parfumé,
Où sous un clair azur tout n'est qu'amour et joie,
Où tout ce que l'on aime est digne d'être aimé,
Où dans la volupté pure le coeur se noie!
Comme vous êtes loin, paradis parfumé!
Mais le vert paradis des amours enfantines,
Les courses, les chansons, les baisers, les bouquets,
Les violons vibrant derrière les collines,
Avec les brocs de vin, le soir, dans les bosquets,
— Mais le vert paradis des amours enfantines,
L'innocent paradis, plein de plaisirs furtifs,
Est-il déjà plus loin que l'Inde et que la Chine?
Peut-on le rappeler avec des cris plaintifs,
Et l'animer encor d'une voix argentine,
L'innocent paradis plein de plaisirs furtifs?
— Charles Baudelaire

Grieving and Wandering
Tell me, does your heart sometimes fly away, Agatha,
Far from the black ocean of the filthy city,
Toward another ocean where splendor glitters,
Blue, clear, profound, as is virginity?
Tell me, does your heart sometimes fly away, Agatha?
The sea, the boundless sea, consoles us for our toil!
What demon endowed the sea, that raucous singer,
Whose accompanist is the roaring wind,
With the sublime function of cradle-rocker?
The sea, the boundless sea, consoles us for our toil!
Take me away, carriage! Carry me off, frigate!
Far, far away! Here the mud is made with our tears!
— Is it true that sometimes the sad heart of Agatha
Says: Far from crimes, from remorse, from sorrow,
Take me away, carriage, carry me off, frigate?
How far away you are, O perfumed Paradise,
Where under clear blue sky there's only love and joy,
Where all that one loves is worthy of love,
Where the heart is drowned in sheer enjoyment!
How far away you are, O perfumed Paradise!
But the green Paradise of childhood loves
The outings, the singing, the kisses, the bouquets,
The violins vibrating behind the hills,
And the evenings in the woods, with jugs of wine
— But the green Paradise of childhood loves,
That sinless Paradise, full of furtive pleasures,
Is it farther off now than India and China?
Can one call it back with plaintive cries,
And animate it still with a silvery voice,
That sinless Paradise full of furtive pleasures?
— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)
_______________________________________________________________
link to image

Saturday, May 12, 2012

ഗോട്ട്ഫ്രീഡ് ബെൻ - ഒരു സ്ത്രീയും പുരുഷനും കാൻസർ വാർഡിലൂടെ കടന്നുപോവുന്നു




പുരുഷൻ:
ഇതാ, ഈ നിര നിറയെ ജീർണ്ണിച്ച ഗർഭപാത്രങ്ങളാണ്‌,
ഈ നിര നിറയെ ജീർണ്ണിച്ച മുലകളും.
അടുത്തടുത്തു കിടക്കകൾ നാറുന്നു,
മണിക്കൂറു വച്ചു നഴ്സുമാരും മാറുന്നു.

വരൂ, പേടിക്കാതെ ഈ പുതപ്പൊന്നു മാറ്റിനോക്കൂ,
കൊഴുപ്പും നാറുന്ന പഴുപ്പും നിറഞ്ഞ ഈ പിണ്ഡം
പണ്ടൊരിക്കൽ ഒരു പുരുഷന്റെ ജീവിതസുഖമായിരുന്നു.

വരൂ, ഇനി ഈ മുലയിലെ വടുക്കളൊന്നു നോക്കൂ,
തൊടുമ്പോഴറിയുന്നില്ലേ, ജപമാലയിലെ മുത്തുകൾ പോലെ?
പേടിക്കേണ്ട, തൊട്ടോളൂ. മൃദുലമായ മാംസമാണ്‌,
അതിനു വേദന അറിയുകയുമില്ല.

ഇവിടെ നോക്കൂ, മുപ്പതുടലിൽ നിന്നെന്നപോലെ
ചോര വാർക്കുന്നൊരാൾ;
മറ്റൊരാൾക്കുമുണ്ടാവില്ല, ഇത്രയും ചോര.
ഈ കിടക്കുന്നവളെ നോക്കൂ;
അവളുടെ കാൻസർ പിടിച്ച ഗർഭപാത്രത്തിൽ നിന്ന്
ഒരു കുട്ടിയെ മുറിച്ചെടുക്കേണ്ടി വന്നു.

അവരെ ഉറങ്ങാൻ വിട്ടിരിക്കുകയാണ്‌- രാവും പകലും.
നവാഗതരോടിങ്ങനെയാണു പറയുക:
ഉറങ്ങിയാൽ രോഗം ഭേദമാവും.
ഞായറാഴ്ച സന്ദർശകർക്കായി അവരെ ഒന്നുണർത്തും.

അവർ അധികമൊന്നും കഴിക്കുന്നുമില്ല.
അവർക്കു മുതുകത്തു പുണ്ണുകളായിരിക്കുന്നു.
കാണുന്നില്ലേ ഈച്ചകളെ?
ചിലപ്പോൾ നഴ്സുമാർ അവരെ കുളിപ്പിക്കും,
ബഞ്ചു കഴുകുന്ന പോലെ.

ഇവിടെ ഓരോ കിടക്കയ്ക്കു ചുറ്റും ശവക്കുഴികളുയരുന്നു.
മാംസം മണ്ണായിപ്പൊടിയുന്നു.
തീ കെടുന്നു. നീരു തുള്ളിയിറ്റുന്നു.
മണ്ണു വിളിയ്ക്കുന്നു-

(1912)


ബോദ്‌ലെയർ - സുന്ദരീസ്തവം




സ്വർഗ്ഗമോ നരകമോ, നിനക്കു സ്വദേശമേതു, സുന്ദരീ?
ഒരുപോലെ ദിവ്യവും പൈശാചികവുമാണല്ലോ നിന്റെ നോട്ടം;
അതിൽ നിന്നൊഴുകുന്നുവല്ലോ, ധന്യതകളുമൊപ്പമംഗളങ്ങളും;
അതിനാലത്രേ, മനുഷ്യർ നിന്നെ മദിരയോടുപമിക്കുന്നതും.

നിന്റെ കണ്ണുകളിലടങ്ങുന്നുണ്ടുദയാസ്തമയങ്ങൾ രണ്ടും,
കാറ്റു വീശുന്ന രാത്രിപോലെ നീ വിതറുന്നുണ്ടു പരിമളങ്ങൾ;
നുരയുന്ന ചാറയാണു നിന്റെ ചുണ്ടുകൾ; മദിര, നിന്റെ ചുംബനങ്ങൾ,
അതു വീരനെയധീരനാക്കുന്നു, ബാലനെ ചുണക്കുട്ടിയും.

നീ ജനിച്ചതു നക്ഷത്രങ്ങളുടെ ഉലയിലോ, പാതാളത്തിലൊരാലയിലോ?
വിധി നിന്റെ പിന്നാലെയുണ്ടല്ലോ, മെരുങ്ങിയ നായയെപ്പോലെ.
ആനന്ദങ്ങൾക്കൊപ്പം ദുരന്തങ്ങളും വിതച്ചുനടക്കുന്നു നീ.
ഏവരേയും ഭരിക്കുന്നവൾ, ആർക്കും വിളിപ്പുറത്തുമല്ല നീ.

സുന്ദരീ, കൊലച്ചിരിയുമായി ശവങ്ങൾക്കു മേൽ നിന്റെ താണ്ഡവം.
ഉൾക്കിടിലം നിന്റെ രത്നശേഖരത്തിലൊടുക്കത്തേതുമല്ല;
നിന്റെ നഗ്നമായ ഉദരത്തിലുരുമ്മിക്കൊണ്ടു തുള്ളിക്കളിയ്ക്കുന്നു,
അരപ്പട്ടയിൽ നിനക്കരുമയായൊരു പണ്ടമായി നരഹത്യ.

ദീപമേ, കണ്ണു മഞ്ചി നിന്നിലേക്കോടിയെത്തുന്ന ശലഭം
നിന്റെ തീയിൽ കരിയുമ്പോളാശ്വസിക്കുന്നു: ‘ധന്യമീ ദഹനം!’
കിതച്ചും കൊണ്ടു തന്റെ പ്രിയയ്ക്കു മേൽ ചായുന്ന കാമുകനോ,
സ്വന്തം കുഴിമാടത്തെ തലോടുന്ന മരണാസന്നനെപ്പോലെ.

സ്വർഗ്ഗമോ നരകമോ, നിന്റെ വരവെവിടെ നിന്നുമാവട്ടെ,
ഭീഷണസൗന്ദര്യമേ! ലളിതയെപ്പോലെ പൂതനയുമായവളേ!
നിന്റെ കടാക്ഷങ്ങൾ, നിന്റെ മന്ദഹാസങ്ങൾ, നിന്റെ കാലടികൾ,
ഒരജ്ഞാതപ്രണയത്തിലേക്കെനിയ്ക്കു വഴി തുറക്കുമെങ്കിൽ.

മാലാഖയോ, പിശാചോ, മോഹിനിയോ ആരുമായിക്കോളു നീ,
ആർദ്രനേത്രയായ യക്ഷീ! നിന്റെ താളം, നിന്റെ പരിമളം, നിന്റെ  തിളക്കം,
ഈ ലോകത്തിന്റെ ബീഭത്സതയൊന്നു കുറയ്ക്കുമെങ്കിൽ,
എന്റെ കാലത്തിന്റെ വൈരസ്യമൊന്നു കുറയ്ക്കുമെങ്കിൽ!

(പാപത്തിന്റെ പൂക്കൾ - 21)