Wednesday, May 23, 2012

ഇവാൻ ബുനിൻ - ശിലാവിഗ്രഹം

easter-island


ഉഷ്ണത്തിലുണങ്ങിക്കരിഞ്ഞ പുൽനാമ്പുകൾ.
വാടിയുണങ്ങിയ പുൽമേടു പരന്നുപരന്നുപോകുന്നു,
ആകാശത്തിന്റെ വിളറിയ വൈപുല്യങ്ങളിൽപ്പോയലിയുന്നു.
ഇവിടെയൊരു കുതിരയുടെ വെയിലേറ്റു വെളുത്ത കപാലം,
പരന്ന ശിലാമുഖവുമായി അവിടെയൊരു വിഗ്രഹം.

ഹാ,യെത്ര നിദ്രാണമാണതിന്റെ മുഖം!
നിരപ്പില്ലാതെ ചെത്തിയെടുത്തപോലെ കൂറ്റനൊരുടലും.
പാതിബോധത്തിലൊരു പേടിയോടെ
ഞാനതിന്റെ നിർജ്ജീവമായ ചിരി കണ്ടു:
അതു കാതരമായിരുന്നു, നിസ്സഹായവും.

ഹാ, അന്ധകാരം പിറവി കൊടുത്തതൊന്നേ!
ഒരിക്കലൊരു പൂജാവിഗ്രഹമായിരുന്നതല്ലേ നീ,
ആളുകൾ ഭയന്നതുമാരാധിച്ചതും?
നമ്മെ സൃഷ്ടിക്കുകയായിരുന്നില്ല ദൈവം.
അടിമകളെപ്പോലെ നാം സൃഷ്ടിച്ചു, ദൈവങ്ങളെ.
(1903-1906)


No comments: