എന്റെ ചോരയിലൊരു വിഷസർപ്പമിഴയുമ്പോലെ
നിന്റെ മേലെന്റെയഭിനിവേശം ചുറയഴിക്കുന്നു.
ചിലനേരമാകാശത്തു ഞാൻ കാണുന്നു,
നിറം മഞ്ഞിച്ചൊരു വിചിത്രചന്ദ്രനെ.
ഇലകൾക്കിടയിലസ്വസ്ഥവസന്തം വിറക്കൊള്ളുമ്പോൾ,
ഇരുട്ടിലൊരലസസ്വപ്നം പോലെ
ചുവന്ന ചരൽപ്പാത നീളുന്നു.
രാവും പകലുമൊരുപോലെ
ഒരു വിഷസർപ്പത്തെപ്പോലെ ചുറയഴിക്കുന്നു,
നിന്റെ മേലെന്റെയഭിനിവേശം.
സമർ സെൻ (1916-1987) - ജീബനാനന്ദദാസിനു ശേഷമുള്ള തലമുറയിലെ പ്രമുഖനായ ബംഗാളികവി. പിൽക്കാലത്തു പക്ഷേ, മാർക്സിസത്തിനും പത്രപ്രവർത്തനത്തിനുമായി കവിതയെ കൈവിട്ടു. കൊൽക്കത്തയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന Frontier എന്ന ഇടതുപക്ഷമാസികയുടെ പത്രാധിപരായിരുന്നു.
No comments:
Post a Comment