പാതിരാത്രിയിൽ ഘടികാരമടിക്കുമ്പോൾ
പരിഹാസത്തോടതു നമ്മെ വിളിച്ചുചോദിക്കുന്നു,
ഒരു പകലു കൂടി കഴിഞ്ഞുപോകുമ്പോൾ
ആ നേരം കൊണ്ടു നാമെന്തു ചെയ്തു?
-വെള്ളിയാഴ്ച, പതിമൂന്നാം തീയതിയും,
ഇന്നു നമുക്കൊരു ദുർഭഗദിനമത്രെ;
എല്ലാമറിയുന്നവരാണു നാമെന്നിരിക്കെ,
ദൈവവിരോധമായിരുന്നു നാം ചെയ്തതൊക്കെ.
യേശുവിനെ നാമിന്നു തള്ളിപ്പറഞ്ഞു,
ദൈവങ്ങളിൽ വച്ചനിഷേധ്യനായവനെ!
ഏതോ ദുർവൃത്തനായ പിശാചിനൊപ്പം
പരാന്നഭോജിയെപ്പോലെ നാം വിരുന്നിനു പോയി.
നമുക്കുള്ളിലധിവസിക്കുന്ന മൃഗത്തെ,
നരകത്തിന്റെ സാമന്തനെ പ്രീതിപ്പെടുത്താനായി
നാം സ്നേഹിക്കുന്നവരെ നാമധിക്ഷേപിച്ചു,
നാം വെറുക്കുന്നവർക്കു നാം മുഖസ്തുതി പാടി;
ഭീരുക്കളുടെ ക്രൂരതയോടെ നാം ദ്രോഹിച്ചു,
നിസ്സഹായരായ സാധുമനുഷ്യരെ;
കാളമുഖം വച്ച മൂഢതയ്ക്കു മുന്നിൽ
മുട്ടിലിഴഞ്ഞു നാമാരാധിച്ചു.
ജഡപിണ്ഡത്തെ ചുംബിച്ചു നാം കിടന്നു,
അതും, ആത്മസമർപ്പണത്തോടെ!
ജീർണ്ണതയുടെ നരകവെളിച്ചത്തിന്
താണുവീണു നാം മുഖസ്തുതിയും ചൊല്ലി.
അതും പോരാ, പമ്പരം കറങ്ങുന്ന തലയെ
ചിത്തഭ്രമത്തിൽ മുക്കിത്താഴ്ത്തിയ നാം-
മരണത്തിന്റെ പ്രഹർഷങ്ങളെ വിളിച്ചുകാട്ടേണ്ട,
കാവ്യദേവതയുടെ മേശാന്തികളായ നാം-
ഒരു വിശപ്പുമില്ലാതെ പന്നികളെപ്പോലെ വാരിവലിച്ചുതിന്നു,
ദാഹമെന്നതില്ലാതെ കലക്കവെള്ളം കോരിക്കുടിച്ചു.
വേഗം, വേഗമെന്റെയാത്മാവേ, വിളക്കൂതിക്കെടുത്തൂ,
രാത്രിയുടെ കരിമ്പടമെടുത്തു തലവഴിയേ മൂടൂ!
പിൽക്കാലത്തെഴുതിയ “പുലർച്ചയ്ക്കൊരു മണിയ്ക്ക്” എന്ന ഗദ്യകവിതയിലും ഈ മനഃസാക്ഷിവിചാരണ ആവർത്തിക്കുന്നുണ്ട്.
പുലർച്ചയ്ക്കൊരുമണിയ്ക്ക്
ഒടുവിൽ ഞാനൊറ്റയ്ക്കാകുന്നു!
മടങ്ങാൻ വൈകിയ ചില പഴഞ്ചൻവണ്ടികളുടെ കടകടശബ്ദമല്ലാതെ മറ്റൊന്നും കേൾക്കാനില്ല. ഇനി കുറേ നേരത്തേക്ക് ശാന്തതയല്ലെങ്കിൽ നിശ്ശബ്ദതയെങ്കിലും നമുക്കു പ്രതീക്ഷിക്കാം. മനുഷ്യമുഖങ്ങളുടെ ദുർഭരണത്തിനവസാനമായിരിക്കുന്നു; ഇനി എന്റെ വക ദുരിതങ്ങളേ എനിക്കനുഭവിക്കാനുള്ളു.
ഹാവൂ! ഇനിയീ ഇരുട്ടു കോരിയൊഴിച്ച് എനിക്കൊരു കുളികഴിക്കാം. അതിനു മുമ്പ് ഞാനീ വാതിലൊന്ന് താക്കോലിട്ടു പൂട്ടട്ടെ; താക്കോൽ വീഴുന്ന ആ ശബ്ദം എന്റെ ഏകാന്തതയുടെ കനം കൂട്ടുന്ന പോലെയാണ് എനിക്കു തോന്നുന്നത്; പുറംലോകത്തിൽ നിന്ന് എന്നെ വേർപെടുത്തുന്ന കന്മതിൽ ഒന്നുകൂടി ബലപ്പെടുത്തുകയാണത്.
അസഹ്യമായ ജീവിതം!അസഹ്യമായ നഗരം! ഇന്നു പകലു നടന്നതെന്തൊക്കെയാണ്-കുറേ സാഹിത്യകാരന്മാരെ കണ്ടുമുട്ടി;അവരിലൊരാൾക്ക് റഷ്യയിലേക്കു കരമാർഗ്ഗമുള്ള വഴി ഞാൻ പറഞ്ഞുകൊടുക്കണമത്രെ(റഷ്യ കടലിനു നടുവിൽക്കിടക്കുന്ന ദ്വീപാണെന്നായിരിക്കണം ആൾ കരുതിയിരിക്കുന്നത്); ഒരു പത്രാധിപരുമായി ശ്വാസം വിടാതെ നിന്നു തർക്കിച്ചു;എന്റെ ഓരോ തടസ്സവാദത്തിനും അയാളുടെ മറുപടി ഇതായിരുന്നു:"ഞങ്ങൾ മര്യാദക്കാരുടെ കൂടെയാണ്." എന്നതിനർത്ഥം മറ്റു പത്രാധിപന്മാരൊക്കെ പോക്കിരികളാണെന്നാണല്ലോ; ഒരിരുപതു പേരുടെ അഭിവാദനങ്ങൾക്ക് പ്രത്യഭിവാദനം ചെയ്യേണ്ടിവന്നു; അതിൽ പതിനഞ്ചുപേരും എനിക്കു കണ്ടുപരിചയം പോലുമില്ലാത്തവരുമായിരുന്നു; അതേയളവിൽത്തന്നെ ഹസ്തദാനങ്ങളും നടത്തി, അതും ഒരു കൈയുറയുടെ മുൻകരുതൽ പോലുമില്ലാതെ; മഴ ചാറിയ നേരത്ത് സമയം കൊല്ലാൻ വേണ്ടി ഒരു സർക്കസ്സുകാരിയെ കാണാൻ പോയി; അവൾക്കു ഞാനൊരു വേഷം ഡിസൈൻ ചെയ്തു കൊടുക്കണമത്രെ; കുറേനേരം ഒരു നാടകസംവിധായകന്റെ പിന്നാലെ തൂങ്ങിനടന്നു; ഒടുവിൽ എന്നെ ഒഴിവാക്കാൻ അയാൾ പറയുകയാണ്:"ഇന്നയാളെ ഒന്നു പോയിക്കാണൂ. എന്റെ നാടകകൃത്തുക്കളിൽ വച്ച് ഏറ്റവും പൊണ്ണനും ഏറ്റവും ബുദ്ധിഹീനനും ഏറ്റവും പ്രശസ്തനും അയാളാണ്. അയാളോടൊട്ടിനടന്നാൽ തനിക്കെവിടെയെങ്കിലുമെത്താം. പോയിട്ടുവാ, എന്നിട്ടു നമുക്കു നോക്കാം." ചെയ്തിട്ടേയില്ലാത്ത ചില കന്നത്തരങ്ങൾ ചെയ്തതായി ഞാൻ വീരവാദം മുഴക്കി(എന്തിന്); മര്യാദകേടുകൾ ചിലതു ചെയ്തത് ഒരു പേടിത്തൊണ്ടനെപ്പോലെ ഞാൻ നിഷേധിക്കുകയും ചെയ്തു.ഒരു സുഹൃത്തിന് നിഷ്‌പ്രയാസം സാധിച്ചുകൊടുക്കാമായിരുന്ന ഒരു സഹായം ചെയ്യാൻ ഞാൻ മിനക്കെട്ടില്ല; അതേസമയം ഒരൊന്നാന്തരം പോക്കിരിയ്ക്ക് ഒരു ശുപാർശക്കത്തു തന്നെ എഴുതിക്കൊടുക്കുകയും ചെയ്തു. ഹൊ,ഇത്രയൊക്കെപ്പോരേ!
സകലതും വെറുത്ത,എന്നെത്തന്നെ വെറുത്ത ഞാൻ ഈ രാത്രിയുടെ നിശ്ശബ്ദതയിലും ഏകാന്തതയിലും സ്വയമൊന്നു വീണ്ടെടുടക്കട്ടെ; നഷ്ടമായ ആത്മാഭിമാനം അൽപമെങ്കിലും ഞാൻ കണ്ടെടുക്കട്ടെ. ഞാൻ സ്നേഹിച്ചവരുടെ ആത്മാക്കളേ,ഞാൻ കവിതകളിൽ കൊണ്ടാടിയവരുടെ ആത്മാക്കളേ, എനിക്കു ബലം തരൂ,എന്നെ താങ്ങിനിർത്തൂ,ഈ ലോകത്തിന്റെ നുണകളിലും ദുഷിച്ച വായുവിലും നിന്ന് എന്നെ രക്ഷപെടുത്തൂ. എന്റെ ദൈവമേ, അവിടുന്നും ഒന്നു ചെയ്യാനുണ്ട്: മനോഹരമായ ചില കവിതകളെഴുതാൻ വേണ്ട അനുഗ്രഹം എനിക്കു നൽകേണമേ; മനുഷ്യർക്കിടയിൽ ഏറ്റവും താഴ്‌ന്നവനല്ല ഞാനെന്ന്, ഞാൻ വെറുക്കുന്നവരേക്കാൾ അധമനല്ല ഞാനെന്ന് എനിക്കു ബോധ്യമാവട്ടെ.
No comments:
Post a Comment