പ്രണയഗാനം
കപ്പയിലയിടിച്ചതു വയറുനിറയെത്തിന്നാൽ
ചെണ്ടയുമെടുത്തു ഞാൻ പുറത്തേയ്ക്കു പോകും,
തന്നിഷ്ടം പോലതിൽ താളമിട്ടു ഞാനിരിയ്ക്കും.
ഹാ! അപ്പോഴെന്റെ മനസ്സു പിന്നോട്ടു പായും,
നീയെന്നെപ്പുണർന്നതെനിയ്ക്കോർമ്മയെത്തും.
അവിടെയൊരിടുക്കുമുറിയിൽ, ഞാനോർക്കുന്നു-
നാമാദ്യമന്യോന്യം പ്രണയമറിയിച്ചതവിടെ.
അന്യനൊരാളു പോലുമിതൊന്നുമറിയരുതേ!
പ്രണയഗാനം
ഞാനൊറ്റയ്ക്കു നടക്കുന്നു.
(സുളു- തെക്കേ ആഫ്രിക്ക)
ഒരു സംഭാഷണം
പുരുഷൻ:
ഞാൻ വരട്ടെ, റസോവാ, നല്ല പെണ്ണേ?
സ്ത്രീ:
വന്നാട്ടെ, വന്നാട്ടെ, തമ്പ്രാനേ,
നല്ല പുൽത്തടുക്കു ഞാൻ നീർത്തിയിടാം.
പുരുഷൻ:
എനിക്കിരിക്കാനൊരു പുൽത്തടുക്കും വേണ്ട,
നിന്റെ ചേലയുടെ മൂല മതി.
വേശ്യ
വരണ്ടുണങ്ങിയ ചേറ്റുകുളം:
ആണുങ്ങളതിലും മുങ്ങിച്ചാവുന്നു.
(ഹൌസാ- നൈജീരിയ)
ചോര പുരളാത്ത കുന്തം
കുന്തമല്ല;
ചുംബനങ്ങളില്ലാത്ത പ്രണയം
പ്രണയവുമല്ല.
(ഗല്ല- എത്യോപ്യ)
തുഴയറ്റൊഴുകുന്ന തോണി
പുലർച്ചെ മിന്നുന്ന മിന്നൽ പോലത്തെപ്പെണ്ണേ,
ഒരിക്കലെങ്കിലുമെന്നോടൊന്നു മിണ്ടൂ.
നിന്നെയോർത്തെത്രയാർത്തിപ്പെടുന്നു ഞാനെന്നോ,
വേനൽക്കാറ്റിൽ തുഴയറ്റൊഴുകുന്ന തോണിയിൽ
കര കാണാൻ നോക്കിനോക്കിയിരിക്കെ
നരച്ചുപരന്ന കടലു മാത്രം കണ്ണിൽപ്പെടുന്നൊരാളെപ്പോലെ.
(സോമാലി)
ഞാനൊരു മൂരിയായെങ്കിൽ
ഞാനൊരു മൂരിയായെങ്കിൽ,
ഒരു മൂരി,അഴകുള്ള മൂരി,
അഴകുള്ളോനെ,ന്നാൽ മുരത്തവൻ;
ഒരു വ്യാപാരി എന്നെ വാങ്ങും,
എന്നെ വാങ്ങുമയാളെ,ന്നെയറുക്കും,
എന്റെ തോലൂറയ്ക്കിടും,
പിന്നെയങ്ങാടിയിൽ കൊണ്ടുപോകും.
ഒരു നീചത്തി വിലപേശും,
ഒരു സുന്ദരി വാങ്ങുമെന്നെ.
മണക്കുന്ന തൈലമവൾ
എന്റെ മേൽ തളിയ്ക്കുമല്ലോ,
രാത്രിയിലവളോടൊപ്പം
പുതച്ചുമൂടിയുറങ്ങും ഞാൻ,
ഉച്ചയ്ക്കവളോടൊപ്പം
പുതച്ചുമൂടിയിരിക്കും ഞാൻ.
‘ഇതെന്താ ചത്ത തോൽ,’
അവൾക്കുള്ള ഭർത്താവു പറയും.
ആ പെണ്ണിന്റെ പ്രണയം കിട്ടിയ-
തെനിക്കല്ലേ, പക്ഷേ!
(അബിസീനിയ)
1 comment:
നന്നായിരിക്കുന്നു. അവസാനത്തെ കവിത പ്രത്യേകിച്ചും രസകരം. പക്ഷേ മഡഗാസ്കര്‍ കവിതയാണ് എനിക്കിഷ്ടമായത്
Post a Comment