മരിക്കുന്നതിനു മുമ്പുള്ള പത്തു കൊല്ലത്തിനിടയിൽ എന്റെ അമ്മയ്ക്ക് ഓർമ്മ ക്രമേണ നഷ്ടപ്പെട്ടു. എന്റെ സഹോദരന്മാരോടൊപ്പം അമ്മ താമസിച്ചിരുന്ന സാരഗോസ്സയിൽ അവരെ കാണാൻ ചെല്ലുമ്പോൾ അവർ ആഴ്ചപ്പതിപ്പുകൾ എടുത്തു വായിക്കുന്നത് ഞാൻ നോക്കിയിരിക്കും: ആദ്യം മുതൽ അവസാനം വരെ ഓരോ പേജും ശ്രദ്ധാപൂർവം മറിച്ച്. വായിച്ചുകഴിഞ്ഞാൽ ഞാനത് അവരുടെ കൈയിൽ നിന്നു വാങ്ങിയിട്ട് വീണ്ടും തിരിച്ചുകൊടുക്കും; അവർ പിന്നെയും അത് സാവധാനം പേജു മറിച്ചു വായിക്കുന്നതാണ് ഞാൻ കാണുക.
അവരുടെ ശാരീരികാരോഗ്യത്തിന് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല; ആ പ്രായം വച്ചു നോക്കുമ്പോൾ നല്ല ചുറുചുറുക്കുമുണ്ടായിരുന്നു; പക്ഷേ ഒടുവിലായപ്പോൾ സ്വന്തം മക്കളെ അവർക്കു തിരിച്ചറിയാതായി. ഞങ്ങളാരാണെന്നോ, താനാരെന്നോ അവർക്കറിവുണ്ടായിരുന്നില്ല. ഞാൻ അവരുടെ മുറിയിലേക്കു ചെന്ന് ചുംബിച്ചിട്ട് ഒപ്പം അല്പനേരമിരിക്കും. ചിലപ്പോൾ പോകാനെന്നപോലെ ഇറങ്ങിയിട്ട് തിരിച്ചു വീണ്ടും ചെല്ലും. അതേ പുഞ്ചിരിയോടെ അവരെന്നെ നോക്കും, എന്നോടിരിക്കാൻ പറയും- ആദ്യമായിട്ടാണ് അമ്മ എന്നെ കാണുന്നതെന്നപോലെ. എന്റെ പേരും അവർക്കോർമ്മയുണ്ടായിരുന്നില്ല.
സാരഗോസ്സയിൽ സ്കൂൾകുട്ടിയായിരിക്കുന്ന കാലത്ത് സ്പെയിനിലെ വിസിഗോത്ത് രാജാക്കന്മാരുടെ പേരുകൾ മുഴുവൻ എനിക്കു മനപ്പാഠമായിരുന്നു; അതുപോലെ യൂറോപ്പിലെ ഓരോ രാജ്യത്തിന്റെയും വിസ്തീർണ്ണവും ജനസംഖ്യയും. ഉപയോഗശൂന്യമായ വിവരങ്ങളുടെ ഒരു സ്വർണ്ണഖനിയായിരുന്നു ഞാൻ എന്നതാണു വസ്തുത. ഈ യാന്ത്രികമായ വെടിക്കെട്ടുകൾ എണ്ണമറ്റ തമാശകൾക്കു വിഷയവുമായിരുന്നു; ഇതിൽ മിടുക്കു കാണിച്ചിരുന്ന വിദ്യാർത്ഥികളെ memorione എന്നാണു വിളിച്ചിരുന്നത്; അങ്ങനെയൊരു കേമനായിരുന്നു ഞാനെങ്കിൽക്കൂടി അത്തരം അഭ്യാസങ്ങളെ എനിക്കു പുച്ഛവുമായിരുന്നു.
ഇന്നു പക്ഷേ അത്രയും അവജ്ഞ എനിക്കു തോന്നുന്നില്ല. ഒരായുസ്സിനിടയിൽ അബോധപൂർവ്വം നാം ശേഖരിച്ചുവയ്ക്കുന്ന ഓർമ്മകളെക്കുറിച്ച് രണ്ടാമതൊന്നു നാം ചിന്തിക്കുന്നത്, പെട്ടെന്നൊരു ദിവസം അടുത്തൊരു സ്നേഹിതന്റെയോ, ബന്ധുവിന്റെയോ പേരു നമുക്കോർമ്മിക്കാൻ പറ്റാതെ വരുമ്പോഴാണ്. അതു പോയിക്കഴിഞ്ഞു; നമുക്കതു മറന്നുകഴിഞ്ഞു. അതിസാധാരണമായ ഒരു പദം ഓർത്തെടുക്കാൻ നാമെത്ര കിണഞ്ഞു ശ്രമിച്ചിട്ടും അതു വിഫലമാവുകയാണ്. നമ്മുടെ നാവിൻ തുമ്പത്തതുണ്ട്; പക്ഷേ അവിടെ നിന്നു പോരാൻ അറച്ചുനിൽക്കുകയാണത്.
ഇതു വന്നുകഴിഞ്ഞാൽ പിന്നെ മറ്റു ഭ്രംശങ്ങൾ ഉണ്ടാവുകയായി; ഓർമ്മയുടെ പ്രാധാന്യം അപ്പോഴേ നമുക്കു മനസ്സിലാവുന്നുള്ളു, അപ്പോഴേ നാമത് അംഗീകരിച്ചു കൊടുക്കുന്നുമുള്ളു. ഈ തരം സ്മൃതിലോപം എന്നെ ആദ്യമായി ബാധിക്കുന്നത് എഴുപതോടടുക്കുമ്പോഴാണ്. പേരുകളിൽ നിന്നായിരുന്നു തുടക്കം; പിന്നെ ആസന്നഭൂതകാലത്തിൽ നിന്നും. ഞാനെന്റെ ലൈറ്റർ എവിടെ വച്ചു? ( അഞ്ചു മിനുട്ടു മുമ്പ് അതെന്റെ കൈയിൽ ഉണ്ടായിരുന്നതാണല്ലോ!) ഈ വാക്യത്തിനു തുടക്കമിടുമ്പോൾ എന്തു പറയാനാണ് ഞാൻ ഉദ്ദേശിച്ചത്? അധികം വൈകേണ്ട, ചില മാസങ്ങൾക്കു മുമ്പോ വർഷങ്ങൾക്കു മുമ്പോ നടന്ന കാര്യങ്ങളിലേക്ക് ഈ സ്മൃതിലോപം പടരുകയായി- 1980ൽ മാഡ്രിഡിൽ ഞാൻ മുറിയെടുത്തു താമസിച്ച ഹോട്ടലിന്റെ പേര്, ആറു മാസം മുമ്പു മാത്രം അത്രയും രസം പിടിച്ചു ഞാൻ വായിച്ച ആ പുസ്തകം. തിരഞ്ഞുതിരഞ്ഞു പോവുകയാണു ഞാൻ; പക്ഷേ ഫലമില്ല; എന്നാണ് അവസാനത്തെ ആ സ്മൃതിനാശം വരിക എന്നു നോക്കിയിരിക്കുകയേ വേണ്ടു ഞാനിനി; എന്റെ അമ്മയുടെ കാര്യത്തിലെന്നപോലെ ഒരു ജീവിതത്തെയപ്പാടെ തുടച്ചുമാറ്റുന്ന തൊന്നിനായി.
ആ അന്തിമാന്ധകാരത്തെ വിലക്കിനിർത്താൻ ഇതുവരെ എനിക്കു കഴിഞ്ഞിരിക്കുന്നു. എന്റെ വിദൂരഭൂതകാലത്തിൽ നിന്ന് എണ്ണമറ്റ പേരുകളും മുഖങ്ങളും വിളിച്ചുവരുത്താൻ ഇപ്പോഴും എനിക്കു കഴിയുന്നുണ്ട്; ഏതെങ്കിലുമൊന്നു മറന്നുപോയാൽ ഞാനങ്ങനെ വേവലാതിപ്പെടാറുമില്ല. എനിക്കറിയാം, അബോധമനസ്സിന്റെ ചില യാദൃച്ഛികതകളിലൂടെ പെട്ടെന്നതു പുറത്തേക്കു വരുമെന്ന്. നേരേ മറിച്ച്, തൊട്ടടുത്തു നടന്ന ഒരു സംഭവമോ, കഴിഞ്ഞ ചില മാസങ്ങൾക്കിടയിൽ ഞാൻ കണ്ടുമുട്ടിയ ഒരാളുടെ പേരോ, പരിചയമുള്ള ഒരു സാധനത്തിന്റെ പേരോ ഓർക്കാനാവാതെ വരുമ്പോൾ വല്ലാത്ത ഉത്ക്കണ്ഠയിൽ വീണുപോവുകയാണു ഞാൻ. എന്റെ വ്യക്തിസത്ത അങ്ങനെതന്നെ പെട്ടെന്നു പൊടിഞ്ഞുപോയതുപോലെ എനിക്കു തോന്നിപ്പോവുന്നു; അതെനിക്ക് ഒരൊഴിയാബാധയാവുന്നു; മറ്റൊന്നും എന്റെ ചിന്തയിൽ വരുന്നില്ല; എന്നാൽക്കൂടി എന്റെ യത്നങ്ങളും ക്ഷോഭവുമൊന്നും എന്നെ എവിടെയ്ക്കുമെത്തിക്കുന്നുമില്ല.
ഓർമ്മയാണ് നമ്മുടെയൊക്കെ ജീവിതത്തെ ജീവിതമാക്കുന്നതെന്നു നിങ്ങൾക്കു ബോദ്ധ്യപ്പെടണമെങ്കിൽ നിങ്ങൾക്കോർമ്മ നഷ്ടപ്പെട്ടു തുടങ്ങണം, പൊട്ടും പൊടിയുമായിട്ടെങ്കിലും. ഓർമ്മ വിട്ടുപോയ ജീവിതം ജീവിതമേയല്ല; ആവിഷ്കാരസാദ്ധ്യതയില്ലാത്ത പ്രജ്ഞ പ്രജ്ഞയല്ലെന്നു പറയുന്ന പോലെ തന്നെയാണത്. നമ്മുടെ ഓർമ്മ തന്നെയാണ് നമ്മുടെ മാനസികഭദ്രത, നമ്മുടെ യുക്തി, നമ്മുടെ വികാരം, നമ്മുടെ പ്രവൃത്തി തന്നെയും. അതില്ലെങ്കിൽ ആരുമല്ല നാം.
ഇങ്ങനെയൊരു സിനിമാരംഗം മനസ്സിൽ കണ്ടുനോക്കുക ( ഞാൻ പലപ്പോഴും അങ്ങനെ ചെയ്യാറുണ്ട്): തന്റെ സ്നേഹിതനോട് ഒരു കഥ പറഞ്ഞുകൊടുക്കുന്നയാൾക്ക് നാലു വാക്കിൽ ഒന്നു വീതം മറന്നു പോവുകയാണ്; കാറെന്നോ, തെരുവെന്നോ, പോലീസുകാരനെന്നോ ഉള്ള വെറും സരളമായ വാക്കുകൾ. അയാൾ വിക്കുകയാണ്, അറയ്ക്കുകയാണ്, വായുവിൽ കൈയിട്ടു വീശുകയാണ്, സമാനപദങ്ങൾക്കായി തപ്പുകയാണ്. ഒടുവിൽ ദേഷ്യം വന്ന സ്നേഹിതൻ അയാൾക്കിട്ടൊരടിയും കൊടുത്ത് സ്ഥലം വിടുന്നു. ചിലപ്പോൾ പരിഭ്രമം മറയ്ക്കാനുള്ള ഉപാധിയായി ഹാസ്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഞാൻ ഇങ്ങനെ ഒരു കഥയും പറയാറുണ്ട്: തന്റെ ഓർമ്മപ്പിശകുകളുടെ കാര്യവും പറഞ്ഞുകൊണ്ട് മനോരോഗവിദഗ്ധനെ കാണാൻ പോവുകയാണൊരാൾ; പതിവുള്ള ഒന്നുരണ്ടു ചോദ്യങ്ങൾക്കു ശേഷം ഡോക്ടർ അയാളോടു ചോദിക്കുന്നു:
“അപ്പോൾ, ഈ ഓർമ്മപ്പിശക്?”
“എന്തോർമ്മപ്പിശക്?”
ഓർമ്മ സർവശക്തമായിരിക്കാം, അനിവാര്യവുമായിരിക്കാം, ഒപ്പം ഭയാനകമാം വിധം ദുർബ്ബലവുമാണത്. എവിടെയും ഭീഷണിയിലാണത്; ജന്മശത്രുവായ ഓർമ്മക്കുറവിൽ നിന്നു മാത്രമല്ല, വ്യാജമായ ഓർമ്മകളിൽ നിന്നും. 1930കളിൽ നടന്ന പോൾ നിസ്സാന്റെ വിവാഹത്തെക്കുറിച്ചുള്ള ഈ കഥ ഞാൻ പലപ്പോഴും ആവർത്തിച്ചിരിക്കുന്നു. അയാളുടെ വിവാഹം നടന്ന സാങ്ങ് ജർമൻ ഡി പ്രി (St. Germain-des-pres)പള്ളി സ്ഫടികം പോലെ ഇപ്പോഴും എന്റെ മനക്കണ്ണുകൾക്കു മുന്നിലുണ്ട്. വിവാഹം കൂടാൻ വന്നവരെ (കൂട്ടത്തിൽ ഞാനും) ഞാൻ കാണുന്നുണ്ട്; അൾത്താര, പുരോഹിതൻ, വരന്റെ സഹായിയുടെ വേഷത്തിൽ സാർത്രും. അപ്പോഴാണ് കഴിഞ്ഞകൊല്ലം പെട്ടെന്നൊരു ദിവസം ഞാൻ എന്നോടു തന്നെ പറയുന്നത്- ഇതെന്തു കഥ! തീവ്രമാർക്സിസ്റ്റായ നിസ്സാനും, കുടുംബത്തോടെ അജ്ഞേയവാദികളായ അയാളുടെ ഭാര്യയും തമ്മിൽ പള്ളിയിൽ വച്ചു വിവാഹം കഴിക്കുകയോ! അചിന്ത്യമാണതെന്നതിൽ സംശയമേ വേണ്ട. അതു ഞാൻ ഉണ്ടാക്കിയെടുത്തതാണോ? മറ്റു വിവാഹങ്ങളുമായി ഞാനതു കൂട്ടിക്കുഴച്ചോ? ആരോ എന്നോടു പറഞ്ഞ ഒരു കഥയിലേക്ക് എനിക്കു നല്ലവണ്ണം പരിചയമുള്ള ഒരു പള്ളിയെ ഞാൻ പറിച്ചുനടുകയായിരുന്നോ? ഇന്നും എനിക്കൊരു ധാരണയുമില്ല, എന്താണു സത്യമെന്ന്, അതിനെക്കൊണ്ട് ഞാനെന്തു ചെയ്തുവെന്ന്.
നമ്മുടെ ഭാവന, നമ്മുടെ സ്വപ്നങ്ങളും, നമ്മുടെ ഓർമ്മകളിലേക്ക് നിരന്തരം കടന്നുകയറുകയാണ്; സ്വന്തം മനോരഥങ്ങളെ അവിശ്വസിക്കുകയെന്നതു നമുക്കു ശീലമല്ലാത്തതിനാൽ നാമൊടുവിൽ നമ്മുടെ വ്യാജങ്ങളെ യാഥാർത്ഥ്യങ്ങളാക്കി മാറ്റുകയുമാണ്. ശരി തന്നെ, യാഥാർത്ഥ്യവും ഭാവനയും ഒരേപോലെ വൈയക്തികമാണ്, അവ നമുക്കനുഭൂതമാകുന്നതിലും വ്യത്യാസമൊന്നുമില്ല; അതിനാൽ ഒന്നിനെ മറ്റൊന്നായി കാണുന്നതിന് ആപേക്ഷികമായ പ്രാധാന്യമേ കൊടുക്കേണ്ടതുള്ളു.
ആത്മകഥയെന്നു ഭാഗികമായി പറയാവുന്ന ഈ ഓർമ്മകളിൽ - ഒരു സാഹസികനോവലിലെ വഴിയാത്രക്കാരൻ അപ്രതീക്ഷിതമായ ഒരു കടന്നുകയറ്റത്തിന്റെ, മുൻകൂട്ടിക്കാണാത്ത ഒരു കഥയുടെ ചാരുതയിൽ ആകൃഷ്ടനായിപ്പോകുന്നതുപോലെ, പലപ്പോഴും ഞാൻ വിഷയത്തിൽ നിന്നു തെന്നുകയും ചെയ്യും- ചില വ്യാജസ്മൃതികൾ തീർച്ചയായും ശേഷിക്കുന്നുണ്ടാവും, എന്റെ ജാഗ്രതയൊക്കെ ഇരിക്കെത്തന്നെ. പക്ഷേ, ഞാൻ നേരത്തേ പറഞ്ഞപോലെ, അതിനെ അത്രയ്ക്കങ്ങു കാര്യമാക്കാനില്ല. എന്റെ തീർച്ചകളുടേതെന്നപോലെ, എന്റെ സ്ഖലിതങ്ങളുടെയും സന്ദേഹങ്ങളുടെയും കൂടി ആകെത്തുകയാണു ഞാൻ. ചരിത്രകാരനല്ല ഞാനെന്നതിനാൽ, കുറിപ്പുകളും വിജ്ഞാനകോശങ്ങളും എനിക്കില്ല; എന്നാൽക്കൂടി ഞാൻ ഈ വരച്ചിടുന്ന ഛായാചിത്രം എന്റേതു മാത്രമാണ്- എന്റെ സ്ഥിരീകരണങ്ങളും എന്റെ വികല്പങ്ങളുമായി, എന്റെ ആവർത്തനങ്ങളും എന്റെ സ്ഖലിതങ്ങളുമായി, എന്റെ നേരുകളും എന്റെ നുണകളുമായി. ആ വിധമാണ് എന്റെ ഓർമ്മ.
(ബുനുവേലിന്റെ “അന്ത്യശ്വാസം” എന്നു പേരുള്ള ആത്മകഥയുടെ ആദ്യത്തെ അദ്ധ്യായം.)
No comments:
Post a Comment