Friday, May 4, 2012

നെരൂദ - ചോദ്യങ്ങളുടെ പുസ്തകം


1

കൂറ്റൻ വിമാനങ്ങൾ തങ്ങളുടെ കുട്ടികളുമായി
പറന്നുനടക്കാത്തതെന്തുകൊണ്ട്?

ഏതു മഞ്ഞക്കിളിയാണ്‌
നാരങ്ങ കൊണ്ട് തന്റെ കൂടു നിറയ്ക്കുന്നത്?

എന്തുകൊണ്ട് ഹെലിക്കോപ്റ്ററുകളെ
വെയിലിൽ നിന്നു തേൻ വലിച്ചെടുക്കാൻ പരിശീലിപ്പിക്കുന്നില്ല?

പൂർണ്ണചന്ദ്രൻ ഇന്നുരാത്രി
അരിമാവു കൊട്ടിത്തൂവിയതെവിടെ?

3

പറയൂ, റോസാപ്പൂവു നഗ്നയാണോ,
അതോ അതാണവളുടെ ഉടുവസ്ത്രമെന്നോ?

മരങ്ങൾ വേരുകളുടെ പകിട്ടുകൾ
മറച്ചുവയ്ക്കുന്നതെന്തിനാവാം?

മഴ കൊള്ളുന്ന തീവണ്ടിയെക്കാൾ
വിഷാദം നിറഞ്ഞതൊന്നു വേറെയുണ്ടോ ലോകത്ത്?

4

സ്വർഗ്ഗത്തു പള്ളികളെത്ര?

പുക മേഘത്തോടു കുശലം പറയാറുണ്ടോ?

മഞ്ഞുതുള്ളി ചേർത്തു നേർപ്പിക്കണം,
നമ്മുടെ മോഹങ്ങളെന്നതു ശരിയോ?

7

സമാധാനമെന്നാൽ മാടപ്രാവിന്റെ സമാധാനമോ?
പുള്ളിപ്പുലി യുദ്ധത്തിനിറങ്ങുമോ?

പണ്ഡിതനെന്തിനു പഠിപ്പിക്കുന്നു,
മരണത്തിന്റെ ഭുമിശാസ്ത്രം?

പാഠശാലയിലെത്താൻ വൈകിയ
കുരുവിക്കുഞ്ഞുകളുടെ ഗതിയെന്ത്?

മറുപുറം കാണാവുന്ന അക്ഷരങ്ങൾ
മാനത്തു വിതറിയിരിക്കുന്നുവെന്നു പറയുന്നതു നേരാണോ?

9

ഇന്നലത്തെ സൂര്യൻ തന്നെയോ ഇത്?
ഈയഗ്നി ആ അഗ്നി തന്നെയോ?

മേഘങ്ങളുടെ ക്ഷണികസമൃദ്ധിയ്ക്ക്
ഏതുവിധം നാം നന്ദി പറയും?

കണ്ണീരിന്റെ കറുത്ത ഭാണ്ഡവുമായി
ഇടിമേഘം വന്നതെവിടുന്ന്?

പോയാണ്ടത്തെ പലഹാരങ്ങൾ പോലെ മധുരിക്കുന്ന
ആ പേരുകളൊക്കെ ഏതു വഴിയ്ക്കു പോയി?

ഡൊണാൾഡമാർ, ക്ളോരിന്ദകൾ, എഡുവിഗെസുമാർ-
അവരൊക്കെ എങ്ങോട്ടു പോയി?

10

ഇനിയൊരു നൂറു കൊല്ലം കഴിഞ്ഞാൽ
പോളണ്ടുകാർ എന്റെ തൊപ്പിയെക്കുറിച്ചെന്താവും കരുതുക?

എന്റെ ചോരയെ തൊട്ടറിയാത്തവർ
എന്റെ കവിതയെക്കുറിച്ചെന്താവും പറയുക?

ബിയറിൽ നിന്നു തെന്നിനീങ്ങുന്ന നുരയെ
ഏതൊന്നു കൊണ്ടു നാമളക്കും?

പെട്രാർക്കിന്റെ ഒരു ഗീതകത്തിൽ പെട്ടുപോയ ഒരീച്ച-
അതു പിന്നെന്തുചെയ്യും?

16

വെണ്മയുടെ ഗോപുരം പണിതുയർത്തുകയാണോ,
ഉപ്പും പഞ്ചസാരയും കൂടി?

സ്വപ്നം കാണുക കടമയാണ്‌
ഉറുമ്പിൻകൂടുകളിലെന്നതു സത്യമോ?

നിങ്ങൾക്കറിയുമോ,
ശരൽക്കാലത്തു ഭൂമി ഓർത്തിരിക്കുന്നതെന്തെന്ന്?

(ആദ്യത്തെ പഴുക്കിലയ്ക്കു തന്നെ
പതക്കമെന്തുകൊണ്ടു നൽകിക്കൂടാ?)

21

വെളിച്ചം വാർത്തെടുത്തത്
വെനിസ്വേലയിൽ വച്ചോ?

കടലിന്റെ കേന്ദ്രബിന്ദുവെവിടെ?
തിരകൾ അവിടെയ്ക്കു പോകാത്തതെന്തേ?

കുപ്പിക്കല്ലു കൊണ്ടൊരു മാടപ്രാവായിരുന്നു കൊള്ളിമീൻ
എന്നു കേൾക്കുന്നതു ശരിയോ?


അതെഴുതിയതു ഞാനാണോയെന്ന്
എന്റെ പുസ്തകത്തോട് എനിക്കു ചോദിക്കാമോ?


24

4 എല്ലാവർക്കും 4 തന്നെയോ?
എല്ലാ 7ഉം ഒന്നുതന്നെയോ?

തടവുകാരുടെ മനസ്സിലുള്ള വെളിച്ചം തന്നെയോ,
നിങ്ങളുടെ ലോകത്തെ വെളിച്ചപ്പെടുത്തുന്നതും?

നിങ്ങളോർത്തുനോക്കിയിട്ടുണ്ടോ,
ഏപ്രിലിന്റെ നിറം ദീനക്കാരനെന്തായിരിക്കുമെന്ന്?

ഏതു പടിഞ്ഞാറൻരാജാവാണോ,
പോപ്പിപ്പൂക്കളാൽ പതാക തീർക്കുന്നത്?

31

ആരോടു ഞാൻ സംശയനിവൃത്തി വരുത്തും,
ഈ ലോകത്തെന്തു നേടാനായി ഞാൻ വന്നുവെന്ന്?

സ്വന്തം ഹിതത്തിനെതിരായി ഞാൻ മാറുന്നതെന്തുകൊണ്ട്?
ഉറച്ചുനിൽക്കാനെനിക്കാവാത്തതെന്തുകൊണ്ട്?

ചക്രങ്ങളില്ലാതെയും ഞാനുരുളുന്നതെങ്ങനെ,
തൂവലും ചിറകുമില്ലാതെ പറക്കുന്നതും?

എന്റെ എല്ലുകൾ ചിലിയിൽത്തന്നെ കിടക്കുമെങ്കിൽ
ആത്മാവിന്റെ കൂടുമാറ്റത്തെക്കുറിച്ചു ഞാനെന്തു പറയാൻ?

33

മണലാരണ്യത്തിലെ സഞ്ചാരിക്ക്
സൂര്യനിത്രമോശം ചങ്ങാതിയായതെങ്ങനെ?

ആശുപത്രിവരാന്തയിൽ നിന്നു നോക്കുമ്പോൾ
അത്ര ഹിതകാരിയായതും?

നിലാവിന്റെ വലക്കണ്ണികളിൽ കുടുങ്ങിയതെന്ത്,
മീനുകളോ, അതോ, കിളികളോ?

ഞാൻ ഒടുവിലെന്നെക്കണ്ടെത്തിയത്
അവർക്കെന്നെ കാണാതായിടത്തോ?

39

കടലിന്റെ ചിരിയിൽ
ഒരപായസൂചനയും നിങ്ങൾ കേൾക്കുന്നില്ലേ?

പോപ്പിപ്പൂവിന്റെ ചോരപ്പട്ടിൽ
ഒരു ഭീഷണി നിങ്ങൾ കാണുന്നില്ലേ?

ആപ്പിൾമരം പൂക്കുന്നത്
ആപ്പിളായി മരിക്കാനാണെന്നും നിങ്ങൾ കാണുന്നില്ലേ?

ചുറ്റും ചിരികളുമായി, വിസ്മൃതിയുടെ ചഷകങ്ങളുമായി
തേങ്ങിക്കരയാറില്ലേ നിങ്ങൾ?

41

കരളിൽ കരുണ തോന്നിയാൽ
കാണ്ടാമൃഗത്തിനു പിന്നെ ആയുസ്സെത്ര നീളും?

വസന്താഗമത്തിൽ
ഇലകൾ പറഞ്ഞുകൂട്ടുന്നതെന്താവാം?

വേരുകളോടൊത്തു രഹസ്യജീവിതം നയിക്കുകയാണ്‌
ഇലകൾ ഹേമന്തത്തിൽ എന്നു പറയാമോ?

ആകാശത്തോടു രഹസ്യത്തിൽ പറയാൻ
മരം മണ്ണിൽ നിന്നറിഞ്ഞതെന്താവും?

44

എന്നിലെ ശിശു എവിടെപ്പോയി,
ഉള്ളിലുണ്ടോ, അതോ പൊയ്പ്പോയോ?

എന്തിനിത്രയും കാലമെടുത്തു നാം വളരുന്നു,
പിന്നെ പിരിഞ്ഞുപോകാനാണെങ്കിൽ?

എന്റെ ശൈശവം മരിച്ചപ്പോൾ
നാമിരുവരും ഒപ്പമെന്തുകൊണ്ടു മരിച്ചില്ല?

ആത്മാവെന്നെ ഒഴിഞ്ഞുപോയെങ്കിൽ,
ഒരെല്ലിൻകൂടം എന്തിനെന്നെപ്പിന്തുടരുന്നു?

49

കടലിനെ വീണ്ടും ഞാൻ ചെന്നു കാണുമ്പോൾ
കടലെന്നെ അറിയുമോ, അറിയാതിരിക്കുമോ?

ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾ
തിരിച്ചു ചോദിക്കുന്നതെന്തിനാണു തിരകൾ?

ഇങ്ങനെ പാറകളിലാഞ്ഞടിച്ചവ തുലയ്ക്കണോ
വികാരാവേശങ്ങൾ?

മണലിനോടുദ്ഘോഷിച്ചുദ്ഘോഷിച്ചു
തളർന്നുപോവില്ലേ തിരകൾ?

65

എന്റെ പാട്ടിൽ ഒരക്ഷരം പോലെ തിളങ്ങുന്നില്ലേ
ലോഹത്തുള്ളികൾ?

വാക്കുകൾ ചിലനേരം
പാമ്പുകൾ പോലെ പുളയാറുണ്ടോ?

ഇത്രയധികം സ്വരാക്ഷരങ്ങൾ വലിച്ചുകേറ്റിയാൽ
കപ്പലുകൾ മുങ്ങിപ്പോവില്ലേ?

66

പീഡിതനഗരങ്ങൾക്കു മേൽ
മഴ പെയ്യുന്നതേതു ഭാഷയിൽ?

പുലർച്ചെ, കടൽക്കരെ,
കാറ്റുരുവിടുന്നതേതു മൃദുലാക്ഷരങ്ങൾ?

72

പുഴവെള്ളം മധുരിക്കുമെങ്കിൽ
കടലിലുപ്പു ചുവയ്ക്കുന്നതെങ്ങനെ?

ഋതുക്കൾക്കെങ്ങനെ മനസ്സിലാവുന്നു,
വേഷം മാറേണ്ട കാലമായെന്ന്?

ഹേമന്തത്തിലത്ര സാവധാനം,
പിന്നെ തിടുക്കത്തിലും?

വേരുകൾക്കെങ്ങനെയറിയുന്നു,
വെളിച്ചത്തിലേക്കു പിടിച്ചുകയറണമെന്ന്?

അത്രയും പൂക്കളും നിറങ്ങളുമായി
പിന്നെ വായുവിലുലയണമെന്നും?

ഒരേ വസന്തം തന്നെയോ,
അരങ്ങിൽ മാറിമാറിയെത്തുന്നതും?



No comments: