Saturday, May 12, 2012

ബോദ്‌ലെയർ - സുന്ദരീസ്തവം




സ്വർഗ്ഗമോ നരകമോ, നിനക്കു സ്വദേശമേതു, സുന്ദരീ?
ഒരുപോലെ ദിവ്യവും പൈശാചികവുമാണല്ലോ നിന്റെ നോട്ടം;
അതിൽ നിന്നൊഴുകുന്നുവല്ലോ, ധന്യതകളുമൊപ്പമംഗളങ്ങളും;
അതിനാലത്രേ, മനുഷ്യർ നിന്നെ മദിരയോടുപമിക്കുന്നതും.

നിന്റെ കണ്ണുകളിലടങ്ങുന്നുണ്ടുദയാസ്തമയങ്ങൾ രണ്ടും,
കാറ്റു വീശുന്ന രാത്രിപോലെ നീ വിതറുന്നുണ്ടു പരിമളങ്ങൾ;
നുരയുന്ന ചാറയാണു നിന്റെ ചുണ്ടുകൾ; മദിര, നിന്റെ ചുംബനങ്ങൾ,
അതു വീരനെയധീരനാക്കുന്നു, ബാലനെ ചുണക്കുട്ടിയും.

നീ ജനിച്ചതു നക്ഷത്രങ്ങളുടെ ഉലയിലോ, പാതാളത്തിലൊരാലയിലോ?
വിധി നിന്റെ പിന്നാലെയുണ്ടല്ലോ, മെരുങ്ങിയ നായയെപ്പോലെ.
ആനന്ദങ്ങൾക്കൊപ്പം ദുരന്തങ്ങളും വിതച്ചുനടക്കുന്നു നീ.
ഏവരേയും ഭരിക്കുന്നവൾ, ആർക്കും വിളിപ്പുറത്തുമല്ല നീ.

സുന്ദരീ, കൊലച്ചിരിയുമായി ശവങ്ങൾക്കു മേൽ നിന്റെ താണ്ഡവം.
ഉൾക്കിടിലം നിന്റെ രത്നശേഖരത്തിലൊടുക്കത്തേതുമല്ല;
നിന്റെ നഗ്നമായ ഉദരത്തിലുരുമ്മിക്കൊണ്ടു തുള്ളിക്കളിയ്ക്കുന്നു,
അരപ്പട്ടയിൽ നിനക്കരുമയായൊരു പണ്ടമായി നരഹത്യ.

ദീപമേ, കണ്ണു മഞ്ചി നിന്നിലേക്കോടിയെത്തുന്ന ശലഭം
നിന്റെ തീയിൽ കരിയുമ്പോളാശ്വസിക്കുന്നു: ‘ധന്യമീ ദഹനം!’
കിതച്ചും കൊണ്ടു തന്റെ പ്രിയയ്ക്കു മേൽ ചായുന്ന കാമുകനോ,
സ്വന്തം കുഴിമാടത്തെ തലോടുന്ന മരണാസന്നനെപ്പോലെ.

സ്വർഗ്ഗമോ നരകമോ, നിന്റെ വരവെവിടെ നിന്നുമാവട്ടെ,
ഭീഷണസൗന്ദര്യമേ! ലളിതയെപ്പോലെ പൂതനയുമായവളേ!
നിന്റെ കടാക്ഷങ്ങൾ, നിന്റെ മന്ദഹാസങ്ങൾ, നിന്റെ കാലടികൾ,
ഒരജ്ഞാതപ്രണയത്തിലേക്കെനിയ്ക്കു വഴി തുറക്കുമെങ്കിൽ.

മാലാഖയോ, പിശാചോ, മോഹിനിയോ ആരുമായിക്കോളു നീ,
ആർദ്രനേത്രയായ യക്ഷീ! നിന്റെ താളം, നിന്റെ പരിമളം, നിന്റെ  തിളക്കം,
ഈ ലോകത്തിന്റെ ബീഭത്സതയൊന്നു കുറയ്ക്കുമെങ്കിൽ,
എന്റെ കാലത്തിന്റെ വൈരസ്യമൊന്നു കുറയ്ക്കുമെങ്കിൽ!

(പാപത്തിന്റെ പൂക്കൾ - 21)


1 comment:

minimohan said...

integrel version of women...........nice......