ഒരു ചോളപ്പാടം
ഒരു ചോളപ്പാടത്തെ നോക്കി അയാൾ ഇങ്ങനെ പറഞ്ഞു:
ചോളപ്പാടത്തിന്റെ ആത്മാർത്ഥപ്രണയമൊക്കെ
ചിത്രകാരികൾക്കു ചേർന്ന പ്രതിപാദ്യം തന്നെ.
എനിക്കിഷ്ടം പക്ഷേ, പോപ്പിപ്പൂക്കളുടെ ഗഹനശാരീരം.
അതെന്നെ ഓർമ്മിപ്പിക്കുന്നതു കട്ട പിടിച്ച ചോരയെ,
ആർത്തവത്തെ, വേദനയെ, തുപ്പലിനെ,
വിശപ്പിനെ, മരണത്തെ-
ചുരുക്കത്തിൽ പുരുഷന്റെ ഇരുളടഞ്ഞ പാതയെ.
(1913)
വൃത്തം
ആരെന്നറിയാതെ മരിച്ച ഒരു വേശ്യയുടെ
ആകെയുള്ള ഒരണപ്പല്ലു സ്വർണ്ണം കെട്ടിയതായിരുന്നു.
(തമ്മിൽ പറഞ്ഞൊത്തപോലെ
ബാക്കിയൊക്കെ കൊഴിഞ്ഞുപോയിരുന്നു.)
അതു പക്ഷേ, ശവമുറിയിലെ ശിപായി ഇളക്കിയെടുത്തു;
അതു പണയം വച്ചിട്ടയാൾ ഡാൻസിനും പോയി.
അയാൾ പറഞ്ഞതു പ്രകാരം,
മണ്ണേ മണ്ണിലേക്കു മടങ്ങാവൂ.
[ഗോട്ട്ഫ്രീഡ് ബെൻ (1886-1956) - ജർമ്മൻ നോവലിസ്റ്റും, എക്സ്പ്രഷനിസ്റ്റ് കവിയും. ഡോക്ടറായിരുന്നു; നാസിഭരണത്തിന്റെ തുടക്കത്തിൽ അതിന്റെ അനുഭാവി ആയിരുന്നുവെങ്കിലും പിന്നീട് വിമർശകനായി.]
No comments:
Post a Comment