ഒരിക്കലൊരിടത്തൊരു കുട്ടിയുണ്ടായിരുന്നു,
അവനൊരു മരക്കുതിരയെ സ്വപ്നം കണ്ടു.
പിന്നെയവൻ കണ്ണു തുറന്നപ്പോൾ
മരക്കുതിര പൊയ്പ്പോയിരുന്നു.
പിന്നെയുമവൻ സ്വപ്നം കണ്ടു,
ഒരു കൊച്ചുവെള്ളക്കുതിരയെ;
അതിന്റെ കുഞ്ചിരോമത്തിലവൻ കടന്നുപിടിച്ചു...
ഇനി നീയെങ്ങനെ പോവുമെന്നൊന്നു നോക്കട്ടെ!
പിടി കിട്ടിയതും അവൻ ഉറക്കം ഞെട്ടി.
അവൻ കൈ മുറുക്കിപ്പിടിച്ചിരുന്നു;
വെള്ളക്കുതിര പൊയ്പ്പോയിരുന്നു!
കുട്ടിയ്ക്കു ചിന്ത തുടങ്ങി,
സ്വപ്നത്തിൽ കാണുന്ന കുതിര
യഥാർത്ഥത്തിൽ യഥാർത്ഥമല്ലെന്ന് അവനോർത്തു.
അതിനാൽ പിന്നെയവൻ സ്വപ്നം കാണാനും പോയില്ല.
പിൽക്കാലം കുട്ടി യുവാവായി,
യുവാവു പ്രണയത്തിലായി.
അവൻ കാമുകിയോടു ചോദിക്കും:
നീ ശരിക്കുമുള്ളതോ, അതോ അല്ലയോ?
യുവാവു വൃദ്ധനായപ്പോൾ
അയാളോർത്തു: ഇതൊക്കെയും സ്വപ്നം:
സ്വപ്നത്തിൽ കണ്ട മരക്കുതിര,
യഥാർത്ഥമെന്നു തോന്നിയ കുതിരയും.
പിന്നെയൊടുവിൽ മരണം വന്നപ്പോൾ
വൃദ്ധൻ തന്റെ ഹൃദയത്തോടു ചോദിച്ചു:
“നീയും സ്വപ്നമാണോ?”
ആരറിഞ്ഞു, അയാൾ ഉറക്കമുണർന്നുകാണും!
link to image
No comments:
Post a Comment