Tuesday, June 26, 2012

ബോർഹസ് - കുറ്റബോധം

borges20jorge20luis20ii

പാപങ്ങളിൽ കൊടിയ പാപം ഞാൻ ചെയ്തു:
ജീവിതത്തിൽ സന്തുഷ്ടനായതേയില്ല ഞാൻ.
വിസ്മൃതിയുടെ ഹിമാനികളെന്നെക്കൊണ്ടുപോകട്ടെ,
നിഷ്കരുണമവയെന്നെ മുക്കിത്താഴ്ത്തട്ടെ.

എന്റെ പിതാക്കളെനിക്കു ജന്മം തന്നു,
ജീവിതമെന്ന മനോഹരമായ അപായക്കളിക്കായി,
ഭൂമിക്കും ജലത്തിനും, വായുവിനുമഗ്നിക്കുമായി.
അവരെ നിരാശനാക്കി ഞാൻ: സന്തുഷ്ടനായില്ല ഞാൻ.

അവരുടെ യൗവനസ്വപ്നങ്ങളെന്നിൽ ഫലം കണ്ടില്ല.
ഞാൻ മനസ്സർപ്പിച്ചതു കലയുടെ കണിശമായ ഭംഗിയിൽ,
അതിന്റെ നിസ്സാരതകളുടെ നൂലാമാലകളിൽ.

ഞാൻ ധീരനാവുമെന്നവരാശിച്ചു. ധീരനായില്ല ഞാൻ.
എന്നെയൊരുനാളും പിരിയാതരികിലൊപ്പം നടക്കുന്നു,
വിഷാദം മാറാത്ത ഒരു മനുഷ്യന്റെ ആ നിഴൽ.


No comments: