Wednesday, June 20, 2012

ഹീനേ - അതേ പഴയ സ്വപ്നം തന്നെ...

Heinrich_Heine_by_Wilhelm_Krauskopf

അതേ പഴയ സ്വപ്നം തന്നെ ഞാനിന്നു വീണ്ടും കണ്ടു:
അതൊരു മേയ്മാസരാത്രിയായിരുന്നു,
ഒരു നാരകമരത്തിനടിയിൽ നാമിരിക്കുന്നു,
ദൃഢാനുരാഗം നാമന്യോന്യം പ്രതിജ്ഞ ചെയ്യുന്നു.

എന്തൊക്കെയാണയിടലുകൾ നമുക്കിടയിലന്നു നടന്നു,
അടക്കിച്ചിരികളും, അടുക്കിപ്പിടുത്തങ്ങളും;
എന്റെ പ്രതിജ്ഞ ഞാൻ മറക്കരുതെന്നതിനായി
എന്റെ കൈയിൽ നീയൊന്നു കടിക്കുകയും ചെയ്തു.

ദീപ്തനേത്രങ്ങൾ ചേർന്ന കാമുകീ,
പല്ലിനു മൂർച്ച കൂടിയ സുന്ദരീ,
ആണയിടുന്ന ഭാഗം നീ നന്നായിച്ചെയ്തു,
കടിച്ചതു പക്ഷേ,യല്പം കടുത്തും പോയി!


No comments: