Saturday, June 9, 2012

ഒലാവ് എഛ് ഹോഗ് - പുഴകൾ സന്ധിക്കുന്നു

N_Astrup-Martzmorgen

പുഴകൾ സന്ധിക്കുന്നു



അതാതിന്റെ മലകളിറങ്ങിവന്നു പുഴകൾ സന്ധിക്കുന്നു,
അന്യോന്യമവ കൈകൾ കോർക്കുന്നു,
അവയുടെ ചോരയും പാട്ടും തമ്മിൽ കലർത്തുന്നു.

അവയതാ, പോവുകയായി, ഒരേ മനസ്സോടെ, വർദ്ധിതവീര്യത്തോടെ,
കല്ലുകളിലിനിയധികം തടഞ്ഞുവീഴാതെയും:
കാലു നനയാതാരുമിനി ഞങ്ങളെക്കടന്നുപോകില്ലല്ലോ!




ഞാൻ ശോകമായിരുന്നു

ഞാൻ ശോകമായിരുന്നു,
ഒരു ഗുഹയ്ക്കുള്ളിൽ ഞാനൊളിച്ചു;
ഞാനഭിമാനമായിരുന്നു,
നക്ഷത്രങ്ങൾക്കപ്പുറം ഞാൻ പണിതു;
ഞാനിന്നു പണിയുന്നതരികിലൊരു മരത്തിൽ,
പുലരിയിൽ ഞാനുണരുമ്പോൾ
പൈൻമരമതിന്റെ സൂചിയിലയിൽ
പൊൻനൂലു കോർക്കുന്നു.




വസന്തം കടൽക്കരെ

ഉഴുത പാടത്തു നിന്നു
നീലച്ചുരുളുകളായാവി പൊങ്ങുന്നു,
കടലോരത്തിനു നിറം പച്ചയാ-
ണീയാണ്ടും.
നിഴലു വീണ ചരിവുകളിൽ
എന്റെ ശോകം മേഞ്ഞുനടക്കുന്നു,
കറുത്ത മഞ്ഞു വീണു
തരിശ്ശുകൾ കിതയ്ക്കുന്നു.




വസന്തം മലകളിൽ

ഹിമാനികളിന്നു നൃത്തം വയ്ക്കുന്നു,
വെയിലത്തു കലമാനുകളെപ്പോലെ;
പുഴ തിരക്കിട്ടു പായുന്നു,
മഞ്ഞുകാലത്തെയൊപ്പം കൂട്ടി.
പവിഴക്കാലിക്കുരുവി വന്നു കഴിഞ്ഞു,
ചരിവുകളിൽ പച്ചപ്പുല്ലും.




ശരല്ക്കാലമെത്തുമ്പോൾ

ശരല്ക്കാലമെത്തുമ്പോൾ
ശൈത്യമെത്തുമ്പോൾ,
സന്ധ്യകളിരുളടയുമ്പോൾ
തീയും കാഞ്ഞു ഞാനിരിക്കും,
ഒരു ഗാനവും മൂളി ഞാനിരിക്കും-
എന്റെ ശോകത്തെക്കെടുത്താതെയും,
സുഖസ്മൃതികളെയാവാഹിച്ചും.



link to image


No comments: