Monday, June 25, 2012

അന്തോണിയോ മച്ചാദോ - ജ്വലിക്കുന്ന പനിനീർപ്പൂ


പ്രണയികളേ, നിങ്ങളിലിഴയോടുന്നതു വസന്തം,
ഭൂമിയും ജലവും, തെന്നലും വെയിലും.
നിങ്ങളുടെ കിതയ്ക്കുന്ന നെഞ്ചുകളിൽ  കുന്നുകൾ,
പൂ വിടരുന്ന പാടങ്ങൾ കണ്ണുകളിൽ.

പോകൂ, വസന്തർത്തുവിനോടൊടൊത്തു പോകൂ,
ആ ധൂർത്തവ്യാഘ്രി, തൃഷ്ണ ചുരത്തുന്ന നറുംപാൽ
മതിവരുവോളമിന്നുതന്നെയൂറ്റിക്കുടിയ്ക്കൂ-
വൈകില്ല, പിന്നാലെയവൾ പതുങ്ങിയെത്താൻ.

നടക്കൂ, സൂര്യനുത്തരായനത്തിലായിരിക്കുവോളം,
ബദാം മരങ്ങളിലിലകൾ കൊഴിയുവോളം,
വയലറ്റുപൂക്കൾ വാടിവീഴുവോളം,

ദാഹമേറെയും, ഉറവയരികെയുമായ കാലത്തോളം-
പ്രണയത്തിന്റെ സായാഹ്നത്തിലേക്കു നിങ്ങൾ നടക്കൂ,
കൈക്കുള്ളിൽ ജ്വലിക്കുന്നൊരു പനിനീർപ്പൂവുമായി.


1 comment:

പൈമ said...

തുടരുക ..മാഷെ