Sunday, June 24, 2012

ബോദ്‌ലെയെർ - അവളുടെ മുടി

Jeanne_Duval


ചുമലുകളിലേക്കുലർന്നുവീഴുന്ന ചുരുൾമുടിയിഴകളേ!
കരിമുടിച്ചുരുളുകളേ! ആലസ്യം കനക്കുന്ന പരിമളമേ!
പ്രഹർഷമേ! ഇന്നു രാത്രിയിലെന്റെയീയിരുട്ടറയിൽ
ആ മുടിത്തഴപ്പിലുറങ്ങുന്ന സ്മൃതികളെക്കുടിപാർപ്പിക്കാൻ
വായുവിലൊരു തൂവാല പോലതിനെ ഞാൻ കുടയട്ടെ..

ചുട്ടുപൊള്ളുന്ന ആഫ്രിക്ക, വാടിത്തളർന്ന ഏഷ്യ,
ഇങ്ങില്ലാത്ത, വിനഷ്ടമായൊരു വിദൂരലോകമങ്ങനെത്തന്നെ
നിന്റെ ഗർഭത്തിൽ കുടികൊള്ളുന്നു, വാസനിക്കുന്ന വനമേ!
അന്യാത്മാക്കൾ ഗാനത്തിന്റെ വീചികളിലൊഴുകിനടക്കട്ടെ,
എന്റെയാത്മാവിനു മോഹം, നിന്റെ പരിമളത്തിൽ നീന്തുവാൻ!

അവിടെയ്ക്കു ഞാൻ പോകും, രേതസ്സു നിറഞ്ഞ മരങ്ങളുമാണുങ്ങളും,
തീക്ഷ്ണോഷ്ണത്തിൽ ദീർഘമൂർച്ഛയിൽ വീഴുമവിടെ;
ചുരുൾമുടിത്തിരകളേ, അവിടെയ്ക്കെന്നെക്കൊണ്ടുപോകൂ!
കരിവീട്ടിക്കടലേ! നീയൊരതിദീപ്തസ്വപ്നം, പാമരങ്ങളുടെ,
വഞ്ചിപ്പായകളുടെ, തുഴക്കാരുടെ, കൊടിക്കൂറകളുടെ:

ആളുമാരവവും നിറഞ്ഞ, തിക്കിത്തിരക്കുന്ന തുറമുഖം;
എന്റെയാത്മാവവിടെ മോന്തുന്നു, നിറവും മണവും ശബ്ദവും;
പൊന്നും പാടലവും നിറഞ്ഞ ചാലിലൂടെ നൌകകളെത്തുന്നു,
കൂറ്റൻ കൈകൾ വിടർത്തി അവയെത്തിപ്പിടിക്കുന്നു,
നിത്യോഷ്മളത തുടിയ്ക്കുന്ന തെളിഞ്ഞ നീലവാനത്തെ.

ആനന്ദത്താലുന്മത്തനായി ഞാനെന്റെ മുഖമതിലമുഴ്ത്തും,
ആ കടലിൽ, അവളെ മുക്കിത്താഴ്ത്തുന്ന കരിങ്കടലിൽ;
തിരകളുടെ താരാട്ടിലലിയുമ്പോളെന്റെയാത്മാവിനറിയാം,
നിന്നെപ്പിന്നെയും വീണ്ടെടുക്കാൻ, സഫലമായ ആലസ്യമേ!
പരിമളം മധുരിക്കുന്ന നിത്യവിശ്രമത്തിന്റെ നേരമേ!

നീലിച്ച മുടിത്തഴപ്പേ, നിഴലു വിതാനിച്ച കൂടാരമേ,
നീലിമ കൊണ്ടെന്നെപ്പൊതിയുന്ന നീയൊരു വിപുലാകാശം;
കുറുനിരകളരികു വയ്ക്കുന്ന കൂടിപ്പിണഞ്ഞ നിന്റെ മുടിയിൽ
വെളിച്ചെണ്ണയുടെ, കസ്തൂരിയുടെ, കീലിന്റെ കലർന്ന ഗന്ധം
ആർത്തിയോടെ മോന്തി ഞാൻ പാതിബോധത്തിലാഴും.

എത്ര കാലവും! കാലമൊടുങ്ങുവോളവും! എന്റെ കൈകൾ വിതറും,
മുത്തും മാണിക്യവുമിന്ദ്രനീലവും നിന്റെ തഴച്ച മുടിയിൽ,
എന്റെ തൃഷ്ണകളോടുദാസീനയാവരുതു നീയെന്നതിനായി!
സ്വപ്നം കണ്ടു ഞാൻ കിടക്കുന്ന മരുപ്പച്ചയല്ലേ നീ,
ഓർമ്മകളുടെ മദിര ഞാനൂറ്റിക്കുടിയ്ക്കുന്ന മരക്കുടുക്കയും?


(പാപത്തിന്റെ പൂക്കൾ-23)


1842ൽ പാരീസിൽ വച്ചു ബോദ്ലെയർ കണ്ടുമുട്ടിയ ജീൻ ദുവാൽ എന്ന സങ്കരവർഗ്ഗക്കാരിയാണ്‌ പിൽക്കാലത്ത് അദ്ദേഹത്തിന്റെ ‘കറുത്ത വീനസ്“ ആയത്.  അവരുടെ കറുത്തു തഴച്ച മുടി കവിയ്ക്കൊരു നിത്യാകർഷണമായിരുന്നു. ’നിന്റെ മുടിയിൽ ഒരർദ്ധഗോളം‘ എന്ന പേരിൽ പിന്നീടെഴുതിയ ഗദ്യകവിതയിലും ഇതേ പ്രമേയം ആവർത്തിക്കുന്നു.


നിന്റെ മുടിയിൽ ഒരർദ്ധഗോളം

Baudelaire_-_Jeanne_Duval

നിന്റെ മുടിയുടെ പരിമളം ശ്വസിച്ചുകിടക്കട്ടെ ഞാൻ ഏറെനേരം; ദാഹം പൊറാതൊരുവൻ അരുവിയിൽച്ചെന്നു മുങ്ങുംപോലെ അതിൽ മുഖം പൂഴ്ത്തിക്കിടക്കട്ടെ ഞാൻ; ഓർമ്മകൾ കുടഞ്ഞുകളയാൻ സുഗന്ധം പൂശിയൊരു തൂവാല പോലെ ഞാനതെടുത്തു വീശട്ടെ.

എന്തൊക്കെക്കാഴ്ചകളാണ്‌ ഞാനതിൽ കാണുന്നതെന്നോ! എന്തൊക്കെക്കേൾവികൾ! എന്തൊക്കെയനുഭൂതികൾ! അന്യരുടെ ആത്മാവുകൾ സംഗീതത്തിൽ പ്രയാണം ചെയ്യുമ്പോൾ പരിമളങ്ങളിലാണ്‌ എന്റെയാത്മാവിന്റെ പ്രയാണം.

നിന്റെ മുടിയിലുണ്ട്‌ പായകളും പാമരങ്ങളുമായി ഒരു സ്വപ്നമങ്ങനെതന്നെ; അതിലുണ്ടാഴക്കടലുകൾ; അവയിലെ കാലവർഷക്കാറ്റുകൾ മനോജ്ഞമായ അന്യദേശങ്ങളിലേക്ക്‌ എന്നെ ആനയിക്കുന്നു. ആഴുന്ന നീലിമയാണ്‌ ആകാശത്തിനവിടങ്ങളിൽ; ഇലകളും പഴങ്ങളും മനുഷ്യചർമ്മവും മണക്കുന്നതാണന്തരീക്ഷം.

നിന്റെ മുടിയിലെ കടലിൽ ഞാനൊരു തുറമുഖം ദർശിക്കുന്നു-ശോകഗാനങ്ങൾ തങ്ങിനിൽക്കുന്നവിടെ; നാനാദേശക്കാരായ കരുത്തന്മാർ തിക്കിത്തിരക്കുന്നു; ഉഷ്ണം അലസശയനം നടത്തുന്ന വിപുലാകാശത്തിൽ നാനാതരം യാനങ്ങൾ സൂക്ഷ്മവും ലോലവുമായ വാസ്തുരൂപങ്ങൾ കോറിയിടുകയും ചെയ്യുന്നു.

നിന്റെ മുടിയുടെ ലാളനകളിലമർന്നുകിടക്കെ, രമ്യമായൊരു നൗകയുടെ ഉള്ളറയിലൊരു മഞ്ചത്തിൽ , പൂപ്പാത്രങ്ങൾക്കും നീർക്കുടങ്ങൾക്കുമിടയിൽ, കണ്ണിൽപ്പെടാത്ത തിരയിളക്കത്തിന്റെ തൊട്ടിലാട്ടവുമേറ്റ്‌ ദീർഘശയനം നടത്തുന്ന സുഖം ഞാൻ വീണ്ടും കണ്ടെത്തുന്നു.

നിന്റെ മുടിയുടെ തീ കാഞ്ഞിരിക്കെ കറുപ്പും പഞ്ചാരയും കലർത്തിയ പുകയിലയുടെ മണം ഞാൻ വലിച്ചുകേറ്റുന്നു; നിന്റെ മുടിയുടെ രാത്രിയിൽ ഉഷ്ണമേഖലയിലെ അനന്തമായ നീലാകാശം തിളങ്ങുന്നതു ഞാൻ കാണുന്നു; നിന്റെ മുടിയുടെ കരയ്ക്കിരുന്ന് കീലും കസ്തൂരിയും വെളിച്ചെണ്ണയും മണത്തു ഞാനുന്മത്തനാകുന്നു.

നിന്റെ തഴച്ചിരുണ്ട മുടിയിഴകളിൽ ഞാനെന്റെ പല്ലുകളാഴ്ത്തട്ടെ. മെരുങ്ങാത്ത നിന്റെ മുടി കരളവെ ഓർമ്മകൾ തിന്നുന്ന പോലെയാണെനിക്ക്‌.


La Chevelure

Ô toison, moutonnant jusque sur l'encolure!
Ô boucles! Ô parfum chargé de nonchaloir!
Extase! Pour peupler ce soir l'alcôve obscure
Des souvenirs dormant dans cette chevelure,
Je la veux agiter dans l'air comme un mouchoir!

La langoureuse Asie et la brûlante Afrique,
Tout un monde lointain, absent, presque défunt,
Vit dans tes profondeurs, forêt aromatique!
Comme d'autres esprits voguent sur la musique,
Le mien, ô mon amour! nage sur ton parfum.

J'irai là-bas où l'arbre et l'homme, pleins de sève,
Se pâment longuement sous l'ardeur des climats;
Fortes tresses, soyez la houle qui m'enlève!
Tu contiens, mer d'ébène, un éblouissant rêve
De voiles, de rameurs, de flammes et de mâts:

Un port retentissant où mon âme peut boire
À grands flots le parfum, le son et la couleur
Où les vaisseaux, glissant dans l'or et dans la moire
Ouvrent leurs vastes bras pour embrasser la gloire
D'un ciel pur où frémit l'éternelle chaleur.

Je plongerai ma tête amoureuse d'ivresse
Dans ce noir océan où l'autre est enfermé;
Et mon esprit subtil que le roulis caresse
Saura vous retrouver, ô féconde paresse,
Infinis bercements du loisir embaumé!

Cheveux bleus, pavillon de ténèbres tendues
Vous me rendez l'azur du ciel immense et rond;
Sur les bords duvetés de vos mèches tordues
Je m'enivre ardemment des senteurs confondues
De l'huile de coco, du musc et du goudron.

Longtemps! toujours! ma main dans ta crinière lourde
Sèmera le rubis, la perle et le saphir,
Afin qu'à mon désir tu ne sois jamais sourde!
N'es-tu pas l'oasis où je rêve, et la gourde
Où je hume à longs traits le vin du souvenir?

Charles Baudelaire

Head of Hair

O fleecy hair, falling in curls to the shoulders!
O black locks! O perfume laden with nonchalance!
Ecstasy! To people the dark alcove tonight
With memories sleeping in that thick head of hair.
I would like to shake it in the air like a scarf!

Sweltering Africa and languorous Asia,
A whole far-away world, absent, almost defunct,
Dwells in your depths, aromatic forest!
While other spirits glide on the wings of music,
Mine, O my love! floats upon your perfume.

I shall go there, where trees and men, full of vigor,
Are plunged in a deep swoon by the heat of the land;
Heady tresses be the billows that carry me away!
Ebony sea, you hold a dazzling dream
Of rigging, of rowers, of pennons and of masts:

A clamorous harbor where my spirit can drink
In great draughts the perfume, the sound and the color;
Where the vessels gliding through the gold and the moire
Open wide their vast arms to embrace the glory
Of a clear sky shimmering with everlasting heat.

I shall bury my head enamored with rapture
In this black sea where the other is imprisoned;
And my subtle spirit caressed by the rolling
Will find you once again, O fruitful indolence,
Endless lulling of sweet-scented leisure!

Blue-black hair, pavilion hung with shadows,
You give back to me the blue of the vast round sky;
In the downy edges of your curling tresses
I ardently get drunk with the mingled odors
Of oil of coconut, of musk and tar.

A long time! Forever! my hand in your thick mane
Will scatter sapphires, rubies and pearls,
So that you will never be deaf to my desire!
Aren't you the oasis of which I dream, the gourd
From which I drink deeply, the wine of memory?

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

Her Hair

O fleece that down her nape rolls, plume on plume!
O curls! O scent of nonchalance and ease!
What ecstasy! To populate this room
With memories it harbours in its gloom,
I'd shake it like a banner on the breeze.

Hot Africa and languid Asia play
(An absent world, defunct, and far away)
Within that scented forest, dark and dim.
As other souls on waves of music swim,
Mine on its perfume sails, as on the spray.

I'll journey there, where man and sap-filled tree
Swoon in hot light for hours. Be you my sea,
Strong tresses! Be the breakers and gales
That waft me. Your black river holds, for me,
A dream of masts and rowers, flames and sails.

A port, resounding there, my soul delivers
With long deep draughts of perfumes, scent, and clamour,
Where ships, that glide through gold and purple rivers,
Fling wide their vast arms to embrace the glamour
Of skies wherein the heat forever quivers.

I'll plunge my head in it, half drunk with pleasure —
In this black ocean that engulfs her form.
My soul, caressed with wavelets there may measure
Infinite rocking in embalmed leisure,
Creative idleness that fears no storm!

Blue tresses, like a shadow-stretching tent,
You shed the blue of heavens round and far.
Along its downy fringes as I went
I reeled half-drunken to confuse the scent
Of oil of coconuts, with musk and tar.

My hand forever in your mane so dense,
Rubies and pearls and sapphires there will sow,
That you to my desire be never slow —
Oasis of my dreams, and gourd from whence
Deep-draughted wines of memory will flow.

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)


No comments: