Saturday, June 23, 2012

അന്തോണിയോ മച്ചാദോ - മലമ്പൂമ്പാറ്റ

 

File:WLANL - artanonymous - Nachtpauwoog.jpg


പൂമ്പാറ്റേ,
ഈ ഏകാന്തമായ മലകളുടെ
ആത്മാവല്ലേ, നീ?
അവയുടെ അഗാധഗർത്തങ്ങളുടെ?
അവയുടെ കൂർമ്പൻമുടികളുടെ?
നിനക്കു പിറവിയെടുക്കുവാനല്ലേ,
പണ്ടൊരു മാലാഖ
തന്റെ മാന്ത്രികവടി കൊണ്ടു
ശിലകളുടെ ചണ്ഡവാതങ്ങളെ നിശ്ശബ്ദമാക്കി,
നിനക്കു പറക്കുവാനല്ലേ,
മലകളെയവൾ ചങ്ങലയ്ക്കിട്ടു?
ചെമപ്പും കറുപ്പും
ചെമ്പും പൊന്നുമായ മലമ്പൂമ്പാറ്റേ,
ചിറകൊതുക്കി നീ പൂക്കൾക്കു മേലിരിക്കുന്നു,
ചിറകിളക്കി നീ വെയിലത്തു കളിയ്ക്കുന്നു,
ഒരു വെയിൽക്കതിരിന്മേൽ കോർത്തുകിടക്കുന്നു.
മുഗ്ധയായ നാട്ടുപൂമ്പാറ്റേ,
മലമ്പൂമ്പാറ്റേ,
ആരും ചായം തേച്ചതല്ല നിന്റെ നിറങ്ങൾ;
നിന്റെ പ്രാണനാണു നിന്റെ നിറങ്ങൾ;
എത്ര സ്വതന്ത്രമാണു, സുന്ദരമാണു,
വായുവിൽ, വെയിലിൽ, പൂക്കൾക്കു മേൽ
നിന്റെ ചിറകുകൾ!
റമോൺ ഹിമെനെഥ് മീട്ടട്ടെ,
തന്റെ വീണ നിനക്കായി.

1915


No comments: