മുടിയഴിഞ്ഞുലഞ്ഞും, മന്ദഹസിച്ചും, വിയർത്തും, തല നീരാതെയും,
ഉടയാട കീറിയു,മൊരു പ്രണയഗാനം പാടിയും, ചഷകം കൈയിലുമായി,
ഒരു വഴക്കിനു വഴിമരുന്നിട്ടും, ഒരാഭിചാരത്തിന്റെ വശ്യമെറിഞ്ഞും,
ഇന്നലെപ്പാതിരാവിലവൾ കയറിവന്നു, കിടക്കയ്ക്കരികിലവളിരുന്നു.
എന്റെ കാതിനു മുഖം ചേർത്തുകൊണ്ടു ദീനസ്വരത്തിലവൾ മന്ത്രിച്ചു,
“എന്റെ പഴയ കാമുകാ, നീയുറക്കമായോ?”
അങ്ങനെയൊരു രാത്രിഞ്ചരി മദിര പകരുമ്പോളതു നുകരാത്തവൻ,
അവനു പ്രണയത്തിന്റെ മതമറിയില്ല, അവനു മദിരയാരാധ്യനുമല്ല.
അരുതേ, വൈരാഗീ, അടിമട്ടു മോന്തുന്നവരെപ്പഴിക്കരുതേ,
ദൈവം തന്റെ പ്രാവീണ്യം ഘോഷിച്ചതീയുപഹാരത്തിലൂടെ.
ഒരു മദ്യചഷകത്തിന്റെ മന്ദഹാസം, ഒരു പെൺകൊടിയുടെ ചുരുൾമുടികൾ:
അവയെത്ര തപസ്സുകളിളക്കിയിരിക്കുന്നു, ഹാഫിസിന്റെ തപസ്സെന്നപോലെ.
No comments:
Post a Comment