Friday, June 1, 2012

ഒലാവ് എഛ്. ഹോഗ് - ഒഫീലിയ



ദൈനന്ദിനജീവിതം



വൻകൊടുങ്കാറ്റുകൾ
നിങ്ങൾ പിന്നിലാക്കിക്കഴിഞ്ഞു.
അന്നു നിങ്ങൾ ചോദിച്ചില്ല,
എന്തിനാണു നിങ്ങൾ ജനിച്ചതെന്ന്,
എവിടെ നിന്നാണു നിങ്ങൾ വന്നതെന്ന്,
എവിടെയ്ക്കാണു നിങ്ങൾ പോകുന്നതെന്ന്.
നിങ്ങളതിൽ പെട്ടുപോയെന്നേയുള്ളു,
ആ കൊടുങ്കാറ്റിൽ, തീയിൽ.
ദൈനന്ദിനജീവിതവുമായിക്കഴിയാനും സാദ്ധ്യമാണ്‌,
ഉരുളക്കിഴങ്ങിനു നനച്ചും,
ഇല കോതിയും,
വിറകു വെട്ടിക്കൊണ്ടുവന്നും.
ഈ ലോകത്തു തന്നെ ആലോചിക്കാനെന്തൊക്കെക്കിടക്കുന്നു,
ഒരു ജീവിതം തന്നെ അതിനു മതിയാവുകയുമില്ല.
പണി കഴിഞ്ഞാൽ നിങ്ങൾക്കു പന്നിയിറച്ചി പൊരിക്കാം,
ചൈനീസ് കവിതകൾ വായിക്കാം.
വീരന്മാർ ട്രോയിയിൽ യുദ്ധം ചെയ്യട്ടെ,
ലെയെർട്ടീസ് എന്ന കിഴവൻ
മുൾക്കാടുകൾ വെട്ടിനടന്നതേയുള്ളു,
അത്തിമരങ്ങൾക്കു തടമെടുത്തതേയുള്ളു.



ലെയെർട്ടീസ് - യുളീസസിന്റെ അച്ഛൻ; ട്രോയിയുദ്ധം നടക്കുന്ന കാലത്ത് അദ്ദേഹം തന്റെ ഗ്രാമത്തിൽ കൃഷിപ്പണികളുമായി കഴിയുകയായിരുന്നു.

File:John Everett Millais - Ophelia - Google Art Project.jpg
ഒഫീലിയ


നീയൊരു പ്രഹേളികയുമല്ല, ഒഫീലിയ,
ഒരു ജീവിതത്തിലും ഒരു ഹൃദയത്തിലും കൊള്ളുന്നത്ര കടംകഥ മാത്രം.
ഇത്ര വാശി പിടിച്ചതും കെട്ടുപിണഞ്ഞതുമാക്കണമോ ജീവിതം.
മരണവും ശോകവുമില്ലെങ്കിൽപ്പിന്നെവിടെപ്പോകും നാം?
ആടൂ, ഒഫീലിയാ, പാടൂ!
ചുറ്റും പനിനീർപ്പൂക്കൾ വിതറൂ,
ഒരി
രുട്ടുമുറിയിലേക്കു പോകൂ,
ഇതിലും സുഖമാണവിടെ,
പകലിത്ര കഠിനവുമല്ല.
ശോകത്തിന്റെ മുൾമുന തറയ്ക്കുമ്പോൾ
പാടൂ, ഒഫീലിയാ, ആടൂ!
കോട്ടയുടെ കിടങ്ങിൽ പനിനീർപ്പൂക്കളുമാണ്‌.




ഒഫീലിയ - ഹാംലെറ്റിന്റെ കാമുകി; ഒടുവിൽ ഭ്രാന്തിയായി, ജീവിതമെന്ന പ്രഹേളികയെക്കുറിച്ചുള്ള പാട്ടുകളും പാടി, പൂക്കൾ ചുറ്റും വിതറി, കോട്ടയിലെ കിടങ്ങിൽ വീണു മരിക്കുന്നു.


link to image

No comments: