Thursday, June 28, 2012

ഹാഫിസ്‌ - റുബൈയാത്ത്


പനിനീർപ്പൂവിതളുകൾ നാം നുള്ളിവിതറുക,
ചഷകത്തിൽ ചുവന്ന മദിര നാം പകരുക,
ആകാശങ്ങളെ നാം തച്ചുതകർക്കുക,
മറ്റൊരു വിധാനത്തിലതിനെ വിതാനിക്കുക.

*

ഇതുപോലൊരു സൌന്ദര്യം മറ്റെവിടെക്കാണാൻ?
ഉടയാടകളോരോന്നായവളുരിഞ്ഞിടുമ്പോൾ
മൃദുമൃദുലമായ നെഞ്ചിലവളുടെ ഹൃദയം നിങ്ങൾ കാണും,
തെളിഞ്ഞ ജലാശയത്തിലൊരു ഘനശില പോലെ.

*

സുന്ദരിയൊരുവൾ, അതിശാലീനയായവൾ,
കൈയിലൊരു കണ്ണാടിയുമായി മുഖം മിനുക്കെ
ഞാൻ കൊടുത്ത തൂവാല വാങ്ങി അവൾ മന്ദഹസിച്ചു:
മൃഗയായുടെ ഭാഗമോ, ഈ ഉപഹാരവും?

*

എന്റെ തകർന്ന ഹൃദയത്തിന്റെ വേദനയെത്രയഗാധമെന്നോ?
ശോകാകുലവു,മസ്വസ്ഥവും ഭഗ്നവുമാണെന്റെ നിദ്രയും.
വിശ്വാസമായില്ലെങ്കിൽ നിന്റെ ചിന്തകളെയിവിടെക്കയ്ക്കൂ,
ഉറക്കം ഞെട്ടി ഞാൻ തേങ്ങുന്നതു നിനക്കു കാണാം.

*

പാനപാത്രത്തിൽ ചുണ്ടമർത്താൻ നീയെന്നെ പ്രലോഭിപ്പിച്ചു,
ഞാനുന്മത്തനായപ്പോൾ മതിയെന്നു നീ പറഞ്ഞു.
കണ്ണുകളീറനായി, ഹൃദയം തീപ്പിടിച്ചു, ഞാൻ വെറും ധൂളിയായി;
പിന്നെ നീയൊരു കാറ്റായ് വന്നെന്നെപ്പറത്തി.

*

യൌവനമുള്ള കാലത്തോളം കുടിച്ചിരിക്കുക തന്നെ ഭേദം,
ആഹ്ളാദഭരിതരുമായി വേഴ്ച വയ്ക്കുക തന്നെ ഭേദം;
ഈ ലോകം വെറുമൊരു വഴിയമ്പലമാണെന്നേ,
കപ്പൽച്ചേതത്തിൽപ്പെട്ടാൽ മുങ്ങിച്ചാവുക തന്നെ ഭേദം.

*


No comments: