Sunday, June 3, 2012

ഒലാവ് എഛ്. ഹോഗ് - പാർക്കർ പേനയിൽ



മുൾച്ചെടി


റോസ്സാപ്പൂക്കളെക്കുറിച്ചേറെപ്പാട്ടുകളായിരിക്കുന്നു;
മുള്ളുകളെക്കുറിച്ചാണെനിയ്ക്കു പാടേണ്ടത്,
-പിന്നെ വേരുകളെക്കുറിച്ചും,
ഒരു മെലിഞ്ഞ പെൺകുട്ടിയുടെ കൈ പോലെ
പാറയിലള്ളിപ്പിടിക്കുന്ന വേരുകളെക്കുറിച്ച്.



കണ്ണാടി


ചെറുപ്പത്തിൽ കൊല്ലപ്പുരയുടെ ജനാലച്ചില്ലിൽ
ഞാനെന്നെത്തന്നെ നോക്കിനിൽക്കാറുണ്ടായിരുന്നു.
ദൈവത്തിന്റെ കണ്ണാടിയിൽ
ഹൃദയം തന്നെത്തന്നെ കാണുകയാണ്‌.
പുകഞ്ഞതാണ്‌, ആ കണ്ണാടിയും.



ഞാനുണരുമ്പോൾ


ഞാനുണരുമ്പോൾ
ഒരു കരിങ്കാക്ക
എന്റെ ഹൃദയം കൊത്തിവലിയ്ക്കുന്നു.
ഇനി ഞാനുണരുമ്പോളൊരിക്കലും കാണില്ലേ,
കടലും നക്ഷത്രങ്ങളും, കാടും രാത്രിയും,
കിളി പാടുന്ന പുലരിയും?



പാർക്കർ പേനയിൽ


പാർക്കർ പേനയിൽ എത്ര കവിതകൾ കിടക്കുന്നു,
ഒരു കിലോമീറ്റർ അങ്ങനെതന്നെ,
മഷിക്കുപ്പിയിൽ വേറെയും കിടക്കുന്നു,
മൈലുകൾ, മൈലുകൾ.
കടലാസുകൾ തപാലിൽ വരുന്നുണ്ട്,
പിന്നെയുമുണ്ടെഴുതി നിറ്യ്ക്കാനായി,
ബില്ലുകൾ, പരസ്യങ്ങൾ, ഫാറങ്ങൾ.
ഭാവിയെ ഞാൻ ആത്മവിശ്വാസത്തോടെ എതിരേൽക്കുന്നു.



No comments: