Monday, December 10, 2012

വീസ്വാവ സിംബോഴ്സ്ക - സങ്കീർത്തനം

ShowImage

എന്തു ചോർച്ചയാണ്‌ മനുഷ്യനിർമ്മിതമായ രാഷ്ട്രങ്ങളുടെ അതിർത്തികൾക്ക്!
എത്ര മേഘങ്ങളാണ്‌ ഒരു ഭയപ്പാടുമില്ലാതെ അവയ്ക്കു മേൽ കൂടി ഒഴുകുന്നത്!
മരുഭൂമികളിൽ നിന്നെത്ര മണൽത്തരികളാണ്‌ ഒരു രാജ്യത്തു നിന്നു മറ്റൊന്നിലേക്കു ചൊരിഞ്ഞുവീഴുന്നത്,
മലകളിൽ നിന്നെത്ര ഉരുളൻകല്ലുകളാണ്‌ ഒരന്യദേശത്തെ മണ്ണിലേക്കു
പ്രകോപിപ്പിക്കുന്ന കുതിപ്പുകളോടെ ഉരുണ്ടുവീഴുന്നത്!

അതിർത്തികൾക്കു മേൽ പറന്നുനടക്കുകയും
ഇപ്പോഴിതാ, ചെക്ക്പോസ്റ്റിന്റെ ഗെയ്റ്റിനു മേൽ പറന്നിറങ്ങുകയും ചെയ്യുന്ന
ഓരോ കിളിയുടെയും പേരു ഞാൻ എണ്ണിയെണ്ണിപ്പറയണമെന്നുണ്ടോ?
അതിനി ഒരങ്ങാടിക്കുരുവി തന്നെയായിക്കോട്ടെ-
അതിന്റെ ചുണ്ട് ഒരു രാജ്യത്തും വാലു മറ്റേതിലും-
ഇനി അതും പോരാഞ്ഞു തിരിഞ്ഞുകളിക്കുകയുമാണത്!

എണ്ണിയാലൊടുങ്ങാത്ത പ്രാണികളിൽ ഉറുമ്പിനെ മാത്രം ഞാൻ എടുത്തു പറയട്ടെ,
അതിർത്തിരക്ഷാഭടന്റെ ഇടംവലം ബൂട്ടുകൾക്കിടയിൽ നിൽക്കുമ്പോൾ
‘എവിടുന്നു വരുന്നു’ ‘എവിടെയ്ക്കു പോകുന്നു’ എന്ന ചോദ്യങ്ങൾക്കുത്തരം പറയേണ്ട ബാധ്യതയുണ്ടെന്നതിനു തോന്നുന്നില്ല.
അതിനു തോന്നുന്നില്ല.

ഓരോ ഭൂഖണ്ഡത്തിലും നടമാടുന്ന ഈ കുഴമറിയുടെ വിശദചിത്രം
ഒറ്റനോട്ടത്തിൽ എനിക്കു കിട്ടിയിരുന്നെങ്കിൽ!
അങ്ങേക്കരയിൽ നിൽക്കുന്ന ആ മരം
എത്രായിരാമത്തെ ഇലയായിരിക്കും പുഴയ്ക്കിക്കരെയ്ക്കൊളിച്ചുകടത്തുന്നത്?
പവിത്രമായ ജലാതിർത്തികൾ ലംഘിക്കുന്നതാരാണ്‌,
ധിക്കാരത്തിന്റെ നീൾക്കൈകളുമായി ഒരു കിനാവള്ളിയല്ലേയത്?

എന്തെങ്കിലുമൊരു ക്രമമുണ്ടെന്നു നമുക്കു പറയാൻ പറ്റുമോ,
ഇന്നതിന്നാർക്കു വേണ്ടിയാണു വെളിച്ചം വീഴ്ത്തുന്നതെന്ന്
നക്ഷത്രങ്ങളെ സ്ഥാപിച്ചിരിക്കുന്നതു കണ്ടാൽ നമുക്കു തീർച്ച വരില്ലെന്നിരിക്കെ?

മൂടൽമഞ്ഞിന്റെ നിന്ദ്യമായ ഒഴുക്കിനെക്കുറിച്ചു പിന്നെ പറയണോ!
രണ്ടു രാജ്യങ്ങൾക്കിടയിൽ പകുത്തുകിടക്കുകയാണു പുൽമൈതാനങ്ങളെന്നോർക്കാതെ
അവയ്ക്കു മേൽ പാറിനടക്കുന്ന പൊടിക്കാറ്റിനെക്കുറിച്ചും!
അല്ലെങ്കിൽ സേവനസന്നദ്ധമായ വായുതരംഗങ്ങളെ സേവ പിടിക്കുന്ന ശബ്ദങ്ങൾ,
മാടിവിളിക്കുന്ന സീൽക്കാരങ്ങൾ, വ്യംഗ്യാർത്ഥങ്ങളായ മന്ത്രണങ്ങൾ!

മാനുഷികമായതിനേ യഥാർത്ഥത്തിൽ അന്യമാകാനുമാവൂ.
ശേഷിച്ചതൊക്കെ ഇട കലർന്ന കാടുകൾ, അടി മാന്തുന്ന പെരുച്ചാഴികൾ, കാറ്റും.


Psalm

Oh, the leaky boundaries of man-made states!

How many clouds float past them with impunity;

how many desert sand shifts from one land to another;

how many mountain pebbles tumble onto foreign soil

in provocative hops!

Need I mention every single bird that flies in the face of frontiers

or alights on the roadblock at the border?

A humble robin -- still, its tail resides abroad

while its beak stays home. If that weren't enough, it won't stop

bobbing!

Oh, to register in detail, at a glance, the chaos

prevailing on every continent!

Isn't that a privet on the far bank

smuggling its hundred-thousandth leave across the river?
And who but the octopus, with impudent long arms,

would disrupt the sacred bounds of territorial waters?

And how can we talk of order overall

when the very placement of the stars

leaves us doubting just what shines for whom?

Not to speak of the fog's reprehensible drifting!

And dust blowing all over the steppes

as if they hadn't been partitioned!

And the voices coasting on obliging airwaves,
that conspiratorial squeaking, those indecipherable mutters!

Only what is human can truly be foreign.
The rest is mixed vegetation, subversive moles, and wind.


No comments: