വെയിലു വീഴുന്നൊരു പ്രഭാതത്തിൽ
ഒരു പുഴക്കരെ
ഒരു മരച്ചുവട്ടിലിരിക്കുകയാണു ഞാൻ.
തീർത്തും അപ്രധാനമായ ഒരു വസ്തുതയാണിത്,
ഇതു ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്നില്ല.
ലക്ഷ്യങ്ങൾ സൂക്ഷ്മപരിശോധനയ്ക്കു വിധേയമാവുന്ന
യുദ്ധങ്ങളോ ഉടമ്പടികളോ അല്ലിത്,
സ്വേച്ഛാധിപതികളെ വധിക്കുന്നപോലെ ശ്രദ്ധേയവുമല്ല.
അതേ സമയം ഈ പുഴക്കരെ ഞാനിരിക്കുന്നുവെന്നത് ഒരു വസ്തുതയത്രെ.
ഞാൻ ഇപ്പോൾ ഇവിടെയാണെന്നതിനാൽ
ഞാൻ മറ്റെവിടെ നിന്നോ വന്നതാവണം,
അതിനും മുമ്പ്
മറ്റു പലേടത്തും ഞാൻ പൊന്തിയിട്ടുണ്ടാവണം,
ദേശങ്ങൾ വെട്ടിപ്പിടിക്കാൻ
കപ്പല്പായ തിരിച്ചവരെപ്പോലെ.
ഏതു നിമിഷത്തിനും, അതെത്ര ക്ഷണികമായിക്കോട്ടെ,
സമ്പുഷ്ടമായൊരു ഭൂതകാലമുണ്ടാവണം,
അതിന്റെ ശനിയാഴ്ചയ്ക്കും മുമ്പ് അതിന്റെ വെള്ളിയാഴ്ചയുണ്ടാവണം,
അതിന്റെ ജൂണിനും മുമ്പേ അതിന്റെ മേയ് ഉണ്ടാവണം.
ഒരു കമാന്ററുടെ ബൈനോക്കുലറിൽ കാണുന്നത്ര യഥാർത്ഥം തന്നെ
അതിന്റെ ചക്രവാളങ്ങളും.
ഈ മരം വർഷങ്ങളായി ഇവിടെ വേരിറക്കിയ ഒരു പോപ്ളാർ.
ഈ പുഴ റാബ, അതിന്നലെയൊന്നും ഉറന്നുവന്നതുമല്ല.
പൊന്തകൾക്കിടയിലൂടുള്ള ആ വഴിത്താര
ഇന്നലെ തെളിച്ചെടുത്തതുമല്ല.
കാറ്റിനു മേഘങ്ങളെ ആട്ടിയകറ്റണമെങ്കിൽ
അതിനു മുമ്പവയെ തെളിച്ചുകൊണ്ടു വരികയും വേണം.
കാര്യമായിട്ടൊന്നും ഈയരികത്തു നടക്കുന്നില്ലെങ്കിലും
അക്കാരണത്താൽ ലോകം ദരിദ്രമായിട്ടുമില്ല.
ജനതകൾ കുടിയേറിത്തുടങ്ങിയ കാലത്തെന്നപോലെതന്നെ
അടിയുറച്ചതാണ്, നിയതമാണത്.
നിശ്ശബ്ദത ചൂഴുന്നത് ഗൂഢാലോചനകളെ മാത്രമല്ല,
യുക്തിയുടെ പരിവാരങ്ങൾ അകമ്പടി സേവിക്കുന്നത് കിരീടധാരണങ്ങളെ മാത്രവുമല്ല.
വിപ്ളവവാർഷികങ്ങൾ ഉരുണ്ടുരുണ്ടുപോകാം,
അതുപോലെയാണു പക്ഷേ, കടലോരത്തെ ഉരുളൻ കല്ലുകളും.
നിബിഡവും സൂക്ഷ്മവുമത്രെ പരിതഃസ്ഥിതികളുടെ ചിത്രകംബളം.
പുല്ലോലകളിൽ ഉറുമ്പുകളുടെ തുന്നല്പണി.
മണ്ണിനോടു തുന്നിച്ചേർക്കുന്ന പുല്ലിലകൾ.
ഒരു ചുള്ളിക്കമ്പു കുത്തിയിറക്കുമ്പോൾ പുഴയലകളുടെ ചിത്രപ്പണി.
അങ്ങനെ ഞാനുണ്ടെന്നായിരിക്കുന്നു, നോക്കിയിരിക്കുകയാണു ഞാനെന്നുമാവുന്നു.
എനിക്കു മുകളിലായി ഒരു വെള്ളപ്പുമ്പാറ്റ പറന്നുനടക്കുന്നു,
അതിന്റെ ചിറകുകൾ അതിനു മാത്രം സ്വന്തം;
എന്റെ കൈകളിലൂടെ ഒരു നിഴൽ പാറിപ്പോകുന്നു,
അതത്, അതിന്റേത്.
ഈ വകകൾ കണ്ടിരിക്കെ, എനിക്കു സംശയമായിപ്പോകുന്നു,
അപ്രധാനമായവയെക്കാൾ പ്രധാനമാണോ
പ്രധാനമായവയെന്ന്.
1 comment:
excellent effort, read many of them, thanks, u made my day!
Post a Comment