Friday, December 7, 2012

വീസ്വാവ സിംബോഴ്സ്ക - പാലത്തിനു മുകളിലുള്ളവർ

Hiroshige_Van_Gogh_2a

(ഹിരോഷിഗെയുടെ ചിത്രവും വാൻ ഗോഗിന്റെ പകർപ്പും)


വിചിത്രസ്വഭാവിയായ ഒരു ഗ്രഹം,
അതിലുള്ളവരും അങ്ങനെതന്നെ.
കാലത്തിനടിമകളാണവർ,
അതവർ പക്ഷേ സമ്മതിച്ചുതരികയുമില്ല.
തങ്ങളുടെ പ്രതിഷേധമറിയിക്കാൻ അവർക്കു സ്വന്തമായ ചില രീതികളുണ്ട്.
അവർ കൊച്ചുകൊച്ചു ചിത്രങ്ങൾ വരച്ചുവയ്ക്കും; ഇതാ ഒരുദാഹരണം:

ഒറ്റനോട്ടത്തിൽ വിശേഷിച്ചൊന്നും കാണാനില്ല.
ഒരു പുഴയാണു നിങ്ങൾ കാണുന്നത്,
അതിന്റെ ഒരു കരയും.
ഒഴുക്കിനെതിരെ കയറിപ്പോകുന്ന ഒരു കൊച്ചുതോണിയും.
പുഴയ്ക്കു മേൽ ഒരു പാലം കാണാം,
പാലത്തിനു മേൽ ആളുകളെയും.
അവർ നടത്തയ്ക്കു വേഗത കൂട്ടുകയാണെന്നു തോന്നുന്നു,
ഇരുണ്ട മേഘത്തിൽ നിന്ന്
മഴത്തുള്ളികൾ വീണുതുടങ്ങിരിക്കുന്നുവല്ലോ.


ഇതിലധികമൊന്നും സംഭവിക്കുന്നില്ല എന്നതാണു വസ്തുത.
മേഘത്തിന്റെ നിറമോ രൂപമോ മാറുന്നില്ല.
മഴ കൂടുകയോ കുറയുകയോ ചെയ്യുന്നില്ല.
തോണി മുന്നോട്ടു നീങ്ങുന്നുണ്ട്, ഇളകാതെതന്നെ.
തങ്ങൾ ഒടിക്കൊണ്ടിരുന്നിടത്തു തന്നെ
ആളുകൾ ഓടിക്കൊണ്ടിരിക്കുന്നുമുണ്ട്.

ഇവിടെ ഒരു വ്യാഖ്യാനം നൽകാതെ മുന്നോട്ടു പോകാൻ പ്രയാസമായിരിക്കുന്നു.
കാണുന്ന പോലത്ര നിരുപദ്രവമല്ല ഈ ചിത്രം.
കാലത്തെ ഇവിടെ പിടിച്ചുനിർത്തിയിരിക്കുകയാണ്‌.
അതിന്റെ നിയമങ്ങൾക്ക് ഇവിടെ ഇടം കൊടുത്തിട്ടില്ല.
സംഭവഗതികൾക്കു മേൽ അതിനു സ്വാധീനം നിഷേധിക്കപ്പെട്ടിരിക്കുന്നു.
അതിനെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തിരിക്കുന്നു.

ഹിരോഷിഗെ ഉതഗാവ എന്നു പേരായ
ഒരു ധിക്കാരി കാരണം
(കക്ഷി തന്റെ സമയമായപ്പോൾ
പണ്ടേ മരിച്ചുപോയിരിക്കുന്നു)
കാലം ഇവിടെ കാലുതടഞ്ഞു വീണിരിക്കുകയാണ്‌.

ഇതൊരുപക്ഷേ നിരർത്ഥകമായ ഒരു കുസൃതി മാത്രമാണെന്നു വരാം,
രണ്ടു ഗാലക്സികളുടെ വലിപ്പമുള്ള ഒരു കൊച്ചുതമാശ.
എന്നാൽക്കൂടി ഇങ്ങനെയൊരു പരാമർശം കൂടി
നമുക്കു കൂട്ടിച്ചേർക്കാം:

ശ്രേഷ്ഠമായ അഭിരുചിയുടെ ലക്ഷണമായിട്ടാണു വച്ചിരിക്കുന്നത്,
ഈ ചിത്രത്തെ കാര്യമായിട്ടെടുക്കുന്നതും,
അതിൽ വശീകൃതനാവുന്നതും അതിനാൽ മനസ്സിളകുന്നതും.

ഇനിയും ചിലരാവട്ടെ അവിടം കൊണ്ടും നിർത്തുന്നില്ല.
അവരതിൽ മഴയുടെ ചടപട കേൾക്കുന്നുണ്ട്,
തങ്ങളുടെ പിടലിയിലും മുതുകത്തും മഴത്തുള്ളികളുടെ തണുപ്പറിയുന്നുണ്ട്,
അവർ പാലത്തെയും അതിന്മേലുള്ളവരെയും നോക്കുന്നുണ്ട്,
തങ്ങളെത്തന്നെയാണവിടെ കാണുന്നതെന്നപോലെ,
കാലമുള്ള കാലത്തോളം ഓടിത്തീരാത്ത ഒരോട്ടപ്പന്തയത്തിലെ
ഓട്ടക്കാരാണു തങ്ങളെന്നപോലെ;
യഥാർത്ഥത്തിൽ അതങ്ങനെ തന്നെയാണെന്നു വിശ്വസിക്കാനുള്ള കൂസലില്ലായ്മയും
അവർ കാണിക്കുന്നുണ്ട്.


ഹിരോഷിഗെ ഉതഗാവ (1797-1858) - പ്രശസ്തനായ ജാപ്പനീസ് ചിത്രകാരൻ; പ്രകൃതിദൃശ്യങ്ങൾ പേരു കേട്ടവ. മോനേ തുടങ്ങിയ ഇമ്പ്രഷനിസ്റ്റുകളെ സ്വാധീനിച്ചു. ‘ഇഡോയുടെ നൂറു വിശ്രുതദൃശ്യങ്ങൾ’ എന്ന പരമ്പരയിൽ പെട്ട ‘അതാക്കെ പാലത്തിൽ ഓർത്തിരിക്കാതെ മഴ പെയ്തപ്പോൾ’ എന്ന ചിത്രമാണ്‌ ഈ കവിതയ്ക്കു പ്രചോദനമായത്. ഇതേ ചിത്രം വാൻ ഗോഗ് പകർത്തിയിട്ടുമുണ്ട്.


People on the Bridge

Strange planet and strange people on it.

They yield to time, but they don't want to recognize time.

They have their ways of expressing resistance.

They make pictures such as this:

Nothing in particular at first glance.

One can see water,

one river bank,

a narrow boat strenuously moving upstream.

One can see a bridge over the water

and people on the bridge.

People are clearly picking up the pace,

as rain starts whipping down from a dark cloud.

The point is, nothing happens further.

The cloud changes neither shape nor color.

The rain neither stops nor picks up.

The boat moves without moving.

The people on the bridge run

precisely where they ran before.

It is hard to get by without a commentary:

This is not an innocent picture.

Time was stopped here,

its laws no longer consulted.

It was denied impact on the developing events,

disregarded and dishonored.

Thanks to a rebel,

one Hiroshige Utagava

(a being who, by the way,

passed away, as is proper, long ago)

time stumbled and fell.

Perhaps it is only a prank without much meaning,

a whim on the scale of just a few galaxies,

but in any case

let's add what happens next:

Here it is considered in good taste

to hold this painting in high esteem,

to praise it and be greatly moved by it for generations.

For some, even this is not enough.

They hear the patter of rain,

feel the chill of raindrops on necks and shoulders,

they look at the bridge and people

as if they saw themselves there, in that never ending race

along the endless road, to be traveled for eternity

and they have the audacity to believe

that it is real.



 

 

No comments: