Tuesday, December 11, 2012

ഹാഫിസ് - മനുഷ്യനാവുക

hafiz

ഒരിക്കലൊരാൾ എനിക്കരികിൽ വന്നിരുന്നു,
താൻ കണ്ട ദിവ്യദർശനങ്ങളെക്കുറിച്ചയാളെന്നോടു പറഞ്ഞു.
എന്റെ തോന്നലെന്തെന്നെന്നോടയാൾ ചോദിച്ചു,
‘ഈ അത്ഭുതസ്വപ്നങ്ങളൊക്കെ സത്യമായെന്നു വരുമോ?’
ഞാൻ ചോദിച്ചു, ‘താങ്കൾക്കാടുകളെത്രയുണ്ട്?’
അത്ഭുതത്തോടെ അയാൾ പറഞ്ഞു,
‘ഞാൻ ചോദിച്ചതുദാത്തദർശനങ്ങളെക്കുറിച്ച്,
നിങ്ങൾ പറയുന്നതാടുകളെക്കുറിച്ചും!’
ഞാൻ വീണ്ടും ചോദിച്ചു,
‘അതെ, സഹോദരാ- അവയെത്രയുണ്ടാവും?’
‘അതോ, ഹാഫിസ്, അറുപത്തിരണ്ട്.’
‘എത്ര ഭാര്യമാർ?’
അമ്പരപ്പു മാറാതെ അയാൾ പറഞ്ഞു,
‘നാല്‌.’
‘തോട്ടത്തിൽ റോസാച്ചെടികളെത്ര,
എത്ര കുട്ടികൾ,
അമ്മയച്ഛന്മാർ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടോ,
മഞ്ഞുകാലത്തു കിളികൾക്കു തീറ്റയിട്ടു കൊടുക്കാറുണ്ടോ?’
അതിനൊക്കെ അയാൾ മറുപടി പറഞ്ഞു.
എന്നിട്ടു ഞാൻ പറഞ്ഞു,
‘തനിക്കുണ്ടായ ദർശനങ്ങൾ സത്യമാണോയെന്നല്ലേ നിങ്ങളുടെ ചോദ്യം?
അവ സത്യം തന്നെ എന്നു ഞാൻ പറയും,
അവ കൊണ്ടു നിങ്ങളുടെ മനുഷ്യത്വം കൂടിയെങ്കിൽ,
താനറിയുന്ന ഓരോ പ്രാണിയോടും ഓരോ ചെടിയോടും
നിങ്ങളുടെ കാരുണ്യം കൂടിയെങ്കിൽ.‘


No comments: