യാദൃച്ഛികതയെ അനിവാര്യതയെന്നു ഞാൻ വിളിച്ചുവെങ്കിൽ
ഞാനതിനോടു മാപ്പു ചോദിക്കുന്നു.
ഇനിയഥവാ എനിക്കു തെറ്റിയെന്നാണെങ്കിൽ
അനിവാര്യതയോടും ഞാൻ മാപ്പു ചോദിക്കുന്നു.
എന്റെ മേൽ കോപമരുതേ, ആനന്ദമേ,
നിന്നെ ഞാൻ അവകാശമായിട്ടെടുത്തുവെങ്കിൽ.
ഓർമ്മകളെന്നിൽ പടുതിരി കത്തുകയാണെങ്കിൽ
മരിച്ചവരെനിക്കു മാപ്പു തരട്ടെ.
ഓരോ നിമിഷവും ഞാൻ എന്തുമാത്രം ലോകം കാണാതെപോയി എന്നതിന്
കാലത്തോടു ഞാൻ മാപ്പു ചോദിക്കുന്നു.
ഏറ്റവുമൊടുവിലത്തേതിനെ ആദ്യത്തേതായി ഞാനെടുക്കുന്നുവെങ്കിൽ
ആദ്യപ്രണയങ്ങളോടു ഞാൻ മാപ്പു ചോദിക്കുന്നു.
മാപ്പു തരൂ, അകലങ്ങളിൽ നടക്കുന്ന യുദ്ധങ്ങളേ,
വീട്ടിലേക്കു പൂക്കളും വാങ്ങി ഞാൻ പോകുന്നുവെങ്കിൽ.
മാപ്പു തരൂ, മുറി കൂടാത്ത വ്രണങ്ങളേ,
സൂചിമുന കൊണ്ടെന്റെ വിരലു മുറിഞ്ഞുവെങ്കിൽ.
പാതാളത്തിൽ കിടന്നു കരഞ്ഞുവിളിക്കുന്നവരോടു ഞാൻ മാപ്പു ചോദിക്കുന്നു,
നൃത്തഗാനങ്ങളുടെ ഒരു റെക്കോഡു കൈയിലുള്ളതിന്റെ പേരിൽ.
പുലർച്ചക്കഞ്ചു മണിക്കു കൂർക്കം വലിച്ചുറങ്ങുന്നതിന്റെ പേരിൽ
പ്ളാറ്റ്ഫോമിൽ വണ്ടി കാത്തിരിക്കുന്നവരോടും ഞാൻ മാപ്പു ചോദിക്കുന്നു.
വേട്ടയാടപ്പെടുന്ന പ്രത്യാശ എന്നോടു ക്ഷമിക്കട്ടെ,
ഇടയ്ക്കിടെ ഞാൻ ചിരിക്കുന്നുവെങ്കിൽ.
മാപ്പു തരൂ, മരുഭൂമികളേ,
ഒരു കരണ്ടി വെള്ളവുമായി ഞാനോടിയെത്തുന്നില്ലെങ്കിൽ.
ഒരേ കൂട്ടിൽ എന്നുമെന്നും കഴിയുന്ന പ്രാപ്പിടിയാ, നീയും,
ഒരേ ബിന്ദുവിലേക്കു തറഞ്ഞ നോട്ടവുമായി നിശ്ചേഷ്ടനായിരിക്കുന്നവനേ,
എന്നെ മാപ്പാക്കൂ, നിന്നെ സ്റ്റഫു ചെയ്തു വച്ചിരിക്കുകയാണെങ്കിൽത്തന്നെ.
നാലു മേശക്കാലുകളുടെ പേരിൽ
വെട്ടിവീഴ്ത്തിയ മരത്തോടു ഞാൻ മാപ്പു ചോദിക്കുന്നു.
ചെറിയ ഉത്തരങ്ങളുടെ പേരിൽ
വലിയ ചോദ്യങ്ങളോടു ഞാൻ മാപ്പു ചോദിക്കുന്നു.
സത്യമേ, എന്നെ കാര്യമായിട്ടെടുക്കേണ്ട.
മാന്യതേ, എന്നോടു മഹാമനസ്കത കാണിക്കേണമേ.
എന്നോടു ക്ഷമിക്കൂ, അസ്തിത്വമെന്ന നിഗൂഢതേ,
നിന്റെ മൂടുപടത്തിൽ നിന്നു ചിലയിഴകൾ ഞാനൂരിയെടുക്കുന്നുവെങ്കിൽ.
ആത്മാവേ, എന്നോടു നീരസമരുതേ,
ഇടയ്ക്കെപ്പോഴെങ്കിലുമേ നിനക്കെന്നെ കിട്ടുന്നുള്ളുവെങ്കിൽ.
എല്ലായിടത്തുമെത്താനാവാത്തതിന്റെ പേരിൽ
എല്ലാറ്റിനോടും ഞാൻ മാപ്പു ചോദിക്കുന്നു.
ഏതു സ്ത്രീയും ഏതു പുരുഷനുമാവാനാവാത്തതിന്റെ പേരിൽ
എല്ലാവരോടും ഞാൻ മാപ്പു ചോദിക്കുന്നു.
ഞാൻ ജീവിച്ചിരിക്കുന്ന കാലത്തോളം
ഇതിനൊന്നും ഒരു ന്യായീകരണവുമില്ലെന്നെനിക്കറിയാതെയല്ല,
എനിക്കു വഴിമുടക്കി ഞാൻ തന്നെയാണെന്നതിനാൽ.
എന്നോടനിഷ്ടം തോന്നരുതേ, വചനമേ,
കനപ്പെട്ട വാക്കുകൾ ഞാൻ കടമെടുക്കുന്നുവെങ്കിൽ,
അവയ്ക്കത്ര കനമില്ലെന്നു തോന്നിക്കാൻ
പിന്നെ ഞാൻ പണിപ്പെടുന്നുവെങ്കിൽ.
No comments:
Post a Comment