Wednesday, December 19, 2012

റോബർട്ട് വാൾസർ - ഗദ്യശകലം

robert walser

മഞ്ഞുചീളുകൾക്കും ഇലകൾക്കും തമ്മിൽ സാദൃശ്യങ്ങളുണ്ട്. മഞ്ഞു പൊഴിയുന്നതു കണ്ടുനിൽക്കുമ്പോൾ നിങ്ങൾക്കു തോന്നിപ്പോവുന്നു, ആകാശത്തു നിന്നു കുഞ്ഞുപൂവുകൾ ഇറുന്നുവീഴുകയാണെന്ന്. ശരൽക്കാലത്തു വാടുന്ന ഇലപ്പടര്‍പ്പിനു നിഗൂഢമായൊരു പൊൻനിറം വന്നതെന്തേ? വസന്തകാലത്തു പൂക്കൾക്കു നാവുകളുള്ളതായി നിങ്ങൾക്കു തോന്നുന്നതെന്തേ, നിങ്ങളോടെന്തോ പറയാനായുകയാണവയെന്നും? ഇലകൾ കാണുമ്പോൾ നിങ്ങൾക്കു കൈകൾ ഓർമ്മ വരുന്നു; മൊട്ടുകൾ പോലെയാണാ ഇലവിരൽത്തുമ്പുകൾ. കിളിത്തൂവലുകൾ, മരങ്ങളിൽ ഇലകൾ, ഇലകൾ പോലെ, തൂവലുകൾ പോലെ ലോലമായി വന്നുവീഴുന്ന മഞ്ഞിന്റെ ചീളുകൾ- അന്യോന്യബന്ധമുണ്ടവയ്ക്കെന്നു നിങ്ങൾ പറഞ്ഞാൽ അതിൽ തെറ്റു പറയാനില്ല. നമ്പാന്‍ പറ്റാത്ത  ഒരബദ്ധക്കാരനെപ്പോലെയാണ്‌ തെന്നൽ; വഴങ്ങും പോലാസ്വാദ്യമാണ്‌ അതിന്റെ വീശിയടങ്ങൽ; തന്നിൽത്തന്നെ ധന്യമായത്, തന്നെച്ചുറ്റിയൊഴുകുന്നത്, ഹൃദയഹാരിയാണു താനെന്നു താനായിട്ടറിയുന്നതും. കാറ്റിനറിയുമോ, കാറ്റിന്റെ പ്രകൃതമാണതിനെന്ന്? ഇലയ്ക്കറിയുമോ, എത്ര മനോഹരമാണതെന്ന്? മഞ്ഞിന്റെ ചീളുകൾക്കു മന്ദഹാസം പരിചിതമാണോ, പൂക്കൾ അന്യോന്യം വശീകരിക്കാൻ ശ്രമിക്കാറുണ്ടോ, ചുരുളുകൾക്കു തങ്ങളുടെ ചുരുളലറിയുമോ? ഒഴുകുന്ന പുഴ കണ്ടാൽ ഓർമ്മ വരിക മെയ് വഴങ്ങിയൊരു സഞ്ചാരിയുടെ തിടുക്കമാണ്‌; പ്രശാന്തമായ തടാകം കണ്ടാൽ വെളുത്ത കൈയുറകളും നീലക്കണ്ണുകളുമായി സുന്ദരിയായ ഒരു സ്ത്രീയെയും. ഇലകളുടെ സമൃദ്ധിക്കടിയിൽ ചില്ലകളുടെ വശ്യാലങ്കാരങ്ങൾ മറഞ്ഞുപോകുന്നു. മനോഹരമായ വസ്തുക്കളുണ്ടെന്നതു മനോഹരമായ ഒരു ചിന്ത തന്നെ. പുളയുന്ന പാമ്പുകൾ പോലെയാണ്‌ അലകളുടെയും ചില്ലകളുടെയും വടിവുകൾ; ചില നേരങ്ങളിൽ നിങ്ങൾക്കറിവുണ്ടാവുകയും ചെയ്യുന്നു, തിരകളും മഞ്ഞിന്റെ തൂവലുകളും പോലെയാണു താനെന്ന്, അവയിലും മേലെയല്ലാതെ, താഴെയുമല്ലാതെ; അതുമല്ലെങ്കിൽ, അസാമാന്യമാം വിധത്തിൽ മനോജ്ഞമായ സ്വന്തം അതിരുകളിൽ നിന്നു മോചനം നേടാൻ ചിലനേരം കൊതിക്കുന്നൊരിലയെപ്പോലെ.
(1929 ജനുവരി)

No comments: