Thursday, December 6, 2012

വീസ്വാവ സിംബോഴ്സ്ക - ആത്മഹത്യ ചെയ്തവന്റെ മുറിയിൽ

link to image

മുറി ശൂന്യമായിരുന്നു എന്നാവും നിങ്ങൾ കരുതിയിരിക്കുക.
തെറ്റി. ബലത്ത മൂന്നു കസേരകൾ ഉള്ളിലുണ്ടായിരുന്നു.
ഇരുട്ടിനെ ചെറുക്കാൻ മതിയായൊരു വിളക്കുണ്ടായിരുന്നു.
ഒരു മേശയും മേശ മേൽ ഒരു സഞ്ചിയും ചില പത്രങ്ങളുമുണ്ടായിരുന്നു.
ശോകലേശമേശാത്തൊരു ബുദ്ധനും ശോകാകുലനായ ഒരു യേശുവുമുണ്ടായിരുന്നു.
ഭാഗ്യചിഹ്നങ്ങളായ ഏഴാനകൾ, മേശവലിപ്പിൽ ഒരു നോട്ടുബുക്കും.
അതിൽ നമ്മുടെയൊക്കെ പേരും വിലാസമുണ്ടായിരുന്നില്ലെന്നു നിങ്ങൾ പറയുമോ?

പുസ്തകങ്ങളില്ല, ചിത്രങ്ങളില്ല, റെക്കോഡുകളില്ലെന്നോ?
തെറ്റി. കറുത്ത കൈകളിൽ ഒരു ട്രമ്പറ്റിന്റെ സാന്ത്വനമുണ്ടായിരുന്നു.
പ്രണയത്തിന്റെ അവ്യാജപുഷ്പവുമായി സസ്കിയ ഉണ്ടായിരുന്നു.
ദേവകളുടെ സ്ഫുലിംഗങ്ങളായി ആഹ്ളാദമുണ്ടായിരുന്നു.
അഞ്ചാം പുസ്തകത്തിലെ സാഹസികതകൾക്കു ശേഷം
പ്രാണദായകമായ നിദ്രയിൽ മുഴുകി
അലമാരയിൽ യുളീസസുണ്ടായിരുന്നു.
മനോഹരമായ തുകലിന്റെ പുറംചട്ടയിൽ
സുവർണ്ണലിപികളിലെഴുതിയ പേരുകളുമായി ധർമ്മോപദേശകരുണ്ടായിരുന്നു.
അവർക്കു തൊട്ടരികെ നെട്ടനെ നിൽക്കുന്ന രാഷ്ട്രതന്ത്രജ്ഞരും.

പുറത്തേക്കു വഴിയുണ്ടായിരുന്നില്ലെന്നോ?
വാതിലുണ്ടായിരുന്നതല്ലേ?
പുറംകാഴ്ചകൾ? അതിനു ജനാലയെങ്കിലുമുണ്ടായിരുന്നില്ലേ?
അയാളുടെ കണ്ണട ജനാലപ്പടി മേൽ കിടന്നിരുന്നു.
ഒരേയൊരീച്ച മുരണ്ടുപറന്നിരുന്നു-
എന്നു പറഞ്ഞാൽ ജീവനോടെ അതെങ്കിലുമുണ്ടായിരുന്നു.

എഴുതിവച്ച കുറിപ്പിൽ നിന്നെങ്കിലും
എന്തെങ്കിലും വ്യക്തമായേക്കുമെന്നാണു നിങ്ങൾ കരുതുന്നതെങ്കിൽ
അങ്ങനെയൊരു കുറിപ്പു പോലുമുണ്ടായിരുന്നില്ലെന്നു ഞാൻ പറഞ്ഞാൽ?
എത്ര സ്നേഹിതന്മാർ അവനുണ്ടായിരുന്നതാണ്‌,
കപ്പിന്മേൽ ചാരിവച്ച ഒഴിഞ്ഞ കവറിൽ കൊള്ളാനുള്ളതേയുണ്ടായിരുന്നുള്ളു, പക്ഷേ നാം.



കറുത്ത കൈകളിൽ - ആഫ്രോ-അമേരിക്കൻ ജാസ്
സസ്കിയ - റോമക്കാരുടെ വാസന്തദേവത; റെംബ്രാന്റിന്റെ ചിത്രം.
ദേവകളുടെ സ്ഫുലിംഗങ്ങൾ - ബീഥോവന്റെ ഒമ്പതാം സിംഫണിയുടെ നാലാം ചരണം; ഷില്ലറുടെ ‘ആനന്ദഗീതം’ എന്ന കവിതയുടെ സംഘഗാനരൂപം.
അഞ്ചാം പുസ്തകത്തിലെ- ഒഡീസിയുടെ അഞ്ചാം പുസ്തകത്തിൽ സമുദ്രയാത്രയിലെ സാഹസികതകൾക്കു ശേഷം യുളിസസ് ഒരു ദ്വീപിലെത്തി ഒലീവിലകൾ ശയ്യയാക്കി കിടന്നുറങ്ങുന്നുണ്ട്.
ധർമ്മോപദേശകർ- മൊണ്ടേയ്ൻ, പാസ്കൽ തുടങ്ങിയ ഫ്രഞ്ചു ചിന്തകർ

The Suicide's Room

I'll bet you think the room was empty.
Wrong. There were three chairs with sturdy backs.
A lamp, good for fighting the dark.
A desk, and on the desk a wallet, some newspapers.
A carefree Buddha and a worried Christ.
Seven lucky elephants, a notebook in a drawer.
You think our addresses weren't in it?
No books, no pictures, no records, you guess?
Wrong. A comforting trumpet poised in black hands.
Saskia and her cordial little flower.
Joy the spark of gods.
Odysseus stretched on the shelf in life-giving sleep
after the labors of Book Five.
The moralists with the golden syllables of their names
inscribed on finely tanned spines.
Next to them, the politicians braced their backs.
No way out? But what about the door?
No prospects? The window had other views.
His glasses lay on the windowsill.
And one fly buzzed---that is, was still alive.
You think at least the note could tell us something.
But what if I say there was no note---
and he had so many friends, but all of us fit neatly
inside the empty envelope propped up against a cup.


 

No comments: