Saturday, December 29, 2012

വീസ്വാവ സിംബോർസ്ക - അന്ധരുടെ മര്യാദ

wislawa-szymborska-c-1950s

അന്ധന്മാരെ തന്റെ കവിത വായിച്ചുകേൾപ്പിക്കുകയാണൊരു കവി.
അതിത്രയും ദുഷ്കരമാവുമെന്ന് അയാൾ മനസ്സിൽ കരുതിയതല്ല.
അയാളുടെ ഒച്ച പതറുകയാണ്‌.
അയാളുടെ കൈ വിറയ്ക്കുകയാണ്‌.
ഓരോ വരിയും ഇരുട്ടിന്റെ പരീക്ഷക്കു വിധേയമാവുകയാണെന്ന്
അയാൾക്കു തോന്നിപ്പോവുന്നു.
ഓരോ വരിയും ഇവിടെ സ്വയം പ്രതിരോധിക്കണം;
സഹായിക്കാൻ വെളിച്ചങ്ങളില്ല, നിറങ്ങളുമില്ല.
അപകടം പിടിച്ചൊരുദ്യമമാണത്,
അയാളുടെ കവിതയിലെ നക്ഷത്രങ്ങൾക്ക്,
പ്രഭാതത്തിന്‌, മഴവില്ലിന്‌, മേഘങ്ങൾക്ക്,
നിയോൺ വിളക്കുകൾക്ക്, ചന്ദ്രന്‌,
ഇത്രനേരം വെള്ളത്തിനടിയിൽ വെള്ളി മിന്നിയ മീനുകൾക്ക്,
ആകാശത്തിന്നുന്നതിയിൽ നിശബ്ദനായി വിഹരിച്ച പ്രാപ്പിടിയന്‌.
അയാൾ വായിക്കുകയാണ്‌
-തുടങ്ങിയ സ്ഥിതിക്ക് അയാൾക്കതു നിർത്താനുമാവില്ല-
പച്ചപ്പുൽമേട്ടിൽ മഞ്ഞക്കുപ്പായവും ധരിച്ചു നടക്കുന്ന ബാലനെക്കുറിച്ച്,
താഴവാരത്ത് എണ്ണിയെണ്ണിയെടുക്കാവുന്ന ചുവന്ന മേൽക്കൂരകളെക്കുറിച്ച്,
കളിക്കാരുടെ ജേഴ്സിയിൽ ഇളകിക്കൊണ്ടിരിക്കുന്ന നമ്പരുകളെക്കുറിച്ച്,
കതകു കിരുകിരെത്തുറക്കുമ്പോൾക്കണ്ട അജ്ഞാതമായ നഗ്നദേഹത്തെക്കുറിച്ച്.
അയാൾ വായിക്കാതെ വിട്ടേനേ - ആ വഴി അടഞ്ഞിരിക്കുന്നു എന്നതു ശരിയാണെങ്കിലും-
പള്ളിമച്ചിൽ വരച്ചിട്ട വിശുദ്ധന്മാരെപ്പറ്റി,
തീവണ്ടിയുടെ ജനാലയ്ക്കു പുറത്ത് യാത്ര വഴങ്ങുന്ന കൈകളെപ്പറ്റി,
ഭൂതക്കണ്ണാടിയെപ്പറ്റി, രത്നം ചൊരിയുന്ന പ്രകാശരശ്മിയെപ്പറ്റി,
വീഡിയോ സ്ക്രീനുകളെയും കണ്ണാടികളെയും മുഖങ്ങൾ നിരന്നിരിക്കുന്ന ആല്ബങ്ങളെയും പറ്റി.
എത്ര മര്യാദക്കാരാണു പക്ഷേ കണ്ണു കാണാത്തവർ,
എത്ര ദയവുള്ളവരാണവർ, വിശാലമനസ്കരാണവർ.
എത്ര ശ്രദ്ധയോടെയാണവർ കേട്ടിരിക്കുന്നത്,
മന്ദഹസിക്കുന്നതും, കൈ തട്ടുന്നതും.
അവരിലൊരാൾ കവിയെ സമീപിക്കുന്നുമുണ്ട്,
തല കീഴ്ക്കാമ്പാടു പിടിച്ച ഒരു പുസ്തകവുമായി,
തനിക്കു കാണാൻ കഴിയാത്തൊരൊപ്പിനായി.


 

No comments: