Wednesday, December 26, 2012

വീസ്വാവ സിംബോർസ്ക - ഹ്രസ്വായുസ്സുകളായ നമ്മുടെ പൂർവ്വികർ

stonehenge1

അവരിൽ ചുരുക്കമേ മുപ്പതെത്തിയിരുന്നുള്ളു.
പാറകൾക്കും മരങ്ങൾക്കും പറഞ്ഞതായിരുന്നു വാർദ്ധക്യം.
ചെന്നായക്കുട്ടികൾ മുതിരാനെടുക്കുന്നത്ര വേഗത്തിൽ
ബാല്യം അവസാനിക്കുകയായിരുന്നു.
ധൃതിപ്പെട്ടാലേ ജീവിതം കടന്നുകൂടാനാവൂ എന്നായിരുന്നു,
സൂര്യനസ്തമിക്കും മുമ്പേ,
പുതുമഞ്ഞു വീഴും മുമ്പേ.

ഗർഭഭാരം പേറുന്ന പതിമൂന്നുകാരികൾ,
ഈറക്കാട്ടിൽ കിളിക്കൂടു തിരയുന്ന നാലു വയസ്സുകാർ,
ഇരുപതിൽ നായാട്ടിനിറങ്ങുന്നവർ-
എത്തിച്ചേരും മുമ്പേ അവർ പൊയ്ക്കഴിഞ്ഞു.
കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടു നിത്യത കഴിഞ്ഞു.
ദുർമന്ത്രവാദിനികൾ കൂടോത്രം ചെയ്തിരുന്നത്
ഒന്നുപോലും കൊഴിയാത്ത യുവത്വത്തിന്റെ പല്ലുകളാൽ ചവച്ചുകൊണ്ടാണ്‌.
അച്ഛന്റെ കണ്മുന്നിൽത്തന്നെ മകൻ പുരുഷനാവുന്നു.
മുത്തശ്ശന്റെ കുഴിഞ്ഞ കണ്ണുകൾ നോക്കിയിരിക്കെ
പേരക്കുട്ടി ജനിക്കുന്നു.

അതെന്തായാലും അവരെണ്ണിയതു കൊല്ലങ്ങളായിരുന്നില്ല,
അവരെണ്ണിയത് വലകളും തൊണ്ടുകളും ചായ്പുകളും കോടാലികളുമായിരുന്നു.
ആകാശത്തെ ഏതു ക്ഷുദ്രനക്ഷത്രത്തോടും ഉദാരത കാട്ടിയ കാലം
അവർക്കു നേരേ നീട്ടിയത് ഒഴിഞ്ഞ കൈയായിരുന്നു,
അതു തന്നെ അധികമായിപ്പോയെന്ന മട്ടിൽ
നീട്ടിയ വേഗത്തിൽത്തന്നെ കൈ വലിച്ചെടുക്കുകയും ചെയ്തിരുന്നു.
വെട്ടിത്തിളങ്ങുന്ന പുഴക്കരെ
ഒരു കാൽവെയ്പ്പ്, രണ്ടു കാൽവെയ്പ്പ്,
ഇരുട്ടിൽ നിന്നവ പൊന്തുന്നു, ഇരുട്ടിൽത്തന്നെ മറയുന്നു.

ഒരു നിമിഷവും പാഴാക്കാനില്ല,
മാറ്റിവച്ച ചോദ്യങ്ങളില്ല, വൈകിപ്പോയ വെളിപാടുകളില്ല,
അതതു നേരത്തനുഭവമായവ മാത്രം.
ജ്ഞാനം മുടി നരയ്ക്കാൻ വേണ്ടി കാത്തുനിന്നിരുന്നില്ല.
വെളിച്ചമാവും മുമ്പേ അതിനു കാണേണ്ടിയിരുന്നു,
ഒച്ചപ്പെടും മുമ്പേ അതിനേതു ശബ്ദവും കേൾക്കേണ്ടിയിരുന്നു.
നന്മയും തിന്മയും-
അവർക്കതിനെക്കുറിച്ചൊന്നുമറിയുമായിരുന്നില്ല,
എന്നാലവർക്കറിയാമായിരുന്നു:
തിന്മ ജയഭേരി മുഴക്കുമ്പോൾ നന്മ അജ്ഞാതവാസത്തിനു പോകുമെന്ന്,
നന്മ അവതാരമെടുക്കുമ്പോൾ തിന്മ തല താഴ്ത്തിക്കിടക്കുമെന്ന്.
രണ്ടിലൊന്നിനെയും കീഴമർത്താനാവില്ല,
തിരിച്ചുവരാത്തവിധം ആട്ടിപ്പായിക്കാനാവില്ല.
അതിനാൽ, ആഹ്ളാദമെങ്കിൽ അല്പമൊരു ഭീതിയോടെ,
നൈരാശ്യമെങ്കിൽ പ്രത്യാശയില്ലാതെയുമല്ല.
ജീവിതം, അതെത്ര ദീർഘമായാലും, ഹ്രസ്വമായിത്തന്നെയിരിക്കും.
ഒന്നും കൂട്ടിച്ചേർക്കാനാവാത്തവിധം ഹ്രസ്വം.


O U R       A N C E S T O R' S       S H O R T       L I V E S

Few of them made it to thirty.
Old age was the privilege of rocks and trees.
Childhood ended as fast as wolf cubs grow.
One had to hurry, to get on with life
before the sun went down,
before the first snow.

Thirteen-year-olds bearing children,
four-year-olds stalking birds' nests in the rushes,
leading the hunt at twenty---
they aren't yet, then they are gone.
Infinity's ends fused quickly.
Witches chewed charms
with all the teeth of youth intact.
A son grew to manhood beneath his father's eye.
Beneath the grandfather's blank sockets the grandson was born.

And anyway they didn't count the years.
They counted nets, pods, sheds, and axes.
Time, so generous toward any petty star in the sky,
offered them a nearly empty hand
and quickly took it back, as if the effort were too much.
One step more, two steps more
along the glittering river
that sprang from darkness and vanished into darkness.
There wasn't a moment to lose,
no deferred questions, no belated revelations,
just those experienced in time.
Wisdom couldn't wait for gray hair.
It had to see clearly before it saw the light
and to hear every voice before it sounded.

Good and evil---
they knew little of them, but knew all:
when evil triumphs, good goes into hiding;
when good is manifest, then evil lies low.
Neither can be conquered
or cast off beyond return.
Hence, if joy, then with a touch of fear;
if despair, then not without some quiet hope.
Life, however long, will always be short.
Too short for anything to be added.


No comments: