ചിലർ-
എല്ലാവരും എന്നല്ലല്ലോ അതിനർത്ഥം.
അവരിൽത്തന്നെ ഭൂരിപക്ഷവുമില്ല, ഒരു ന്യൂനപക്ഷം മാത്രം.
സ്കൂളുകളെ നാം കണക്കിലെടുക്കുന്നില്ല,
അവിടെ കവിത ഇഷ്ടപ്പെടാതെ പറ്റില്ലല്ലോ;
കവികളെയും ഒഴിവാക്കാം;
ഒടുവിൽ കഷ്ടിച്ച് ആയിരത്തിൽ രണ്ടു പേരുണ്ടെങ്കിലായി.
ഇഷ്ടപ്പെടുക -
ഇഷ്ടപ്പെടുക എന്നു പറഞ്ഞാൽ
നിങ്ങൾക്കു ചിക്കൻ നൂഡിൽ സൂപ്പിഷ്ടമായിരിക്കും,
അഭിനന്ദനങ്ങളും നീലനിറവും ഇഷ്ടമായിരിക്കും,
നിങ്ങളുടെ പഴയ തൂവാല ഇഷ്ടമായിരിക്കും,
സ്വന്തം വഴിക്കു പോകുന്നതിഷ്ടമായിരിക്കും,
വളർത്തുനായയെ ഓമനിക്കുന്നതിഷ്ടമായിരിക്കും.
കവിത-
എന്താണു പക്ഷേ, ഈ കവിത എന്ന സംഗതി?
ഈ ചോദ്യം ആദ്യമുന്നയിക്കപ്പെട്ടതില്പിന്നെ
ഉറപ്പില്ലാത്ത ഉത്തരങ്ങൾ ഒന്നിലധികമുണ്ടായിരിക്കുന്നു.
അതൊന്നുമെനിക്കറിയില്ല,
പക്ഷേ ഞാനതിൽ പിടിച്ചുനിൽക്കുന്നു,
ഉറപ്പുള്ളൊരു കൈവരിയിലെന്നപോലെ.
No comments:
Post a Comment