Friday, December 14, 2012

വീസ്വാവ സിംബോഴ്സ്ക - മരിച്ചുപോയവർ സ്വപ്നത്തിൽ വരുമ്പോൾ

szymborska6

എന്തു ചുറ്റുപാടിലാണ്‌ നിങ്ങൾ മരിച്ചുപോയവരെ സ്വപ്നം കാണുക?
ഉറക്കം പിടിക്കുന്നതിനു മുമ്പ് നിങ്ങൾ അവരെക്കുറിച്ചു ചിന്തിച്ചു കിടക്കാറുണ്ടോ?
ആരാണാദ്യം പ്രത്യക്ഷപ്പെടുക?
അതെപ്പോഴും ഒരേയാൾ തന്നെയായിരിക്കുമോ?
വിളിപ്പേര്‌? കുടുംബപ്പേര്‌? സിമിത്തേരി? മരിച്ച ദിവസം?

നിങ്ങൾക്കവരെന്തിലേക്കാണു ചൂണ്ടുക?
പഴയൊരു സൌഹൃദം? ബന്ധുത്വം? ജന്മദേശം?
തങ്ങൾ എവിടെ നിന്നാണു വരുന്നതെന്നവർ പറയാറുണ്ടോ?
അവർക്കു പിന്നിലാരാണുള്ളത്?
നിങ്ങളല്ലാതെ പിന്നവരെ ആരൊക്കെ സ്വപ്നം കാണുന്നുണ്ട്?

അവരുടെ മുഖങ്ങൾ, ഫോട്ടോയിൽ കാണുന്നപോലെ തന്നെയാണോ അവർ?
പ്രായമായതിന്റെ ലക്ഷണം അവരിൽ കാണാനുണ്ടോ?
ബലിഷ്ഠരാണോ അവർ? അതോ വിളർച്ച പിടിച്ചവരോ?
വധിക്കപ്പെട്ടവർ, അവരുടെ മുറിവുകളുണങ്ങിയിട്ടുണ്ടോ?
ആരാണു തങ്ങളെ കൊന്നതെന്ന് അവരിപ്പോഴും ഓർമ്മ വയ്ക്കുന്നുണ്ടോ?

എന്താണവർ കൈയിൽ പിടിച്ചിരിക്കുന്നത്? വിശദീകരിച്ചു പറയൂ.
അതു കരിഞ്ഞതോ? പൂപ്പൽ പിടിച്ചതോ? തുരുമ്പിച്ചതോ? ദ്രവിച്ചതോ?
അവരുടെ കണ്ണുകളിൽ, എന്താണത്? അർത്ഥന? ഭീഷണി? തെളിച്ചു പറയൂ.
നിങ്ങൾ തമ്മിൽ കാലാവസ്ഥയുടെ വിശേഷങ്ങളേ പറയാറുള്ളു?
അതോ പൂക്കളെക്കുറിച്ചോ? കിളികളെക്കുറിച്ചോ? പൂമ്പാറ്റകളെക്കുറിച്ചോ?

കുഴപ്പിക്കുന്ന ചോദ്യങ്ങളൊന്നും അവരുടെ ഭാഗത്തു നിന്നുണ്ടാവാറില്ലേ?
ഉണ്ടെങ്കിൽ, എന്തായിരിക്കും നിങ്ങളുടെ മറുപടി?
മൌനത്തിൽ രക്ഷ നേടുന്നതിനു പകരം?
അല്ലെങ്കിൽ സ്വപ്നത്തിന്റെ വിഷയത്തെ ഉപായത്തിൽ വഴി മാറ്റി വിടുന്നതിനു പകരം?
അല്ലെങ്കിൽ കൃത്യം ആ സമയത്തു തന്നെ ഉറക്കമുണരുന്നതിനു പകരം?


 

 

No comments: