ഒരു തമാശ പറഞ്ഞാൽ അതിനു മനസ്സിലാവില്ല,
ഒരു നക്ഷത്രത്തെ നോക്കിക്കണ്ടുപിടിക്കാൻ,
ഒരു പാലം പണിയാൻ അതിനാവില്ല.
നെയ്യുക, ഖനനം ചെയ്യുക, കൃഷി ചെയ്യുക,
കപ്പൽ പണിയുക, കെയ്ക്കുണ്ടാക്കുക,
ഇതിനെക്കുറിച്ചൊന്നും അതിനറിയില്ല.
നാളെയെക്കുറിച്ചു നാം പ്ളാൻ ചെയ്യുമ്പോൾ
അവസാനവാക്കതിന്റേതു തന്നെ,
അതു പക്ഷേ ഗൌരവമില്ലാത്തതുമായിരിക്കും.
സ്വന്തം തൊഴിലിന്റെ ഭാഗമായ കാര്യങ്ങൾ പോലും
നേരാം വണ്ണം ചെയ്യാനതിനറിയില്ല:
കുഴി വെട്ടുക,
ശവപ്പെട്ടി പണിയുക,
ജോലി കഴിഞ്ഞാൽ സ്വയം വൃത്തിയാക്കുക.
കൊല്ലുക എന്ന ചിന്തയിൽത്തന്നെ മനസ്സു വ്യാപൃതമായിരിക്കുമ്പോൾത്തന്നെ
അത് ആ പണി ചെയ്യുന്നത് ചേലില്ലാതെയാണ്,
വ്യവസ്ഥയോ വൈദഗ്ധ്യമോ ഇല്ലാതെയാണ്.
ആദ്യമായി കൊല്ലുന്ന പോലെയാണ്,
ഏതു കൊലയുമതിന്.
അതിനു വിജയങ്ങളുണ്ടെന്നതു ശരി തന്നെ,
പക്ഷേ ഒന്നു നോക്കൂ,
എത്രയാണു പരാജയങ്ങൾ,
ഏൽക്കാതെപോയ പ്രഹരങ്ങൾ,
ആവർത്തിച്ചുള്ള ശ്രമങ്ങൾ!
ചിലപ്പോൾ വായുവിൽ നിന്ന്
ഒരീച്ചയെ അടിച്ചിടാൻ പോലും അതിനു കഴിയാറില്ല.
അതിൽ നിന്നിഴഞ്ഞുരക്ഷപ്പെട്ട ശലഭപ്പുഴുക്കൾ അനവധിയുമാണ്.
ആ കിഴങ്ങുകൾ, തോടുകൾ, വള്ളികൾ,
മീഞ്ചിറകുകൾ, അന്നനാളങ്ങൾ,
അലങ്കാരത്തൂവലുകൾ, രോമക്കുപ്പായങ്ങൾ
ഇവയൊക്കെയും തെളിവാണ്,
മനസ്സില്ലാമനസ്സോടെ ചെയ്യുന്നൊരു വേലയിൽ
അതു പിന്നാക്കം പോയിരിക്കുന്നുവെന്ന്.
വിദ്വേഷം കൊണ്ടു കാര്യമില്ല,
യുദ്ധങ്ങളും അട്ടിമറികളും കൊണ്ടു നാമൊരു കൈ സഹായിച്ചിട്ടും
വേണ്ടത്ര ആയിട്ടുമില്ല.
മുട്ടകൾക്കുള്ളിൽ ഹൃദയങ്ങൾ മിടിക്കുന്നുണ്ട്.
ശിശുക്കളുടെ അസ്ഥികൂടങ്ങൾ വളരുന്നുണ്ട്.
വിത്തുകൾ കഠിനാദ്ധ്വാനം ചെയ്ത് ആദ്യത്തെ ഈരില മുളപ്പിക്കുന്നുണ്ട്,
ചിലനേരം വളരെയകലെ നെടിയ മരങ്ങളെയും.
അതു സർവശക്തമാണെന്നു വാദിക്കുന്നവൻ തന്നെയല്ലേ,
അതങ്ങനെയല്ലെന്നതിനു
ജീവിക്കുന്ന ഉദാഹരണം?
ഒരു ജീവനുമില്ല
ഒരു നിമിഷമെങ്കിലൊരു നിമിഷം
നിത്യമല്ലാത്തതായി.
മരണമെപ്പോഴുമെത്തുന്നത്
ഏറെ വൈകിയ ഒരു മുഹൂർത്തത്തിൽ.
അദൃശ്യമായ വാതില്പിടിയിൽ
അതു വിഫലമായി കിടന്നുവലിക്കുന്നു.
നിങ്ങൾ കടന്നുപോന്നത്ര ദൂരം
ഇല്ലാതാക്കാനാവില്ലല്ലോ.
No comments:
Post a Comment