ആദിയിൽ, നവജാതമായ ലോകത്തിനു മേൽ
ദൈവം തന്റെ കണ്ണുകളെറിഞ്ഞ നാൾ,
വചനത്തിനാവുമായിരുന്നു, സൂര്യനെ പിടിച്ചുനിർത്താൻ,
വചനത്തിനാവുമായിരുന്നു, നഗരങ്ങളെ ഭസ്മമാക്കാൻ.
ആകാശത്തിന്നുന്നതങ്ങളിലൂടെ
ഒരരുണജ്വാല പോലെ വചനമൊഴുകുമ്പോൾ
ഗരുഢന്മാർ ചിറകൊതുക്കിയിരുന്നു,
നക്ഷത്രങ്ങൾ ഭീതരായി ചന്ദ്രനു ചുറ്റും പറ്റിക്കൂടിയിരുന്നു.
പിന്നെ ജീവന്റെ താഴ്ചകളിൽ അക്കങ്ങളുണ്ടായി,
നുകം പേറുന്ന വളർത്തുമൃഗങ്ങളെപ്പോലെ.
സമർത്ഥമായ ഒരക്കത്തിനാവുമായിരുന്നു,
അർത്ഥത്തിന്റെ ഏതു ഛായയും പകർന്നുനൽകാൻ.
താടി നരച്ച പിതാമഹൻ,
നന്മതിന്മകളെ തന്റെ ഇച്ഛയ്ക്കു കീഴമർത്തിയവൻ,
വാക്കെടുത്തുപയോഗിക്കാൻ ധൈര്യപ്പെടാതെ
ദണ്ഡു കൊണ്ടു പൂഴിയിലെഴുതുകയേ അദ്ദേഹം ചെയ്തുള്ളു.
ജീവിതദുരിതങ്ങൾക്കിടയില്പെട്ടു നാം മറന്നുവോ,
വാക്കുകൾ മാത്രമേയുള്ളു, ലോകത്തനുഗ്രഹമായെന്ന്?
യോഹന്നാന്റെ സുവിശേഷത്തിൽ പറഞ്ഞിട്ടുമുണ്ടല്ലോ,
ദൈവം തന്നെയാണു വചനമെന്നും.
വചനത്തെ നാം ജീവിതത്തിന്റെ പരിമിതസീമകളിലൊതുക്കി,
അതുകൊണ്ടു നാം തൃപ്തരുമായി.
ത്യക്തമായ തേനറയിൽ ഈച്ചകളെപ്പോലെ
ചത്ത വാക്കുകൾ കെട്ടുനാറുന്നു.
നിക്കോളായ് ഗുമില്യോവ്(1886-1921)- റഷ്യൻ കവി. ഒന്നാം ലോകയുദ്ധത്തിൽ പങ്കെടുത്തിരുന്നു. സിംബലിസത്തിനെതിരായ പ്രസ്ഥാനത്തിന്റെ നായകനായിരുന്നു. അന്നാ ആഹ് മാത്തോവയുടെ ആദ്യത്തെ ഭർത്താവായിരുന്നു. ഗൂഢാലോചന നടത്തിയെന്ന കുറ്റമാരോപിച്ച് ബോൾഷെവിക്കുകൾ വെടിവച്ചു കൊന്നു.
No comments:
Post a Comment