Tuesday, August 31, 2010

സ്ബിഗ്നിയെഫ് ഹെർബെർട്ട്- ഗദ്യകവിതകൾ- 1


വായനശാലയിൽ നടന്നത്

ചുവന്ന മുടിക്കാരി ഒരു പെൺകുട്ടി ഒരു കവിതയ്ക്കു മേൽ കുനിഞ്ഞിരിക്കുകയാണ്‌. കുന്തം പോലെ കൂർത്ത പെൻസിൽ കൊണ്ട് അവൾ വാക്കുകളെ വെളുത്ത കടലാസ്സിലേക്കു പകർത്തുന്നു; അവയെ വരികളും സ്വരചിഹ്നങ്ങളും യതികളുമായി പരാവർത്തനം ചെയ്യുന്നു. മരിച്ചുവീണ കവിയുടെ വിലാപമിതാ, ഉറുമ്പുകൾ കാർന്നുതിന്നൊരുടുമ്പിനെപ്പോലെ.

വെടിയൊച്ചക്കൾക്കിടയിൽ ഞങ്ങളവനെ ചുമന്നുകൊണ്ടുപോകുമ്പോൾ ചൂടു വിടാത്ത അവന്റെയുടൽ വചനത്തിൽ ഉയിത്തെഴുന്നേല്ക്കുമെന്നായിരുന്നു എന്റെ വിശ്വാസം. ഇന്നിതാ, വാക്കുകളുടെ മരണം കണ്ടുനില്ക്കെ ജീർണ്ണതയ്ക്കതിരില്ലെന്നു ഞാനറിയുന്നു. നമ്മൾ അവശേഷിപ്പിച്ചുപോകുന്നത് കരിമണ്ണിൽ ചിതറിയ വാക്കുകളൂടെ തുണ്ടുകൾ മാത്രമായിരിക്കും. ഇല്ലായ്മയ്ക്കും ചാരത്തിനും മേൽ ചില ഉച്ചാരണചിഹ്നങ്ങൾ.


മരിച്ചവർ

കാറ്റും വെളിച്ചവും കടക്കാത്തൊരിടത്തൊതുങ്ങിക്കഴിയേണ്ടിവന്നതിനാൽ അവരുടെ മുഖങ്ങളപ്പാടെ മാറിപ്പോയിരിക്കുന്നു. സംസാരിക്കാൻ അവർക്കത്രമേൽ കൊതിയുണ്ടെങ്കിലും പൂഴിമണ്ണ്‌ അവരുടെ ചുണ്ടുകളെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു. ചില വേളകളിൽ മാത്രമേ അവർ വായുവിൽ അള്ളിപ്പിടിച്ച് ശിശുക്കളെപ്പോലെ ചേലില്ലാതെ തലയുയർത്തിപ്പിടിക്കാൻ നോക്കുന്നുള്ളു. യാതൊന്നും അവർക്കുന്മേഷം നല്കുന്നില്ല, ക്രിസാന്തമങ്ങളും മെഴുകുതിരികളുമൊന്നും. തങ്ങളുടെ അവസ്ഥയുമായി രഞ്ജിപ്പിലെത്താൻ അവർക്കാകുന്നില്ല, തങ്ങൾ വസ്തുക്കളാണെന്ന അവസ്ഥയുമായി.


കൊച്ചുപട്ടണം

പകൽ പഴങ്ങളും കടലുമുണ്ട്, രാത്രിയിൽ നക്ഷത്രങ്ങളും കടലും. ഒരു കുമ്പിൾ നിറയെ പ്രസരിപ്പാർന്ന നിറങ്ങളാണ്‌ ഡി ഫിയോറി തെരുവ്. ഉച്ച. പച്ചത്തണലത്ത് സൂര്യൻ വെള്ളവടി കൊണ്ടു തല്ലുന്നു. ഒരു വാകത്തോപ്പിൽ മൂരിക്കാളകൾ നിഴലുകൾക്കു സ്തുതി ചൊല്ലുന്നു. എന്റെ പ്രണയാഭ്യർത്ഥനയ്ക്കു ഞാൻ തെരഞ്ഞെടുത്തത് ആ മുഹൂർത്തം. കടൽ നിഷ്പന്ദമാവുന്നു, കൊച്ചുപട്ടണമോ, അത്തിപ്പഴം വില്ക്കുന്ന പെൺകുട്ടിയുടെ മാറിടം പോലെ വിങ്ങുകയും ചെയ്യുന്നു.


ഏഴു മാലാഖമാർ

എല്ലാ പ്രഭാതത്തിലും ഏഴു മാലാഖമാർ പ്രത്യക്ഷരാവുന്നു. കതകിനു മുട്ടാൻ നില്ക്കാതെ അവർ കടന്നുവരുന്നു. ഒരു മാലാഖ എന്റെ നെഞ്ചിൽ നിന്ന് എന്റെ ഹൃദയം പറിച്ചെടുക്കുന്നു. മറ്റുള്ളവരും അതുതന്നെ ചെയ്യുന്നു. പിന്നെ അവരുടെ ചിറകുകൾ കൊഴിയുകയും, അവരുടെ മുഖങ്ങൾ വെള്ളിനിറം മാഞ്ഞ് കരിഞ്ചുവപ്പാവുകയും ചെയ്യുന്നു. മെതിയടികൾ അമർത്തിച്ചവിട്ടി അവർ പുറത്തു പോവുന്നു. ഒരൊഴിഞ്ഞ കൊച്ചു മൺകുടം പോലെ അവർ എന്റെ ഹൃദയത്തെ ഒരു കസേരയിൽ ഉപേക്ഷിച്ചിരിക്കുന്നു. ഒരു ദിവസമാകെ വേണ്ടിവരുന്നു എനിക്കതിനെ വീണ്ടും നിറച്ചെടുക്കാൻ; അല്ലെങ്കിൽ അടുത്ത പ്രഭാതത്തിൽ മാലാഖമാർ വന്നുപോകുമ്പോൾ വെള്ളിനിറമായിരിക്കുമെനിക്ക്, ചിറകുകളുമുണ്ടാവും.


തുന്നൽക്കാരി

തോരാത്ത മഴയായിരുന്നു കാലത്തു മുഴുവൻ. തെരുവിനപ്പുറത്തുള്ള ഒരു സ്ത്രീയുടെ അടക്കമാണന്ന്. ഒരു തുന്നൽക്കാരി. അവൾ സ്വപ്നം കണ്ടത് ഒരു വിവാഹമോതിരം; അവൾ മരിച്ചതോ ഒരു വിരലുറയുമായി. എല്ലാവർക്കും അതൊരു തമാശയായി. ബഹുമാന്യനായ മഴ ആകാശത്തെ ഭൂമിയോടിഴചേർക്കുന്നു. അതുകൊണ്ടും ഫലമുണ്ടാകാൻ പോകുന്നില്ല.


കഫേ

ഗ്ളാസ്സിൽ ഒന്നുമില്ലെന്ന് പെട്ടെന്നു നിങ്ങളുടെ ശ്രദ്ധയിൽപ്പെടുന്നു; നിങ്ങൾ ചുണ്ടിലേക്കു വയ്ക്കുന്നത് ഒരു ഗർത്തമാണ്‌. മാർബിൾ മേശകൾ മഞ്ഞിന്റെ അലകുകൾ പോലെ ഒഴുകിമായുന്നു. കണ്ണാടികൾ മാത്രം കണ്ണാടികളെ കണ്ണിറുക്കിക്കാണിക്കുന്നു; അവർക്കു മാത്രമേ അനന്തതയിൽ വിശ്വാസമുള്ളു.

എട്ടുകാലിയുടെ കൊല്ലുന്ന കുതിപ്പിനു കാത്തുനില്ക്കാതെ രക്ഷപ്പെടാനുള്ള സമയമാണിത്. വേണമെങ്കിൽ രാത്രിയിൽ മടങ്ങിവന്ന് താഴ്ത്തിയ പാളികൾക്കിടയിലൂടെ അകത്ത് ഫർണീച്ചറിന്റെ കശാപ്പുശാല നിങ്ങൾക്കു കണ്ടുനില്ക്കുകയുമാവാം. മൃഗീയമായി കൊല ചെയ്യപ്പെട്ട കസേരകളും മേശകളും പുറമടിച്ചു കിടക്കുന്നു; അവയുടെ കാലുകൾ ചുണ്ണാമ്പുവായുവിൽ എറിച്ചു നില്ക്കുന്നു.


ലവൽ ക്രോസ് കാവല്ക്കാരൻ

176 എന്നാണ്‌ അയാളുടെ പേര്‌; ഒരു ജനാലയുള്ള വലിയൊരു മൺകട്ടയിലാണ്‌ അയാളുടെ താമസം. അയാൾ-ചലനത്തിൽപ്പെട്ട ഒരു കീഴുദ്യോഗസ്ഥൻ- പുറത്തു വന്ന് പാഞ്ഞുപോകുന്ന തീവണ്ടികളെ കുഴമാവു പോലെ ഭാരം തൂങ്ങുന്ന കൈകൾ കൊണ്ട് സല്യൂട്ടു ചെയ്യുന്നു.

മൈലുകളോളം ഒന്നും കാണാനില്ല. ഒരു കയറ്റവും നടുവിൽ ഒറ്റപ്പെട്ട മരങ്ങളുടെ ഒരു കാവുമായി ഒരു സമതലം. മരങ്ങൾ ഏഴുണ്ടെന്നറിയാൻ മുപ്പതു കൊല്ലം നിങ്ങൾ അവിടെ കഴിയണമെന്നുമില്ല.


ഹെര്‍ബെര്‍ട്ട്-വിക്കിപീഡിയ ലിങ്ക്


Monday, August 30, 2010

നെരൂദ-സായാഹ്നത്തിൽ ചാഞ്ഞുനിന്നെന്റെ വിഷാദത്തിന്റെ വലയെറിഞ്ഞു ഞാൻ ...



സായാഹ്നത്തിൽ ചാഞ്ഞുനിന്നെന്റെ വിഷാദത്തിന്റെ വലയെറിഞ്ഞു ഞാൻ
നിന്റെ കണ്ണിന്റെ കടൽക്കയങ്ങളിൽ.
ആളിക്കത്തുകയാണെന്റെയേകാന്തതയവിടെ
മുങ്ങിത്താഴുന്ന നാവികന്റെ പിടഞ്ഞുപിരിയുന്ന കൈകൾ പോലെ.
വിളക്കുമാടത്തിലലതല്ലുന്ന കടൽ പോലെ നിന്റെ കണ്ണുകൾ;
കാണുന്നില്ലവ പക്ഷേ ഞാനയയ്ക്കുന്ന വിപൽസൂചനകൾ.
നീ വച്ചിരിക്കുന്നതിരുട്ടു മാത്രം, അകലം കാക്കുന്ന സ്ത്രീയേ,
നിന്റെ നോട്ടത്തിൽ ചിലനേരം തെളിയുന്നു ഭീതിയുടെ പാറക്കെട്ടുകൾ.
സായാഹ്നത്തിൽ ചാഞ്ഞുനിന്നെന്റെ വിഷാദത്തിന്റെ വലയെറിഞ്ഞു ഞാൻ
നിന്റെ കണ്ണുകളിലലയ്ക്കുന്ന കടലിൽ.
പ്രണയമെരിയ്ക്കുമെന്റെയാത്മാവുപോലെരിയുന്നുദയതാരകൾ,
അവയെ കൊത്തിപ്പെറുക്കുന്നു രാക്കിളികൾ.
പാടത്തു നീലിച്ച കതിരുകൾ ചിതറിച്ചും കൊണ്ടൊരു
പെൺകുതിരപ്പുറമേറിക്കുതിയ്ക്കുന്നു രാത്രി.

ഇരുപതു പ്രണയകവിതകള്‍ –7

ചിത്രം-ജോസെഫ് ടെര്‍നേര്‍ (1831)-വിക്കിമീഡിയ

നെരൂദ-പ്രപഞ്ചത്തിന്റെ വെളിച്ചമൊത്തു കളിയാടുന്നു നീ നിത്യവും...

File:Alfons Mucha - 1896 - Spring.jpg

പ്രപഞ്ചത്തിന്റെ വെളിച്ചമൊത്തു കളിയാടുന്നു നീ നിത്യവും.
കണ്ണില്പ്പെടാത്ത വിരുന്നുകാരീ, വന്നെത്തുന്നു നീ പൂവിൽ, ജലത്തിലും.
നിത്യവുമൊരു പൂങ്കുല പോലെന്റെ കൈകളിൽ ഞാൻ കോരിയെടുക്കുന്ന
ഈ ശിരസ്സു മാത്രമല്ലെനിക്കു നീ.

ആരെപ്പോലെയുമല്ല നീ, നിന്നെ ഞാൻ പ്രേമിക്കുന്നുവെന്നതിനാൽ.
മഞ്ഞപ്പൂക്കൾ വിതറി,യതിന്മേൽ നിന്നെക്കിടത്തട്ടെ ഞാൻ.
ആരു നിന്റെ പേരെഴുതുന്നു ദക്ഷിണധ്രുവതാരകൾക്കിടയിൽ ധൂമ്രലിപികളിൽ?
ജനിക്കും മുമ്പേ നിന്റെ സ്വരൂപമെന്തെന്നോർമ്മിച്ചെടുക്കട്ടെ ഞാൻ.

ഇതാ, കാറ്റോരിയിടുന്നു, അടച്ചിട്ട ജനാലയിലാഞ്ഞിടിക്കുന്നു.
ഇരുളിന്റെ മീനുകൾ കൊണ്ടു പള്ള വീർത്ത വലയാണിന്നാകാശം.
കാറ്റുകളൊന്നൊഴിവില്ലാതെ വന്നുകൂടുകയാണിവിടെ.
ഉടയാടയുരിയുന്നു മഴമേഘങ്ങൾ.

കിളികൾ പാഞ്ഞൊളിക്കുന്നു.
കാറ്റടിയ്ക്കുന്നു. കാറ്റടിയ്ക്കുന്നു.
എനിക്കു ചെറുക്കാനാവുക മനുഷ്യന്റെ കരുത്തു മാത്രം.
കൊടുങ്കാറ്റടിച്ചുപായിക്കുന്നു ഇരുളിന്റെ പാഴിലകളെ,
കെട്ടഴിച്ചുവിടുന്നു പോയ രാത്രിയിൽ മാനത്തെ കടവണഞ്ഞ തോണികളെ.

എന്റെയൊപ്പമിരിക്കുവോളെ, എന്നെ വിട്ടോടിപ്പോകരുതേ.
എന്റെയവസാനരോദനത്തിനും നീ വിളി കേൾക്കേണമേ.
ഭയന്നിട്ടെന്നപോലെന്നെ പൂണ്ടടക്കം പിടിക്കുക.
എന്നിട്ടുമെന്തേ നിന്റെ കണ്ണുകളിൽ ഒരു നിഴലാട്ടം?

എന്റെയോമനേ, നീ കൊണ്ടുവരുന്നു ഇത്തിൾക്കണ്ണിപ്പൂവുകൾ,
അതിന്റെ മണം പുരളുന്നു നിന്റെ മുലകളിലും.
പൂമ്പാറ്റകളെ കൊല ചെയ്തും കൊണ്ടു വിഷാദിയായ കാറ്റു കുതിയ്ക്കുമ്പോൾ
നിന്നെയോമനിക്കുന്നു ഞാൻ, നിന്റെയധരത്തിന്റെ മധുരക്കനിയിൽ ഞാൻ പല്ലുകളാഴ്ത്തുന്നു.

എത്ര സഹിച്ചിരിക്കും നീ, എന്നോടിണങ്ങാൻ,
എന്റെ ഒറ്റയാൻ കാട്ടാളഹൃദയത്തോടിണങ്ങാൻ,
കേട്ടാലാരുമോടിയൊളിയ്ക്കുന്ന എന്റെ പേരിനോടിണങ്ങാൻ.
എത്ര വട്ടം കണ്ടു നാം, നമ്മുടെ കണ്ണുകളെ ചുംബിച്ചുംകൊണ്ടെരിയുന്ന ഉദയതാരത്തെ,
നമ്മുടെ തലയ്ക്കു മേൽ വിശറി പോൽ വിരിയുന്ന സാന്ധ്യവെളിച്ചത്തെ.

നിന്നെത്തഴുകി, നിന്റെ മേൽ വർഷിച്ചു ഞാനെന്റെ വാക്കുകൾ.
എത്ര നാളായി പ്രണയിക്കുന്നു ഞാൻ നിന്റെയുടലിന്റെ വെയിൽ വാട്ടിയ ചിപ്പിയെ.
എന്റെ വിചാരം പ്രപഞ്ചത്തിനുടമ നീയെന്നും.

നിനക്കെത്തിക്കാം ഞാൻ മലകളിൽ നിന്നും ആഹ്ളാദത്തിന്റെ പൂക്കൾ,
മണിപ്പൂവുകൾ, ഹെയ്സൽക്കായകൾ, ചൂരൽക്കൂട നിറയെ ചുംബനങ്ങൾ.
വസന്തം ചെറിമരത്തോടു ചെയ്യുന്നത്
എനിക്കു നിന്നോടും ചെയ്യണം.


ഇരുപതു പ്രണയകവിതകള്‍-14


ചിത്രം-വസന്തം-അല്‍ഫോന്‍സ്‌ മ്യൂച്ച-1896-വിക്കിമീഡിയ


Thursday, August 26, 2010

നെരൂദ-എന്റെ സാന്ധ്യാകാശത്തിൽ നീയൊരു മേഘം പോലെ...





എന്റെ സാന്ധ്യാകാശത്തിൽ നീയൊരു മേഘം പോലെ,
എന്റെ ഹിതത്തിനനുരൂപം നിന്റെ രൂപം, നിറവും.
നീയെന്റെ സ്വന്തം, നീയെന്റെ സ്വന്തം, അധരം മധുരിക്കുവോളേ,
എന്റെയൊടുങ്ങാത്ത കിനാക്കൾക്കു പ്രാണനും നിന്റെ ജീവൻ.

എന്റെ പ്രാണദീപം കുങ്കുമം പൂശുന്നു നിന്റെ കാലടികളിൽ,
എന്റെ തിക്തമദിര മധുരിക്കുന്നു നിന്റെയധരങ്ങളിൽ,
എന്റെ സാന്ധ്യഗീതം കൊയ്തെടുക്കുവോളേ,
എന്റെയേകാന്തസ്വപ്നങ്ങൾക്കത്ര വിശ്വാസം നീയെന്റെ സ്വന്തമെന്നും.

നീയെന്റെ സ്വന്തം, നീയെന്റെ സ്വന്തം- അന്തിക്കാറ്റിലലറി ഞാൻ,
എന്റെയാ വിധുരവിലാപത്തെ കാറ്റു വലിച്ചിഴച്ചോടുന്നു.
എന്റെ കണ്ണിന്റെയാഴങ്ങളിൽ നായാടാനെത്തിയോളേ,
തളം കെട്ടിയ ജലം പോലെ രാത്രിയില്‍ നിന്റെ ദൃഷ്ടികള്‍.

ഞാൻ നെയ്ത പാട്ടിന്റെ വലയിൽ നിന്നെക്കുടുക്കി ഞാൻ പ്രിയേ,
എന്റെ പാട്ടിന്റെ വലകളോ, ആകാശം പോലെ വിപുലവും.
നിന്റെ വിധുരനേത്രങ്ങളുടെ കരയിൽ എന്റെയാത്മാവു പിറവിയെടുക്കുന്നു,
നിന്റെ വിധുരനേത്രങ്ങളിൽ തുടങ്ങുന്നു സ്വപ്നങ്ങളുടെ ജന്മദേശവും.


ഈ കവിത രവീന്ദ്രനാഥടാഗോറിന്റെ “തോട്ടക്കാരൻ” എന്ന കവിതാസമാഹാരത്തിലെ “തുമി സന്ധാർ മേഘമാല...” എന്ന കവിതയുടെ പരാവർത്തനമാണ്‌.
തന്‍റെ കവിതയ്ക്ക്‌ ടാഗോറിന്‍റെ തന്നെ ഇംഗ്ലീഷ്‌ പരിഭാഷ :

You are the evening cloud floating in the sky of my dreams.
I paint you and fashion you ever with my love longings.
You are my own, my own, Dweller in my endless dreams!
Your feet are rosy-red with the glow of my heart's desire,
Gleaner of my sunset songs!
Your lips are bitter-sweet with the taste of my wine of pain.
You are my own, my own, Dweller in my lonesome dreams!
With the shadow of my passion have I darkened your eyes, Haunter
of the depth of my gaze!
I have caught you and wrapt you, my love, in the net of my music.
You are my own, my own, Dweller in my deathless dreams!

ലിങ്കുകള്‍:
നെരൂദയും ടാഗോറും
ടാഗോറും ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യവും

നെരൂദ-വീടെത്തുന്നു നാം. ഇതു നമ്മുടെ കടൽ, നമ്മുടെ കൊടിയടയാളം...

വീടെത്തുന്നു നാം. ഇതു നമ്മുടെ കടൽ, നമ്മുടെ കൊടിയടയാളം.
മറ്റു ചുമരുകളിലലയുകയായിരുന്നിത്രനാൾ നാം;
ഒരു വാതിലും കണ്ടില്ല നാം, ഒരൊച്ചയും കേട്ടില്ല നാം;
ആളില്ലാത്ത വീടിനു മരിച്ചവരുടെ മൗനം.

ഒടുവിലിതാ, വീടു മൗനം മുറിയ്ക്കുന്നു,
അതിന്റെ പരിത്യക്തതയിൽ നാം കാലെടുത്തുവയ്ക്കുന്നു:
ചത്ത പെരുച്ചാഴികൾ, ആരോടെന്നില്ലാത്ത  യാത്രാമൊഴികൾ,
കുഴലുകളിൽ തേങ്ങലടക്കുന്ന വെള്ളവും.

വീടു കരയുകയായിരുന്നു  രാവും പകലും.
പാതി തുറന്നിട്ടതു കരഞ്ഞു ചിലന്തികൾക്കൊപ്പം,
കറുത്ത കണ്ണിമകൾ കൊണ്ടതു തനിയേ തല്ലുകയായിരുന്നു.

പിന്നെപ്പൊടുന്നനേ നാം അതിലേക്കു മടങ്ങുന്നു, അതിനു ജീവൻ വയ്ക്കുന്നു.
നാമതിൽ കുടിയേറുന്നു, എന്നിട്ടുമതറിയുന്നില്ല നമ്മെ.
അതു വിടരണം,  വിടരാനതു മറന്നും കഴിഞ്ഞു പക്ഷേ.


(പ്രണയഗീതകം-75)


നെരൂദ-നിന്റെയുടലിന്റെ ഭൂപടത്തിൽ...

 File:WLA metmuseum oung Woman with Ibis by Edgar Degas.jpg

 

നിന്റെയുടലിന്റെ ഭൂപടത്തിൽ ഞാൻ യാത്ര പോയി
അഗ്നി കൊണ്ടു കുരിശ്ശടയാളങ്ങൾ വീഴ്ത്തി.
നിന്റെ മേലെന്റെ ചുണ്ടുകളിഴഞ്ഞുകേറി:ഒളിയ്ക്കാൻ വെമ്പുന്നൊരെട്ടുകാലി.
നിന്നിൽ, നിന്റെ പിന്നിൽ, കാതരനായി, ദാഹാർത്തനായി.

സായാഹ്നത്തിന്റെ കരയ്ക്കിരുന്നു നിന്നോടു കഥകൾ പറഞ്ഞു ഞാൻ,
സങ്കടപ്പെടുന്ന പാവം കളിപ്പാവേ, നിന്റെ സങ്കടം തീർക്കാൻ.
ഒരു മരത്തിന്റെ, അരയന്നത്തിന്റെ കഥകൾ, അകലങ്ങളിലെ ആഹ്ളാദങ്ങൾ.
മുന്തിരി വിളയുന്ന കാലം, സമൃദ്ധിയുടെ കാലം.

ഏതോ കടൽത്തുറയിലിരുന്നു നിന്നെപ്രണയിച്ചവൻ ഞാൻ.
സ്വപ്നത്തിന്റെ, മൂകതയുടെ കോറൽ വീണതായിരുന്നു എന്റെയേകാന്തത.
കടലിനും സങ്കടത്തിനുമിടയിൽ കെണിഞ്ഞുപോയി ഞാൻ.
അനക്കമറ്റ രണ്ടു തോണിക്കാർക്കിടയിൽ ഭ്രാന്തചിത്തനായി,നിശ്ശബ്ദനായി.

ചുണ്ടിനും ശബ്ദത്തിനുമിടയിൽ വച്ചെന്തോ നഷ്ടമാവുന്നു.
പറവയുടെ ചിറകുള്ളതെന്തോ, നോവിന്റെ, മറവിയുടേതെന്തോ.
വലക്കണ്ണികൾക്കിടയിലൂടെ വെള്ളമൂർന്നുപോകുന്നതതുപോലെ.
എന്റെ കളിപ്പാവേ, ശേഷിച്ചിട്ടില്ലൊരു തുള്ളിയും.
എന്നാലുമീ ക്ഷണികശബ്ദങ്ങളിൽ ഗാനം ചെയ്യുന്നുണ്ടെന്തോ.
എന്തോ പാടുന്നു, വിശന്ന വായിലേക്കെന്തോ വീഴുന്നു.
ആഹ്ളാദത്തിന്റെ വാക്കുകളെടുത്തു നിന്നെക്കീർത്തിക്കാനായെങ്കിൽ!

പാടാ,നെരിയാൻ, ഭ്രാന്തന്റെ കൈയിൽ മണിമേടപോലെയലയ്ക്കാൻ.
വിഷാദം പൂണ്ട എന്റെയാർദ്രതേ, നീയെന്തിതിങ്ങനെയാവാൻ?
അത്രയുമുയർന്ന, അത്രയും തണുത്ത കൊടുമുടിയിലെത്തുമ്പോൾ
ഒരു നിശാപുഷ്പം പോലെ കോടുന്നുവല്ലോ എന്റെ ഹൃദയം.


(ഇരുപതു പ്രണയകവിതകള്‍ –13)


link to image

Wednesday, August 25, 2010

നെരൂദ-ഹാ, പൈൻമരങ്ങളുടെ വൈപുല്യമേ...

File:Wheat-Field-with-Cypresses-(1889)-Vincent-van-Gogh-Met.jpg

ഹാ, പൈൻമരങ്ങളുടെ വൈപുല്യമേ, തകരുന്ന തിരകളുടെ മർമ്മരമേ,
വെളിച്ചങ്ങളുടെ വിളംബവിലാസമേ, ഏകാന്തത്തിലെ മണിനാദമേ,
കളിപ്പാവേ, നിന്റെ കണ്ണുകളിൽ ചായുന്നു സന്ധ്യ,
കരയിൽ വീണ ശംഖേ, നിന്റെ നാദത്തിൽ ഗാനം ചെയ്യുന്നു ഭൂമി.
നിന്നിൽപ്പാടുന്നു പുഴകൾ, എന്റെയാത്മാവു പ്രയാണം ചെയ്യുന്നവയിൽ,
നിന്റെ ഹിതം പോലെ, നിന്റെ ഹിതം തേടിയും.
നിന്റെ പ്രത്യാശയുടെ വില്ലിനുന്നമാക്കുകയെന്റെ പാത,
എങ്കിലെന്റെയാവനാഴിയൊഴിക്കുമല്ലോ ഞാ,നുന്മത്തൻ.
നാലുചുറ്റും ഞാൻ കാണുന്നു പുകമഞ്ഞു പോലെ നിന്റെ ജഘനത്തെ,
നിന്റെ മൂകത നായാടുന്നു എന്റെ വ്യഥിതനേരങ്ങളെ;
എന്റെ ചുംബനങ്ങൾ നങ്കൂരമിടുന്നു, എന്റെയീറൻ മോഹം കൂടണയുന്നു
സുതാര്യശിലകളായ നിന്റെ കൈകളിൽ.
ഹാ, മായുന്ന സന്ധ്യയിൽ മാറ്റൊലിക്കൊള്ളുന്നു
പ്രണയമിരുൾ ചാലിച്ച നിന്റെ നിഗൂഢനാദം!
ഗഹനമായ വേളകളിൽ, ഗോതമ്പുപാടങ്ങളിൽ
കതിരുകൾ കാറ്റിന്റെ മണികൾക്കു നാവുകളാവുന്നതും
                                                                 ഞാൻ കണ്ടതങ്ങനെ.

(ഇരുപതു പ്രണയകവിതകള്‍ – 3)

വാന്‍ ഗോഗ് - ഗോതമ്പുപാടം (1889) –വിക്കിമീഡിയ

Tuesday, August 24, 2010

നെരൂദ-അത്രയും ദുഃഖം നിറഞ്ഞ വരികളെഴുതാമെനിക്കിന്നു രാവിൽ...

File:Bierstadt, Albert - Sea and Sky.jpg

അത്രയും ദുഃഖം നിറഞ്ഞ  വരികളെഴുതാമെനിക്കിന്നു രാവിൽ.
‘താരകൾ ചിതറിയ രാത്രി,
നീലിച്ചു തുടിയ്ക്കുന്നവ ദൂരെ,’യെന്നിങ്ങനെ.
മാനത്തു വട്ടം ചുറ്റിപ്പാടുന്നു നിശാനിലൻ.
അത്രയും ദുഃഖം നിറഞ്ഞ വരികളെഴുതാമെനിക്കിന്നു രാവിൽ.
സ്നേഹിച്ചിരുന്നു ഞാനവളെ, ചിലനേരമവളെന്നെയും.
ഈദൃശരാത്രികളിലെന്നോടണച്ചു ഞാനവളെ.
പരിധിയറ്റ മാനത്തിൻചുവട്ടിൽ വച്ചെത്ര ചുംബിച്ചു ഞാനവളെ.
അവളെന്നെ സ്നേഹിച്ചു, ചിലനേരം ഞാനവളെയും.
എങ്ങനെ സ്നേഹിക്കാതിരിക്കുമാ നിർന്നിമേഷനേത്രങ്ങളെ?
അത്രയും ദുഃഖം നിറഞ്ഞ വരികളെഴുതാമെനിക്കിന്നു രാവിൽ.
എന്നോടൊപ്പമില്ലവളെന്നോർക്കുമ്പോൾ.
എന്റെ കൈവിട്ടുപോയവളെന്നറിയുമ്പോൾ.
രാത്രി വിശാല,മവളില്ലാതതിവിശാല,മതിനു കാതോർക്കുമ്പോൾ.
ആത്മാവിൽ കവിതയിറ്റുന്നു പുൽക്കൊടിയിൽ മഞ്ഞുതുള്ളി പോൽ.
എന്റെ പ്രണയത്തിനായില്ലവളെ സ്വന്തമാക്കാനെന്നാലെന്തേ?
താരകൾ വിതറിയ രാത്രി, എന്നോടൊപ്പമില്ലവളും.
അത്രമാത്രം. ആരോ ദൂരെപ്പാടുന്നു.ദൂരെ.
അതൃപ്തമാണെന്റെയാത്മാവവൾ കൈവിട്ടുപോയതിൽ.
അവൾക്കരികിലെത്താനെന്നപോലവളെത്തിരയുകയാണെന്റെ കണ്ണുകൾ.
അവളെത്തിരയുകയാണെന്റെ ഹൃദയം, അവളില്ലെന്റെയൊപ്പം.
അതേരാത്രി, നിലാവു വീഴുമതേ മരങ്ങൾ.
അന്നത്തെയതേ നമ്മളല്ലിന്നു നാം പക്ഷേ.
ഇന്നെനിയ്ക്കവളെ സ്നേഹമില്ലെന്നതസംശയം.
എങ്കിലുമെത്രമേൽ സ്നേഹിച്ചിരുന്നു ഞാനവളെ.
അവളുടെ കാതിൽച്ചെന്നൊന്നുതൊടാൻ
കാറ്റിനെത്തേടുകയാണെന്റെ ശബ്ദം.
അന്യന്റെ,യന്യന്റെയാണവൾ; ഞാനവളെച്ചുംബിക്കും മുമ്പെന്നപോലെ.
അവളുടെ ശബ്ദം, ആ വടിവൊത്ത ദേഹ,മഗാധനേത്രങ്ങൾ..
ഇന്നെനിക്കവളെ സ്നേഹമല്ലതു തീർച്ചയെങ്കിലും
സ്നേഹിച്ചുവെന്നും വരാം ഒരുവേള ഞാനവളെ.
അത്രമേൽ ഹ്രസ്വം പ്രണയം, വിസ്മൃതിയത്ര ദീര്‍ഘവും.
ഈദൃശരാത്രികളിൽപ്പക്ഷേ എന്റെ കൈകളിലുണ്ടായിരുന്നവൾ.
അതൃപ്തമാണെന്റെയാത്മാവവൾ കൈവിട്ടുപോയതിൽ.
അവളേൽപ്പിച്ച വേദനകളിലവസാനത്തെ വേദനയിതെങ്കിലും,
അവൾക്കായി ഞാൻ കുറിയ്ക്കുമവസാനത്തെ ഗീതമിതെങ്കിലും.

(ഇരുപതു പ്രണയകവിതകള്‍-20)

link to image

Monday, August 23, 2010

നെരൂദ-പെണ്ണിന്റെയുടൽ, വെളുത്ത കുന്നുകൾ, വെളുത്ത തുടകൾ...

File:Henri Rousseau 005.jpg
പെണ്ണിന്റെയുടൽ, വെളുത്ത കുന്നുകൾ, വെളുത്ത തുടകൾ,
വഴങ്ങിക്കിടക്കുന്ന നിന്നെക്കണ്ടാൽ മലർന്ന മണ്ണു പോലെ.
ഈ പരുക്കന്നുഴവന്റെ കൊഴു നിന്നിലാഴ്ന്നിറങ്ങുന്നു,
കൊഴുത്ത ചെളിയുടെയാഴത്തിൽ നിന്നെന്റെ മകനെ കിളച്ചെടുക്കുന്നു.
ഒറ്റയാനായിരുന്നു ഞാനൊരു തുരങ്കം പോലെ. എന്നെക്കണ്ടു പറന്നകന്നു കിളികൾ.
ഊറ്റം പെരുത്ത രാത്രി വന്നെന്നെ നേർക്കുമ്പോൾ
ഉലയിൽ നിന്നെക്കാച്ചിയെടുത്തു ഞാൻ ചെറുക്കുന്നു-
എന്റെ കണയ്ക്കൊരമ്പു പോലെ, എന്റെ കവണയ്ക്കു കല്ലു പോലെ.
പ്രതികാരത്തിന്റെ മുഹൂർത്തം പിന്നെ, പ്രണയിച്ചു ഞാൻ നിന്നെ.
തൊലിയുടെ, പായലിന്റെ, തനിപ്പാലിന്റെയുടൽ.
ഹാ, നിന്റെ മാറത്തെപ്പാനപാത്രങ്ങൾ! നോട്ടമിങ്ങല്ലാത്ത കണ്ണുകൾ!
ഹാ, ചെന്നിറമായ ഗുഹ്യപുഷ്പങ്ങൾ! നിന്റെ വിഷണ്ണമായ, ഇഴഞ്ഞ ശബ്ദം!
എന്റെ പെണ്ണിന്റെയുടലേ, നിന്റെ വശ്യതയിൽ ഉയിരു പോകാതെനില്ക്കും ഞാൻ!
എന്റെ ദാഹം! എന്റെയതിരറ്റ മോഹം! തിട്ടമില്ലാതെ ഞാൻ പോകും വഴി!
ഇരുളടഞ്ഞ ആറ്റിൻ തടങ്ങൾ: അതിലൊഴുകുന്നു നിത്യദാഹം,
ക്ഷീണമാകുന്നു പിന്നെ, അനന്തമായ വേദനയും.

(ഇരുപതു പ്രണയകവിതകൾ-1)

ചിത്രം-ഹെന്റി റുസ്സോ

Friday, August 20, 2010

നെരൂദ-മുള്ളുകൾ, കുപ്പിച്ചില്ലുകൾ, രോഗങ്ങൾ, രോദനങ്ങൾ...


മുള്ളുകൾ, കുപ്പിച്ചില്ലുകൾ, രോഗങ്ങൾ, രോദനങ്ങൾ:
രാവും പകലും അവ വന്നുവളയുന്നു തേനിറ്റുന്ന സംതൃപ്തിയെ.
തുണയാവില്ല ഗോപുരങ്ങൾ, കന്മതിലുകൾ, തുരങ്കങ്ങളും.
ദൗർഭാഗ്യം ഭേദിയ്ക്കുന്നു ഉറങ്ങുന്നവന്റെ ശാന്തിയെ.

നിറഞ്ഞ കരണ്ടിയുമായി അരികത്തുണ്ടത്- വേദന,
അതിന്റെ ഉയർച്ചതാഴ്ചകൾ നിങ്ങൾക്കറിയില്ല;
അതു കൂടാതില്ലൊരു ജനനം, മേല്ക്കൂര, പുറവേലിയും.
അതിനെ കണക്കിൽ പെടുത്തണം നിങ്ങൾ.

പ്രണയത്തിലും തുണയ്ക്കില്ല ഇറുക്കിയടച്ച കണ്ണുകൾ,
നാറുന്ന ദീനക്കാരനിൽ നിന്നകറ്റിയിട്ട മെത്തകൾ പോലെ,
അടിവച്ചടിവച്ചു കൊടി കീഴടക്കുന്ന ജേതാവിനെപ്പോലെ.

ജീവിതമാഞ്ഞടിക്കുന്നു, രോഷം പോലെ, പുഴ പോലെ,
ചോരയിൽ കുതിർന്നൊരു തുരങ്കമതു തുറക്കുന്നു,
അതിൽ നിന്നു നമ്മെ പിന്തുടരുന്നു, വേദനയുടെ നൂറു കണ്ണുകൾ.


(പ്രണയഗീതകം-55)


Thursday, August 19, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-16

 

പക്ഷേ വിവാഹത്തിന്‌ എനിക്കുള്ള ഏറ്റവും വലിയ വിഘാതമായി ഞാൻ കണ്ടത് എന്നിൽ അത്രയ്ക്കാഴത്തിൽ വേരോടിയ ഈയൊരു ബോധ്യമായിരുന്നു: ഒരു കുടുംബത്തിനു വഴികാട്ടുക പോകട്ടെ, അതിനെ പരിപാലിക്കാൻ തന്നെ അങ്ങയിൽ സ്വാഭാവികമായി ഇഴുകിച്ചേർന്നിരിക്കുന്നതായി ഞാൻ കണ്ട നല്ലതും ചീത്തയുമായ സകലതും വേണ്ടിയിരിക്കുന്നു. എന്നു പറഞ്ഞാൽ, ശക്തി, പരപുച്ഛം, നല്ല ആരോഗ്യം, ഒരു പരിധി വരെയുള്ള അമിതത്വം, സംഭാഷണവൈഭവം, അനഭിഗമ്യത, ആത്മവിശ്വാസം, മറ്റാരിലും തൃപ്തിയില്ലായ്മ, ലോകത്തിനു മേൽ ഒരധീശത്വമനോഭാവം, സ്വേച്ഛാപരത, മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള ജ്ഞാനം, ആരിലും വിശ്വാസമില്ലായ്മ, ഒപ്പം, ഒരു ന്യൂനതയുമില്ലാത്ത മറ്റു ഗുണങ്ങൾ, പരിശ്രമശീലം, മനസ്സാന്നിദ്ധ്യം, ധൈര്യം എന്നിവയും. അതേസമയം ഇതിലൊന്നുപോലും എനിക്കില്ല, ഉണ്ടെങ്കിൽത്തന്നെ അത്രയും കുറഞ്ഞ അളവിലും; അങ്ങനെയുള്ള ഞാനാണാണോ ഒരു വിവാഹമെന്ന സാഹസത്തിനൊരുമ്പെടുക- അതും സ്വന്തം ദാമ്പത്യത്തിൽ അങ്ങയ്ക്കു തന്നെ എന്തുമാത്രം മല്ലു പിടിയ്ക്കേണ്ടിവരുന്നുവെന്നും, സ്വന്തം മക്കളുടെ കാര്യത്തിൽ അങ്ങൊരു തികഞ്ഞ പരാജയമായിരിക്കുന്നുവെന്നും കണ്മുന്നിൽ കണ്ടുകൊണ്ടിരിക്കെ? ഇങ്ങനെയൊരു ചോദ്യം വാച്യമായി ഞാൻ സ്വയം ചോദിച്ചിരുന്നുവെന്നല്ല, അതിനൊരു മറുപടി വാച്യമായി ഞാൻ നല്കിയിരുന്നുവെന്നുമല്ല; അല്ലാതെ സാമാന്യബോധം വച്ചുതന്നെ എനിക്കതു കൈകാര്യം ചെയ്യാവുന്നതേയുണ്ടായിരുന്നുള്ളു; അങ്ങയെക്കണക്കല്ലാത്ത മറ്റു ചിലരെ ( ഉദാഹരണത്തിന്‌ റിച്ചാർഡമ്മാവൻ) എനിക്കു ചൂണ്ടിക്കാണിക്കാമായിരുന്നു; അതൊന്നും കണക്കാക്കാതെ എനിക്കു വിവാഹം കഴിക്കാമായിരുന്നു; ഞാനതിനടിയില്പ്പെട്ടു ഞെരിഞ്ഞുതകർന്നില്ലെന്നും വരുമായിരുന്നു- അതുതന്നെ വലിയൊരു കാര്യമാകുമായിരുന്നു, എന്നെ സംബന്ധിച്ചിടത്തോളം അതുതന്നെ അധികമായിരുന്നു. പക്ഷേ ഞാൻ അങ്ങനെയൊരു ചോദ്യം ചോദിക്കാൻ പോയില്ല; മറിച്ച് കുട്ടിക്കാലം മുതലേ അനുഭവമായിരുന്നല്ലോ എനിക്കത്. വിവാഹത്തിന്റെ കാര്യത്തിൽ മാത്രമല്ല, ഓരോ കൊച്ചുകാര്യത്തിലും ഞാൻ ആത്മപരിശോധന നടത്തിയിരുന്നു; സ്വന്തം ദൃഷ്ടാന്തവും ശിക്ഷണവും കൊണ്ട് അങ്ങെന്നെ എന്റെ കഴിവില്ലായ്മ ബോദ്ധ്യപ്പെടുത്തിയിരുന്ന ഓരോ കൊച്ചുകാര്യത്തിലും. ഓരോ ചെറിയ കാര്യത്തിലും ശരിയാകുന്നതും, അതിലൊക്കെ അങ്ങയുടെ ഭാഗം ശരിയായിരുന്നുവെന്നു വരുന്നതുമായ ഒന്ന് ഏറ്റവും വലിയ കാര്യത്തിൽ, വിവാഹത്തിന്റെ കാര്യത്തിലും ശരിയായിരുന്നേ പറ്റൂ. വിവാഹത്തിനുള്ള ശ്രമങ്ങൾ നടത്തുന്നതു വരെയുള്ള എന്റെ ജീവിതം മനശ്ശല്യങ്ങളും വിപൽസൂചനകളുമിരിക്കെത്തന്നെ കണക്കുകളൊന്നും കൃത്യമായി വയ്ക്കാൻ മിനക്കെടാതെ അന്നന്നത്തെ കാര്യം തള്ളിക്കൊണ്ടുപോകുന്ന ഒരു വ്യാപാരിയുടേതായിരുന്നു. ചെറിയ ചില ലാഭങ്ങൾ ഉണ്ടാക്കുന്നത് അത്രയും അപൂർവമായതിനാൽ അയാൾ അതിനെ മനസ്സിലിട്ടു താലോലിക്കുകയും, തന്റെ ഭാവനയിൽ അതിനെ പെരുപ്പിച്ചു കാണുകയും ചെയ്യുമ്പോൾത്തന്നെ ബാക്കിയൊക്കെ നഷ്ടങ്ങളാണയാൾക്ക്. എല്ലാം കണക്കിൽ കൊള്ളിക്കുമ്പോൾത്തന്നെ വരവും ചെലവും പൊരുത്തപ്പെടുത്താൻ അയാൾ മുതിരുന്നില്ല. അപ്പോഴാണ്‌ അയാൾ കണക്കുകൾ ശരിപ്പെടുത്തേണ്ട കാലം വരുന്നത്, എന്നു പറഞ്ഞാൽ വിവാഹം ചെയ്യാനുള്ള എന്റെ ശ്രമമുണ്ടാകുന്നത്. അന്നുവരെയുള്ള വലിയ തുകകൾ കണക്കു കൂട്ടിനോക്കുമ്പോൾ ഉണ്ടായ ചെറിയ ലാഭങ്ങൾ പോലും ഒന്നുമല്ലാതെയാകുന്നു, ശേഷിക്കുന്നത് അത്രയും വമ്പിച്ച ഒരൊറ്റ ബാധ്യതയും. ഭ്രാന്തു പിടിക്കാതെ ഇനി പോയി വിവാഹം കഴിച്ചോളൂ!

ഇങ്ങനെ അവസാനിക്കുന്നു അങ്ങയുമൊത്ത് ഇതുവരെയുള്ള എന്റെ ജീവിതം; ഭാവിയിലേക്ക് അതു കരുതിവച്ചിരിക്കുന്നതും ഈ വിധം.

നെരൂദ- മരം പിളർക്കുന്ന മിന്നൽപ്പിണർ നിന്റെ ചിരി...




നിന്റെ ചിരി: മരം പിളർക്കുന്ന മിന്നൽപ്പിണരത്;
ഒരു വെള്ളിടിയെറ്റിവിടുന്നു മാനം,
ഒരു മരത്തലപ്പിലതു കുറിയ്ക്കു കൊള്ളുന്നു,
ഒറ്റ വാൾവീശൽ പോലതു മരം പിളർക്കുന്നു.

മലനാട്ടിലെ മഞ്ഞത്തുമിലച്ചിലുകളിലുമല്ലാതെ പ്രിയേ,
നിന്റെ ചിരി പോലൊന്നെവിടെ പിറവിയെടുക്കാൻ;
ഉന്നതങ്ങളിൽ കെട്ടഴിഞ്ഞു ചിതറുന്ന വായുവിൽ
അറൌക്കേനിയൻ ചിട്ട പോലെ നിന്റെ ചിരി.

എന്റെ മലനാട്ടുകാരീ, ചീഹ്വാനിലെ തെളിഞ്ഞ പെണ്ണേ,
നിന്റെ ചിരിവാളരിഞ്ഞു വീഴ്ത്തട്ടെ
നിഴലുകളെ, രാത്രിയെ, പുലരിയെ, തേനിറ്റുന്ന നട്ടുച്ചയെ:

നിന്റെ ചിരിയൊരാർഭാടവെളിച്ചം പോലെ
ജീവിതവൃക്ഷത്തിന്മേലാഞ്ഞുപതിക്കുമ്പോൾ
മാനത്തേക്കു കുതികൊള്ളട്ടെ കിളികളതിൽ നിന്നും.

അറൌക്കേനിയ- മറ്റിൽഡേയുടെ(നെരൂദയുടെ ഭാര്യ) ജന്മദേശം
ചീഹ്വാൻ- കൃഷിക്കു പേരു കേട്ട ചിലിയൻ ദേശം



(പ്രണയഗീതകം-51)

Tuesday, August 17, 2010

നെരൂദ-നിന്നെ മണ്ണറിഞ്ഞിട്ടു നാളേറെയായിരിക്കുന്നു...




നിന്നെ മണ്ണറിഞ്ഞിട്ടു നാളേറെയായിരിക്കുന്നു:
അപ്പം പോലെ, മരക്കാതൽ പോലെ നിബിഡം നീ,
നീയൊരുടൽ, അസ്സലുള്ള സത്തകളുടെ സഞ്ചയം,
നിനക്കുണ്ടൊരു വേലമരത്തിന്റെ ഘനം, പച്ചപ്പയറിന്റെ ഭാരം.

ജനാലകൾ കൊട്ടിത്തുറക്കുംപോലെ നിന്റെ കണ്ണുകൾ വിടരുമ്പോൾ
അതിൽ വെളിച്ചപ്പെടുന്നു വസ്തുക്കൾ;
നിന്റെയുണ്മയ്ക്കെന്റെ തെളിവതുമാത്രമല്ല പക്ഷേ;
കളിമണ്ണിൽ മെനഞ്ഞു ചീഹ്വാനിലെ അതിശയച്ചൂളയിൽ ചുട്ടെടുത്തതാണു നിന്നെ.

ജീവികളലിഞ്ഞുപോവുന്നു വായു പോലെ, ജലം പോലെ, മഞ്ഞു പോലെ;
അവ്യക്തമാണവ, കാലം തൊടുമ്പോൾ കാണാതാവുകയാണവ,
മരിക്കും മുമ്പേ പൊടിഞ്ഞുപോവുകയാണവ.

എന്റെ ശവക്കുഴിയിലെന്നോടൊപ്പമൊരു കല്ലായി നീ വന്നുവീഴും ,
നാം പ്രണയിച്ചുതീർക്കാത്ത നമ്മുടെ പ്രണയത്തിലൂടെ
ഈ മണ്ണു ജീവിക്കും, നമ്മോടൊപ്പം.


(പ്രണയഗീതകം-15)


Monday, August 16, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-15

ഞാനിതൊന്നുകൂടി വിശദമാക്കാൻ നോക്കാം. മറ്റെവിടെയുമെന്നതിനെക്കാൾ കൂടുതലായി ഇവിടെയാണ്‌, വിവാഹം കഴിക്കാനുള്ള എന്റെ ഈ ശ്രമത്തിലാണ്‌, അങ്ങയുമായുള്ള എന്റെ ബന്ധത്തിലെ പ്രത്യക്ഷത്തിൽ പരസ്പരവിരുദ്ധമെന്നു തോന്നുന്ന ഘടകങ്ങളുടെ ഏറ്റുമുട്ടൽ തീക്ഷ്ണമാകുന്നത്. പരിപൂർണ്ണമായ ആത്മവിമോചനത്തിനും സ്വാതന്ത്ര്യത്തിനുമുള്ള പ്രതിജ്ഞയാണ്‌ വിവാഹം. എനിക്കൊരു കുടുംബമുണ്ടാകും- എന്റെ അഭിപ്രായത്തിൽ ഒരാൾക്കു കൈവരിക്കാവുന്നതിൽ വച്ചേറ്റവും ഉന്നതമായ നേട്ടമാണത്; എന്നു പറഞ്ഞാൽ, അങ്ങു കൈവരിച്ചവയിൽ വച്ചേറ്റവും ഉന്നതമായതും അതു തന്നെയാണ്‌. അങ്ങനെ ഞാൻ അങ്ങയ്ക്കു തുല്യനാവുന്നു, പഴയതും, പുതിയതുമായ സകല നാണക്കേടുകളും വിസ്മൃതമാവുന്നു. ഇതൊരു യക്ഷിക്കഥ പോലെയാണെന്നതു ഞാൻ സമ്മതിക്കുന്നു; അതിനെ സംശയാസ്പദമാക്കുന്ന ഘടകവും അതു തന്നെ. എത്രയോ അധികമാണത്; അത്രയും കൈവരിക്കുക അസാദ്ധ്യം തന്നെയാണ്‌. തടവിൽ കിടക്കുന്ന ഒരാൾക്ക് അവിടെ നിന്നു രക്ഷപ്പെടാൻ മാത്രമല്ല -അതു ചിലപ്പോൾ സാദ്ധ്യമാകാവുന്നതേയുള്ളു- അതിനൊപ്പം, അപ്പോൾത്തന്നെ, തടവറയുടെ സ്ഥാനത്ത് തനിക്കായി ഒരു സുഖവാസകേന്ദ്രം പണിയാനുള്ള ഉദ്ദേശമാണുള്ളതെന്നു പറയുന്ന പോലെയാണത്. രക്ഷപ്പെടുകയാണെങ്കിൽ അയാൾക്കു തന്റെ പണി നടക്കില്ല; ഇനി പണിയാൻ പോയാലോ, രക്ഷപ്പെടൽ നടക്കുകയുമില്ല. അങ്ങയുമായുള്ള അസന്തുഷ്ടമായ ബന്ധത്തിൽ നിന്ന് എനിക്കൊരു മുക്തി വേണമെങ്കിൽ സാധ്യമായിടത്തോളം അങ്ങയുമായി ഒരു ബന്ധവുമില്ലാത്ത എന്തെങ്കിലുമൊന്നു ഞാൻ ചെയ്യണം; വിവാഹമാണ്‌ ഏറ്റവും ഉന്നതവും മാന്യവുമായ മോചനമാർഗ്ഗമെന്നതിൽ സംശയമില്ല; അതേ സമയം, അങ്ങയോട് ഏറ്റവും അടുത്ത ബന്ധമുള്ളതും അതിനു തന്നെ. അപ്പോൾ പുറത്തുകടക്കാൻ ശ്രമിക്കുക എന്നാൽ അതൊരുതരം ഭ്രാന്താണെന്നേ വരുന്നുള്ളു; ഓരോ ശ്രമത്തിനും ശേഷം ഭ്രാന്തു നിങ്ങൾക്കു ശിക്ഷ കിട്ടുകയും ചെയ്യും.

ഈ അടുത്ത ബന്ധം തന്നെയാണ്‌ ഒരു തരത്തിൽ വിവാഹത്തിലേക്ക് എന്നെ ആകർഷിക്കുന്നതും. അതു മൂലം നമുക്കിടയിൽ വരുന്ന തുല്യതയാണ്‌ എന്റെ മനസ്സിൽ വരുന്നത്; ആ തുല്യത എത്ര മനോഹരമാണെന്ന് മറ്റാരെക്കാളുമേറെയായി അങ്ങയ്ക്കു മനസ്സിലാവുകയും ചെയ്യും: കാരണം, അപ്പോൾ ഞാൻ സ്വതന്ത്രനും, നന്ദിയുള്ളവനും, കുറ്റബോധമില്ലാത്തവനും, സത്യസന്ധനുമായ ഒരു മകനായിരിക്കും; അങ്ങയോ, മനശ്ശല്യങ്ങളകന്ന, അധികാരത്തിന്റെ മുഷ്കില്ലാത്ത, അനുകമ്പാകുലനായ, ചരിതാർത്ഥനായ പിതാവും. പക്ഷേ അങ്ങനെയൊന്നുണ്ടായി വരണമെങ്കിൽ ഇതേവരെ നടന്നതൊക്കെ നടന്നിട്ടില്ലെന്നു ഗണിക്കേണ്ടിവരും, എന്നു പറഞ്ഞാൽ, നമ്മെത്തന്നെ മായ്ച്ചുകളയേണ്ടിവരും.

പക്ഷേ നമ്മൾ നമ്മളായ സ്ഥിതിയ്ക്ക് വിവാഹം എനിക്കു വിലക്കപ്പെട്ടിരിക്കുന്നു; കാരണം അത് അങ്ങയുടെ അധീനത്തിലുള്ള ദേശമത്രെ. ലോകത്തിന്റെ ഭൂപടം ചുരുളഴിച്ചിട്ട് അങ്ങതിൽ നീണ്ടുനിവർന്നു കിടക്കുന്നതായി ഞാൻ ചിലനേരം സങ്കല്പ്പിച്ചുപോകാറുണ്ട്. അങ്ങയുടെ ശരീരം മറയ്ക്കാത്തതോ, അങ്ങയുടെ കൈ എത്താത്തതോ ആയ പ്രദേശം മാത്രമേ എനിക്കു ജീവിക്കാനായി വിധിക്കപ്പെട്ടിട്ടുള്ളു എന്നെനിക്കു തോന്നിപ്പോവും. അങ്ങയുടെ വ്യാപ്തിയെക്കുറിച്ചുള്ള എന്റെ സങ്കല്പം വച്ചു നോക്കുമ്പോൾ അങ്ങനെയുള്ള പ്രദേശങ്ങൾ എത്രയും ചുരുക്കമാണ്‌, അത്രയും വിഷണ്ണവുമാണവ- വിവാഹം അതിൽ പെടുന്നുമില്ല.

ഈ താരതമ്യം തന്നെ തെളിവാണ്‌, ബിസിനസ്സിൽ നിന്നെന്നപോലെ വിവാഹത്തിൽ നിന്നും സ്വന്തം ദൃഷ്ടാന്തം വഴി അങ്ങെന്നെ ആട്ടിയോടിക്കുകയായിരുന്നുവെന്നു സമർത്ഥിക്കാനല്ല എന്റെ ശ്രമമെന്ന്. നേരേ മറിച്ചാണത്- എന്തൊക്കെ വിദൂരസാമ്യമുണ്ടായാൽപ്പോലും. അങ്ങയുടേത് എന്റെ കണ്മുന്നിലുള്ള മാതൃകാദാമ്പത്യമായിരുന്നു -സ്ഥിരതയിൽ, പരസ്പരസഹായത്തിൽ, കുട്ടികളുടെ എണ്ണത്തിൽ; കുട്ടികൾ വളർന്ന് അങ്ങയുടെ മനസ്സമാധാനത്തെ അധികമധികം ശല്യപ്പെടുത്താൻ തുടങ്ങിയപ്പോൾക്കൂടി അങ്ങയുടെ വിവാഹബന്ധത്തെ അതു കാര്യമായി സ്പർശിച്ചതേയില്ല. ഈ ഉദാഹരണത്തിൽ നിന്നായിരിക്കാം വിവാഹത്തെക്കുറിച്ചുള്ള എന്റെ ആദർശം രൂപപ്പെട്ടതും. വിവാഹത്തിനുള്ള എന്റെ ആഗ്രഹം നിഷ്ഫലമായിപ്പോയത് മറ്റു ചില കാരണങ്ങളാലായിരുന്നു. സ്വന്തം കുട്ടികളുമായുള്ള അങ്ങയുടെ ബന്ധത്തിലാണതു കിടക്കുന്നത്- ഈ കത്തിന്റെ ഒറ്റവിഷയവും അതു തന്നെ.

സ്വന്തം അച്ഛനമ്മമാരോടു ചെയ്ത പാതകങ്ങൾക്ക് പില്ക്കാലത്ത് തന്റെ കുട്ടികൾ അതേ നാണയത്തിൽ പകരം വീട്ടുമോയെന്ന ഭീതി കാരണമാണ്‌ ചിലർ വിവാഹം കഴിക്കുന്നതിൽ നിന്നൊഴിഞ്ഞുമാറുന്നതെന്നു പറഞ്ഞുകേട്ടിട്ടുണ്ട്.എന്റെ കാര്യത്തിൽ അതു പ്രസക്തമേയല്ലെന്നാണ്‌ എന്റെ വിശ്വാസം; കാരണം എന്റെ കുറ്റബോധം ഉത്ഭവിക്കുന്നതുതന്നെ അങ്ങയിൽ നിന്നുമാണ്‌; തുല്യതയില്ലാത്തതാണതെന്ന ബോധവും അതിനുണ്ട്- സത്യത്തിൽ ആ ബോധം തന്നെ എന്റെ ആത്മപീഡനത്തിനു കാര്യമായ പങ്കു വഹിക്കുകയും ചെയ്യുന്നു: ഒരാവർത്തനം അസാദ്ധ്യമാണ്‌. എന്തായാലും മിണ്ടാട്ടമില്ലാത്ത, മ്ളാനിയായ, ഉത്സാഹമില്ലാത്ത, ചിന്താകുലനായ ഒരു പുത്രനെ എനിക്കു തന്നെ സഹിക്കാൻ പറ്റില്ലെന്നേ ഞാൻ പറയൂ; ഞാൻ അവനെ കളഞ്ഞിട്ട് ഓടിപ്പോയേക്കാം; എന്റെ വിവാഹത്തിന്റെ കാര്യം വന്നപ്പോൾ അങ്ങാദ്യം ആലോചിച്ചപോലെ, മറ്റൊരു നാട്ടിലേക്കു ഞാൻ കുടിയേറിയെന്നും വന്നേക്കാം. അപ്പോൾ വിവാഹത്തിന്റെ കാര്യത്തിലുള്ള എന്റെ കഴിവുകേടിന്‌ അതും ഭാഗികമായ ഒരു കാരണമായിട്ടുണ്ടാവാം.

പക്ഷേ അതിലൊക്കെ വച്ച് ഏറ്റവും പ്രധാനമായിരുന്നു എന്നെച്ചൊല്ലിയുള്ള എന്റെ ഉത്കണ്ഠ. അതിനെ മനസ്സിലാക്കേണ്ടത് ഈ വിധമാണ്‌: നേരത്തേ ഞാൻ സൂചിപ്പിച്ചതാണല്ലോ, എന്റെ എഴുത്തും അതിനോടു ബന്ധപ്പെട്ട കാര്യങ്ങളും വഴി സ്വാതന്ത്ര്യത്തിനുള്ള ചെറിയ ചില ശ്രമങ്ങൾ, പലായനത്തിനുള്ള ശ്രമങ്ങൾ, ഒട്ടും ഫലം കാണാത്തവയും, ഞാൻ നടത്തിയിരുന്നുവെന്ന്. അതൊന്നും എന്നെ എങ്ങും കൊണ്ടെത്തിക്കാൻ പോകുന്നില്ല: അതിനുള്ള തെളിവുകൾ എത്രയെങ്കിലും എന്റെ കൈവശമുണ്ട്. എന്നാൽക്കൂടി എനിക്കവയെ കാത്തു സൂക്ഷിക്കാതെ വയ്യ- കൃത്യമായി പറഞ്ഞാൽ ജീവിതം തന്നെ എനിക്കിതായിരുന്നു: എനിക്കു തടുക്കാവുന്ന ഒരപകടവും- അതിനുള്ള സാദ്ധ്യത പോലും- അവയെ സമീപിക്കാതെ നോക്കുക. അങ്ങനെയൊരു അപകടസാദ്ധ്യതയാണു വിവാഹം; ശരി തന്നെ, ഏറ്റവും വലിയ പിന്തുണയ്ക്കുള്ള സാദ്ധ്യതയുമാണത്; പക്ഷേ ഒരപകടത്തിനുള്ള സാദ്ധ്യതയാണതെന്നതു തന്നെ എനിക്കു മതിയായ കാരണമായി. അതങ്ങനെയൊരപകടമായിപ്പോയാൽ ഞാനെന്തു ചെയ്യും! അങ്ങനെയൊരപകടത്തെക്കുറിച്ചുള്ള ബോധവുമായി- തെളിവില്ലെങ്കില്ക്കൂടി നിസ്തർക്കമാണത്- എങ്ങനെ ഞാനൊരു വിവാഹബന്ധം തുടർന്നുകൊണ്ടുപോകും! അതിനെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ എന്റെ മനസ്സൊന്നു ചാഞ്ചാടുമെങ്കില്ക്കൂടി അനന്തരഫലം സുനിശ്ചിതമാണ്‌: അതു കൂടാതെ ഞാൻ കഴിക്കണം. കൈയിലുള്ള ഒരു പക്ഷിയെയും പൊന്തയിലുള്ള മറ്റു രണ്ടിനെയും കുറിച്ചുള്ള ഉപമ അതിവിദൂരമായ ഒരർത്ഥത്തിലേ ഇവിടെ പ്രയോഗത്തിൽ വരുന്നുള്ളു. എന്റെ കൈയിൽ യാതൊന്നുമില്ല: പൊന്തയിലാവട്ടെ, എല്ലാമുണ്ടു താനും. എന്നാൽക്കൂടി എനിക്കു തിരഞ്ഞെടുക്കേണ്ടി വരുന്നത് ഒന്നുമില്ലായ്മയെയാണ്‌; എന്റെ സമരവും എന്റെ ജീവിതത്തിന്റെ അടിയന്തിരാവശ്യങ്ങളും അങ്ങനെയൊരു തീരുമാനത്തിന്‌ എന്നെ നിർബന്ധിക്കുകയാണ്‌. എന്റെ തൊഴിലിന്റെ കാര്യത്തിലും ഇങ്ങനെയൊരു തിരഞ്ഞെടുപ്പാണല്ലോ എനിക്കു നടത്തേണ്ടിവന്നത്.


link to image


നെരൂദ-വൻകര നിനക്കു തന്നു നാരകത്തിന്റെ മുടിയിഴകൾ...



തുരുത്തുകൾ നിനക്കു തന്നു ദേവതാരമുടിയിഴകൾ,
യുഗങ്ങൾ പണിക്കുറ തീർത്തൊരുടൽ,
ദാരുക്കളുടെ കടലുകൾ പരിചയിച്ച സിരകൾ,
മാനത്തു നിന്നോർമ്മയിലേക്കിറ്റുവീണ ചോരപ്പച്ചയും.

അത്രയും വേരുകൾക്കിടയിൽ കാണാതെപോയ ഹൃദയത്തെ
ആരെനിക്കായി വീണ്ടെടുത്തു വരാൻ?
എന്റെ യാത്രയിലൊപ്പം വരാത്തൊരു നിഴൽ ജീവിക്കുന്നു
കോളു കൊണ്ട കടലിൽ പെരുകുന്ന വെയിലിന്റെ ലവണദീപ്തിയിൽ.

അതിനാലല്ലേ നീ പൊന്തിവന്നു തെക്കു നിന്നൊരു തുരുത്തു പോലെ;
അതിൽ കുടിയേറിയിരുന്നു മരങ്ങളും തൂവലുകളും.
അലയുന്ന കാടിന്റെ പരിമളവും അതിൽ ഞാനറിഞ്ഞു.

കണ്ടെടുത്തു ഞാൻ കാടുകളിൽ വച്ചറിഞ്ഞ ഗോപ്യമായ തേൻകുടം,
നിന്റെയരക്കെട്ടിൽ ഞാൻ തൊട്ടു നിഴലിന്റെ പൂവിതളുകൾ:
എന്നോടൊത്തു പിറന്നവ, എന്റെയാത്മാവുമായവ.


(പ്രണയഗീതകം-30)


Sunday, August 15, 2010

നെരൂദ-നമ്മുടെ പ്രണയകാലം കടന്നുപോകും...



നമ്മുടെ പ്രണയകാലം കടന്നുപോകും,
മറ്റൊരു നീലിമ വന്നുചേരും;
അതേയസ്ഥികളെ മൂടും മറ്റൊരു ചർമ്മം:
വസന്തത്തെ നോക്കിനില്ക്കും മറ്റുചില കണ്ണുകൾ.

നമ്മുടെ കാലത്തെ കെട്ടിയിടാൻ വെമ്പിയവർ,
പുകയുടെ വ്യാപാരികൾ, ഗുമസ്തന്മാർ,
ക്രയവിക്രയക്കാർ, കൈമാറ്റത്തൊഴിലുകാർ,
തങ്ങൾ നെയ്ത ചരടുകളില്പ്പിണഞ്ഞു കിടക്കുമവർ.

കടന്നുപോകും കണ്ണട വച്ച ക്രൂരദൈവങ്ങൾ,
പുസ്തകം കൈയിലെടുത്ത രോമാവൃതസത്വം,
പച്ചച്ചെള്ളുകളും, ചിലപ്പൻകിളികളും.

ലോകം പുതുമയിൽ കുളിച്ചുകേറുമ്പോൾ
ജലത്തിൽ പിറവിയെടുക്കും മറ്റുചില കണ്ണുകൾ,
കണ്ണീരു നനയ്ക്കാതെ വിളയും ഗോതമ്പുകതിരുകൾ.


(പ്രണയഗീതകം-96)



Saturday, August 14, 2010

റൂമി-8

 

തോഴനെ വഴിയിൽ കാണുമ്പോൾ
അവന്റെ കാതിൽ മന്ത്രിക്കൂ
ആത്മാവിന്റെ രഹസ്യങ്ങൾ.
കാണുന്നതൊരു പനിനീർപ്പൂവെങ്കിൽ
പാടിത്തിമിർക്കുക കുയിലിനെപ്പോലെ.

*

ഏതു കുതിരയ്ക്കുമൊരു ലായമുണ്ട്,
ഏതു കന്നിനുമൊരു തൊഴുത്തുണ്ട്,
ഏതു കിളിയ്ക്കുമൊരു കൂടുണ്ട്.
എല്ലാമറിഞ്ഞു ദൈവവുമുണ്ട്.

*

എരിയുന്ന വള്ളിപ്പടർപ്പു കാണുന്നു
മോശയെപ്പോലെ നിങ്ങൾ.
അതിൽ നിന്നൊരു തീപ്പൊരിക്കായി
ചെല്ലുന്ന നിങ്ങൾ കാണുന്നു
അനന്തകോടി സൂര്യോദയങ്ങൾ,
അത്രയുമസ്തമയങ്ങളും.

*

പുറമേ നിന്നകമേ നോക്കുന്നതാര്‌?
മറിഞ്ഞ മനങ്ങൾക്കുള്ളിൽപോലും
അത്രയും രഹസ്യങ്ങൾ കാണുന്നതാര്‌?

*

Friday, August 13, 2010

നെരൂദ- നോവിൽ നിന്നു നോവിലേക്കു തുരുത്തുകൾ താണ്ടുന്നു പ്രണയം...




നോവിൽ നിന്നു നോവിലേക്കു തുരുത്തുകൾ താണ്ടുന്നു പ്രണയം,
കണ്ണീരു തേവിത്തേവിയതു വേരുകളിറക്കുന്നു,
ഹൃദയമൊരു മാംസഭോജി; അതൊളിവേട്ടയ്ക്കിറങ്ങുമ്പോൾ
ആർക്കുമാർക്കുമാവില്ലതിനെത്തടുക്കാൻ.

നീയും ഞാനുമതിനാൽത്തേടി ഒരു മാളം, ഒരന്യഗ്രഹം,
നിന്റെ മുടിയെത്തൊടില്ലുപ്പിന്റെ പരലുകളവിടെ,
ഞാനായിട്ടൊരു ദുരിതം പിറക്കില്ലവിടെ,
വേദനയിൽ നിന്നു മുക്തമായിരിക്കുമപ്പമവിടെ.

ദൂരങ്ങളുമടിക്കാടുകളും കണ്ണികോർത്തൊരു ഗ്രഹം,
നിഷ്ഠുരവും നിർജ്ജനവുമായൊരു ശിലാകൂടം:
അവിടെ ബലത്തൊരു കൂടു കൂട്ടാൻ നാം കൊതിച്ചു,

ക്ഷതങ്ങളില്ലാതെ, മുറിപ്പാടുകളില്ലാതെ, വാക്കുകളില്ലാതെ.
അതല്ല പ്രണയം പക്ഷേ: അതുന്മാദികളുടെ നഗരം;
വരാന്തകളിൽ വിളറിവെളുക്കുന്നു ആ നഗരവാസികൾ.


(പ്രണയഗീതകം-71)


Thursday, August 12, 2010

നെരൂദ-ഒരു വട്ടം കൂടി പ്രിയേ, പകലിന്റെ വല കെടുത്തുന്നു വേലകൾ,ചക്രങ്ങൾ...



ഒരിക്കല്ക്കൂടി പ്രിയേ, പകലിന്റെ വല കെടുത്തുന്നു ജോലികൾ, ചക്രങ്ങൾ,
പ്രാണൻ പോകുന്ന കുറുകലുകൾ, വിടവാങ്ങലുകൾ...
രാവിനു നാമടിയറ വയ്ക്കുന്നു കാറ്റിലാടുന്ന ഗോതമ്പുകതിരുകൾ,
മണ്ണിലും വെളിച്ചത്തിലും നിന്നു നട്ടുച്ച കൊയ്ത വിളകൾ.

ഒഴിഞ്ഞ താളിൻ നടുവിൽ ഏകാകി ചന്ദ്രൻ,
അവൻ താങ്ങിനില്ക്കുന്നു മാനത്തിന്നഴിമുഖത്തിന്റെ തൂണുകൾ,
കിടപ്പറയ്ക്കു സുവർണ്ണമായൊരാലസ്യം പകരുന്നു,
രാത്രിയ്ക്കൊരുക്കങ്ങൾ നടത്തി നിന്റെ കൈകൾ പെരുമാറുന്നു.

പ്രിയേ, രാത്രീ, പ്രചണ്ഡഗോളങ്ങളെ തിളക്കി,
പിന്നെയവയ മുക്കിത്താഴ്ത്തുന്ന മാനത്തിന്നിരുട്ടിൽ
ഗഹനമായൊരു പുഴ ചൂഴുന്ന കുംഭഗോപുരമേ…

ഒടുവിലൊരേയൊരിരുണ്ടയിടമാവുന്നു നാം,
സ്വർഗ്ഗീയഭസ്മം വന്നുവീഴുന്നൊരു ചഷകം,
അലസമൊഴുകുന്നൊരു വൻപുഴയുടെ തുടിപ്പിലൊരു തുള്ളി.


(പ്രണയഗീതകം-84)


link to image

Wednesday, August 11, 2010

നെരൂദ- എന്റെ വിരൂപേ, തൊലി ചതഞ്ഞൊരു ബദാംകായ നീ...



എന്റെ വിരൂപേ, തൊലി ചതഞ്ഞൊരു  ബദാംകായ നീ,
എന്റെ സുന്ദരീ, തെന്നൽ പോലത്തെ ചാരുത നീ,
എന്റെ വിരൂപേ, രണ്ടു വായകൾക്കുണ്ടല്ലോ നിന്റെ വായ,
എന്റെ സുന്ദരീ, തണ്ണിമത്തൻ പോലെ കുളിരുന്നു നിന്റെ ചുംബനങ്ങൾ.

എന്റെ വിരൂപേ, എവിടെപ്പോയൊളിച്ചു നിന്റെ മാറത്തുള്ളവ?
അവയത്ര തുച്ഛം രണ്ടു കപ്പു  ഗോതമ്പു പോലെ.
എനിക്കു കൊതി നിന്റെ മാറിൽ രണ്ടു ചന്ദ്രന്മാരെ കാണാൻ:
നിന്റെ കോയ്മയുടെ കൂറ്റൻ ഗോപുരങ്ങൾ.

എന്റെ വിരൂപേ, കടലിന്റെ കലവറയിലുമില്ല നിന്റെ കാൽനഖങ്ങൾ,
എന്റെ സുന്ദരീ, ഓരോ പൂവും, തിരയും, നക്ഷത്രവുമെണ്ണി
നിന്റെയുടലിന്റെ കണക്കു ഞാനെടുത്തിരിക്കുന്നു

എന്റെ വിരൂപേ, ആ പൊന്നരക്കെട്ടിനാൽ നിന്നെ ഞാൻ പ്രേമിക്കുന്നു,
എന്റെ സുന്ദരീ, ആ നെറ്റിയിലെ ഒരു ചുളിവിനാൽ നിന്നെ ഞാൻ പ്രേമിക്കുന്നു,
എന്റെ പ്രിയേ,  ഇരുളും വെളിച്ചവുമാണു നീയെന്നതിനാൽ നിന്നെ ഞാൻ പ്രേമിക്കുന്നു.



(പ്രണയഗീതകം-20)



ചിത്രം-ഗോഗാങ്ങ്‌

Tuesday, August 10, 2010

നെരൂദ-ഞാൻ മരിച്ചാലതിജീവിക്കുകയത്രയുമൂറ്റത്തോടെ…



ഞാൻ മരിച്ചാലതിജീവിക്കുകയത്രയുമൂറ്റത്തോടെ,
അതുകണ്ടു ക്ഷോഭിക്കട്ടെ തണുപ്പും വിളർച്ചയും;
തെക്കുദിക്കിൽ പാളട്ടെ മായാത്ത നിന്റെ കണ്ണുകൾ,
സൂര്യനിലേക്കൊച്ചപ്പെടട്ടെ നിന്റെ ഗിത്താറിന്റെ വദനം.

നിന്റെ ചിരിയും നിന്റെ ചുവടുകളുമിടറുന്നതെനിക്കിഷ്ടമല്ല,
ഞാനിഷ്ടദാനം നല്കിയ ചിരി മരിക്കുന്നതെനിക്കിഷ്ടമല്ല.
എന്റെ നെഞ്ചിലേക്കു വിളിക്കരുത്: ഞാനവിടെയില്ല.
എന്റെയഭാവത്തിൽ ജീവിക്കുക ഒരു വീട്ടിലെന്നപോലെ.

അത്രയും വിസ്തൃതമായൊരു വീടാണത്, അഭാവം:
നിനക്കു നടക്കാമതിന്റെ ചുമരുകൾക്കുള്ളിലൂടെ,
വെറും വായുവിൽ തൂക്കിയിടാം ചിത്രങ്ങൾ.

അത്രയും സുതാര്യമായൊരു വീടാണത്, അഭാവം:
ജീവനില്ലാത്ത എനിക്കു കാണാം ജീവനോടുള്ള നിന്നെ.
നീ സങ്കടപ്പെട്ടാൽ പ്രിയേ, മരിക്കുമേ ഞാൻ രണ്ടാമതും.

 


(പ്രണയഗീതകം-94)


Monday, August 9, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-14

 

നമ്മൾ രണ്ടുപേരും കുറ്റക്കാരല്ലെന്നതിന്‌ ഏറ്റവും വ്യക്തമായ ഉദാഹരണമാണിതെന്നു തോന്നുന്നു. ഏ ബീ-യ്ക്ക് ചില ഉപദേശങ്ങൾ നല്കുകയാണ്‌, ഒന്നുമൊളിയ്ക്കാതെയും തന്റെ ജീവിതവീക്ഷണത്തിനു നിരക്കുന്നതും; അത്ര സുന്ദരമൊന്നുമല്ലെങ്കിലും നഗരത്തിൽ പതിവുള്ളതാണത്; ഒരുപക്ഷേ ആരോഗ്യത്തിനു കേടു വരുത്താത്തതും. ഈ ഉപദേശം ബീ-യ്ക്ക് ഒരുതരത്തിലുള്ള ധാർമ്മികബലവും നല്കുന്നില്ല; വർഷങ്ങളുടെ പരിചയം കൊണ്ട് അയാൾ അപകടത്തിന്റെ വഴിയിൽ നിന്നു മാറിനടക്കാൻ പഠിക്കുമെന്നു കരുതാതിരിക്കാൻ ന്യായവുമില്ല; അതിനൊക്കെപ്പുറമേ, അയാൾ ഇങ്ങനെ ഒരുപദേശം സ്വീകരിച്ചുകൊള്ളണമെന്ന നിർബന്ധവുമില്ല; എന്തായാലും, ബി-യുടെ ലോകം തകർന്നു തരിപ്പണമാകാൻ പോകുന്ന അവസരത്തിലൊന്നുമല്ല ഉപദേശം ഉണ്ടായിരിക്കുന്നതും. അങ്ങനെയൊന്നാണു പക്ഷേ സംഭവിച്ചത്- അതിനു കാരണം അങ്ങ് എ ആയതും ഞാൻ ബി ആയതും.

നമ്മൾ രണ്ടുപേരും പഴി കേൾക്കേണ്ടവരല്ലെന്നത് വിശാലമായ ഒരർത്ഥത്തിൽ കാണാനും എനിക്കു കഴിയുന്നുണ്ട്; നമ്മൾ തമ്മിൽ ഇതു പോലൊരു ഏറ്റുമുട്ടൽ ഇരുപതു വർഷത്തിനു ശേഷം വ്യത്യസ്തമായ ഒരു സന്ദർഭത്തിൽ നടന്നിരിക്കുന്നല്ലോ. നടന്നുകഴിഞ്ഞ സ്ഥിതിയ്ക്ക് അതു ഭീകരം തന്നെയായിരുന്നുവെങ്കിലും ഹാനികരമായിരുന്നില്ല- മുപ്പത്താറു കഴിഞ്ഞ എന്നിൽ ഹനിക്കാനായി എന്തിരിക്കുന്നു ബാക്കി?. വിവാഹം കഴിക്കാനുള്ള എന്റെ അവസാനത്തെ പദ്ധതിയെക്കുറിച്ച് അങ്ങയോടു പറഞ്ഞതിനെത്തുടർന്നുള്ള കലുഷമായ ദിവസങ്ങളിലൊന്നിൽ അങ്ങു നടത്തിയ ഒരു അഭിപ്രായപ്രകടനത്തിന്റെ കാര്യമാണു ഞാൻ പരാമർശിക്കുന്നത്. അങ്ങു പറഞ്ഞതിന്റെ ഏകദേശരൂപം ഇതായിരുന്നു: ‘അവൾ ഏതോ ബ്ലൗസു നോക്കിയെടുത്തിട്ടുകൊണ്ടുവന്നു-പ്രേഗിലെ ജൂതത്തികൾക്ക് അതൊക്കെ നല്ല വശമാണല്ലോ-, അതു കണ്ടപാടെ നീ അവളെക്കേറിയങ്ങ് കല്യാണം കഴിക്കാനും തീരുമാനിച്ചു. എത്രയും വേഗം, ഒരാഴ്ചയ്ക്കുള്ളിൽ, നാളെ, ഇന്നുതന്നെ. എനിക്കു നിന്റെ മനസ്സിലിരുപ്പു പിടികിട്ടുന്നില്ല; മുതിർന്ന ഒരുത്തൻ; നഗരത്തിൽ ജീവിക്കുന്നവൻ; എന്നിട്ട് ആദ്യം കാണുന്ന പെണ്ണിനെ പോയി വിവാഹം കഴിക്കാനേ നിനക്കു തോന്നിയുള്ളു? ഇതിനൊക്കെ വേറെ വഴികളൊന്നുമില്ലേ? നിനക്കു പേടിയാണെങ്കിൽ പറഞ്ഞോ, ഞാൻ കൂടെ വരാം.‘ ഇത്രയൊന്നുമല്ല അങ്ങു പറഞ്ഞത്, ഇതിനെക്കാൾ വെട്ടിത്തുറന്നുമാണ്‌; പക്ഷേ എനിക്കതിന്റെ വിശദാംശങ്ങൾ ഓർമ്മയിൽ വരുന്നില്ല; എന്റെ കാഴ്ച മങ്ങിപ്പോയിരിക്കണം; അമ്മയുടെ പെരുമാറ്റമാണു ഞാൻ കൂടുതൽ ശ്രദ്ധിച്ചത്: അങ്ങയുടെ അഭിപ്രായത്തോടു പൂർണ്ണമായ യോജിപ്പായിരുന്നുവെങ്കിലും മേശപ്പുറത്തു നിന്ന് എന്തോ എടുത്തുകൊണ്ട് അമ്മ മുറി വിട്ടു പോവുകയായിരുന്നു.

മുമ്പൊരിക്കലും അങ്ങെന്നെ വാക്കുകൾ കൊണ്ട് ഇത്രയും മുറിപ്പെടുത്തിയിട്ടുണ്ടാവില്ല, തന്റെ അവജ്ഞ ഇത്രയും തുറന്നു പ്രകടിപ്പിച്ചിട്ടുമില്ല. ഇരുപതുകൊല്ലം മുമ്പ് ഇതേ മാതിരി അങ്ങെന്നോടു സംസാരിക്കുമ്പോൾ പ്രായത്തിൽ കവിഞ്ഞ മിടുക്കു കാണിക്കുന്ന ഒരു കുട്ടിയോടുള്ള ബഹുമാനം അങ്ങയുടെ കണ്ണുകളിൽ കണ്ടെത്താമായിരുന്നു; ഇനിയും പൊന്തയിൽ തല്ലി നേരം കളയാതെ ഇവനെ നേരേ ജീവിതത്തിലേക്കു കടത്തിവിടാവുന്നതേയുള്ളു. ഇന്നു പക്ഷേ ആ പരിഗണന അങ്ങയുടെ അവജ്ഞയുടെ ആഴം കൂട്ടുകയാണു ചെയ്യുക; എന്തെന്നാൽ ജീവിതത്തിലേക്കു കാലെടുത്തു വയ്ക്കാൻ തുടങ്ങിയ കുട്ടി അവിടെത്തന്നെ തറഞ്ഞുനിന്നുപോയിരിക്കുന്നു; അങ്ങയുടെ കണ്ണിൽ ഇന്നവന്‌ ഒരനുഭവത്തിന്റെയെങ്കിലും സമ്പത്തുണ്ടായിട്ടില്ല, മറിച്ച് ഇരുപതു കൊല്ലത്തിന്റെ ദൈന്യതയാണ്‌ അവൻ കൂട്ടിവച്ചിരിക്കുന്നത്. ഞാൻ ഒരു പെൺകുട്ടിയെ തിരഞ്ഞെടുക്കുന്നത് അങ്ങയെ സംബന്ധിച്ച് ഒരു വിഷയമേ ആയിരുന്നില്ല. ഒരു സംഗതി നടത്തിക്കൊണ്ടുപോകാനുള്ള എന്റെ ആത്മബലത്തെ അങ്ങ് (അബോധപൂർവമായി) അമർത്തിപ്പിടിക്കുകയായിരുന്നു; ഇന്നാകട്ടെ, അതിനിത്ര വിലയേയുള്ളുവെന്ന് അങ്ങ് (അബോധപൂരവമായി) വിശ്വസിക്കുകയും ചെയ്യുന്നു. രക്ഷപ്പെടാൻ മറ്റു ദിശകളിലൂടെ ഞാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് അങ്ങയ്ക്കു യാതൊന്നുമറിയില്ലായിരുന്നു, അതിനാൽ ഈ വിവാഹശ്രമത്തിലേക്ക് എന്നെ നയിച്ച ചിന്താധാരയെക്കുറിച്ചും അങ്ങയ്ക്കു യതൊരു ധാരണയുമുണ്ടായില്ല; അതങ്ങയ്ക്ക് ഊഹിച്ചെടുക്കേണ്ടിയിരുന്നു; ആ നിഗമനമാകട്ടെ, എന്നെക്കുറിച്ച് അങ്ങയ്ക്കുള്ള പൊതുധാരണയ്ക്ക് ചേർന്നുപോകുന്നതുമായിരുന്നു: അത്രയ്ക്കു താണതും, നിന്ദ്യവും, അപഹാസ്യവും. ആ രീതിയിൽത്തന്നെ അതെന്റെ മുഖത്തു നോക്കിപ്പറയാനും അങ്ങയ്ക്ക് ഒരു നിമിഷം പോലും അറച്ചുനില്ക്കേണ്ടിയും വന്നില്ല. ഈ വിവാഹം വഴി ഞാൻ അങ്ങയ്ക്കു വരുത്തുന്ന പേരുദോഷത്തിനു മുന്നിൽ അന്ന് അങ്ങെനിക്കേല്പ്പിച്ച ദ്രോഹം ഒന്നുമല്ലെന്നായിരുന്നു അങ്ങയുടെ അഭിപ്രായം.

വിവാഹം കഴിക്കാനുള്ള എന്റെ ശ്രമങ്ങളുടെ കാര്യത്തിൽ അങ്ങയ്ക്കു തിരിച്ചുപറയാൻ എന്തൊക്കെയുണ്ടെന്ന് എനിക്കറിയാത്തതല്ല: അതൊക്കെ അങ്ങു പറയുകയും ചെയ്തിട്ടുണ്ട്- എഫ്-ഉമായുള്ള വിവാഹനിശ്ചയത്തിൽ നിന്ന് രണ്ടു തവണ ഒഴിഞ്ഞുമാറിയിട്ട്  വീണ്ടുമതു പുതുക്കാൻ നോക്കുന്ന ഒരാളുടെ തീരുമാനങ്ങളിൽ തനിക്കത്ര മതിപ്പില്ലെന്നും, വിവാഹനിശ്ചയം ആഘോഷിക്കാൻ അച്ഛനെയും അമ്മയെയും ബർലിനിലേക്കു ഞാൻ ബലമായി പിടിച്ചുവലിച്ചു കൊണ്ടുപോയിട്ട് അതെല്ലാം വൃഥാവിലായെന്നുമൊക്കെ. അതൊക്കെ സത്യം തന്നെ- പക്ഷേ അങ്ങനെയൊന്നിലേക്കു കാര്യങ്ങൾ എത്തിയതെങ്ങനെ?

രണ്ടു വിവാഹശ്രമങ്ങൾക്കും പിന്നിലെ അടിസ്ഥാനപരമായ ആശയം തികച്ചും ന്യായം തന്നെയായിരുന്നു: കുടുംബമായി ജീവിക്കുക, സ്വതന്ത്രനാവുക. അങ്ങയ്ക്ക് അഹിതം തോന്നേണ്ട ആശയമൊന്നുമല്ല അത്; പക്ഷേ, ഇങ്ങനെയൊരു കുട്ടിക്കളിയുണ്ടല്ലോ, ഒരാൾ മറ്റൊരാളുടെ കൈയിൽ പിടിച്ചിട്ട്, ശരിക്കും പിടിച്ചുവച്ചിട്ട്, ഇങ്ങനെ വിളിച്ചുപറയുകയാണ്‌: ‘പൊയ്ക്കോ, പൊയ്ക്കോ, താനെന്താ പോകാത്തത്?’ അതു പോലെയാണത് യഥാർത്ഥത്തിൽ. നമ്മുടെ കാര്യത്തിൽ അതല്പ്പം കൂടി സങ്കീർണ്ണമാണെന്നേയുള്ളു; കാരണം, ‘പൊയ്ക്കോ’ എന്നു പറയുമ്പോൾ അങ്ങതു ശരിക്കും അർത്ഥമാക്കുക തന്നെയാണ്‌; അങ്ങയുടെ വ്യക്തിബലം കൊണ്ട് താനറിയാതെ തന്നെ അങ്ങെന്നെ പിടിച്ചുനിർത്തുകയായിരുന്നല്ലോ; ശരിക്കു പറഞ്ഞാൽ പിടിച്ചുതാഴ്ത്തുകയായിരുന്നു.

രണ്ടു പെൺകുട്ടികളുടെ കാര്യത്തിലും എന്റെ തിരഞ്ഞെടുപ്പ് ഒട്ടും മോശമായിരുന്നില്ല, എനിക്കവർ വീണുകിട്ടുകയായിരുന്നു എന്നതു ശരിയാണെങ്കിൽത്തന്നെയും. ഭീരുവും, സംശയാലുവും, അമാന്തക്കാരനുമായ ഞാൻ പെട്ടെന്ന് ഒരു ബ്ലൗസിന്റെ ആകർഷണത്തിൽ വീണുപോയിട്ട് ഒരു തീരുമാനമെടുത്തു എന്ന് അങ്ങു വിശ്വസിക്കുമ്പോൾ അങ്ങയുടെ തികഞ്ഞ തെറ്റിദ്ധാരണയുടെ മറ്റൊരു ലക്ഷണമാണു പ്രകടമാവുന്നത്. മറിച്ച് സാമാന്യയുക്തിക്കു ചേരുന്ന വിവാഹങ്ങളാകുമായിരുന്നു രണ്ടും, രാവും പകലും, ആദ്യത്തെത്തവണ വർഷങ്ങളായി, രണ്ടാമത്തെത്തവണ മാസങ്ങളും, ആ പദ്ധതിയിൽ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു എന്റെ ചിന്താശേഷിയൊക്കെ എന്നാണ്‌ അതുകൊണ്ടർത്ഥമാക്കുന്നതെങ്കിൽ.

രണ്ടുപേരിൽ ഒരാളും എന്നെ നിരാശപ്പെടുത്തിയില്ല- ഞാനാണ്‌ ഇരുവരെയും നിരാശപ്പെടുത്തിയത്. ഇന്ന് എനിക്കവരെക്കുറിച്ചുള്ള വിലയിരുത്തൽ ഞാൻ അവരെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന കാലത്തേതിൽ നിന്ന് ഒട്ടും മാറിയിട്ടില്ല.

എന്റെ രണ്ടാമത്തെ ശ്രമത്തിന്റെ കാര്യത്തിൽ എനിക്കാദ്യമുണ്ടായ അനുഭവത്തിൽ നിന്നു ഞാൻ പാഠം പഠിച്ചില്ല , മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഞാനൊരു ഗൗരവം കാണിച്ചില്ല എന്നുള്ള അങ്ങയുടെ ചിന്തയും യാഥാർത്ഥ്യത്തിനു നിരക്കുന്നതല്ല. അതു രണ്ടും രണ്ടാണ്‌- ആദ്യത്തേതിൽ നിന്നുള്ള അനുഭവങ്ങൾ കൊണ്ടുതന്നെയാണ്‌ രണ്ടാമത്തേതിൽ എനിക്കു പ്രതീക്ഷയുണ്ടായതും; അതിൽ കൂടുതൽ പ്രത്യാശയ്ക്കും ഞാൻ വഴി കണ്ടു. വിശദാംശങ്ങളിലേക്കൊന്നും ഞാൻ പോകുന്നില്ല.

എന്നിട്ടു പിന്നെ ഞാനെന്തുകൊണ്ടു വിവാഹം ചെയ്തില്ല? ചില തടസ്സങ്ങളുണ്ടായിരുന്നു, എവിടെയുമെന്നപോലെ; ജീവിതമെന്നത് എന്തായാലും അത്തരം തടസ്സങ്ങളെ കണക്കിലെടുത്തുതന്നെ മുന്നോട്ടു പോവുകയുമാണല്ലോ. പക്ഷേ അടിസ്ഥാനപരമായ തടസ്സം, ഒറ്റയൊറ്റ തടസ്സങ്ങളുമായി അതിനു ബന്ധമൊന്നുമില്ല, വിവാഹത്തിന്‌ മാനസികവും ആത്മീയവുമായി കഴിവുള്ളവനല്ല ഞാൻ എന്നതായിരുന്നു. അതിന്റെ ബാഹ്യമായ ലക്ഷണങ്ങളായിരുന്നു, വിവാഹം കഴിക്കാൻ തീരുമാനമെടുത്ത നിമിഷം മുതൽ എന്റെ ഉറക്കം നഷ്ടപ്പെട്ടു എന്നത്; രാവും പകലും എന്റെ തല പൊള്ളുകയാണ്‌; എന്റേത് ജീവിതമേ അല്ലാതായിക്കഴിഞ്ഞു; നൈരാശ്യത്തിൽ വീണു ചഞ്ചലപ്പെടുകയാണു ഞാൻ. ഈ അവസ്ഥ വരുത്തിവച്ചത് എന്റെ ആധികളാണെന്നു ഞാൻ പറയുന്നില്ല, എന്റെ വിഷാദസ്വഭാവവും, ചുഴിഞ്ഞുനോക്കാനുള്ള പ്രവണതയും കാരണം എണ്ണമറ്റ വേവലാതികൾ പിന്നാലെ കൂടുന്നതിൽ അസ്വാഭാവികത ഒന്നുമില്ലെംകിലും. ഇതൊന്നുമല്ല പക്ഷേ, നിർണ്ണായകമായ ഘടകം; ശവം തിന്നുതീർക്കുന്ന പുഴുക്കളെപ്പോലെയേയുള്ളു അവ; ശരിക്കും നിർണ്ണായകമായ പ്രഹരം വരുന്നത് മറ്റൊരിടത്തു നിന്നാണ്‌. ഉത്കണ്ഠയുടെയും ബലഹീനതയുടെയും ആത്മനിന്ദയുടെയും ഒരുമിച്ചുള്ള സമ്മർദ്ദമാണത്.


image courtesy-The Huffington Post


നെരൂദ-പ്രണയമതിന്റെ രുചിയെന്നിൽപ്പടർത്തിയെങ്കിൽ...



പ്രണയമതിന്റെ ചുണ്ടുകളെന്നിൽപ്പടർത്തിയെങ്കിൽ!
വസന്തമില്ലാതൊരു നിമിഷം പോലും ഞാനറിയാതിരുന്നെങ്കിൽ!
ദുഃഖത്തിനു ഞാൻ വിറ്റതെന്റെ കൈകൾ മാത്രം,
അതിനാൽ പ്രിയേ, തന്നിട്ടു പോവുക നിന്റെ ചുംബനങ്ങൾ.

നിന്റെ പരിമളം കൊണ്ടു മറയ്ക്കുക പകൽവെളിച്ചം,
നിന്റെ മുടി കൊണ്ടടയ്ക്കുക വാതിലുകളൊക്കെയും,
ഉറക്കം ഞെട്ടി ഞാൻ കരഞ്ഞാൽ -മറക്കരുതേ-
ഞാനൊരു ബാലൻ, സ്വപ്നത്തിൽ വഴി തെറ്റിയവൻ.

രാത്രിയുടെയിലകൾക്കിടയിലവൻ തിരയുന്നു നിന്റെ കൈകൾ,
ഗോതമ്പുകതിരുകൾ കണക്കെ നിന്റെ ലാളനകൾ,
നിഴലിന്റെ, ചൈതന്യത്തിന്റെ കണ്ണഞ്ചുന്ന പ്രഹർഷം.

ഒരു നിഴല്ക്കോട്ടയാണു പ്രിയേ,  ഈ സ്വപ്നരാത്രി,
അതിലെനിക്കു തുണ വരിക പിരിയാതെ നീ,
പുലരി പിറക്കുന്ന നേരമായെന്നു നീ പറഞ്ഞിട്ടറിയട്ടെ ഞാൻ.

(പ്രണയഗീതകം-21)




Saturday, August 7, 2010

നെരൂദ- അത്രയും പ്രണയത്തിന്റെ ചെന്നിറം പുരണ്ടതാണെന്റെ ജീവിതം...




അത്രയും പ്രണയത്തിന്റെ ചെന്നിറം പുരണ്ടതാണെന്റെ ജീവിതം,
കണ്ണുപൊട്ടിയ കിളിയെപ്പോലങ്ങുമിങ്ങും ഞാനലഞ്ഞു ,
ഒടുവിലല്ലേ, എന്റെ സഖീ, നിന്റെ ജാലകം  ഞാൻ കണ്ടതും
പൊട്ടിത്തകർന്ന ഹൃദയത്തിന്റെ മന്ത്രണം നീ കേട്ടതും.

നിഴലുകൾക്കിടയിൽ നിന്നു നിന്റെ മാറിലേക്കുയർന്നു ഞാൻ:
ജീവനും ബോധവുമില്ലാതെ  ഗോതമ്പിന്റെ മേടകളിലേക്കു ഞാൻ പറന്നു ,
നിന്റെ കൈകളിൽ ജീവിതത്തിന്റെ തുടിപ്പിലേക്കു ഞാൻ കുതിച്ചു ,
കടലിൽ നിന്നു നിന്റെയാഹ്ലാദത്തിലേക്കു ചിറകടിച്ചു ഞാൻ പറന്നു .

എനിക്കു നിന്നോടുള്ള കടമിത്രയെന്നൊരാൾക്കുമറിയില്ലല്ലോ;
എനിക്കു നിന്നോടുള്ള കടം, അതു തെളിമയാണെന്റെ പ്രിയേ,
അറൗക്കേനിയയിലെ പുതുവേരു പോലെയാണെനിക്കു നിന്നോടുള്ള കടം.

എന്തു സംഴയം,  ഞാൻ നിനക്കു കടമൊരു നക്ഷത്രം പോലെ;
ഞാൻ നിനക്കു കടമൊരു മണലാരണ്യത്തിലെ കിണറു പോലെ:
കാലമതിൽ നോക്കിയിരിക്കുന്നു മാനമലയുന്ന മിന്നലിനെ.


(പ്രണയഗീതകം-64)

Friday, August 6, 2010

നെരൂദ-ഐലാ നെഗ്രയ്ക്കു മേൽ കൊട്ടിവീഴുന്നു തെക്കൻമഴ...



ഈസ്ല നെഗ്രയ്ക്കു മേൽ കൊട്ടിവീഴുന്നു തെക്കൻമഴ,
ഘനവും സുതാര്യവുമായ ഒരേയൊരു തുള്ളി പോലെ:
ഈറൻ കണ്ണിമകൾ വിടർത്തി കടലതു കൈയേല്ക്കുന്നു,
മണ്ണു പരിചയിക്കുന്നു ചില്ലുചഷകത്തിന്റെ നനഞ്ഞ നിയോഗം.

എന്റെയാത്മാവേ, നിന്റെ ചുംബനങ്ങളിലെനിക്കു നല്കുക
ആ കടലുകളുടെ ലവണജലം, ആ ദേശത്തിന്റെ നറുതേനും,
മാനത്തിന്റെ നൂറുനൂറധരങ്ങളാൽ നനഞ്ഞ പരിമളം,
മഞ്ഞുകാലക്കടലിന്റെ പാവനസഹനവും.

എന്തോ നമ്മെ വിളിക്കുന്നു; വാതിലുകൾ തനിയേ തുറക്കുന്നു,
ജനൽപ്പാളികളോടു മഴ പഴയൊരു കഥ പറയുന്നു,
വേരുകൾ തൊടാനാഞ്ഞു മാനം താഴേക്കിറങ്ങുന്നു.

ഈ നാളങ്ങനെയൊരാകാശവല നെയ്യുന്നു, പിന്നെയതഴിക്കുന്നു,
ഉപ്പും കാലവും മന്ത്രണങ്ങളും വളർച്ചയും പാതകളുമായി,
ഒരു പെണ്ണുമൊരാണും മണ്ണിലിറങ്ങിയ ഹേമന്തവുമായി.


(പ്രണയഗീതകം-67)


ഇസ്ല നെഗ്ര- 1939 മുതല്‍ 1973 വരെ നെരൂദ താമസിച്ചിരുന്ന കടലോരഗ്രാമം.


Thursday, August 5, 2010

നെരൂദ- മരിക്കുമ്പോൾ കണ്ണുകൾക്കു മേൽ നിന്റെ കൈകളുണ്ടാവണം...




മരിക്കുമ്പോൾ കണ്ണുകൾക്കു മേൽ നിന്റെ കൈകളുണ്ടാവണം,
നിന്റെയരുമക്കൈകളവയുടെ വെളിച്ചവും ധാന്യവും
ഇനിയൊരിക്കൽക്കൂടിയെനിക്കുമേൽ വിതറണം:
എന്റെ വിധി മാറ്റിയെഴുതിയ മാർദ്ദവം ഞാനറിയണം.

നിന്നെക്കാത്തു ഞാനുറങ്ങുമ്പോൾ നീ ജീവിച്ചുപോകണം.
കാറ്റിന്റെ മർമ്മരങ്ങൾ നിന്റെ കാതുകൾ കേൾക്കണം,
ഒരുമിച്ചു നാം സ്നേഹിച്ച കടലു  നീ മണക്കണം,
നാം നടന്ന പൂഴിമണ്ണിൽ പിന്നെയും നടന്നുപോകണം.

ഞാൻ സ്നേഹിച്ചതൊക്കെയുമിനിയും ജീവനോടിരിക്കണം,
ഏതിനും മേൽ ഞാൻ സ്നേഹിച്ച, ഞാൻ സ്തുതിച്ച പുഷ്പമേ,
വാടാതെ, കൊഴിയാതെ നീയുല്ലസിച്ചു നില്ക്കണം:

എന്റെ പ്രണയം വഴികാട്ടുമിടത്തെല്ലാം നീയെത്തട്ടെയങ്ങനെ,
നിന്റെ മുടിയിഴകളിൽ യാത്ര പോകട്ടെയെന്റെ നിഴലങ്ങനെ,
എന്റെ പാട്ടിനു നിമിത്തമിന്നതെന്നാളുകൾ കാണട്ടെയങ്ങനെ.



(പ്രണയഗീതകം-89)

link to image

Wednesday, August 4, 2010

ഈസോപ്പിന്‍റെ കഥ

 

165-3

ഈസോപ്പിന്‍റെ കഥ

നെരൂദ- നിന്റെ കൈകളിലൊന്നുപോലെ നേരാർന്നവൾ, നഗ്നയായ നീ...

File:Kiss Briseis Painter Louvre G278.jpg

നിന്റെ കൈകളിലൊന്നുപോലെ നേരാർന്നവൾ, നഗ്നയായ നീ.
അതുപോലെ സ്നിഗ്ധം, സരളം, പൂർണ്ണം, സുതാര്യം, ലൗകികം.
നിന്നിലുണ്ട് ചന്ദ്രന്റെ വടിവുകൾ, ആപ്പിൾത്തോപ്പിലെ നടവഴികൾ,
ഗോതമ്പുകതിർ പോലെ മെലിഞ്ഞവൾ, നഗ്നയായ നീ.

ക്യൂബൻ നാട്ടുരാത്രി പോലെ നീലിച്ചവൾ, നഗ്നയായ നീ,
നിന്റെ മുടിയിലുണ്ട് മുന്തിരിവള്ളികൾ, നക്ഷത്രങ്ങൾ,
പൊന്നു കൊണ്ടൊരു പള്ളിയിൽ വേനലിന്റെ വിലാസം പോലെ
വിപുലം, സുവർണ്ണം, നഗ്നയായ നീ.

നിന്റെയൊരു വിരൽനഖം പോലെ ചെറുതാണു, നഗ്നയായ നീ,
അതുപോലെ സുരൂപം, സൂക്ഷ്മ,മരുണം; പിന്നെ പകലുദയമാവുമ്പോൾ
ഒരു പാതാളലോകത്തിൽ നീ പോയി മറയുന്നു,

ഉടുവസ്ത്രങ്ങളുടെ, ദിനകൃത്യങ്ങളുടെ നെടുവിലത്തിലെന്നപോലെ:
നിന്റെ തെളിമ  മങ്ങുന്നു, അതില കൊഴിക്കുന്നു, വസ്ത്രം ധരിക്കുന്നു-
പിന്നെയുമൊരു നഗ്നമായ കൈത്തണ്ട മാത്രമാവുന്നു.

(പ്രണയഗീതകം-27)

link to image

Tuesday, August 3, 2010

നെരൂദ-മറ്റിൽഡെ: ചെടിയുടെ, കല്ലിന്റെ, വീഞ്ഞിന്റെ പേരത്...

image

മറ്റിൽഡെ: ചെടിയുടെ, കല്ലിന്റെ, വീഞ്ഞിന്റെ പേരത്,
മണ്ണിൽ മുളച്ചു വിളയുന്നവയ്ക്കു പേരത്:
പുലരി കണ്ണു തുറക്കുന്ന വാക്കത്,
നാരങ്ങകളുടെ വെട്ടം പൊട്ടിവിടരുന്ന വേനലത്.

ആ പേരിൽ പായ നീർത്തിപ്പായുന്നു പത്തേമാരികൾ,
അതിനെച്ചൂഴുന്നു നീലിച്ച തിരകളുടെ തീനാളങ്ങൾ:
എന്റെ കരിഞ്ഞ ഹൃദയത്തിൽ ചൊരിയുന്നു
പുഴവെള്ളം പോലതിന്റെ അക്ഷരങ്ങൾ.

വള്ളിക്കാട്ടിൽ മറഞ്ഞ ഹേ, നാമധേയമേ,
ലോകത്തിന്റെ പരിമളത്തിലേക്കു തുറക്കുന്ന
രഹസ്യവിലത്തിന്റെ വാതിൽ നീ!

പൊള്ളുന്ന വായയുമായിവന്നെന്നെക്കീഴടക്കുക;
രാത്രിയുടെ കണ്ണുകൾ കൊണ്ടെന്നെത്തിരയുക,
നിന്റെ പേരിൽ തുഴഞ്ഞുപോകട്ടെ, അതിൽ മയങ്ങിക്കിടക്കട്ടെ ഞാൻ.

 


(പ്രണയഗീതകം-1)


Monday, August 2, 2010

നെരൂദ- നിന്റെയൊരടയാളം തേടി ഞാനന്യരിൽ...




നിന്റെയൊരടയാളം തേടി ഞാനന്യരിൽ,
അതിവേഗമൊഴുകുന്ന പെണ്മയുടെ പുഴയിൽ,
ഉലർന്ന മുടിയിഴകൾ, പാതി താഴ്ന്ന കണ്ണുകൾ,
കടൽനുരയിൽ തെന്നുന്ന മൃദുപദങ്ങൾ.

കണ്ടെന്നു കരുതി ഞാൻ നിന്റെ വിരൽനഖങ്ങൾ,
ദീർഘങ്ങൾ, ചഞ്ചലങ്ങൾ, ചെറിയുടെ ബന്ധുക്കൾ,
പിന്നെ,യപ്പോയതു നിന്റെ മുടിയല്ലയോ?
പുഴയിൽ നിഴലിച്ചൊരഗ്നി കണ്ടും ഭ്രമിച്ചു ഞാൻ.

നോക്കി ഞാൻ, നോക്കി ഞാനാരിലുമില്ല നിന്റെ താളം,
നിന്റെ വെട്ടം, കാടു നല്കിയ  കളിമണ്ണിന്റെ കാളിമ;
ആർക്കുമില്ല നിനക്കുള്ളത്രയും ചെറിയ കാതുകൾ.

നിറഞ്ഞവൾ, ഒതുങ്ങിയവൾ, വേറായി നില്ക്കുന്നവൾ ,
നിന്നൊപ്പമൊഴുകുന്നു ഞാൻ പെണ്മയുടെ കടൽ തേടി,
ഒരു വിശാലമിസിസിപ്പിയുടെ കാമുകനായി.

(പ്രണയഗീതകം-43)

Sunday, August 1, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-13

 kafka

അപ്പോൾ അതിനേതു വിധം സജ്ജനായിരുന്നു ഞാൻ? എത്ര മോശമാകാമോ, അത്രയും മോശമായി. ഞാൻ ഇതേവരെ പറഞ്ഞുകൊണ്ടുവന്നതിൽ നിന്ന് അതു വ്യക്തമാകും. എന്നാൽ, ഇക്കാര്യത്തിൽ ഒരു വ്യക്തി നേരിട്ടു ചെയ്യേണ്ട ഒരുക്കങ്ങളിൽ, അഥവാ, അടിസ്ഥാനസൗകര്യങ്ങൾ തയ്യാറാക്കുന്നതിൽ അങ്ങയുടെ കാര്യമായ ഇടപെടലുണ്ടായില്ല, പുറമെയ്ക്കെങ്കിലും. അതങ്ങനെയാവാതെയും പറ്റില്ല, കാരണം ഇവിടെ നിർണ്ണായകഘടകങ്ങൾ വർഗ്ഗത്തിന്റെയും രാഷ്ട്രത്തിന്റെയും കാലത്തിന്റെയും ലൈംഗികസദാചാരമാണല്ലോ. എന്നിട്ടുകൂടി ഇതിലും അങ്ങയുടെ ഇടപെടലുണ്ടായി, കാര്യമായിട്ടല്ലെങ്കിലും- കാരണം ഇത്തരം ഇടപെടലിന്‌ പരസ്പരവിശ്വാസം കണക്കിനുണ്ടായിരിക്കണം, ഈ നിർണ്ണായകമുഹൂർത്തത്തിനെത്രയോ കാലം മുമ്പ് നമുക്കിരുവർക്കും അതു നഷ്ടപ്പെട്ടുമിരിക്കുന്നു; അത്ര സന്തോഷത്തോടെയല്ല അങ്ങിടപെട്ടതും, കാരണം നമ്മുടെ ആവശ്യങ്ങൾ എത്രയോ വ്യത്യസ്തമായിരുന്നു; എന്നെ ആഴത്തിൽ സ്പർശിക്കുന്ന ഒന്ന് അങ്ങയെ ഒന്നു തൊട്ടുതലോടണമെന്നുപോലുമില്ല; നേരേ മറിച്ചും. അങ്ങയുടെ കാര്യത്തിൽ നിഷ്കളങ്കമായ ഒന്ന് എന്റെ കാര്യം വരുമ്പോൾ അപരാധമായെന്നു വരാം, നേരേ മറിച്ചും; അങ്ങയ്ക്ക് ഒരു പോറലുമേല്പ്പിക്കാത്ത ഒന്ന് എന്റെ ശവപ്പെട്ടിയുടെ മൂടിയായെന്നും വരാം.

അമ്മയോടും അങ്ങയോടുമൊപ്പം ഒരു വൈകുന്നേരം നടക്കാനിറങ്ങിയത് എന്റെ ഓർമ്മയിൽ വരുന്നു- ഇപ്പോൾ ബാങ്കു നില്ക്കുന്ന ജോസഫ്പ്ലാറ്റ്സിൽ വച്ചാണത്; ഇക്കാര്യങ്ങളെക്കുറിച്ച് വിഡ്ഡിയെപ്പോലെ ഞാൻ കേമത്തം കാണിച്ചു സംസാരിച്ചു ,അഹന്തയോടെ, സമചിത്തതയോടെ( അതു വ്യാജമായിരുന്നു), വികാരശൂന്യനായി( അതു യഥാർത്ഥമായിരുന്നു), അങ്ങയോടു സംസാരിക്കുമ്പോൾ മിക്കവാറും പറ്റുന്നപോലെ വിക്കിക്കൊണ്ട്. നിങ്ങൾ രണ്ടുപേരും ചേർന്ന് എന്നെ അറിയിക്കാതെ കാര്യങ്ങൾ നടത്തുകയാണെന്ന് ഞാൻ പരാതിപ്പെട്ടു; എന്നെ ചിത്രത്തിൽ കൊണ്ടുവരാൻ എന്റെ സഹപാഠികൾ വേണ്ടിവെന്നുവെന്ന്; ഞാൻ എത്രയോ ഭയങ്കരമായ അപകടങ്ങളിൽ പെട്ടുപോകേണ്ടതായിരുന്നുവെന്ന്( അത് എന്റെ ധൈര്യം കാണിക്കാൻ പറഞ്ഞ എന്റെ ശൈലിയിലുള്ള പെരുംനുണകളായിരുന്നു, എന്റെ ഭീരുത്വവും വച്ചുകൊണ്ട് ഞാൻ എന്തപകടങ്ങളെ നേരിടാനാണു പോകുന്നത്, നഗരത്തിലെ കുട്ടികൾ സമാന്യമായി കാണിക്കുന്ന കിടക്കകളിലെ ചില പാപങ്ങളല്ലാതെ?); ഇപ്പോൾ ഭാഗ്യത്തിന്‌ എല്ലാം എനിക്കു മനസ്സിലായിരിക്കുന്നുവെന്നും, എനിക്കിനി ഉപദേശത്തിന്റെയൊന്നും ആവശ്യമില്ലെന്നും, എല്ലാം ഭംഗിയായി കഴിഞ്ഞിരിക്കുന്നുവെന്നുമുള്ള സൂചനയും നല്കി ഞാൻ അവസാനിപ്പിച്ചു. ഞാൻ അതിനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങിയത് പ്രധാനമായും ആ വക കാര്യങ്ങളെക്കുറിച്ചു സംസാരിക്കുന്നത് എനിക്കു സന്തോഷം നല്കി എന്നതു കൊണ്ടും, പിന്നെ ജിജ്ഞാസ കൊണ്ടും, ഒടുവിലായി, എന്തിന്റെയോ പേരിൽ നിങ്ങളിരുവരോടുമുള്ള പക വീട്ടാനുമായിരുന്നു. അങ്ങതു കാര്യമായിട്ടെടുത്തതേയില്ല, അതായിരുന്നല്ലോ അങ്ങയുടെ പ്രകൃതം; ഇത്തരം കാര്യങ്ങൾക്കിറങ്ങുമ്പോൾ അപകടം വരാതിരിക്കാൻ ചില ഉപദേശങ്ങൾ തരാമെന്ന മട്ടിലെന്തോ പറയുക മാത്രമേ അങ്ങു ചെയ്തുള്ളു. ഒരുപക്ഷേ അങ്ങനെയൊരു മറുപടി തന്നെയാവാം ഞാൻ അങ്ങയിൽ നിന്നു പ്രതീക്ഷിച്ചതും; ഇറച്ചിയും മറ്റു നല്ല വസ്തുക്കളും കുത്തിച്ചെലുത്തി വീർത്ത്, മെയ്യനങ്ങാത്ത, തന്നിൽത്തന്നെ തത്പരനായ ഒരു കുട്ടിയുടെ കാമാർത്തിക്കു നിരക്കുന്ന ഉത്തരമായിരുന്നല്ലോ അത്; അതേസമയം എനിക്കതു നാണക്കേടായെന്ന്, അല്ലെങ്കിൽ നാണക്കേടുണ്ടാക്കിയിരിക്കുമെന്ന് ഞാൻ സങ്കല്പ്പിച്ചു; ഇനി അതിനെക്കുറിച്ച് നിങ്ങളുമായി സംസാരിക്കാൻ പറ്റില്ലെന്നു വച്ചുകൊണ്ട് (ആഗ്രഹം അതായിരുന്നില്ലെങ്കിലും) ഗർവത്തോടെ ഞാൻ സംസാരം അവസാനിപ്പിക്കുകയായിരുന്നു.

അന്ന് അങ്ങെനിക്കു നല്കിയ മറുപടിയെ വിലയിരുത്തുക എളുപ്പമല്ല; ഒരു വശത്തു നിന്നു നോക്കുമ്പോൾ അമ്പരപ്പിക്കുന്ന വിധത്തിലുള്ള ഒരാർജ്ജവം, ആദിമമെന്നു പറയാവുന്നത് അതിലുണ്ട്; മറ്റൊരു വശത്താകട്ടെ, അതു നല്കുന്ന സന്ദേശം ആധുനികതയുടെ ചങ്കൂറ്റമുള്ളതുമായിരുന്നു. അന്നെനിക്ക് എത്ര വയസ്സായിരുന്നുവെന്ന് ഓർമ്മ വരുന്നില്ല, എന്തായാലും പതി​‍ാറു കടക്കില്ല. അങ്ങനെയൊരു ബാലന്‌ പക്ഷേ, ആ മറുപടി വളരെ വിചിത്രമായി തോന്നിയിരിക്കണം; ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഒരു പാഠം അങ്ങയിൽ നിന്നെനിക്കു കിട്ടുന്നത് അന്നാദ്യമായിട്ടായിരുന്നു എന്ന വസ്തുത നമ്മൾ തമ്മിലുള്ള അകലത്തിന്റെ ഒരടയാളവുമായിരുന്നു. പക്ഷേ അതിന്റെ യഥാർത്ഥവിവക്ഷ-അന്നേ എനിക്കതു മനസ്സിൽ പതിഞ്ഞുവെങ്കിലും പില്ക്കാലത്തേ എനിക്കതിനെക്കുറിച്ച് പാതിബോധമെങ്കിലും ഉണ്ടാവുന്നുള്ളു- ഇതായിരുന്നു: എന്നോട് ചെയ്യാൻ അങ്ങുപദേശിക്കുന്ന കാര്യം, അങ്ങയുടെ അഭിപ്രായത്തിൽ, ആ പ്രായത്തിലുള്ള എന്റെ അഭിപ്രായത്തിലും, അത്ര മലിനമാണ്‌. ആ മാലിന്യമൊന്നും എന്റെ ദേഹം വീട്ടിലേക്കു വലിച്ചുകൊണ്ടുവരുന്നില്ല എന്നതിൽ അങ്ങു ശ്രദ്ധ വച്ചിരുന്നുവെന്നതിനു കുറഞ്ഞ പ്രാധാന്യമേയുള്ളു; സ്വയം സംരക്ഷിക്കാൻ, സ്വന്തം കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയായിരുന്നു അത്. പ്രധാനകാര്യം, സ്വയം നല്കിയ ഉപദേശത്തിൽ നിന്നു വേറിട്ടു നില്ക്കുകയായിരുന്നു അങ്ങെന്നുള്ളതാണ്‌: വിവാഹിതൻ, കറ പുരളാത്തവൻ, ഇതിനൊക്കെ ഉയരത്തിൽ നില്ക്കുന്നവൻ. വിവാഹവും അസഭ്യമായിട്ടെന്തോ ആണെന്ന വിചാരവും എനിക്കുണ്ടായിരുന്നതിനാൽ അതിനെക്കുറിച്ച് എനിക്കു കിട്ടിയ സാമാന്യജ്ഞാനം സ്വന്തം അച്ഛനമ്മമാരിൽ പ്രയോഗിച്ചുനോക്കാൻ എനിക്കസാദ്ധ്യവുമായിരുന്നു. ഇതങ്ങയെ കൂടുതൽ നിർമ്മലനാക്കി, കൂടുതൽ ഉയരത്തിൽ പ്രതിഷ്ഠിച്ചു. സ്വന്തം വിവാഹത്തിനു മുമ്പ് അങ്ങ് സ്വയം ഇങ്ങനെയൊരു ഉപദേശം നല്കിയിരിക്കുമോ എന്ന ചിന്ത പോലും എനിക്കത്രയ്ക്കചിന്ത്യമായിരുന്നു. അങ്ങനെ മണ്ണിന്റെ കറ പുരളാത്ത വിശുദ്ധനാവുകയായിരുന്നു അങ്ങ്. അങ്ങനെയുള്ള ഒരാളാണ്‌  ഒളിവില്ലാത്ത കുറച്ചു വാക്കുകൾ ഉപയോഗിച്ചുകൊണ്ട് എന്നെ ആ മാലിന്യത്തിലേക്ക്, അതാണെന്റെ ഭാഗധേയമെന്ന പോലെ, തള്ളിവിടുന്നത്. അങ്ങനെ ലോകമെന്നത് അങ്ങും ഞാനും മാത്രമടങ്ങിയതായിരുന്നതിനാൽ- അങ്ങനെയൊരു ധാരണയിൽ എനിക്ക് അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ല- ഈ ലോകത്തിന്റെ നൈർമല്യം അങ്ങയോടെ തീരുകയായിരുന്നു, അങ്ങയുടെ ഉപദേശം ഹേതുവായി അതിന്റെ മാലിന്യം എന്നിൽ നിന്നു തുടങ്ങുകയും. അങ്ങെന്റെ മേൽ ഇങ്ങനെയൊരു വിധിന്യായം ഇറക്കിയെങ്കിൽ അതിനുള്ള വിശദീകരണം അതിൽ നിന്നുതന്നെ കിട്ടുകയില്ല; എനിക്കു പണ്ടേയുള്ള കുറ്റബോധവും അങ്ങയുടെ ഭാഗത്തു നിന്നുള്ള അത്രയും കടുത്ത അവജ്ഞയും കൊണ്ടേ അതു വിശദീകരിക്കാനാവൂ. അങ്ങനെ മറ്റൊന്നു കൂടി എന്റെ അന്തരാത്മാവിനെപ്പിടിച്ചുലയ്ക്കുകയായിരുന്നു- അത്ര കഠോരമായും.

നെരൂദ-മലകളിൽ വഴിപോകുന്നു നീ തെന്നലു പോലെ...


മലകളിൽ വഴിപോകുന്നു നീ തെന്നലു പോലെ,

മഞ്ഞിടിഞ്ഞൊലിക്കുന്ന ചാലു പോലെ,
വെളിച്ചം വിളയുന്ന നിന്റെ മുടിയോ,
തിങ്ങിയ കാവിനുള്ളിൽ വെയിലിന്റെ പണ്ടം പോലെ.

നിന്റെയുടലിൽ വീഴുന്നു കാക്കസസ്സിന്റെയാകെവെളിച്ചം,
ഒഴിയാത്ത ചില്ലുചഷകത്തിലെന്നപോലെ,
ഒന്നു മാറ്റിയൊന്നെടുക്കുന്നു ജലമതിൽ പാട്ടും പുടവയും
പുഴയുടെ ഇളകുന്ന തെളിമയ്ക്കൊപ്പം.

മലയുടെയിടയിൽ പടപോയ പഴമ്പാതയിലൂടെ,
താഴെ കല്ലിന്റെ കൈകൾ പടുത്ത ചുമരുകൾക്കിടയിൽ
കലി കൊണ്ടു തിളങ്ങുന്നു പുഴ വാളു പോലെ.

പിന്നെ നിന്‍ കൈകളിൽ വന്നുവീഴുന്നൊരു പൂങ്കുല,
ചില നീലപ്പൂക്കളുടെ മിന്നല്പ്പിണർ,
ഒരു കിരാതഗന്ധത്തിന്റെ ഒളിയമ്പും.


(പ്രണയഗീതകം-18)


ചിത്രം-ഹെന്റി റൂസ്സോ(1885)-വിക്കിമീഡിയ


നെരൂദ-നിന്റെ രാത്രിയെ തൊട്ടില്ല ഞാൻ, നിന്റെ വായുവിനെ, പുലരിയെ...




നിന്റെ രാത്രിയെ തൊട്ടില്ല ഞാൻ, നിന്റെ വായുവിനെ, പുലരിയെ.
ഞാൻ തൊട്ടതു മണ്ണിനെ, കുല കുത്തിയ പഴങ്ങളുടെ നേരിനെ,
തെളിനീരു കാതോർത്തു വിളയുമാപ്പിൾപ്പഴങ്ങളെ,
മരക്കറകൾ വാസനിക്കുന്ന നിന്റെ ദേശത്തെ കളിമണ്ണിനെ.

നിന്റെ കണ്ണുകൾ രൂപമെടുത്ത ക്വിഞ്ചാമാലിയിൽ നിന്ന്
നിന്റെ കാലടികൾ പണിത ഫ്രൊണ്ടേര വരെ
ഞാൻ പരിചയിച്ച കളിമണ്ണു നീ:
നിന്റെയരക്കെട്ടു തൊടുമ്പോൾ ഞാൻ തൊടുന്നതു കതിരിട്ട പാടത്തെ.

അരൗക്കോയിലെപ്പെണ്ണേ, നിനക്കറിയുമോ,
നിന്നെ പ്രണയിക്കും മുമ്പു നിന്റെ ചുംബനങ്ങൾ ഞാൻ മറന്നു ,
ഹൃദയം മറന്നില്ല പക്ഷേ, നിന്റെ ചുണ്ടുകൾ .

മുറിപറ്റിയവനെപ്പോലെ തെരുവുകൾ ഞാനലഞ്ഞു
ഒടുവിൽ ഞാനറിഞ്ഞു പ്രിയേ- കണ്ടെത്തി ഞാനെന്റെയിടം,
ചുംബനങ്ങളുടെയും അഗ്നിപർവതങ്ങളുടെയും ദേശം.

(പ്രണയഗീതകം-5)

ചിത്രം- ഗോഗാങ്ങ് (1897)