Monday, February 28, 2011

നെരൂദ - ഒരോർമ്മ

File:Van Gogh Wheat Stacks with Reaper.jpg


ഓർമ്മ
ഗോതമ്പുപാടത്തിന്റെ നടുക്ക്
പാടലനിറമുള്ളൊരു പോപ്പിപ്പൂവു പോലെ,
പട്ടിലും പട്ടായി,
സർപ്പഗന്ധവുമായി.
പിന്നെയൊക്കെ
പൊൻനിറത്തിൽ
ഗോതമ്പുകതിരിന്റെ മൂർച്ച മാത്രം.

ഒരിക്കലല്ല,
അവിടെ ഞാൻ കുരുങ്ങിക്കിടന്നിരിക്കുന്നു,
ഒരു മെതിക്കാരിക്കരികെ,
ആകസ്മികരതിയുടെ ആപ്പിൾപ്പഴവുമായി,
മെതിച്ച കറ്റകളിൽ ശേഷിച്ചത്
ശുക്ളത്തിന്റെ ഗന്ധം,
നിലാവും.


(പകലിന്റെ കൈകൾ എന്ന സമാഹാരത്തിൽ നിന്ന്)


ചിത്രം -വാന്‍ ഗോഗ് - കൊയ്ത്തുകാരിയും ഗോതമ്പുകറ്റകളും

നെരൂദ - നിന്റെ കാതിൽ കേൾവിപ്പെടാൻ...

File:Otto Mueller - Liebespaar.jpg



നിന്റെ കാതിൽ കേൾവിപ്പെടാൻ
എന്റെ വാക്കുകൾ ചിലനേരം മെലിഞ്ഞു കുറുകുന്നു
നനഞ്ഞ പൂഴിയിൽ കടൽക്കാക്കകളുടെ നഖപ്പാടുകൾ പോലെ. 


ഒരു മുത്തുമാല, ഉന്മത്തമായൊരു കുടമണി,    
മുന്തിരിപ്പഴങ്ങൾ പോലെ മിനുസമായ നിന്റെ കൈകൾക്കവ . 


അകലെയായെനിക്കു കാണാമെന്റെ വാക്കുകളെ ,
എന്റേതിനെക്കാള്‍ നിന്റേതായ വാക്കുളെ .
എന്റെ ചിരന്തനശോകത്തിൽ
വള്ളിപ്പന്ന  പോലവ പറ്റിക്കയറുന്നു. 


ഈറൻ ചുമരിലെന്നപോലവ പിടിച്ചുകയറുന്നു.
ഈ ചോരക്കളിയ്ക്കപരാധി നീ തന്നെ .
എന്റെയിരുണ്ട മാളത്തിൽ നിന്നോടിയൊളിയ്ക്കുകയാണവ.
ഏതിലും നീ വന്നുനിറയുന്നു, നീ വന്നുനിറയുന്നേതിലും. 


നീ വന്നു കൈയേറും മുമ്പെന്റെയേകാന്തതയിൽ
കുടിപാർത്തിരുന്നവയാണവ.
നിന്നെക്കാൾ പരിചിതം
അവയ്ക്കെന്റെ വിഷാദം. 


ഞാൻ നിന്നോടു പറയേണ്ടതൊക്കെയും
അവ നിന്നോടു പറയട്ടെ,
എന്റെ ചുണ്ടുകളിൽ നിന്നു കേൾക്കും പോലെ
അവയിൽ നിന്നു നീ കേൾക്കട്ടെ. 


ഹൃദയവേദനയുടെ കാറ്റുകളിന്നുമവയെ വലിച്ചിഴയ്ക്കുന്നു,
സ്വപ്നത്തിന്റെ ചണ്ഡവാതങ്ങളിന്നുമവയെ തട്ടിയിടുന്നു.
എന്റെ കദനശബ്ദത്തിൽ
നീ കേൾക്കുന്നതന്യശബ്ദങ്ങൾ.
പ്രാക്തനവദനങ്ങളുടെ വിലാപങ്ങൾ,
ചോരയൊലിക്കുന്ന പ്രാചീനയാചനകൾ. 


എന്നെ സ്നേഹിക്കൂ, എന്റെ സഖീ.
തഴയരുതെന്നെ. അനുഗമിക്കെന്നെ.
ഈ പ്രാണവേദനയുടെ തിരപ്പെരുക്കത്തിൽ
എന്റെ കൂട്ടിനു നീ വരൂ. 


എന്നാൽ നിന്റെ പ്രണയം പുരളുകയാണെന്റെ വാക്കുകളിൽ.
നീ കുടിയേറുന്നേതിലും,
ഏതിലും നീ കുടിയേറുന്നു. 


അവ കൊണ്ടനന്തമായൊരു കണ്ഠഹാരം ഞാന്‍ കൊരുക്കട്ടെ,
മുന്തിരിപ്പഴങ്ങൾ പോലെ മിനുസമായ
നിന്റെ വെളുത്ത കൈകൾക്കായി.


(ഇരുപതു പ്രണയകവിതകൾ-5)


link to image

Sunday, February 27, 2011

കാഫ്ക - ഫെലിസിന്

File:Gustave flaubert.jpg


1912 നവംബർ 15, രാത്രി പതിനൊന്നര മണി

പ്രിയപ്പെട്ടവളേ, ഇന്നു സ്വന്തം എഴുത്തിലേക്കു തിരിയുന്നതിനു മുമ്പ് ഞാൻ നിനക്കെഴുതുകയാണ്‌, നിന്നെ ഞാൻ കാത്തിരുത്തുകയാണെന്ന തോന്നലൊഴിവാക്കുന്നതിനായി; എനിക്കെതിരെയല്ല, അരികിൽത്തന്നെ നീയുണ്ടാകുന്നതിനായി; സ്വന്തമെഴുത്തിനാവശ്യമായ മനസ്സമാധാനം കിട്ടുന്നതിനായി; ഒരു രഹസ്യം പറഞ്ഞാൽ കഴിഞ്ഞ കുറച്ചു ദിവസമായി അത്ര കുറച്ചേ ഞാനെഴുതിയിട്ടുള്ളു, ഒരു വസ്തുവും എഴുതിയിട്ടില്ലെന്നുതന്നെയും പറയാം. അത്രയ്ക്കു നിന്നിൽ മുഴുകിയിരിക്കുകയാണു ഞാൻ, അത്രയ്ക്കു നിന്നെയുമോർത്തിരിക്കുകയാണു ഞാൻ.

രണ്ടു പുസ്തകങ്ങളിൽ, അവ സമയത്തിനു തന്നെ എത്തിച്ചേരുമോയെന്ന് എനിക്കു സംശയമുണ്ട്, ഒന്നു നിന്റെ കണ്ണുകൾക്കുള്ളതാണ്‌, മറ്റേത് നിന്റെ ഹൃദയത്തിനും. ആദ്യത്തേത്, നല്ലതാണെങ്കിൽത്തന്നെയും, ഞാൻ നോക്കിയെടുത്തതാണെന്നു പറയാൻ വയ്യ; ഇതിനും മുമ്പ് ഞാൻ നിനക്കു തരേണ്ട പുസ്തകങ്ങൾ വേറെ എത്രയോ കിടക്കുന്നു; ഇതുകൊണ്ടു ഞാൻ ഉദ്ദേശിക്കുന്നത് യാദൃശ്ചികമായ ഒന്നു പോലും നമുക്കിടയിൽ അനുവദനീയമാണ്‌, കാരണം അതനിവാര്യമായി മാറുകയാണ്‌ എന്നു കാണിക്കാനാണ്‌. പക്ഷേ പ്രണയപാഠം എത്രയോ വർഷങ്ങളായി എനിക്കെത്ര പ്രിയപ്പെട്ടൊരു പുസ്തകമാണെന്നോ, എനിക്കേറ്റവും ഇഷ്ടമുള്ള രണ്ടോ മൂന്നോ ആളുകളെപ്പോലെ. എപ്പോഴാകട്ടെ, എവിടെയാകട്ടെ, അതൊന്നു തുറന്നുനോക്കുമ്പോഴേക്കും ഞാൻ ഞെട്ടിപ്പോവുകയാണ്‌, അതിനു ഞാൻ അടിപ്പെട്ടുപോവുകയാണ്‌; അതെഴുതിയ മനുഷ്യന്റെ ആത്മീയപുത്രനാണു ഞാനെന്ന്, ബലം കുറഞ്ഞവനും ചാതുര്യമില്ലാത്തവനുമായ ഒരു മകനായിട്ടെങ്കിൽക്കൂടി,  എനിക്കു തോന്നിപ്പോവുകയാണ്‌. നീ ഫ്രഞ്ച് വായിക്കാറുണ്ടോയെന്നൊന്നു പറയൂ. എങ്കിൽ നിനക്കതിന്റെ പുതിയ ഫ്രഞ്ചുപതിപ്പു കൂടി ഞാൻ നല്കാം. നേരല്ലെങ്കിൽക്കൂടി ഫ്രഞ്ചു വായിക്കാറുണ്ടെന്നു തന്നെ നീ പറയൂ; കാരണം അത്ര കേമമാണ്‌ ഈ ഫ്രഞ്ചുപതിപ്പ്.

നിന്റെ പിറന്നാളിന്‌ (നിന്റെ അമ്മയുടെ പിറന്നാളുമായി അതൊത്തുവരുന്നുവല്ലേ, അത്രയ്ക്കും അവരുടെ ജീവിതത്തിന്റെ നേരിട്ടൊരു തുടർച്ചയാണോ നിന്റെ ജീവിതം?) മറ്റാരൊക്കെ ആശംസകൾ നേർന്നാലും ഞാനതു ചെയ്യാൻ പാടില്ല; കാരണം, നിനക്കു നേരാൻ കാര്യങ്ങൾ പലതുണ്ടെങ്കിലും അതൊക്കെ അതേസമയം എനിക്കു നേരേ തിരിയുകയും ചെയ്യും- അതിനാൽ എനിക്കവയെ പുറത്തേക്കെടുക്കാനുമാവില്ല; വെറും സ്വാർത്ഥതാത്പര്യമാവും എന്റെ വായിൽ നിന്നു പുറത്തുവരിക. ഞാനൊന്നും പറയുന്നില്ല, ഒരാശിസ്സുമർപ്പിക്കുന്നില്ല എന്നുറപ്പു വരുത്താനായി, ഒരിക്കൽ മാത്രം എന്നെയൊന്നനുവദിക്കൂ, അതും എന്റെ ഭാവനയിൽ മാത്രം, നിന്റെ ഓമനച്ചുണ്ടുകളിൽ ഒന്നു ചുംബിക്കാൻ.


(പ്രണയപാഠം - ഫ്ളോബേറിന്റെ നോവൽ, education sentimentale)

ചിത്രം – ഫ്ളോബേർ (വിക്കിമീഡിയ )


നെരൂദ - നിന്നെ ഞാൻ പ്രണയിക്കുന്നതിവിടെ...

File:Aivasovsky Ivan Constantinovich Moonlit Seascape With Shipwreck.jpg

നിന്നെ ഞാൻ പ്രേമിക്കുന്നതിവിടെ,
ഇരുണ്ട പൈൻമരങ്ങളിൽ
തെന്നൽ സ്വയം വേറുപെടുത്തുമിവിടെ.
അലയുന്ന കടലിൽ പൊട്ടിച്ചൂട്ടു പോലെ
നിലാവു വീണു മിന്നുന്നു,
ഒന്നൊന്നായിക്കഴിയുന്നു,
ഒന്നിനൊന്നു ഭേദമില്ലാത്ത നാളുകൾ.

മഞ്ഞിന്റെ ചീവലുകൾ ചുരുളഴിയുന്നു,
നൃത്തം വയ്ക്കുന്ന രൂപങ്ങൾ പോലെ.
അസ്തമയത്തിൽ നിന്നൂർന്നുവീഴുന്നു
വെള്ളിച്ചിറകു വച്ചൊരു കടൽക്കാക്ക.
ചിലനേരമൊരു തോണിപ്പായ  കാണാകുന്നു.
ഉയരെ, ഉയരെ താരകൾ.
അതുമല്ലയെങ്കിൽ ഒരു കപ്പൽ,
കറുത്ത കുരിശു പോൽ.
ഞാനേകൻ.

ചിലനേരമതികാലത്തുണരുമ്പോൾ
ആത്മാവു പോലുമീറനിറ്റുന്നു.
ദൂരെ കടലൊച്ചപ്പെടുന്നു, മാറ്റൊലിയ്ക്കുന്നു.
ഇവിടെ, ഈ കടവിൽ.

നിന്നെ ഞാൻ പ്രേമിക്കുന്നതിവിടെ.

നിന്നെ ഞാൻ പ്രേമിക്കുന്നതിവിടെ,
ചക്രവാളം നിന്നെ മറയ്ക്കുന്നതു വെറുതെ.
ഈ നനഞ്ഞവയ്ക്കിടയിലും
നിന്നെ ഞാൻ പ്രേമിക്കുന്നതിവിടെ.
ചിലനേരമെന്റെ ചുംബനങ്ങൾ
പെട്ടകങ്ങളേറി ദീർഘയാത്ര പോകുന്നു,
ഒരുനാളും കടവടുക്കാതെ കടലലഞ്ഞുപോകുന്നു.
തുരുമ്പെടുത്ത നങ്കൂരങ്ങൾ പോലെ
മറവിയിൽപ്പെട്ടു ഞാൻ കിടക്കും.

സന്ധ്യ കടവടുക്കുമ്പോൾ
തുറകളിൽ വിഷാദം നിറയുന്നു.
ആർത്തിപ്പെടുന്നതേതിനെന്നറിയാതെ
കുഴഞ്ഞുതീരുകയാണു ജീവിതം.
ഞാൻ പ്രേമിക്കുന്നതു
കയ്യിലില്ലാത്തതൊന്നിനെ.
അത്രയ്ക്കുമകലെയാണു നീ.
പതിഞ്ഞ താളത്തിൽ സന്ധ്യ മയങ്ങുമ്പോൾ
അതിനോടു പടവെട്ടുകയാണെന്റെ ജുഗുപ്ത്സ.
പിന്നെ രാത്രി വരുന്നു,
എനിക്കു പാടിത്തരുന്നു.

ചന്ദ്രനതിന്റെ സ്വപ്നഘടികാരം മുറുക്കുന്നു.
നിന്റെ കണ്ണുകൾ ഭീമനക്ഷത്രങ്ങളായെന്നെയുഴിയുന്നു.
നിന്നെ ഞാൻ പ്രേമിക്കും നേരം
കാറ്റു പിടിച്ച പൈൻമരങ്ങൾക്കു മോഹം
കമ്പികൾ പോലെ മുരത്തയിലകളാൽ
നിന്റെ പേരിനെ പാടിപ്പുകഴ്ത്താൻ.




ഇരുപതു പ്രണയകവിതകൾ – 18
link to image

Friday, February 25, 2011

റില്‍ക്കെ - കവികൾ അവർക്കും അന്യർക്കും

File:Corot.jpg


ദീർഘദീർഘമായ പാതകൾ താണ്ടണമന്യർക്ക്
രാത്രി പോലിരുണ്ട കവികളിലെത്താൻ,
വഴിയിലാരാഞ്ഞാരാഞ്ഞു നടക്കണമവർക്ക്
പാടുന്നൊരാളെയെങ്ങാനും കണ്ടുവോയെന്ന്,
തന്ത്രികളിൽ വിരൽ വച്ചൊരാളെക്കണ്ടുവോയെന്ന്.
പെൺകുട്ടികൾക്കൊരാളോടും ചോദിക്കേണ്ടാ
പ്രതീകങ്ങളുടെ ലോകത്തേക്കുള്ള പാലമേതെന്ന്.
ഒരു പുഞ്ചിരി മതി, വെള്ളിക്കിണ്ണങ്ങൾക്കിടയിൽ
മുത്തുമണികൾ പൊട്ടിയുരുളുന്ന പോലെ.
അവരുടെ ജന്മങ്ങൾക്കു വാതിലുകൾ തുറക്കുന്നത്
കവിയിലേക്ക്, അതിൽപ്പിന്നെ ലോകത്തിലേക്ക്.



link to image


Thursday, February 24, 2011

അമിച്ചായി - ലോകത്തു ദൈവത്തിന്റെ കൈ


1

ലോകത്തു ദൈവത്തിന്റെ കൈ
ശാബത്തിന്റെ തലേന്നു കൊന്ന കോഴികളുടെ കുടലിൽ
എന്റമ്മയുടെ കൈ പോലെ.
തന്റെ കൈകൾ ലോകത്തേക്കു നീളുമ്പോൾ
ജനാലയിലൂടെ ദൈവം കാണുന്നതെന്താവാം?
എന്റമ്മ കാണുന്നതെന്താവാം?

2

എന്റെ വേദന ഒരു മുത്തശ്ശനായിക്കഴിഞ്ഞിരിക്കുന്നു:
തന്റെ സ്വരൂപത്തിൽ രണ്ടു തലമുറകൾക്ക്
അതു ജന്മം നല്കിക്കഴിഞ്ഞിരിക്കുന്നു.
എന്റെയുള്ളിലെ ആൾക്കൂട്ടങ്ങളിൽ നിന്നുമകലെ
വെളുത്ത ഭവനപദ്ധതികൾക്കതു രൂപം നല്കിയിരിക്കുന്നു.
എന്റെ കാമുകി തന്റെ പ്രണയത്തെ മറന്നുവച്ചിരിക്കുന്നു
പാതയോരത്തൊരു സൈക്കിൾ പോലെ.
രാത്രി മുഴുവൻ, പുറത്ത്, മഞ്ഞത്ത്.

കുട്ടികൾ അടയാളപ്പെടുത്തുന്നു
എന്റെ ജീവിതത്തിന്റെ ഘട്ടങ്ങൾ,
ജറുസലേമിന്റെ ഘട്ടങ്ങൾ,
തെരുവിൽ ചന്ദ്രന്റെ ചോക്കുമായി
ലോകത്തു ദൈവത്തിന്റെ കൈ.



കാഫ്ക - ഫെലിസിന്


1913 ജനുവരി 2-3

പ്രിയപ്പെട്ടവളേ, തൊഴുതുപിടിച്ചുകൊണ്ട് ഞാൻ നിന്നോടപേക്ഷിക്കുകയാണ്‌, എന്റെ നോവലിനെപ്രതി അസൂയയരുതേ. എന്റെ നോവലിലുള്ളവർക്ക് നിന്റെ അസൂയയുടെ സൂചനയെന്തെങ്കിലും കിട്ടിയാൽ അവർ എന്നെയും വിട്ടു പാഞ്ഞൊളിയ്ക്കും. ഇപ്പോൾത്തന്നെ അവർ എന്റെ പിടിയിൽ നിൽക്കുന്നത് അവരുടെ ഷർട്ടിന്റെ കൈയിലുള്ള ചെറിയൊരു പിടുത്തം കൊണ്ടു മാത്രമാണ്‌. ഒന്നോർത്തു നോക്കൂ, അവർ എന്നെ വിട്ടു പാഞ്ഞാൽ എനിക്കവരുടെ പിന്നാലെ പായേണ്ടിവരും, അതിനി അങ്ങു നരകം വരെയാണെങ്കിൽ അതു വരെയും; അവിടെയാണവർക്കു സുഖമെന്നതു പറയേണ്ടതുമില്ലല്ലോ. എന്റെ നോവൽ ഞാൻ തന്നെ, എന്റെ കഥകൾ ഞാൻ തന്നെ- എവിടെ, ഞാൻ ചോദിക്കുകയാണ്‌, എത്ര ചെറുതെങ്കിലുമായ അസൂയയക്കൊരിടം? എല്ലാം ഭംഗിയായി നടക്കുമ്പോൾ എന്റെ കഥാപാത്രങ്ങളെല്ലാം കൂടി കൈ കോർത്തുപിടിച്ച് നിന്റെ നേർക്കു വരികയാണ്‌, നിന്റെ മാത്രം പാദസേവ ചെയ്യാൻ. നിന്റെ സാന്നിദ്ധ്യത്തിലാണെങ്കിൽപ്പോലും ഞാൻ എന്റെ നോവലിൽ നിന്നു പിൻവലിയുക എന്നതില്ല; അതിനായാൽത്തന്നെ അതെനിക്കൊരു ഗുണവും ചെയ്യാൻ പോകുന്നുമില്ല, കാരണം എഴുത്തിലൂടെയാണ്‌ എനിക്കു ജീവിതത്തിന്മേൽ ഒരു പിടുത്തം കിട്ടുന്നത്...ഇതോർമ്മവയ്ക്കൂ, ഫെലിസ്, എനിക്കെന്റെ എഴുത്തു നഷ്ടമായാൽ എനിക്കു നീയും നഷ്ടമാകും, മറ്റെല്ലാം നഷ്ടമാകും.

(അമേരിക്ക എന്ന നോവൽ എഴുതുന്ന കാലത്ത് ഫെലിസിനയച്ച കത്ത്)


1913 ഫെബ്രുവരി 28-മാർച്ച് 1

കഴിഞ്ഞൊരു ദിവസം എയിസ്സെൻഗാസ്സെയിലൂടെ നടന്നു പോവുമ്പോൾ അരികിൽ ആരോ പറയുന്നതു കേട്ടു:“ഈ കാൾ എന്തു ചെയ്യുകയാണ്‌?” ഞാൻ തിരിഞ്ഞുനോക്കി; എന്നെ ഒട്ടും ശ്രദ്ധിക്കാതെ തന്നോടു തന്നെ സംസാരിച്ചുകൊണ്ട് നടന്നുപോവുകയാണൊരാൾ; ആ ചോദ്യം സ്വയം ചോദിച്ചതും അയാൾ തന്നെ. പക്ഷേ എന്റെ ഭാഗ്യം കെട്ട നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേരും അതായിപ്പോയി; നിരുപദ്രവിയായ ആ വഴിയാത്രക്കാരൻ താനറിയാതെ എന്നെ കളിയാക്കുകയായിരുന്നു; കാരണം അതൊരിക്കലും ഒരു പ്രോത്സാഹനമായിട്ടെടുക്കാൻ എനിക്കാവില്ല.

മുൻപൊരു ദിവസം എന്റെ അമ്മാവന്റെ കത്തിനെക്കുറിച്ചു സംസാരിക്കുമ്പോൾ നീ എന്നോടു ചോദിച്ചിരുന്നല്ലോ, എന്റെ പ്ളാനും പദ്ധതിയുമൊക്കെ എന്താണെന്ന്. നിന്റെ ചോദ്യം അന്നെന്നെ വല്ലാതെ അത്ഭുതപ്പെടുത്തിക്കളഞ്ഞിരുന്നു; ഇന്ന് ഈ അപരിചിതന്റെ ചോദ്യം വീണ്ടും അതെന്നെ ഓർമ്മിപ്പിക്കുകയാണ്‌. എന്തിനു പറയുന്നു, എനിക്കൊരു പ്ളാനുമില്ല, പദ്ധതിയുമില്ല; ഭാവിയിലേക്കു കാലെടുത്തു വയ്ക്കാൻ എനിക്കു കഴിയില്ല; ഭാവിലേക്കു ഞാൻ തല കുത്തി വീണുവെന്നു വരാം, ഭാവിയിൽ ഞാൻ കിടന്നരഞ്ഞുവെന്നു വരാം, ഭാവിയിലേക്കു ഞാൻ തട്ടിവീണുവെന്നു വരാം, അതെന്നെക്കൊണ്ടാവും; ഇതിലുമൊക്കെ ഭംഗിയായി എനിക്കു ചെയ്യാനാവുന്നത് മേലനങ്ങാതെ കിടക്കുകയെന്നതുമാണ്‌. പ്ളാനും പദ്ധതിയും- സത്യം പറയട്ടെ, അങ്ങനെയൊരു വകയേ എനിക്കില്ല; ഒക്കെ ഭംഗിയായി നടക്കുമ്പോൾ വർത്തമാനകാലത്തിൽ ആണ്ടുമുങ്ങുകയാണു ഞാൻ; കാര്യങ്ങൾ മോശമാവുമ്പോൾ ഭാവിയെയെന്നല്ല, വർത്തമാനകാലത്തെപ്പോലും പഴിക്കുകയുമാണു ഞാൻ.

(ഫെലിസിനയച്ച കത്തിൽ നിന്ന്)

(കാൾ- അമേരിക്ക എന്ന നോവലിലെ നായകൻ കാൾ റോസ്സ്മാൻ)


റില്‍ക്കെ - പ്രവാചകന്മാരെക്കുറിച്ച്


ഏപ്രിൽ 7 1900

നിങ്ങൾക്കിടയിലായിരിക്കുമ്പോൾ നിങ്ങളിലാണ്ടുപോവുകയാണു ഞാൻ മനുഷ്യരേ. എന്തെന്നാൽ ഈ തെരുവുകൾ നിങ്ങളുടേതാണല്ലോ, ഇവയിലൂടെ നടക്കുകയും അസാദ്ധ്യം- നിങ്ങളുടെ പിന്നിലല്ലാതെ, നിങ്ങളുടെ മുന്നിലല്ലാതെ, നിങ്ങളോടൊപ്പമല്ലാതെ, തിരക്കിടുന്ന അനേകർക്കിടയിൽ ഒരൊറ്റയാൻ. ഇനിയൊരു നാൾ, നിങ്ങൾക്കു വൈദേശികതയായ ഒരു ദേശത്തു നിന്നു ഞാൻ മടങ്ങിയെത്തുന്ന നാൾ, പകയ്ക്കാതെ നിങ്ങളുടെ തെരുവുകളിലൂടെ ഞൻ കടന്നുപോകും, വ്യത്യസ്തരായ അനേകർക്കിടയിൽ വ്യത്യസ്തനായ മറ്റൊരാൾ.

മനസ്സു കെട്ട ഈ തെരുവുകളിലെ
പൂപ്പൽ പിടിച്ച ശീലങ്ങൾ നിങ്ങൾ പിന്നിൽ വിട്ടു പോകണം,
നിങ്ങൾക്കിന്നുമാശ്രയമായ മൗനസമ്മതങ്ങളുടെ നേരേ
നിങ്ങൾ വാതിൽ കൊട്ടിയടയ്ക്കണം;
നിങ്ങൾക്കെന്നും വിശ്വാസമായ ആ നുണകളൊക്കെയും
കെടുത്തിക്കഴിഞ്ഞാലല്ലാതെ
സ്വന്തമാത്മാവിന്റെ തുടക്കത്തിൽ നിങ്ങൾ ചെന്നുനിൽക്കില്ല,
നിങ്ങൾ മീതേ നടന്നുപോകുന്ന
കടലിനു മുന്നിൽ നിങ്ങളെത്തില്ല,
താനറിയാതെ നിങ്ങൾ പ്രവർത്തിക്കുന്ന അത്ഭുതങ്ങളത്രേ
മനുഷ്യരിൽ നിന്നെന്നെന്നേക്കുമായി നിങ്ങളെ വിച്ഛേദിക്കുന്നതും.

പുറത്തേക്കു കണ്ണും പായിച്ചിരിക്കുന്നവരൊക്കെയും ഇന്നല്ലെങ്കിൽ നാളെ മരുഭൂമിയിലേക്കിറങ്ങിപ്പോകാനുള്ള ത്വരയ്ക്കു വശംവദരാവും. അരിഷ്ടിച്ച ഭക്ഷണവുമായി ഒരു പാറയ്ക്കു മേൽ ചെന്നിരിക്കാൻ, കണ്ണിമകളെ വലിച്ചുതാഴ്ത്തുന്നത്ര ഭാരമേറിയ ചിന്തകളുമായി ചിന്തിച്ചിരിക്കാൻ. എന്നിട്ടും പക്ഷേ, മരുഭൂമി തേടിപ്പോയവരൊക്കെ ഇന്നല്ലെങ്കിൽ നാളെ തങ്ങൾ വിട്ടുപോയവരിലേക്കു തിരിച്ചുവരികയും ചെയ്തിരിക്കുന്നു. സമൂഹജീവികളെ ഏകാന്തതയുടെ പാഠം പഠിപ്പിക്കാൻ അവർ കൊതിച്ചു; ആ ശ്രമത്തിൽ അവർ വാടിത്തളർന്നു, അവരുടെ മനസ്സിടിഞ്ഞു, യാതനപ്പെട്ട നിസ്സാരമരണം അവർ മരിച്ചു. പക്ഷേ നാം പോകേണ്ടത് മരുഭൂമിയ്ക്കുമപ്പുറത്തേക്ക്, ഒരുകാലത്തും ഉദ്ദിഷ്ടദിശയിൽ നിന്നു കണ്ണെടുക്കാതെ. അതിനാവുന്നനേ ഏകാന്തതയ്ക്കപ്പുറത്തെന്താണുള്ളതെന്നറിയുന്നുള്ളൂ- മരുഭൂമിയിലേക്കിറങ്ങിപ്പോകുന്നതെനിന്താണെന്നവനേ അറിയുന്നുള്ളു. അവനു നഷ്ടബോധം തോന്നില്ല, അവനു മനസ്സു തളരലില്ല, അവൻ ഭൂമിയിൽ ജീവിച്ചിരുന്നതേയില്ല എന്ന മട്ടിലായിരിക്കില്ല അവന്റെ മരണത്തിന്റെ പ്രവർത്തനവും.

മരുഭൂമി ഒരു കവാടം മാത്രമാണെന്നോർമ്മവയ്ക്കുക, അവിടെ നിന്നു തിരികെപ്പോരുന്നവർ ഭിക്ഷ കിട്ടിയതിൽപ്പിന്നെ ദേവാലയവാതിൽക്കൽ നിന്നു തിരിഞ്ഞുനടക്കുന്നവരാണെന്നും. അങ്ങനെയൊരു ഭിക്ഷ കിട്ടിയത് അവരെ പിന്നെയും ദരിദ്രരാക്കിയിട്ടേയുള്ളു, അവരുടെ കൈവെള്ളയിലിരിക്കുന്ന ചെമ്പുതുട്ട് ദാരിദ്ര്യത്തിന്‌ ഒരു മൂർത്തരൂപം കിട്ടിയപോലെയുമാണ്‌. ദേവാലയത്തിനുള്ളിലേക്കവർ കടന്നുചെന്നിരുന്നുവെങ്കിൽ കിഴക്കുദിക്കിലേക്കു നീട്ടിപ്പിടിച്ച ഒഴിഞ്ഞ കൈകളുമായി അൾത്താരയും കടന്നവർക്കു പോകാമായിരുന്നു, അവരെ പിന്നെ ഒരുകാലത്തും കാണുകയുമില്ല നാം. ഇപ്പോൾ പക്ഷേ, ശീലമുറച്ച ഗുരുക്കന്മാരെപ്പോലെയാണവർ; കൈയിൽ ഭിക്ഷ കിട്ടിയതുമായി അവർ തിരിച്ചുവരുന്നു; അവരുടെ ചുണ്ടുകളിലുണ്ട് നന്ദിവാക്കുകൾ; ഭിക്ഷ നൽകിയവരുടെ പിന്നാലെ തൂങ്ങിനടക്കുകയാണവ; അവർക്കൊരു ശല്യവും ഭാരവുമാവുകയുമാണവ.

(ഷ്മാർജെൻഡോർഫ് ഡയറിയിൽ നിന്ന്)


 

Wednesday, February 23, 2011

റില്‍ക്കെ - പള്ളിത്തലമുറ

File:Johann Leonhard Herrlein Benediktinerinnenkirche Fulda 1776.jpg


പള്ളിത്തലമുറ


വിപുലവും അഭിജാതവുമായ ദീപ്തിയിൽ നിന്നു
ദൈവത്തെയവർ തുരന്നെടുത്തു,
തങ്ങളുടെ കാലത്തേക്കവനെയവർ
തള്ളിവിട്ടു...
കീർത്തിച്ചു കീർത്തിച്ചവനെയവർ
പൊതിഞ്ഞുനിന്നു.
ഇന്നവരുടെയന്ധകാരത്തിലേ-
ക്കവൻ മറഞ്ഞും പോയിരിക്കുന്നു.

ആയിരുട്ടിലിന്നവർ
മെഴുകുതിരികൾ കൊളുത്തിവയ്ക്കുന്നു,
ഒരു മിന്നായം പോലെയെങ്കിലും
ദൈവത്തിന്റെ ഹൃദയം തങ്ങൾ കാണും മുമ്പേ
വെളിച്ചം കെട്ടുപോകരുതേയെന്നവർ
മുട്ടിപ്പായി പ്രാർത്ഥിക്കുന്നു...

ജൂലൈ 16, 1898


* * *



അവസാനനാദവും കൊഴിഞ്ഞുപോയതിൽപ്പിന്നെ,
ശേഷിക്കുന്നതൊരു നിശ്ശബ്ദത,
വിപുലവുമഗാധവും:
ഒരേയൊരന്ധകാരത്തിന്റെ നിരവധിനാമങ്ങൾ
നക്ഷത്രങ്ങളും.

നവംബർ 3, 1899


* * *


അന്യമായതിൽ നിന്നൊക്കെ
ഞാനെന്നെ നിവർത്തിയ്ക്കും,
കല്ലിന്മേൽ കല്ലു വച്ചു
ഞാനെന്നെ പണിതെടുക്കും,
മാളിക പൊളിച്ച കല്ലുകളിൽ നിന്നുമല്ല,
അവയുടെയുരുപ്പടികളിൽ നിന്നുമല്ല,
പുഴകൾ കഴുകിവച്ച കല്ലുകളാൽ,
പുൽമേടുകളിലുറച്ചുനിൽക്കുന്ന കുന്നുകളാൽ...

സെപ്തംബർ 1, 1900


link to image

Tuesday, February 22, 2011

റില്‍ക്കെ - കഠിനമീ രാത്രികൾ …

File:Statuetta Betsimisaraka.JPG


കഠിനമീ രാത്രികൾ ദൈവമേ.
എന്നുമുണ്ടുറക്കം വരാത്ത ചില ജീവികൾ.
നിന്നെക്കാണാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമവർ.
ഇരുട്ടത്തവർ തപ്പിത്തടയുന്നതു നീ കേൾക്കുന്നില്ലേ?
വീണുവീണുപോവുമ്പോളവർ കരഞ്ഞുവിളിക്കുന്നതു
നീ കേൾക്കുന്നില്ലേ?
കേട്ടിരിക്കും നീ;
അവർ നിലവിളിയ്ക്കുന്നതത്രയുച്ചത്തിൽ.
അവർ കടന്നുപോകുന്നതെന്റെ പടിയ്ക്കലൂടെ.
എവിടെ നീ?
ആരെ കൂട്ടിനു വിളിയ്ക്കും ഞാൻ,
രാത്രിയിലുമിരുണ്ടയിരുട്ടിനുടമയെയല്ലാതെ,
ഒരു വിളക്കുമില്ലാതുണർന്നിരിക്കുന്നവനെയല്ലാതെ,
ഭീതി തീണ്ടാത്തൊരുവനെയല്ലാതെ-
ആഴങ്ങളിലുള്ളവനേ,
എനിക്കു വിശ്വാസം നിന്നെ,
ഭൂഗർഭത്തിൽ നിന്നു മരങ്ങളായി നീ കുതികൊള്ളുന്നു,
ഞാൻ തല കുനിക്കുമ്പോൾ
മണ്ണിന്റെ വാസനയായി നീയുയരുന്നു.


ദൈവത്തിനുള്ള സ്നേഹഗീതങ്ങൾ


link to image


Monday, February 21, 2011

കാഫ്ക - പ്രിയപ്പെട്ട ഓസ്ക്കാർ…


നവംബർ 9, 1903


പ്രിയപ്പെട്ട ഓസ്ക്കാർ,

നീ പോയതിൽ എനിക്കു സന്തോഷം തോന്നുന്നുണ്ടാവാം; ഒരാൾ ചന്ദ്രനിൽ പിടിച്ചുകയറിയിട്ട് അവിടെയിരുന്ന് തങ്ങളെ നോക്കുന്നതറിഞ്ഞാൽ ആളുകൾക്കു സന്തോഷമാവുമല്ലോ, അതു പോലെ. കാരണം, അത്ര ഉയരത്തിലും ദൂരത്തിലും നിന്ന് തങ്ങൾ നിരീക്ഷിക്കപ്പെടുകയാണെന്ന ബോധം, തങ്ങളുടെ ചലനങ്ങളും വാക്കുകളും ആഗ്രഹങ്ങളും അത്രയ്ക്കൊരു കോമാളിത്തമോ വിഡ്ഢിത്തമോ അല്ലെന്നുള്ള ചെറുതല്ലാത്തൊരു ആത്മവിശ്വാസം അവർക്കു നല്കുകയാണ്‌; ചന്ദ്രനിൽ നിന്നുള്ള ചിരിയൊന്നും വാനനിരീക്ഷകരുടെ കാതുകളിൽ പെടാത്തിടത്തോളം കാലം എന്നുമോർക്കണം...

കാട്ടിൽ വഴി തെറ്റിയലയുന്ന കുട്ടികളെപ്പോലെ കൈവിട്ടുപോയിരിക്കുന്നു നാം. നീ എന്റെ മുന്നിൽ വന്നു നിന്ന് എന്നെ നോക്കുമ്പോൾ എന്റെയുള്ളിലുള്ള ദുഃഖങ്ങളെക്കുറിച്ച് നിനക്കെന്തറിയാൻ, നിന്റെ ദുഃഖങ്ങളെക്കുറിച്ച് ഞാനെന്തറിയാൻ. ഇനി ഞാൻ നിന്റെ മുന്നിൽ കമിഴ്ന്നുവീണ്‌ തേങ്ങിക്കരഞ്ഞുകൊണ്ട് ഒക്കെപ്പറഞ്ഞാലും എന്നെക്കുറിച്ച് കൂടുതലായിട്ടു നീയെന്തറിയാൻ? നരകം ചുട്ടുപൊള്ളുന്നതും പേടിപ്പെടുത്തുന്നതുമാണെന്ന് ആരെങ്കിലുമൊരാൾ പറഞ്ഞാൽ നരകത്തെക്കുറിച്ചു കൂടുതലായിട്ടു നാമൊന്നുമറിയുകയില്ലല്ലോ. ആ ഒരു കാരണം കൊണ്ടു തന്നെ നമ്മൾ മനുഷ്യജീവികൾ ഒരാൾക്കു മുന്നിൽ മറ്റൊരാൾ നില്ക്കേണ്ടത് നരകകവാടത്തിനു മുന്നിലെന്നപോലെ ആദരപൂർവം, സ്നേഹപൂർവം, ആലോചനാപൂർവമായിരിക്കുകയും വേണം...

ചെറുപ്പക്കാർക്കിടയിൽ നീയൊരാളോടു മാത്രമേ ശരിക്കു ഞാൻ സംസാരിച്ചിട്ടുള്ളു. മറ്റാരോടെങ്കിലും ഞാൻ സംസാരിച്ചിട്ടുണ്ടെങ്കിൽ അതു യാദൃച്ഛികമായോ, നിനക്കു വേണ്ടിയോ, നിന്നിലൂടെയോ, നിന്നെ സംബന്ധിച്ചോ ആയിരിക്കും. എനിക്കു നീ, മറ്റു പലതിനുമൊപ്പം, തെരുവിലേക്കു നോക്കാനുള്ള ജനാല കൂടിയായിരുന്നു. ഒറ്റയ്ക്ക് അതിനുള്ള കഴിവെനിക്കില്ലായിരുന്നു. കാരണം, ഉയരമുണ്ടായിട്ടും ജനാലപ്പടിയോളമെത്തിയിരുന്നില്ലല്ലോ ഞാൻ...

ഞാനിപ്പോൾ വായിക്കുന്നത് ഫെക്നർ, എക്കാർട്ട് എന്നിവരെയാണ്‌. സ്വന്തം വീട്ടിൽ നാം തന്നെ തുറന്നുകയറാത്ത ചില മുറികളിലേക്കുള്ള താക്കോൽ പോലെയാണ്‌ ചില പുസ്തകങ്ങൾ...

ഇടയ്ക്കൊന്നു പറയട്ടെ, കുറേ നാളായി എഴുത്തൊന്നും നടന്നിട്ടില്ല. ഞാൻ എഴുതുന്നത് ദൈവത്തിനിഷ്ടമല്ല; എനിക്ക്, എനിക്ക് എഴുതാതിരിക്കാനും വയ്യ. അങ്ങനെ ഒരിക്കലും തീരാത്ത ഒരു മൽപ്പിടുത്തമാണ്‌ ഞങ്ങൾ തമ്മിൽ. ദൈവമാണല്ലോ കരുത്തൻ; അതിന്റെ വേദന നിനക്കൂഹിക്കാവുന്നതിലധികമാണ്‌. ഒരിക്കൽ ഒരു മരമായി വളർന്നേക്കാവുന്ന ഒരു കുറ്റിയിൽ തളച്ചിട്ടിരിക്കുകയാണ്‌ എന്നിലുള്ള ശക്തികളെ; അഴിച്ചു വിട്ടാൽ എനിക്കും എന്റെ രാജ്യത്തിനും അവയെക്കൊണ്ട് എന്തെങ്കിലും ഉപയോഗമുണ്ടായെന്നു വരാം. പക്ഷേ ആവലാതി പറഞ്ഞതു കൊണ്ടുമാത്രം ഒരാൾക്കു തന്റെ കഴുത്തിൽ കെട്ടിയിട്ടിരിക്കുന്ന തിരികല്ലു കുടഞ്ഞു കളയാനാവില്ലല്ലോ; അതയാൾക്കിഷ്ടമാണെങ്കിൽ പ്രത്യേകിച്ചും.


ജനുവരി 10, 1904, രാത്രി പത്തര


പ്രിയപ്പെട്ട ഓസ്ക്കാർ,

ഞാൻ മാർക്കസ് ഓറേലിയസിനെ മാറ്റിവയ്ക്കുകയാണ്‌, വൈമനസ്യത്തോടെ മാറ്റിവയ്ക്കുകയാണ്‌. ഇനിയെനിക്ക് അദ്ദേഹത്തെക്കൂടാതെ ജീവിക്കാൻ കഴിയില്ലെന്നു തോന്നുന്നു; മാർക്കസ് ഓറേലിയസിന്റെ രണ്ടുമൂന്നു സൂക്തങ്ങൾ വായിക്കുന്നതോടെ മനസ്സടക്കവും ചിട്ടയും കൂടുകയാണെനിക്ക്. അതേ സമയം പുസ്തകം ആകെക്കൂടി കാട്ടിത്തരുന്നത് വിവേകമുറ്റ വാക്കും കനത്തൊരു ചുറ്റികയും വിശാലവീക്ഷണവും കൊണ്ട് തന്നെ സംയമനം പാലിക്കുന്ന, ഉരുക്കിന്റെ ദാർഢ്യമുള്ള, സത്യസന്ധനായ ഒരുവനാക്കി മാറ്റാനാഗ്രഹിക്കുന്ന ഒരാളെയാണു താനും. ഒരു വ്യക്തി ഏതു നേരവും “സമാധാനപ്പെടൂ, ഉദാസീനനാവൂ, വികാരങ്ങളെ കാറ്റിൽ പറത്തൂ, സ്ഥിരചിത്തനാവൂ, നല്ലൊരു ചക്രവർത്തിയാവൂ” എന്നിങ്ങനെ സ്വയം ശാസിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്കു പക്ഷേ സംശയം തോന്നാതെ വയ്യ. നമ്മെ നമ്മിൽ നിന്നുതന്നെ മറയ്ക്കാൻ വാക്കുകൾ ഉപയോഗപ്പെടുമെങ്കിൽ നല്ലതു തന്നെ. പക്ഷേ വാക്കുകളെക്കൊണ്ടു സ്വയം അണിയിച്ചണിയിച്ച് നമ്മുടെ സങ്കല്പത്തിലുള്ള ഒരാളാവാൻ നമുക്കു കഴിഞ്ഞാൽ അതുതന്നെയാവും ഭേദം.

കഴിഞ്ഞ കത്തിൽ നീ ഒരു ന്യായവുമില്ലാതെ സ്വയം കുറ്റപ്പെടുത്തുകയായിരുന്നു. ഒരാൾ എനിക്കു നേരേ ഒരു തണുത്ത കൈ നീട്ടുമ്പോൾ ഒരുന്മേഷമൊക്കെ എനിക്കു തോന്നുകയാണ്‌; പക്ഷേ അയാൾ എന്റെ കൈയിൽ പിടിയ്ക്കുമ്പോൾ എനിക്കെന്തോ അന്ധാളിപ്പോ പിടികിട്ടായ്കയോ ഒക്കെയാണു തോന്നുന്നത്. വളരെ അപൂർവമായതു കൊണ്ടാണ്‌ അങ്ങനെ സംഭവിക്കുന്നതെന്നാണോ നിന്റെ വിചാരം? അല്ലല്ല, അതു ശരിയല്ല. ചിലരുടെ പ്രത്യേകതയെന്താണെന്നു നിനക്കറിയാമോ? അവർ ഒന്നുമല്ല, പക്ഷേ അവർക്കതു പുറത്തുകാട്ടാനും കഴിയുന്നില്ല; സ്വന്തം കണ്ണുകളെപ്പോലും അവർക്കതു കാണിച്ചു കൊടുക്കാൻ കഴിയാതെ വരികയാണ്‌; അതാണവരുടെ പ്രത്യേകതയും. ഇവർക്കൊക്കെയൊരു സഹോദരനുണ്ടായിരുന്നു: ഒന്നുമറിയാത്ത, കാര്യമായിട്ടൊരു വാക്കു പറയാനറിയാത്ത, നൃത്തം ചെയ്യാനറിയാത്ത, ചിരിക്കാനറിയാത്ത ഒരാൾ നഗരത്തിലെ തെരുവുകളിലൂടെ നടന്നു പോവുകയാണ്‌. പക്ഷേ താഴിട്ടു പൂട്ടിയ ഒരു പെട്ടി ഏതു നേരവും അടുക്കിപ്പിടിച്ചിരിക്കുകയുമാണയാൾ. ഇനി ഏതെങ്കിലുമൊരു ദയാലു ചെന്ന് “പെട്ടിയിൽ ഇത്ര സൂക്ഷിച്ചുകൊണ്ടുനടക്കുന്നതെന്താണാവോ” എന്നൊന്നു ചോദിച്ചാൽ ആ മനുഷ്യൻ ഉടനേ തല കുമ്പിട്ട്, നല്ല തീർച്ചയില്ലാത്ത പോലെ ഇങ്ങനെ പറയുകയായി, “എനിക്കൊന്നുമറിയില്ല, സംസാരിക്കാനറിയില്ല, നൃത്തം ചെയ്യാനറിയില്ല, ചിരിക്കാനറിയില്ല, പക്ഷേ ഈ പെട്ടിയിലെന്താണുള്ളതെന്ന് ഞാൻ പറയാനേ പാടില്ല; ഇല്ലില്ല, ഞാൻ പറയില്ല.” അങ്ങനെയൊരു മറുപടി പറഞ്ഞുകേൾക്കുമ്പോൾ സ്വാഭാവികമായും സഹാനുഭൂതിയുമായി വന്നവരൊക്കെ തെന്നിമാറുമല്ലോ. അതേ സമയം, ഒരു ജിജ്ഞാസ, ഒരു തീർച്ച കിട്ടാത്തതിന്റെ അസ്വസ്ഥത മിക്കവരിലും തങ്ങിനില്ക്കുന്നുമുണ്ട്; അതിനാൽ അവർ പരസ്പരം ചോദിക്കുകയാണ്‌, “ ആ പെട്ടിയിൽ എന്തായിരിക്കും?” പെട്ടി കാരണമായിത്തന്നെ അവർ പലപ്പോഴും അയാളെ കാണാൻ ചെല്ലുന്നുമുണ്ട്. പക്ഷേ അയാൾ മിണ്ടില്ല. എന്തായാലും ജിജ്ഞാസ, ആ മാതിരിയുള്ള ജിജ്ഞാസ നീണ്ടുനില്ക്കാത്തതാണ്‌; തീർച്ച വരാത്തതിന്റെ അസ്വസ്ഥതയാവട്ടെ, അലിഞ്ഞും പോകുന്നു. കാണാനൊരു പ്രാധാന്യവുമില്ലാത്ത, അടച്ചുപൂട്ടിയൊരു പെട്ടി ഒരാൾ ഏതുനേരവും വിശദീകരണമില്ലാത്തൊരുത്കണ്ഠയോടെ കൊണ്ടുനടക്കുന്നത് ആളുകൾ പിന്നെപ്പിന്നെ ഒരു പുഞ്ചിരിയോടെ കാണാൻ തുടങ്ങുകയാണ്‌. അപ്പോഴും നാമാ പാവത്താനെ ഒരു പകുതി മര്യാദയോടെയാണു കാണുന്നതും; ഒടുവിൽ അയാളൊരു പുഞ്ചിരിയിലേക്ക്, അതിനി വക്രിച്ചതാണെങ്കില്ക്കൂടി,  വന്നേക്കാം. ഇപ്പോൾ പക്ഷേ, ജിജ്ഞാസയ്ക്കു പകരം ഉദാസീനവും അകന്നതുമായ അനുകമ്പയാണ്‌ സ്ഥാനം പിടിച്ചിരിക്കുന്നത്; അതാകട്ടെ, ആ ഉദാസീനതയെക്കാളും അകല്ച്ചയെക്കാളും മോശപ്പെട്ടതുമാണ്‌. പണ്ടത്തേതിനെക്കാൾ എണ്ണത്തിൽ കുറവായ അനുകമ്പാലുക്കൾ ചോദിക്കുകയാണ്‌, “ താനിത്ര സൂക്ഷിച്ച് അതിൽ കൊണ്ടുനടക്കുന്നതെന്താടോ? വല്ല നിധിയോ, പ്രവചനമോ മറ്റോ ആണോ? എന്തായാലും ഒന്നു തുറക്കെന്നേ; രണ്ടായാലും ഞങ്ങൾക്കു വേണം; ഓ, എന്നാലായിക്കോട്ടെ; താൻ അതടച്ചുതന്നെ വച്ചോ; ഞങ്ങൾക്കു തന്നെ വിശ്വാസക്കുറവൊന്നുമില്ല.“ ഈ സമയത്ത് പെട്ടെന്നാരോ ചെവി തുളയ്ക്കുന്ന ഒച്ചയിൽ അലറിക്കരയുന്നതു കേൾക്കുന്നു; ആ മനുഷ്യൻ ആകെ വിരണ്ട് ചുറ്റും നോക്കുന്നു; അത് അയാൾ തന്നെയായിരുന്നു. അയാളുടെ മരണശേഷം പെട്ടിയിൽ കണ്ടത് രണ്ടു പാൽപ്പല്ലുകളായിരുന്നു.

 

 


ചെസ്വാ മീവോഷ് - ലോകാവസാനത്തെക്കുറിച്ച് ഒരു ഗാനം

File:Pieter Bruegel the Elder- The Corn Harvest (August).JPG


ലോകമവസാനിക്കുന്ന ദിവസം
ഒരു തേനീച്ച ഒരു പയർച്ചെടിയെ വട്ടം ചുറ്റുന്നു,
ഒരു മുക്കുവൻ മിന്നുന്നൊരു വല കേടു പോക്കുന്നു,
കടൽപ്പന്നികൾ പുളച്ചുമദിക്കുന്നു,
ഓവുചാലിന്‍റെ വക്കത്ത് കുരുവിക്കുഞ്ഞുങ്ങൾ കളിക്കുന്നു
തൊലി പൊന്നു പൂശിയതാണു പാമ്പെന്നത്തെയും പോലെ.

ലോകമവസാനിക്കുന്ന ദിവസം
സ്ത്രീകൾ കുടയും ചൂടി പാടത്തു നടക്കുന്നു,
പുല്‍വരമ്പത്തു കിടക്കുന്ന ഒരു കുടിയന്‌ ഉറക്കം വന്നുമുട്ടുന്നു,
പച്ചക്കറിക്കാർ തെരുവിൽ ഒച്ചയിടുന്നു,
മഞ്ഞപ്പായ കെട്ടിയൊരു വഞ്ചി തുരുത്തിൽ വന്നടുക്കുന്നു,
ഒരു വയലിൻനാദം വായുവിൽ തങ്ങിനിൽക്കുന്നു
രാത്രിയിലേക്കു വഴി കാട്ടുന്നു.

ഇടിയും മിന്നലും പ്രതീക്ഷിച്ചിരുന്നവർ
നിരാശരാവുന്നു.
ശകുനങ്ങളും മാലാഖമാരുടെ കാഹളം വിളികളും പ്രതീക്ഷിച്ചവർക്കാവട്ടെ,
ലോകാവസാനമാണ് നടക്കുന്നതെന്നു  വിശ്വാസവും വരുന്നില്ല.
സൂര്യനും ചന്ദ്രനും തലയ്ക്കു മേലുള്ള കാലത്തോളം,
പനിനീർപ്പൂക്കളിൽ വണ്ടുകൾ വിരുന്നു ചെല്ലുന്ന കാലത്തോളം,
ചുവന്നുതുടുത്ത കുഞ്ഞുങ്ങൾ പിറന്നുവീഴുന്ന കാലത്തോളം
ലോകാവസാനമായെന്നു വിശ്വസിക്കാൻ ആരും തയ്യാറുമല്ല.

തല നരച്ചൊരു കിഴവൻ മാത്രം,
പ്രവാചകനാവാൻ യോഗ്യൻ,
എന്നാൽ മറ്റു പണിത്തിരക്കുകളാൽ അതു വേണ്ടെന്നു വച്ചൊരാൾ,
അയാൾ മാത്രം തക്കാളികൾ കെട്ടിയെടുക്കുമ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നു:
ഇതല്ലാതൊരു ലോകാവസാനവുമില്ല,
ഇതല്ലാതൊരു ലോകാവസാനവുമില്ല.


link to Czeslaw Milosz

painting – The Harvesters- Pieter Brueghel the Elder-1526-1569


 

Sunday, February 20, 2011

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് - ഫോർട്ടിൻബ്രാസിന്റെ വിലാപം




ഇനി നാമൊറ്റയ്ക്കായ സ്ഥിതിയ്ക്ക് രാജകുമാരാ ആണുങ്ങളെപ്പോലെ നമുക്കു നേരിട്ടു സംസാരിക്കാം
നടക്കല്ലുകളിൽ വീണുകിടക്കുകയാണു നീയെങ്കിലും ചത്തൊരുറുമ്പിനെയല്ലാതെ
രശ്മികളുടഞ്ഞൊരു സൂര്യനെയല്ലാതെ മറ്റൊന്നും നീ കാണുന്നില്ലെങ്കിലും
ഒരു പുഞ്ചിരിയോടല്ലാതെ നിന്റെ കൈകളെക്കുറിച്ചോർത്തിട്ടില്ല ഞാൻ
നിലം പറ്റിയ കിളിക്കൂടുകൾ പോലെ ഇന്നവ കല്ലുകളിൽ വീണുകിടക്കുന്നു
പണ്ടേപ്പോലെ നിരാലംബമാണിന്നുമവ അന്ത്യമെന്നതിതുതന്നെ
കൈകൾ വേറിട്ടു കിടക്കുന്നു വാളു വേറിട്ടു കിടക്കുന്നു തല വേറെ
സൈനികന്റെ കാലടികൾ പതുപതുത്ത വള്ളിച്ചെരുപ്പുകളിലും


നിനക്കൊരു സൈനികന്റെ ശവസംസ്കാരം ലഭിക്കും സൈനികനായിട്ടില്ലാത്ത നിനക്ക്
എനിക്കല്പം പരിചയമുള്ള ഒരേയൊരു ചടങ്ങ്
മെഴുകുതിരികളുണ്ടാവില്ല ഗായകരുണ്ടാവില്ല പീരങ്കിവെടികൾ മാത്രം
പാതയിൽ വലിച്ചിഴയ്ക്കുന്ന കരിന്തുണികൾ ഹെൽമറ്റുകൾ ബൂട്ടുകൾ വെടിക്കോപ്പുകൾ
പെരുമ്പറകൾ മുന്തിയതൊന്നും ഞാനറിഞ്ഞിട്ടില്ല
ഇതൊക്കെയാവും ഞാൻ ഭരണം തുടങ്ങും മുമ്പേ എന്റെ നടപടികൾ
നഗരത്തെ പിടലിയ്ക്കു പിടിച്ചൊന്നു കുലുക്കിയുണർത്തണം


എന്തായാലും നീ മരിക്കാനുള്ളവനായിരുന്നു ഹാംലറ്റ് ജീവിതം നിനക്കു പറഞ്ഞിരുന്നില്ല
നിനക്കു വിശ്വാസം ചില്ലു കൊണ്ടുള്ള ധാരണകളെയായിരുന്നു കളിമണ്ണു കൊണ്ടുള്ള മനുഷ്യരെയായിരുന്നില്ല
ഉറക്കത്തിലെന്നപോലെ എന്നും നീ കോച്ചിവലിച്ചിരുന്നു വ്യാളികളെ നായാടി നീ
ചെന്നായ്ക്കളുടെ ആർത്തിയോടെ നീ വായു കടിച്ചുപൊട്ടിച്ചു തിന്നു പിന്നെ ഛർദ്ദിക്കാൻ മാത്രം
മനുഷ്യന്റേതായിട്ടൊന്നും നീയറിഞ്ഞിരുന്നില്ല ശ്വാസമെടുക്കാൻ പോലും നിനക്കറിയില്ലായിരുന്നു


നിനക്കിപ്പോൾ സമാധാനമായി ഹാംലറ്റ് നിന്റെ കടമ നീ നിറവേറ്റി
നിനക്കു സമാധാനവുമായി ശേഷിച്ചതു മൗനമല്ല എനിക്കുള്ളതാണത്
എളുപ്പമുള്ളതു നീ തെരഞ്ഞെടുത്തു നാടകീയമായൊരു കുത്തിക്കയറ്റൽ
എന്താണു പക്ഷേ വീരചരമം ഇടുങ്ങിയൊരു കസേരയിൽ
കൈയിലൊരു തണുത്ത ആപ്പിളുമായി ചിതൽപ്പുറ്റും കണ്ട് 

ഘടികാരമുഖവും നോക്കിയുള്ള നിതാന്തജാഗ്രതയുമായി നോക്കുമ്പോൾ

വിട രാജകുമാരാ എനിക്കു പിടിപ്പതു പണിയുണ്ട് ഒരോവുചാലിന്റെ നിർമ്മാണം
യാചകരെയും വേശ്യകളെയും സംബന്ധിച്ചൊരു ശാസനം
ജയിൽ പരിഷ്കാരത്തെക്കുറിച്ചും ചിന്തിക്കാനുണ്ട്
ഡെന്മാർക്ക് ഒരു തടവറയാണെന്ന് കൃത്യമായി നീ നിരീക്ഷിച്ചിട്ടുമുണ്ടല്ലോ
എന്റെ കാര്യങ്ങൾക്കായി ഞാൻ പോകുന്നു
ഈ രാത്രിയിൽ ഹാംലറ്റ് എന്നു പേരായി ഒരു നക്ഷത്രം പിറന്നിരിക്കുന്നു
ഒരിക്കലും നാം കണ്ടുമുട്ടില്ല ഞാൻ വിട്ടുപോകുന്നത്
ഒരു ദുരന്തനാടകത്തിനു പറ്റിയ വിഷയവുമല്ല


തമ്മിൽ അഭിവാദ്യം പറയേണ്ടവരല്ല നാം വിട പറയേണ്ടവരുമല്ല
നാം ജീവിക്കുന്നതു തുരുത്തുകളിൽ
ആ വെള്ളം ഈ വാക്കുകൾ അവയ്ക്കെന്തു ചെയ്യാനാവും
അവയ്ക്കെന്തു ചെയ്യാനാവും രാജകുമാരാ



link to image

റില്‍ക്കെ - ശത്രു


ഉപരോധമറിയാത്ത നഗരങ്ങളേ:
ഒരു ശത്രുവിനായിട്ടൊരുനാളും ദാഹിച്ചിട്ടില്ല നിങ്ങൾ?
ഒരു തീർച്ചയുമില്ലാതെ നീണ്ടുനീണ്ടൊരു കാലം
നിങ്ങളെയവൻ വളഞ്ഞുവയ്ക്കുന്നതും,
ഒടുവിൽ ആശ കെട്ടും വിശന്നും
നിങ്ങളവനു കോട്ടവാതിൽ തുറന്നു കൊടുക്കുന്നതും
സ്വപ്നം കണ്ടിട്ടില്ല നിങ്ങൾ?
മട്ടുപ്പാവുകളിൽ നിന്നൊന്നു നോക്കൂ:
അവൻ തമ്പടിച്ചിരിക്കുന്നതവിടെ.
അവനു ക്ഷീണമില്ല,
വലുപ്പത്തിൽ, കരുത്തിൽ
അവനിളപ്പമില്ല.
അവൻ ദൂതന്മാരെ അയക്കുന്നതുമില്ല,
ഭീഷണിയുമായി,
വാഗ്ദാനവുമായി,
പ്രലോഭനവുമായി.

ഒച്ച പുറത്തു കേൾപ്പിക്കാതെ
കരുക്കൾ നീക്കുകയാണ്‌
നിങ്ങളെ കീഴടക്കാൻ വരുന്നവൻ.

I, 49


ദൈവത്തിനുള്ള സ്നേഹഗീതങ്ങൾ


Saturday, February 19, 2011

ഫെർണാൻഡോ പെസ്സൊവ - അശാന്തിയുടെ പുസ്തകം



6

ജീവിതത്തോട് അധികമൊന്നും ഞാൻ ചോദിച്ചില്ല, അതു പോലും ജീവിതം എനിക്കു നിഷേധിച്ചു.  അടുത്തൊരു പാടം, ഒരു വെയിൽനാളം, ഒരപ്പക്കഷണത്തിനൊപ്പം ഒരല്പം സമാധാനം, ഞാൻ ജീവനോടിരിക്കുന്നു എന്ന ബോധം എനിക്കൊരു ഭാരമാകാതിരിക്കുക, അന്യരെക്കൊണ്ട് ഒരാവശ്യവും എനിക്കുണ്ടാകാതിരിക്കുക, അന്യർക്കെന്നെക്കൊണ്ടും ആവശ്യമൊന്നും ഉണ്ടാകാതിരിക്കുക- ജീവിതം അതെനിക്കു നിഷേധിച്ചു, കൈയിലുള്ള ചില്ലറ നാണയം നാമൊരു യാചകനു നിഷേധിക്കുന്ന പോലെ; അതുപക്ഷേ നാമത്ര പിശുക്കന്മാരായതു കൊണ്ടുമല്ല, കീശയിൽ കൈയിട്ട് അതെടുത്തു കൊടുക്കുന്നതു പോലും ഒരായാസമായി നമുക്കു തോന്നുന്നതു കൊണ്ടു മാത്രം.

ഒച്ചയനക്കമില്ലാത്ത എന്റെ മുറിയിലിരുന്ന് ഞാനെഴുതുകയാണ്‌, എന്നെത്തെയും പോലെ ഏകാകിയായി, ഇനിയെന്നെത്തെയും പോലെ ഏകാകിയായി. ഞാൻ സ്വയം ചോദിക്കുകയുമാണ്‌, അഗണ്യമെന്നു തോന്നുന്ന എന്റെ ശബ്ദത്തിലില്ലേ ആയിരമായിരം ശബ്ദങ്ങളുടെ സാരസംക്ഷേപം, ആയിരങ്ങളായ ജിവിതങ്ങളുടെ ആത്മസാക്ഷാല്ക്കാരത്തിനുള്ള അഭിവാഞ്ഛകൾ, എന്നെപ്പോലെ തങ്ങളുടെ ദൈനന്ദിനജീവിതത്തിനു കീഴടങ്ങിക്കൊടുത്ത ലക്ഷക്കണക്കായ ആത്മാക്കളുടെ സഹനങ്ങൾ, അവരുടെ ഫലിക്കാത്ത സ്വപ്നങ്ങൾ, പ്രതീക്ഷ വേണ്ടാത്ത പ്രതീക്ഷകൾ?. ഇങ്ങനെയുള്ള നിമിഷങ്ങളിൽ എന്റെ ഹൃദയമിടിപ്പു കൂടുകയാണ്‌, കാരണം അതിനെക്കുറിച്ചു ബോധവാനാണു ഞാൻ. എനിക്കല്പം കൂടി ജീവൻ വച്ചപോലെയും തോന്നുന്നു, കാരണം മേഘങ്ങൾക്കിടയിൽ പാറിനടക്കുകയാണു ഞാൻ. മതപരമായ ഒരാവേശം, ഒരുതരം പ്രാർത്ഥന, ഒരുതരം സമൂഹാരവം- ഉള്ളിൽ ഞാനതറിയുന്നു. അപ്പോഴാണ്‌ മനസ്സ് എന്നെ പിടിച്ചിറക്കി ഞാനെവിടെ നില്ക്കുന്നുവെന്ന് എനിക്കു കാണിച്ചുതരുന്നത്... റുവാ ദോ ദുവാർദോയിലെ ഒരു കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണു ഞാനെന്ന് എനിക്കോർമ്മ വരുന്നു; പാതിയുറക്കത്തിലെന്ന പോലെ ഞാൻ എന്നെത്തന്നെ നോക്കുന്നു. പാതിയെഴുതിയ ഈ താളിൽ നിന്ന് കണ്ണുയർത്തി ഞാൻ നോക്കുകയാണ്‌, വിഫലവും അസുന്ദരവുമായ ജീവിതത്തെ, ചുളിഞ്ഞ ഒപ്പുകടലാസ്സിനപ്പുറത്തുള്ള ആഷ്ട്രേയിൽ ഞാൻ കുത്തിക്കെടുത്താൻ പോവുന്ന വില കുറഞ്ഞ സിഗററ്റിനെ. അഞ്ചാം നിലയിലിരിക്കുന്ന ഈ ഞാൻ ജിവിതത്തെ ചോദ്യം ചെയ്യുകയാണ്‌! ആത്മാക്കളുടെ വികാരങ്ങൾക്കു പ്രകാശനം നല്കുകയാണ്‌! ഒരു ജിനിയസ്സിനെപോലെ, പേരുകേട്ട ഒരെഴുത്തുകാരനെപ്പോലെ സാഹിത്യമെഴുതുകയാണ്‌! ഇവിടെ, ജീനിയസ്സായ ഈ ഞാൻ!...



118

ഞാനെഴുതുന്നത് ആരും വായിക്കുന്നില്ലെന്നതിൽ ഞാനെന്തിനു ചിന്താകുലനാവണം? ജീവിതത്തെ മറക്കാനാണ്‌ ഞാനെഴുതുന്നത്; അതു പ്രസിദ്ധീകരിക്കുന്നെങ്കിൽ കളിയുടെ നിയമങ്ങളിൽ ഒന്ന് അതായതു കൊണ്ടും. ഇനി നാളെ ഞാനെഴുതിയതൊക്കെ നഷ്ടപ്പെട്ടുപോയാൽ എനിക്കു ദുഃഖം തോന്നുമെന്നുള്ളതു തീർച്ച; എന്നുവച്ച് മനസ്സിന്റെ സമനില തെറ്റിക്കുന്നത്ര കടുത്തൊരു ദുഃഖമായിരിക്കുമോ അതെന്നു ഞാൻ സംശയിക്കുന്നു; എന്റെ എഴുത്തിനോടൊപ്പം എന്റെ ജീവിതമാകെയാണു നഷ്ടപ്പെടുന്നതെന്നിരിക്കെ നിങ്ങൾ പ്രതീക്ഷിക്കുന്നതങ്ങനെയാണെങ്കിൽക്കൂടി. മകൻ നഷ്ടപ്പെട്ട് ചില മാസങ്ങൾക്കകം തന്റെ ജീവിതം വീണ്ടെടുക്കുന്ന ഒരമ്മയുടെ അവസ്ഥയാകണം എന്റേതെന്നാണു ഞാൻ വിശ്വസിക്കുക. മലകളെ കാത്തുരക്ഷിക്കുന്ന ഈ മഹിതഭൂമി, അത്രയും വാത്സല്യത്തോടെയല്ലെങ്കിലും , ഞാനെഴുതിയ താളുകളെയും പരിരക്ഷിച്ചുകൊള്ളും. സാരമുള്ളതായിട്ടൊന്നുമില്ല; തങ്ങൾ ജീവിതത്തിൽ കണ്ണു നട്ടിരിക്കെ ഉറങ്ങാതെ കണ്ണും തുറന്നു കിടക്കുന്ന ഈ കുഞ്ഞിനെ ഒരു പൊറുതികേടായിട്ടെടുക്കുന്നവരുണ്ടാവുമെന്നതിൽ എനിക്കു സംശയവുമില്ല; അവർക്കാകെ വേണ്ടത് കുഞ്ഞുറങ്ങിയതിൽപ്പിന്നെ കൈവരുന്ന സമാധാനമത്രെ.


295


പണം മനോഹരമാണ്‌, എന്തെന്നാൽ അതു നമ്മെ മോചിപ്പിക്കുന്നു.

ബെയ്ജിങ്ങിൽ കിടന്നു മരിക്കാൻ ആഗ്രഹം തോന്നുകയും അതിനു സാധിക്കാതെ വരികയും ചെയ്യുക എന്നത് ആസന്നമായ അന്ത്യം പോലെ എന്റെ ഹൃദയത്തിൽ കനം തൂങ്ങുന്ന ചിലതിൽ ഒന്നാണ്‌.

ഉപയോഗമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടുന്നവർ പൊതുവേ കരുതും പോലെ ബുദ്ധിശൂന്യരൊന്നുമല്ല- അവർ വാങ്ങുന്നത് കൊച്ചുകൊച്ചു സ്വപ്നങ്ങളാണ്‌. സമ്പാദിക്കുക എന്ന പ്രവൃത്തിയിലൂടെ കുട്ടികളാവുകയാണവർ. പണമുള്ളവർ നിരുപയോഗമായ ആ കൊച്ചുവസ്തുക്കളുടെ വശ്യതയ്ക്കു കീഴടങ്ങുമ്പോൾ ആ സമ്പാദ്യത്തിലൂടെ അവർക്കു കിട്ടുന്നത് കടൽക്കരയിൽ ചിപ്പികൾ പെറുക്കിക്കൂട്ടുന്ന ഒരു കുട്ടിയുടെ ആഹ്ളാദമത്രേ- ഒരു കുട്ടിയുടെ സന്തോഷത്തെ ഏറ്റവും നന്നായി പ്രകടമാക്കുന്ന ഒരു ചിത്രവുമാണല്ലോ അത്. കടല്ക്കരയിൽ ചിപ്പികൾ പെറുക്കുകയാണവൻ! കുട്ടികൾക്ക് രണ്ടു വസ്തുക്കൾ ഒരിക്കലും ഒരുപോലെയല്ല. ഏറ്റവും മനോഹരമായ രണ്ടെണ്ണം കൈയിൽ പിടിച്ച് അവൻ ഉറക്കമാവുന്നു; അവ കാണാതെ വരുമ്പോൾ, അതുമല്ലെങ്കിൽ അവ എടുത്തുമാറ്റുമ്പോൾ ( എന്തൊരപരാധം! അവന്റെ ആത്മാവിന്റെ തുണ്ടുകളല്ലേ അവർ കൈക്കലാക്കി കടന്നുകളഞ്ഞത്! അവന്റെ സ്വപ്നശകലങ്ങളല്ലേ അവർ മോഷ്ടിച്ചുകൊണ്ടുപോയത്!) താൻ അപ്പോൾ സൃഷ്ടിച്ച ഒരു പ്രപഞ്ചം നഷ്ടപ്പെടുന്ന ഒരു ദൈവത്തെപ്പോലെ തേങ്ങിക്കരയുകയുമാണവൻ.


 

Friday, February 18, 2011

റില്‍ക്കെ - പിതാക്കന്മാരും പുത്രന്മാരും

File:Der Tempel der Juno in Agrigent (C D Friedrich).jpg


ചിലനേരമൊരു മനുഷ്യൻ
അത്താഴമേശയ്ക്കു പിന്നിൽ നിന്നെഴുന്നേറ്റു നിൽക്കുന്നു
വാതിൽ തുറന്നു പുറത്തേയ്ക്കു പോവുന്നു
ദൂരെ കിഴക്കൊരു ദേവാലയം തേടി
അയാൾ യാത്ര പോവുന്നു
പിന്നിൽ അയാളുടെ കുട്ടികൾ
മരണപ്പെട്ടവരുടെ പ്രാർത്ഥന ചൊല്ലുന്നു.

മറ്റൊരാൾ മരിക്കും വരെ
വീട്ടിൽത്തന്നെ കഴിയുന്നു
പിഞ്ഞാണങ്ങൾക്കും കോപ്പകൾക്കു-
മിടയിൽ കഴിയുന്നു
അതിനാൽ ലോകത്തേക്കിറങ്ങിപ്പോകുന്ന-
തയാളുടെ കുട്ടികൾ
അയാൾ മറന്നുപോയൊരു ദേവാലയവും തേടി.


II 19


link to image


Thursday, February 17, 2011

തദേവൂഷ് റൊസേവിച് - രൂപാന്തരങ്ങൾ


രൂപാന്തരങ്ങൾ


എന്റെ കൊച്ചുമകൻ
മുറിക്കുള്ളിലേക്കു കയറിവന്നു പറയുന്നു
‘അച്ഛനാളു കഴുകൻ,
ഞാനൊരു ചുണ്ടെലി’

ഞാൻ പുസ്തകം മാറ്റിവയ്ക്കുന്നു
എനിക്കു ചിറകുകളും
നഖരങ്ങളും മുളയ്ക്കുന്നു

അവയുടെ ദുർഭഗമായ നിഴലുകൾ
ചുമരിലൂടെ പായുന്നു
ഞാനൊരു കഴുകൻ
അവനൊരു ചുണ്ടെലി

‘അച്ഛനൊരു ചെന്നായ
ഞാനൊരു കുഞ്ഞാട്’
മേശയ്ക്കു ചുറ്റും ഞാൻ നടക്കുന്നു
ചെന്നായയാണു ഞാൻ
ഇരുട്ടത്തു തേറ്റകൾ പോലെ
ജനാലയുടെ ചില്ലുപാളികൾ തിളങ്ങുന്നു

അവൻ അമ്മയുടെ മടിയിലേക്കോടുന്നു
അവരുടെ വസ്ത്രത്തിന്റെ
ഊഷ്മളതയിൽ മുഖമൊളിപ്പിച്ച്
അവൻ സുരക്ഷിതനുമാവുന്നു



ചുണ്ടത്തു വച്ച വിരൽ

സത്യത്തിന്റെ ചുണ്ടുകൾ
കൂട്ടിയടച്ചിരിക്കുന്നു

ചുണ്ടത്തു വച്ച ഒരു വിരൽ
നമ്മോടു പറയുന്നു
നിശ്ശബദതയുടെ

കാലമായെന്ന്

എന്താണു സത്യം
എന്ന ചോദ്യത്തിന്‌
ഒരാളും ഉത്തരം പറയില്ല

അതറിഞ്ഞിരുന്ന ഒരാൾ
സത്യമായിരുന്ന ഒരാൾ
പൊയ്ക്കഴിഞ്ഞുമിരിക്കുന്നു


ഹൃദയത്തിന്‌


വിദഗ്ധനായ ഒരു പാചകക്കാരനെ
നോക്കിനിൽക്കുകയായിരുന്നു ഞാൻ
ആടിന്റെ വായിലൂടെ
അയാൾ കൈ കടത്തും
ശ്വാസനാളത്തിലൂടെ
കൈ തള്ളിക്കേറ്റും
പിന്നെ ഒറ്റപ്പിടിത്തത്തിന്‌
ഹൃദയം കൈക്കലാക്കും
ഹൃദയത്തെ
വളഞ്ഞുപിടിക്കുന്ന വിരലുകൾ
ഒറ്റ വലിയ്ക്ക്
ഹൃദയം പറിച്ചെടുക്കും
അതെ
ആളൊരു വിദഗ്ധൻ തന്നെയായിരുന്നു


പലേ അടിയന്തിരങ്ങൾക്കിടയിൽ


പലേ അടിയന്തിരങ്ങൾക്കിടയിൽ
ഒന്നു ഞാൻ മറന്നേ പോയി
മരിക്കുകയും വേണ്ടതാണെന്ന്

കളിമട്ടിൽ
ഞാനാ ബാധ്യത അവഗണിച്ചുകളഞ്ഞു
അതുമല്ലെങ്കിൽ
ഞാനതു നിറവേറ്റിയത്
വേണ്ടത്ര ഗൗരവം കൊടുക്കാതെയാവണം

നാളെത്തുടങ്ങി
ഒക്കെ മാറുകയാണ്‌
ഞാൻ മരിക്കാൻ തുടങ്ങുകയാണ്‌
ശുഷ്കാന്തിയോടെ
വിവേകത്തോടെ
ശുഭപ്രതീക്ഷയോടെ
കാലം കളയാതെ



എന്റെ കവിത

ഒന്നിനെയും സാധൂകരിക്കുന്നില്ല
ഒന്നിനെയും വിശദീകരിക്കുന്നില്ല
ഒന്നിനെയും പരിത്യജിക്കുന്നില്ല
ഒരു സാകല്യത്തെയും പുണരുന്നില്ല
ഒരു പ്രതീക്ഷയും പൂവണിയിക്കുന്നില്ല

പുതിയതായൊരു ചിട്ടയും സൃഷ്ടിക്കുന്നില്ല
ഒരാഹ്ളാദത്തിലും പങ്കു കൊള്ളുന്നില്ല
നിയതമായൊരിടത്തിൽ
അതു നിലകൊള്ളും

അതുദ്ബോധിപ്പിക്കുന്നില്ലെങ്കിൽ
അതു മൗലികമല്ലെങ്കിൽ
അതു ഭീതി ജനിപ്പിക്കുന്നില്ലെങ്കിൽ
ആ വിധമാണതു നിശ്ചയിച്ചിരിക്കുന്നതും

അതനുസരിക്കുന്നതു തന്റെ പ്രമാണങ്ങളെ
തന്റെ സാദ്ധ്യതകളെ
തന്റെ പരിമിതികളെ
അതു തോൽക്കുന്നതു തന്നോട്

അതൊന്നിനും പകരം നിൽക്കുന്നില്ല
അതിനെയൊന്നും പകരം വയ്ക്കുന്നില്ല
അതേവർക്കുമായി തുറന്നതാണ്‌
ദുരൂഹതകളൊഴിഞ്ഞതാണ്‌

അതിനുദ്യമങ്ങളനേകമാണ്‌
ഒന്നിനുമതാളുമല്ല



സ്വർണ്ണമലകൾ

ഞാനാദ്യമായി മലകൾ കാണുമ്പോൾ
ഇരുപത്താറു വയസ്സു
പ്രായമായിരുന്നെനിക്ക്

ഞാൻ പൊട്ടിച്ചിരിച്ചില്ല
അട്ടഹസിച്ചില്ല
അവയുടെ സാന്നിദ്ധ്യത്തിൽ
ഞാൻ സംസാരിച്ചതടക്കത്തിൽ

വീട്ടിൽ മടങ്ങിയെത്തിയപ്പോൾ
മലകൾ കാണാനേതുവിധമെന്ന്
അമ്മയോടു പറയാനായി
ഞാൻ ചെന്നു

രാത്രിനേരത്ത്
അതു പറയുക ദുഷ്കരമായിരുന്നു
രാത്രിയിൽ സകലതും മാറിപ്പോകുന്നു
മലകളും വാക്കുകളും

അമ്മ നിശ്ശബ്ദയായിരുന്നു
അവർ ക്ഷീണിതയായിരുന്നിരിക്കാം
ഉറങ്ങിപ്പോയിരിക്കാം

മേഘങ്ങൾക്കിടയിൽ
ചന്ദ്രൻ തെഴുത്തു
സാധുമനുഷ്യരുടെ
സ്വർണ്ണമല


link to the poet


 

നെരൂദ - ദീഗോ റിവേറാ...


ദീഗോ റിവേറാ കരടിയ്ക്കുള്ള ക്ഷമയോടെ
ചായങ്ങൾക്കിടയിൽ തിരഞ്ഞുപോകുന്നു കാടിന്റെ പച്ചയെ,
സിന്ദൂരത്തെ, ചോരയുടെ ആകസ്മികപുഷ്പത്തെ,
നിന്റെ ചിത്രത്തിലയാൾ സഞ്ചയിക്കുന്നു ലോകത്തിന്റെ വെളിച്ചത്തെ.

അയാൾ വരച്ചിടുന്നു നിന്റെയുദ്ധതനാസിക,
അലസനേത്രങ്ങളിൽ പാളുന്ന തീപ്പൊരികൾ,
ചന്ദ്രനസൂയ വളർത്തുന്ന നിന്റെ നഖങ്ങൾ,
ചർമ്മത്തിന്റെ സംഗ്രഹത്തിൽ വദനത്തിന്റെ തണ്ണിമത്തൻ.

നിന്റെ മേലയാൾ വയ്ക്കുന്നു ലാവയുരുകുന്ന രണ്ടു ശീർഷങ്ങൾ,
അഗ്നിയും പ്രണയവും  അരൗക്കൻ വംശവുമെരിക്കുന്ന രണ്ടഗ്നിപർവതങ്ങൾ.
കളിമണ്ണിന്റെ രണ്ടു പൊന്മുഖങ്ങൾക്കു മേൽ

കാട്ടുതീയുടെ ശിരോകവചമയാൾ നിന്നെയണിയിക്കുന്നു;
അവിടെ രഹസ്യമായിട്ടെന്റെ കണ്ണുകൾ കുരുങ്ങിക്കിടക്കുന്നു
നിന്റെ മുടിത്തഴപ്പിന്റെ കലാപങ്ങൾക്കിടയിൽ.


 ദീഗോ റിവേറാ- നെരൂദയുടെ സുഹൃത്തായ മെക്സിക്കൻ ചിത്രകാരൻ
പെയിന്റിങ്ങ് - മാറ്റിൽഡെ ഉറൂഷ്യെയുടെ ചിത്രം റിവേറാ വരച്ചത്

Neruda, Rivera and the Medusa



Wednesday, February 16, 2011

നെരൂദ - ഭീതി


എല്ലാവരുമെന്നെ ഉപദേശിക്കുകയാണ്‌
വ്യായാമം ചെയ്യാൻ, ദേഹം നോക്കാൻ,
ഓടാൻ, നീന്താൻ, പറക്കാനും.
ഒക്കെ നല്ലതു തന്നെ.


എല്ലാവരുമെന്നെ ഉപദേശിക്കുകയാണ്‌
കുറച്ചു നാൾ വിശ്രമമെടുക്കാൻ,
അവരെനിക്കായി ഡോക്ടറെ തേടിപ്പിടിയ്ക്കുന്നു,
ചരിഞ്ഞൊരു രീതിയിൽ എന്നെ നോക്കുന്നു.
ഇതെന്താണിങ്ങനെ?


എല്ലാവരുമെന്നെ ഉപദേശിക്കുകയാണ്‌
ഒരു യാത്ര പോകാൻ,പോകാതിരിക്കാൻ,
മരിക്കാൻ, മരിക്കാതിരിക്കാനും.
അതെന്തുമാവട്ടെ.


എല്ലാവരും എന്റെ കുടലുകളിൽ
ചില പൊരുത്തക്കേടുകൾ
കണ്ടെത്തുകയാണ്‌ , എക്സ്-റേ ഫിലിം കണ്ട് അവർ ഞെട്ടുകയുമാണ്‌ .
ഞാനതു സമ്മതിക്കുന്നില്ല.


കത്തിയും മുള്ളുമെടുത്ത്
എന്റെ കവിതയിൽ കുത്തിനോക്കുകയാണെല്ലാവരും,
ഒരീച്ചയെ അവർക്കു കിട്ടണം.
എനിക്കു പേടിയാവുന്നു.

എനിക്കു പേടിയാവുന്നു ഈ ലോകത്തെ,
തണുത്ത വെള്ളത്തെ, മരണത്തെ. 


എല്ലാ മനുഷ്യരെയും പോലെയാണു ഞാൻ,
ക്ഷമ കെട്ടവൻ.

അതിനാൽ ഇനിയുള്ള ഹ്രസ്വായുസ്സിൽ
ഞാനവരെ ശ്രദ്ധിക്കാനേ പോകുന്നില്ല.
ഞാനെന്നെത്തന്നെ തുറന്ന് അവിടെയടച്ചിരിക്കാൻ പോകുന്നു,
എന്റെ ഏറ്റവും കടുത്ത, കുടിലനായ ശത്രുവിനോടൊപ്പം,
പാബ്ളോ നെരൂദയോടൊപ്പം.



നെരൂദ - സന്ധ്യനേരത്ത് ഒരാത്മഗതം



ഈ നേരത്തൊരുപക്ഷേ
നാമൊറ്റയ്ക്കായ സ്ഥിതിയ്ക്ക്
തന്നോടെനിക്കു ചിലതു ചോദിക്കാനുണ്ട്-
നമുക്കാണുങ്ങളെപ്പോലെ നേരിട്ടു സംസാരിക്കാം.

തന്നോട്, ആ പോയ ആളോട്,
ഇന്നലെ പിറന്നവരോട്,
മരിച്ചു മണ്ണടിഞ്ഞവരോട്,
നാളെ പിറക്കാനിരിക്കുന്നവരോട്
എനിക്കൊന്നു സംസാരിക്കണം,
അന്യരുടെ കാതിൽപ്പെടാതെ,
അവരുടെ പിറുപിറുക്കൽ കേൾക്കാതെ,
കാതുകൾ പകർന്നുപോവുമ്പോൾ
കാര്യങ്ങൾ ചോർന്നുപോകാതെയും.

ആവട്ടെ, എവിടെ നിന്നു വരുന്നു, എവിടെയ്ക്കു പോകുന്നു?
ഇനിയെന്നാൽ പിറന്നേക്കാമെന്ന്
ഏതൊന്നു കൊണ്ടു താൻ നിശ്ചയിച്ചു?
തനിക്കറിയുമോ ഈ ലോകമെത്ര ചെറുതാണെന്ന്,
കഷ്ടിച്ചൊരാപ്പിളിന്റെ വലിപ്പമേ അതിനുള്ളുവെന്ന്,
ഒരു പാറക്കഷണം പോലെയാണതെന്ന്,
ഒരു പിടി മണ്ണിനു വേണ്ടി
സഹോദരങ്ങൾ തമ്മിൽ കൊല്ലുമെന്ന്?

മരിച്ചുപോയവർക്കോ,
മണ്ണെത്രയെങ്കിലുമാണ്‌!

ഇതിന്നകം തനിക്കു ബോധ്യമായിട്ടുണ്ടോ,
അതോ ബോധ്യമാകുമോ,
കാലമെന്നാൽ ഒരു നാളു പോലുമില്ലെന്ന്,
ഒരു തുള്ളി മാത്രമാണ്‌ ഒരു നാളെന്ന്?

താനെന്താകും, താനെന്തായിരുന്നു?
മനുഷ്യപ്പറ്റുള്ളവനോ, സംസാരപ്രിയനോ,
നിശബ്ദനോ?
ഒപ്പം പിറന്നവരെ
കടന്നുകയറിപ്പോകാൻ നോക്കുകയാണോ താൻ?
അതോ അവരുടെ അരയ്ക്ക്
ഒരു തോക്കിൻ കുഴലെടുത്തു ചൂണ്ടുകയോ?

ശേഷിച്ച നാളുകളിത്രയും കൊണ്ട്,
അതുമല്ല, കിട്ടാതെ പോയ നാളുകൾ കൊണ്ട്
താനെന്തു ചെയ്യാൻ?

തനിക്കറിയുമോ
തെരുവുകളിൽ ആരുമില്ലെന്ന്,
വീടുകളിലും ആരുമില്ലെന്ന്?

ജനാലകളിൽ കണ്ണുകൾ മാത്രമേയുള്ളു.

കിടന്നുറങ്ങാനിടമില്ലെങ്കിൽ
ഒരു വാതിലിൽ ചെന്നു മുട്ടൂ,
അതു തുറക്കും,
ഒരു പരിധി വരെ തുറക്കും,
ഉള്ളിൽ തണുപ്പാണെന്നു നിങ്ങൾക്കു കാണാം,
വീടു ശൂന്യമാണെന്നു നിങ്ങൾക്കു കാണാം,
നിങ്ങളുമായി ഇടപാടൊന്നും വേണമെന്നതിനില്ലെന്നും;
നിങ്ങളുടെ കഥകളൊന്നും വിലപ്പോവില്ല,
എളിമയും കൊണ്ടു നില്ക്കാനാണു ഭാവമെങ്കിൽ
നായയും പൂച്ചയും വന്നു കടിക്കുകയും ചെയ്യും.

താനെന്നെ മറക്കുന്ന ഒരുകാലം വരെ-
ഞാനിതാ പോകുന്നു,
കാറ്റിനോടു ചോദ്യങ്ങളും ചോദിച്ചു കൊണ്ടിരിക്കാൻ
എനിക്കു നേരവുമില്ല.

എനിക്കു നേരേ നടക്കാൻ തന്നെയാവുന്നില്ല,
അത്ര തിരക്കിലാണു ഞാൻ.
എവിടെയോ എന്നെയും കാത്തിരിക്കുകയാണവർ
എന്റെ മേൽ എന്തോ പഴി ചുമത്താൻ;
എനിക്കെന്റെ ഭാഗം വാദിക്കുകയും വേണം;
എന്താണു കാര്യമെന്നാർക്കുമറിയില്ല,
അടിയന്തിരമാണു കാര്യമെന്നേവർക്കുമറിയുകയും ചെയ്യാം.
ഞാൻ ചെന്നില്ലെങ്കിൽ കേസു കഴിയും,
ഞാൻ മുട്ടുമ്പോൾ വാതിലാരും തുറക്കാനില്ലെങ്കിൽപ്പിന്നെ
ഞാനെങ്ങനെയെന്റെ ഭാഗം വാദിക്കും?

അതിനും മുമ്പ് നമുക്കു സംസാരിക്കാം.
അതോ അതിനു ശേഷമോ?
എനിക്കൊന്നുമോർമ്മനിൽക്കുന്നില്ല,
അതോ നാം തമ്മിൽ കണ്ടിട്ടേയില്ലെന്നോ,
നമുക്കന്യോന്യം മനസ്സിലാവില്ലെന്നോ?
ഇങ്ങനെ ചില തലതിരിഞ്ഞ ശീലങ്ങളുണ്ടെനിക്ക്-
ആരോടുമല്ലാതെ വർത്തമാനം പറയും ഞാൻ,
എന്നോടു തന്നെ ചോദ്യങ്ങൾ ഞാൻ ചോദിക്കും,
മറുപടി ഞാൻ പറയുകയുമില്ല.



Monday, February 14, 2011

യഹൂദാ അമിച്ചായി - പ്രണയത്തിനു പൂർത്തിയായിരിക്കുന്നു...

File:Sand Dunes (Qattara Depression).jpg


പ്രണയത്തിനു പൂർത്തിയായിരിക്കുന്നു...


പ്രണയത്തിനു വീണ്ടും പൂർത്തിയായിരിക്കുന്നു,
ലാഭകരമായൊരു മാമ്പഴക്കാലം പോലെ,
മറവിയിൽപ്പെട്ടുകിടക്കാൻ കൊതിച്ച പ്രക്ഷുബ്ധവസ്തുകളെ
ഭൂമിയ്ക്കടിയിൽ നിന്നു കിളച്ചെടുത്ത പുരാവസ്തുഖനനം പോലെ.

പ്രണയത്തിനു വീണ്ടും പൂർത്തിയായിരിക്കുന്നു.
ഉയരമുള്ളൊരു കെട്ടിടം പൊളിച്ചിറക്കി
അവശിഷ്ടങ്ങൾ വാരിമാറ്റുമ്പോൾ
ഒഴിഞ്ഞ ചതുരത്തിൽ നിന്നുകൊണ്ടു നിങ്ങൾ പറയുന്നു:
എത്ര ചെറിയൊരിടത്താണ്‌
ഇത്രയധികം നിലകളും ആളുകളുമായി
ആ കെട്ടിടം നിന്നത്.

ദൂരെ താഴ്വരയിൽ നിന്നു നിങ്ങളുടെ കാതുകളിലേക്കെത്തുന്നുമുണ്ട്
ഒറ്റയ്ക്കു പണിയെടുക്കുന്ന ഒരു ട്രാക്റ്ററിന്റെ ശബ്ദം,
വിദൂരമായൊരു ഭൂതകാലത്തിൽ നിന്ന്
ഒരു കവിടിപ്പിഞ്ഞാണത്തിൽ തട്ടിക്കിലുങ്ങുന്ന
ഒരു ഫോർക്കിന്റെ ശബ്ദം,
കുഞ്ഞിനു കൊടുക്കാൻ മുട്ടയും പഞ്ചാരയും കടയുന്ന
കടകടശബ്ദം.


നമ്മുടെയുടലുകളുടെ പാടുകൾ പോലെ


നമ്മുടെയുടലുകളുടെ പാടുകൾ പോലെ
യാതൊന്നും ശേഷിക്കില്ല
ഈയിടത്തു നാമുണ്ടായിരുന്നതിനടയാളമായി.
നമുക്കു പിന്നിൽ ലോകമടഞ്ഞുകൂടുന്നു,
പൂഴിമണ്ണു നീണ്ടുനിവരുന്നു.

നീയില്ലാത്ത നാളുകൾ
കാഴ്ചയിൽ വന്നുതുടങ്ങുന്നു,
നാമിരുവർക്കും മേൽ പൊഴിയാത്ത മഴയുടെ മേഘങ്ങളെ
കാറ്റടിച്ചുപാറ്റുന്നു.

കപ്പലുകളിലെ യാത്രക്കാരുടെ പട്ടികയിൽ
നിന്റെ പേരു വന്നുകഴിഞ്ഞു,
പേരു കേട്ടാൽത്തന്നെ നെഞ്ചു കിടുങ്ങുന്ന
ഹോട്ടലുകളുടെ രജിസ്റ്ററുകളിലും.
എനിക്കറിയുന്ന മൂന്നു ഭാഷകൾ,
ഞാൻ കാണുകയും സ്വപ്നം കാണുകയും ചെയ്യുന്ന
മൂന്നു നിറങ്ങൾ:

ഒന്നും എന്നെ തുണയ്ക്കില്ല.


Friday, February 11, 2011

റൂമി - ഉറങ്ങിയും കാതോർത്തും

File:Censer smoke.jpg

ഇന്നലെയോ മിനിയാന്നോ,
തീയടക്കം പറയുകയായിരുന്നു
വാസനിക്കുന്ന പുകയോട്:
അകിലിനെന്നോടു സ്നേഹമാണെന്നേ,
അതിനെ കെട്ടഴിച്ചു വിടാൻ
എനിക്കറിയാമെന്നതിനാൽ.

ഈ ദഹനം നടന്നാലേ
വല്ലതുമൊന്നു നടന്നുവെന്നാകൂ.
ബീജം അണ്ഡത്തിൽ പോയി മറയുന്നു,
പിന്നെ പുറത്തു വരുന്നതോ,
മുമ്പില്ലാത്തൊരു സൗന്ദര്യവും.

ഉദരത്തിലപ്പവും വെള്ളവും ദഹിച്ചാലേ
ഉടലിനു ശേഷി നിങ്ങൾക്കുണ്ടാവൂ.
അയിരുലയിൽ കാച്ചിയാലേ
പൊൻനാണയമായിട്ടടിച്ചിറങ്ങൂ.

ഇല്ലായ്മ നിങ്ങളറിയണം.
പ്രണയം നിങ്ങളെ നയിക്കുന്നതവിടെയ്ക്ക്.
പുഴയലയ്ക്കുമിടത്തു പോയിക്കിടക്കൂ,
അതു  രഹസ്യങ്ങളോതിത്തരട്ടെ.

ഒരേനേരം നിദ്രയാവട്ടെ,
ശുദ്ധമായ കേൾവിയുമാകട്ടെ നിങ്ങൾ.


 

Thursday, February 10, 2011

സ്ബിഗ്നിയെവ്‌ ഹെര്‍ബെര്‍ട്ട് - ശ്രീമാന്‍ കോജിറ്റോ

Silhouette.svg


ശ്രീമാൻ കോജിറ്റോവിന്റെ ഗർത്തം


വീട്ടിനുള്ളിൽ സുരക്ഷിതനാണയാൾ

എന്നാൽ ശ്രീമാൻ കോജിറ്റോ
പ്രഭാതസവാരിക്കിറങ്ങുമ്പോൾ
വാതിൽപ്പടിയ്ക്കു പുറത്തായി
അയാളുടെ കണ്ണിൽപ്പെടുന്നു- ഗർത്തം

ഇതു പാസ്ക്കലിന്റെ ഗർത്തമല്ല
ദസ്തയേവ്സ്കിയുടെ ഗർത്തമല്ല
ഈ ഗർത്തം
ശ്രീമാൻ കോജിറ്റോവിന്റെ അളവിനൊപ്പിച്ചത്

ആഴമറിയാത്ത പകലുകൾ
ഭീതി വേട്ടയാടുന്ന പകലുകൾ

നിഴലു പോലതയാളുടെ പിന്നാലെ ചെല്ലുന്നു
ബേക്കറിയിൽ അതു പുറത്തു കാത്തുനിൽക്കുന്നു
പാർക്കിൽ അയാൾ പത്രം വായിക്കുമ്പോൾ
അയാളുടെ ചുമലിനു മുകളിലൂടെ അതും വായിക്കുന്നു

വരട്ടുചൊറി പോലൊരു ശല്യം
നായയെപ്പോലെ സ്നേഹമുള്ളത്
അയാളുടെ തലയും കൈകാലുകളും
വിഴുങ്ങാനാഴം പോരാത്തതും

ഒരുവേളയൊരുനാൾ
ഗർത്തം തൂർന്നുവെന്നാകാം
ഗർത്തം വളർച്ച മുറ്റിയെന്നും
ഗൗരവപ്പെട്ടുവെന്നുമാകാം

എന്തു വെള്ളമാണതു കുടിക്കുന്നതെന്നും
ഏതു ധാന്യമാണതു
തിന്നുന്നതെന്നുമറിഞ്ഞിരുന്നുവെങ്കിൽ
ഒരു പിടി മണ്ണെടുത്തിട്ട്
ശ്രീമാൻ കോജിറ്റോവിന്‌
അതു മൂടാമായിരുന്നു
അയാൾ അതു ചെയ്യുന്നില്ല

അതിനാൽ
വീട്ടിനുള്ളിലേക്കു കയറുമ്പോൾ
വാതിൽപ്പടിയ്ക്കു പുറത്ത്
അയാൾ ഗർത്തത്തെ ഉപേക്ഷിക്കുന്നു
ഒരു പഴന്തുണിക്കഷണം കൊണ്ട്
കരുതിക്കൂട്ടി അതിനെ മൂടിയിടുന്നു



ശ്രീമാൻ കോജിറ്റോ താൻ ജനിച്ച നാട്ടിലേക്കു തിരിച്ചുപോകാൻ ആലോചിക്കുന്നു

ഞാൻ അവിടെക്കു മടങ്ങിച്ചെന്നാൽ
ഒന്നുമുണ്ടാവില്ല കണ്ടെടുക്കാൻ
എന്റെ പഴയ വീടിന്റെ ഒരു നിഴൽ
കുട്ടിക്കാലത്തെ മരങ്ങൾ
ഇരുമ്പുഫലകം തറച്ച ഒരു കുരിശുരൂപം
ജപിച്ചും കൊണ്ടു ഞാനിരുന്ന ബഞ്ച്
ഞങ്ങൾക്കു സ്വന്തമായ യാതൊന്നും

ശേഷിച്ചതൊരു കൊടിത്തറ മാത്രം
ചോക്കു കൊണ്ടൊരു വൃത്തവുമായി
ഒറ്റക്കാലിൽ ഞാൻ നിൽക്കുന്നു
ചാടുന്നതിനു മുമ്പുള്ള നിമിഷം

പ്രായമേറിയിട്ടും
മുതിരുന്നില്ല ഞാൻ
തലയ്ക്കു മേൽ
ഗ്രഹങ്ങളുടെയും യുദ്ധങ്ങളുടെയും കലാപം

മദ്ധ്യത്തിൽ ഞാൻ
ഒരു സ്മാരകം പോലെ
ഒറ്റക്കാലിൽ
സമാപ്തിയിലേക്കുള്ള കുതിപ്പിനു മുമ്പ്

ചോക്കുവൃത്തം തുരുമ്പിക്കുന്നു
പഴകിയ ചോര പോലെ
അതിനു ചുറ്റും ചാരം
കൂമ്പാരം കൂടുന്നു
കൈയുയരത്തിൽSilhouette.svg
വായുയരത്തിൽ


 

Wednesday, February 9, 2011

റില്‍ക്കെ - കവിതകള്‍


***


നിന്റെ കൈക്കുഴകളിൽ നിന്നുFile:Snake silhouette.svg
ഞാൻ വിരട്ടിയുണർത്തിയല്ലോ
നിറം നരച്ച പ്രണയപ്പാമ്പുകളെ.
പൊള്ളുന്ന കല്ലുകളിലെന്നപോൽ
എന്റെ മേലിന്നവ പുളഞ്ഞുകിടക്കുന്നു,
തൃഷ്ണയുടെ കല്ലുപ്പു നക്കിയെടുക്കുന്നു.


***


ഹാ, തുണയ്ക്കു മനുഷ്യരെ വിളിച്ചു നാം കേഴുമ്പോൾ:File:Snake silhouette.svg
ഒച്ച കേൾപ്പിക്കാതൊറ്റയടി വച്ചു നടന്നുകേറുകയായിരുന്നു മാലാഖമാർ
കമിഴ്ന്നുകിടന്ന നമ്മുടെ ഹൃദയങ്ങൾക്കു മേൽ.


***



ദീർഘനാൾ നിങ്ങൾ യാതന തിന്നും,File:Snake silhouette.svg
എന്തെന്നുമേതെന്നുമറിയാതെ;
പിന്നെയൊരുനാൾ പൊടുന്നനേ നിങ്ങളറിയും,
പകയോടെ ചവച്ചിറക്കിയ പഴത്തിന്റെ കയ്പ്പൻചുവ:
ഒരെതിർവാദത്തിനുമാവില്ല പിന്നെ
ആ കയ്പ്പിന്റെ രുചിയിൽ നിന്നു നിങ്ങളെ പറഞ്ഞിളക്കാൻ.

 

Monday, February 7, 2011

റൂമി - പുഴയൊഴുകും പോലെ...

File:Normal noekken som hvit hest 01a.jpg


പുഴയൊഴുകും പോലെ...


പുഴയൊഴുകും പോലുള്ളു കൊണ്ടു
പ്രണയമെന്തെന്നറിയാത്തവർ,
ചോലവെള്ളം പോലെ കൈക്കുമ്പിളിൽ
പുലരിയെ കോരിയെടുക്കാത്തവർ,
സായംസന്ധ്യയുടെ സമൃദ്ധി മതി
അത്താഴവിരുന്നിനെന്നു പോരാത്തവർ,
മാറണമെന്നില്ലാതെ മാറിമാറിപ്പോകുന്നവർ,
ഹിതം പോലെ കിടന്നുറക്കമായിക്കോട്ടെയവർ.
വേദപ്പഠിപ്പിനും തട്ടിപ്പിനുമപ്പുറത്താണീ പ്രണയം.
ആ പഠിപ്പു മതി നിങ്ങൾക്കെങ്കിൽ
നിങ്ങളും കിടന്നുറങ്ങിക്കോളൂ.
ഞാനെന്റെ തലയുടെ പിടി വിട്ടുകഴിഞ്ഞു,
ഉടുത്തതു ചീന്തി കാറ്റിലും പറത്തി.
പിറന്ന പടിയല്ല നിങ്ങളെങ്കിൽ
വാക്കുകളുടെ മേത്തരം പട്ടും പുതച്ചു
സുഖം പിടിച്ചു കിടന്നുറങ്ങെന്നേ.


ഇരുളും വെളിച്ചവും


ലോകത്തിനംശമായതു ലോകം വിട്ടുപോകുമോ?
വെള്ളത്തിൽ നിന്നു നനവു വിട്ടുപോകുമോ?
തീയിൽ തീ കോരിയാൽ തീ കെടുമോ?
മുറിവു കഴുകാൻ ചോര വേണമോ?
എങ്ങനെ കുതിച്ചുപാഞ്ഞാലും
ഒപ്പമുണ്ടാവും നിങ്ങളുടെ നിഴൽ.
ചിലനേരത്തതു മുന്നിലുമാവും!
സൂര്യനുച്ചിയിലെത്തിയാലേ
നിഴൽ നിങ്ങളിലൊതുങ്ങൂ.
ആ നിഴൽ തന്നെ
നിങ്ങളെ സേവിച്ചു നടന്നതും.
നിങ്ങളെ നോവിക്കുന്നതു തന്നെ
നിങ്ങൾക്കനുഗ്രഹമാവുന്നതും.
അന്ധകാരം നിങ്ങൾക്കു ദീപം.
നിങ്ങളുടെ അതിരുകൾ
നിങ്ങളുടെ അന്വേഷണവും.
ഇതു ഞാൻ വിശദീകരിക്കാൻ നിന്നാൽ
നിങ്ങളുടെ നെഞ്ചിലൊരു ചില്ലുകൂടു തകരും.
നിഴലും വെളിച്ചവും രണ്ടും വേണം നിങ്ങൾക്കെന്നറിയൂ;
ഭക്തിയുടെ മരത്തണലിൽ ചെന്നു തല ചായ്ക്കൂ.
അതിൽ നിന്നു നിങ്ങൾക്കു മേൽ ചിറകും തൂവലും മുളയ്ക്കുമ്പോൾ
ഒരു മാടപ്രാവു പോലെ മിണ്ടാതനങ്ങാതെയുമിരിക്കൂ.
ഒന്നു കുറുകാൻ പോലും കൊക്കു വിടർത്തുകയുമരുത്.


***


വ്യതിചലിക്കുന്ന ഹൃദയമേ, ഒന്നു വരൂ!
നോവുന്ന കരളേ, ഒന്നു വരൂ!
വാതിലടച്ചിരിക്കുന്നുവെങ്കിൽ
മതിലു കേറി നീ വരൂ!


***


ഗുരോ, ഞാനേതു കിളിയെന്നൊന്നു പറയൂ!
തിത്തിരിയല്ല, പ്രാപ്പിടിയനല്ല,
നല്ലതല്ല, കെട്ടതുമല്ല,
അതുമല്ല, ഇതുമല്ല ഞാൻ.

പൂന്തോപ്പിലെ കുയിലല്ല,
അങ്ങാടിക്കുരുവിയല്ല,
ഒരു പേരെനിക്കു തരൂ, ഗുരോ,
ഒരു പേരെനിക്കെന്നെ വിളിയ്ക്കാൻ!


***


ലോഹമല്ല, മെഴുകല്ല ഞാൻ,
അടിമയല്ല, ഉടമയുമല്ല ഞാൻ,
ആർക്കുമെന്റെ ഹൃദയം കൊടുത്തിട്ടില്ല ഞാൻ,
ആരുടെയും ഹൃദയമെടുത്തിട്ടുമില്ല ഞാൻ.

എന്റെ കൈപ്പിടിയിലല്ല ഞാൻ,
അന്യന്റേതാണിന്നു ഞാൻ;
അവനെന്നെയെവിടെയ്ക്കു വിളിച്ചാലും
അവിടെയ്ക്കു പോയിരിക്കും ഞാൻ.



link to image


Sunday, February 6, 2011

കാഫ്ക - ദമ്പതിമാർ


ബിസിനസ് പൊതുവേ അത്രയ്ക്കു മോശമായതു കാരണം ഓഫീസിലെ ജോലി കഴിഞ്ഞു സമയം കിട്ടിയാൽ ഞാൻ തന്നെ സാമ്പിളുകളുമെടുത്ത് ഇടപാടുകാരെ ചെന്നുകാണാൻ പോകും. പലതിന്റെയും കൂട്ടത്തിൽ കെ.യെ ഒന്നു കാണാൻ പോകണമെന്ന് കുറേ നാളായി ഞാൻ വിചാരിക്കുന്നു; അദ്ദേഹം എന്റെ ഒരു സ്ഥിരം കക്ഷിയായിരുന്ന ആളാണ്‌; പക്ഷേ എനിക്കറിയാത്ത എന്തു കാരണം കൊണ്ടോ കഴിഞ്ഞ ഒരു കൊല്ലമായി ആ ബന്ധം പാടേ നിലച്ചിരിക്കുന്നു. ഈ തരം ഇടർച്ചകൾക്ക് കൃത്യമായിട്ടൊരു കാരണം വേണമെന്നില്ല എന്നതാണു പരമാർഥം; ഒന്നിനും തീർച്ചയില്ലാത്ത ഇപ്പോഴത്തേതുമാതിരി കാലമാണെങ്കിൽ എത്രയും നിസ്സാരമായ എന്തെങ്കിലുമൊന്നു മതി, മനോഭാവം ഒന്നു മാറിയാൽ മതി, കാര്യങ്ങൾ തകിടം മറിയാൻ; അത്രയും നിസ്സാരമായ മറ്റൊരു കാരണം, ഒരു വാക്കു മതി, സകലതും പൂർവസ്ഥിതിയിൽ തിരിച്ചെത്തിക്കാനും. പക്ഷേ കെ.യുടെ മുന്നിൽ എത്തിപ്പെടുക എന്നത് അല്പം വിഷമം പിടിച്ച കാര്യമാണ്‌; ആൾ നല്ല പ്രായമായിരിക്കുന്നു, ആരോഗ്യവും അടുത്ത കാലത്തായി വളരെ മോശമാണ്‌; ബിസിനസ്സിന്റെ കടിഞ്ഞാൺ ഇപ്പോഴും സ്വന്തം കൈകളിൽത്തന്നെയാണെങ്കിലും ഓഫീസിൽ കാണുക ചുരുക്കം; ആളോടു സംസാരിക്കണമെങ്കിൽ വീട്ടിൽ പോയി കാണേണ്ടിവരും; അങ്ങനെയൊരു ബിസിനസ് സന്ദർശനം മാറ്റിവയ്ക്കാൻ നിങ്ങൾക്കു സന്തോഷമേയുണ്ടാവു.

ഇന്നലെ വൈകിട്ട് ആറുമണി കഴിഞ്ഞപ്പോൾ ഞാനെന്തായാലും ഇറങ്ങിപ്പുറപ്പെട്ടു; മനുഷ്യരെ ചെന്നുകാണാൻ പറ്റിയ നേരമല്ല അതെന്നതു ശരിതന്നെ; പക്ഷേ എന്റേതു വ്യക്തിപരമായ സന്ദർശനമൊന്നുമല്ലോ, ബിസിനസ് കാര്യമാണത്. എന്റെ ഭാഗ്യത്തിന്‌ കെ. വീട്ടിൽത്തന്നെയുണ്ടായിരുന്നു; ഭാര്യയുമൊത്ത് പുറത്തുപോയിട്ട് അപ്പോൾത്തന്നെ കയറിവന്നിട്ടേയുള്ളുവെന്നും സുഖമില്ലാതെ കിടക്കുന്ന മകന്റെ മുറിയിലാണവരിപ്പോഴെന്നും ഹാളിൽ വച്ച് എനിക്കറിവു കിട്ടി; അവരെ അവിടെച്ചെന്നു കാണാൻ എന്നോടു പറഞ്ഞു; എനിക്കാദ്യമൊരു മടി തോന്നി; അപ്പോഴേക്കും പക്ഷേ, എനിക്കത്ര ഹിതകരമല്ലാത്ത ഈ സന്ദർശനം എത്രയും വേഗം ഒന്നു കഴിഞ്ഞുകിട്ടിയാൽ മതിയെന്ന ആഗ്രഹം മേൽക്കൈ നേടുകയും, ഓവർക്കോട്ടും തൊപ്പിയും സാമ്പിളുകളുടെ പെട്ടിയുമൊക്കെയായി ഇരുട്ടടച്ച ഒരു മുറിയും കടന്ന് അധികം വെളിച്ചമില്ലാത്ത മറ്റൊരു മുറിയിൽ ഞാൻ ചെന്നെത്തുകയും ചെയ്തു; ചെറിയൊരു സംഘം അവിടെ കൂടിയിരിക്കുന്നു.

സഹജവാസന കൊണ്ടാവാം, എന്റെ നോട്ടം ആദ്യം ചെന്നു വീണത് എനിക്കു നല്ല പരിചയമുള്ള ഒരു സെയിൽസ് ഏജന്റിന്റെ മേലാണ്‌; ഒരു വിധത്തിൽ എന്റെ പ്രതിയോഗി കൂടിയാണയാൾ. അപ്പോൾ എന്നെക്കാൾ മുമ്പേ അയാളിവിടെ നുഴഞ്ഞുകയറിയിരിക്കുന്നു. രോഗിയുടെ കട്ടിലിനു തൊട്ടരികിൽ താനാണു ഡോക്ടറെന്ന മട്ടിൽ സുഖം പറ്റിയിരിക്കുകയാണയാൾ; ബട്ടണുകൾ തുറന്നിട്ട സുന്ദരൻ ഓവർക്കോട്ട് ചുറ്റിനും പറത്തിവിട്ട് പ്രതാപത്തോടിരിക്കുകയാണയാൾ; എതിരില്ലാത്തതു തന്നെ അയാളുടെ ആ ഔദ്ധത്യം; പനിച്ചുചുവന്ന കവിളുകളുമായി അങ്ങനെ കിടന്ന് ഇടയ്ക്കിടെ അയാളെ നോക്കുമ്പോൾ രോഗിയുടെ മനസ്സിലും ഇതുമാതിരി ഒരു ചിന്തയായിരുന്നിരിക്കണം. കെ.യുടെ മകൻ, അയാളും ചെറുപ്പം വിട്ടിരിക്കുന്നു; അസുഖം കാരണമാവാം, ഒതുക്കാതെ വിട്ട കുറ്റിത്താടിയും വച്ച് എന്റെ പ്രായം വരുന്ന ഒരാൾ. അച്ഛൻ കെ. ഉയരം കൂടി, ചുമലുവിരിവുള്ള ഒരു മനുഷ്യൻ- വിട്ടുമാറാത്ത രോഗം കാരണം ആളാകെ ക്ഷയിച്ച് കുനിഞ്ഞും വേയ്ച്ചും നില്ക്കുന്നതു കണ്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി- വന്നുകയറിയപാടേ രോമക്കോട്ടുമിട്ടുകൊണ്ടുതന്നെ മകനോടെന്തോ പിറുപിറുക്കുകയാണ്‌. അദ്ദേഹത്തിന്റെ ഭാര്യ, ഉയരം കുറഞ്ഞ്, ദുർബലയായ ഒരു സ്ത്രീ നല്ല ചുറുചുറുക്കോടെ- അതുപക്ഷേ തന്റെ ഭർത്താവിന്റെ കാര്യത്തിൽ മാത്രമേയുള്ളു, മറ്റുള്ളവരെ അവർ കണക്കിലെടുത്തിട്ടുതന്നെയില്ല- കോട്ടൂരാൻ അദ്ദേഹത്തെ സഹായിക്കുന്നതിൽ വ്യാപൃതയാണ്‌; അവർ തമ്മിൽ ഉയരത്തിലുള്ള കാര്യമായ അന്തരം കാരണം നന്നായി ബുദ്ധിമുട്ടിയെങ്കിലും ഒടുവിൽ അവർ വിജയം കണ്ടു. യഥാർഥത്തിൽ ബുദ്ധിമുട്ടായത് കെ.യുടെ അക്ഷമയാണെന്നും ശരിക്കു വേണമെങ്കിൽ പറയാം. വിറയ്ക്കുന്ന കൈകൾ കൊണ്ട് നിർത്തില്ലാതെ ചാരുകസേര പരതുകയായിരുന്നല്ലോ അദ്ദേഹം; കോട്ടൂരിക്കഴിഞ്ഞയുടനെ ഭാര്യ അതദ്ദേഹത്തിനു മുന്നിലേക്ക് നിരക്കിയിട്ടു കൊടുത്തു. പിന്നെ അവർ രോമക്കോട്ടുമെടുത്ത് അതിൽ സ്വയം മറഞ്ഞ് പുറത്തേക്കു പോവുകയും ചെയ്തു.

എനിക്കു തോന്നി, ഒടുവിലിതാ എന്റെ അവസരമെത്തിയിക്കുന്നു; അവസരമെത്തിയിട്ടില്ലെന്നും ഇങ്ങനെയൊരു ചുറ്റുപാടിൽ അതൊരിക്കലുമെത്താൻ പോകുന്നില്ലെന്നുമാണ്‌ എനിക്കു തോന്നിയതെന്നു പറയുന്നതാവും ശരി; അതേസമയം എന്തെങ്കിലും ചെയ്യാനുള്ള ഉദ്ദേശ്യം എനിക്കുണ്ടെങ്കിൽ അതിപ്പോൾത്തന്നെ വേണം താനും; കാരണം സമയം പോകുംതോറും ഒരു ബിസിനസ് കൂടിക്കാഴ്ചയ്ക്കനുകൂലമല്ലാത്ത സ്ഥിതിയാവും ഉണ്ടാവാൻ പോവുക; അനന്തകാലത്തോളം ഇവിടെ കുറ്റിയടിച്ചിരിക്കുക എന്നത്, ഏജന്റിന്റെ ഇരുപ്പു കണ്ടിട്ട് അയാൾ അതാണു ചെയ്യാൻ പോകുന്നതെന്നു തോന്നുന്നു, എന്റെ രീതിയല്ല; തന്നെയുമല്ല, ഞാനയാളെ ഗൗനിക്കാനും പോകുന്നില്ല. അതിനാൽ കൂടുതൽ ഉപചാരങ്ങൾക്കൊന്നും നിൽക്കാതെ, മകനുമായിട്ടൊന്നുരണ്ടു വാക്കു പറയാൻ കെ.യ്ക്ക് ഒരാഗ്രഹമുണ്ടെന്നു മനസ്സിലായിട്ടുകൂടി, ഞാനെന്റെ ബിസിനസ്സിന്റെ കാര്യം അവതരിപ്പിക്കാൻ തുടങ്ങി. ദൗർഭാഗ്യത്തിന്‌ എനിക്കൊരു ശീലമുണ്ടായിരുന്നു, പറഞ്ഞുപറഞ്ഞ് ആവേശം കയറിയാൽ- പെട്ടെന്നാവും അതു സംഭവിക്കുക, രോഗി കിടക്കുന്ന ഈ മുറിയിലാവട്ടെ, അതു വളരെപ്പെട്ടെന്നു സംഭവിക്കുകയും ചെയ്തു- ഞാൻ എഴുന്നേറ്റ് നടന്നുകൊണ്ടു സംസാരിക്കും. സ്വന്തം ഓഫീസിൽ തെറ്റു പറയാനില്ലാത്തൊരു ചിട്ടയാണതെങ്കിലും ഒരന്യഗൃഹത്തിലാവുമ്പോൾ അല്പം ബുദ്ധിമുട്ടുള്ള കാര്യമാണല്ലോ അത്. എനിക്കു പക്ഷേ സ്വയം നിയന്ത്രിക്കാനായില്ല, എന്റെ പതിവു സിഗരറ്റു കിട്ടാത്തതിനാൽ പ്രത്യേകിച്ചും. പിന്നെ, എല്ലാ മനുഷ്യർക്കുമുള്ളതാണല്ലോ എന്തെങ്കിലുമൊരു ദുശ്ശീലം; ആ ഏജന്റിന്റെ കാര്യം വച്ചു നോക്കുമ്പോൾ എനിക്കു വലിയ നാണക്കേടു തോന്നേണ്ട കാര്യവുമില്ല. ഉദാഹരണത്തിന്‌ അയാളുടെ ഈ പെരുമാറ്റത്തെക്കുറിച്ചെന്തു പറയണം: തന്റെ കാൽമുട്ടിൽ വച്ചിരിക്കുകയാണ്‌ അയാൾ തന്റെ തൊപ്പി; ഇടയ്ക്കിടെ അയാൾ അതു പിടിച്ചു ഞെക്കുന്നുമുണ്ട്; പിന്നെക്കാണാം, പെട്ടെന്നതെടുത്ത് തന്റെ തലയിൽ വെച്ചമർത്തുകയാണയാൾ; അടുത്ത നിമിഷം അയാൾ അതൂരുന്നുണ്ടെന്നതു ശരിതന്നെ; എന്നാൽക്കൂടി ഒന്നുരണ്ടു സെക്കന്റു നേരത്തേക്ക് അതയാളുടെ തലയിലിരിക്കുന്നുണ്ട്; ഈ നാടകം ഇടയ്ക്കിടെ അയാൾ ആവർത്തിക്കുകയും ചെയ്യുന്നു. ഇത്തരം പെരുമാറ്റത്തെ മാപ്പർഹിക്കാത്തതെന്നു തന്നെ പറയണം. എനിക്കതു പക്ഷേ ഒരു മനശ്ശല്യമല്ല; എന്റെ ബിസിനസ്സിന്റെ സംഗതികൾ മാത്രമേ എന്റെ മനസ്സിലുള്ളു; ഞാനയാളെ പൂർണ്ണമായും അവഗണിക്കുകയാണ്‌. പക്ഷേ തൊപ്പി കൊണ്ടുള്ള ഈ വിദ്യയിൽ പതറിവീഴുന്ന ചില മനുഷ്യരുണ്ട്. എന്റെ കാര്യമാണെങ്കിൽ, ആവേശത്തിൽപ്പെട്ടുപോയാൽ ഇത്തരം മനശ്ശല്യങ്ങളെ മാത്രമല്ല, സകലരെയും ഞാൻ മറന്നുകളയും; നടക്കുന്നതൊക്കെ ഞാൻ കാണുന്നുണ്ട്; പക്ഷേ എനിക്കു പറയാനുള്ളതു മുഴുവൻ പറഞ്ഞു കഴിഞ്ഞാലല്ലാതെ, അതുമല്ലെങ്കിൽ എന്തെങ്കിലുമൊരു തടസ്സവാദം ഉയർന്നാലല്ലാതെ, ഞാനൊന്നിനെയും എന്റെ ബോധത്തിലേക്കു പ്രവേശിപ്പിക്കാറില്ല. പറയുന്നതു കേൾക്കാൻ ഒട്ടും അനുകൂലമല്ലാത്ത മനഃസ്ഥിതിയിലാണു കെ. എന്നു ഞാൻ നല്ലവണ്ണം ശ്രദ്ധിച്ചതാണ്‌; ഇരിക്കുന്ന കസേരയുടെ കൈകളിൽ പിടിച്ചുകൊണ്ട് ഞെളിപിരി കൊള്ളുകയാണദ്ദേഹം; എന്നെ മുഖമുയർത്തി ഒന്നു നോക്കുക കൂടിച്ചെയ്യാതെ എന്തോ തിരയുന്ന പോലെ ശൂന്യതയിലേക്ക് ഒഴിഞ്ഞ നോട്ടവുമെറിഞ്ഞിരിക്കുകയാണാൾ; ആ മുഖത്തെ നിർവികാരത കണ്ടാൽ ഞാൻ പറഞ്ഞതിൽ ഒരക്ഷരം പോലും, എന്തിന്‌ എന്റെ സാനിദ്ധ്യത്തെക്കുറിച്ചുള്ള ബോധം പോലും അദ്ദേഹത്തിലേക്കെത്തിയിട്ടില്ലെന്ന് ആരും കരുതിപ്പോകും. രോഗം പിടിച്ചപോലുള്ള ആ പടുതി, എന്നെ സംബന്ധിച്ചിടത്തോളം അശുഭസൂചകമയിരുന്നു അതെങ്കിൽക്കൂടി, അഹിതമായിട്ടെടുക്കാൻ പോയില്ല ഞാൻ; പക്ഷേ സംസാരം നിർത്താൻ പോയില്ല ഞാൻ; എന്റെ വാക്കുകൾ കൊണ്ട്, വാഗ്ദാനം ചെയ്യുന്ന ഇളവുകൾ കൊണ്ട്- എന്റെ വാഗ്ദാനങ്ങൾ കേട്ട് ഞാൻ തന്നെ വിരണ്ടുപോയി, ആരും ആവശ്യപ്പെടാത്ത വാഗ്ദാനങ്ങൾ- എല്ലാം പൂർവസ്ഥിതിയിലാക്കാമെന്ന് എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്ന പോലെയായിരുന്നു. ഇടയ്ക്കു വെറുതേയൊന്നു കണ്ണോടിച്ചപ്പോൾ ആ ഏജന്റ് തന്റെ തൊപ്പിയെ വെറുതെ വിട്ടിട്ട് മാറത്തു കൈയും പിണച്ചിരിക്കുന്നതാണു ഞാൻ കണ്ടത്; അതെനിക്കൊരുതരം സംതൃപ്തി നല്കുകയും ചെയ്തു. എന്റെ പ്രഭാഷണം, അതയാളെക്കൂടി ഉദ്ദേശിച്ചുള്ളതായൊരുന്നുവെന്നു സമ്മതിക്കണമല്ലോ, അയാളുടെ പ്ളാനുകൾക്കു കനത്തൊരടിയായെന്നു തോന്നുന്നു. ആ വിജയം നല്കിയ ഊറ്റത്തിൽ ഞാൻ കുറേനേരം കൂടി സംസാരം തുടർന്നേനെ; അപ്പോഴാണ്‌ എന്റെ ഉദ്ദേശ്യങ്ങളെ സംബന്ധിച്ചിടത്തോളം തീർത്തും അഗണ്യമായൊരു രൂപമായി ഞാൻ വച്ചിരുന്ന മകൻ കിടക്കയിൽ വിഷമിച്ചെഴുന്നേറ്റിരിക്കുന്നതും മുഷ്ടി വിറപ്പിച്ചുകൊണ്ട് എനിക്കു തടയിടുന്നതും. എന്തോ പറയാനാണ്‌, എന്തോ ചൂണ്ടിക്കാട്ടാനാണ്‌ അയാൾ ശ്രമിക്കുന്നതെങ്കിൽക്കൂടി അതിനുള്ള ത്രാണി അയാൾക്കു കിട്ടുന്നില്ല. അതയാളുടെ മനസ്സിന്റെ സഞ്ചാരം കൊണ്ടാണെന്നു ഞാൻ ആദ്യം കരുതിയെങ്കിലും വെറുതെയൊന്നു കെ.യെ നോക്കിയപ്പോൾ അതല്ല കാര്യമെന്ന് എനിക്കു ബോധ്യമായി.

മങ്ങിയ കണ്ണുകൾ മലർക്കെത്തുറന്നു വച്ചിരിക്കുകയാണ്‌ കെ, അവിടെ; അവയിലെ വെളിച്ചം അപ്പോൾ കെടുമെന്നു തോന്നി; ആരോ തന്നെ പിടിച്ചു വച്ചിരിക്കുന്ന പോലെയോ, ആരോ തന്റെ തോളത്തു തട്ടുന്ന പോലെയോ മുന്നിലേക്കി ചാഞ്ഞിരുന്നു വിറയ്ക്കുകയുമാണയാൾ; അയാളുടെ കീഴ്ച്ചുണ്ട്, മോണ വെളിയ്ക്കു കാണുന്ന രീതിയിൽ കീഴ്ത്താടി അങ്ങനെതന്നെ, നിസ്സഹായമായി തൂങ്ങിക്കിടക്കുകയാണ്‌; അയാളുടെ മുഖമപ്പാടെ  നിർജ്ജീവമായിരിക്കുന്നു; ശ്വാസമെടുക്കുന്നുണ്ടെങ്കിലും വിഷമിച്ചാണത്; എന്നിട്ടയാൾ പിടി വിട്ടപോലെ കസേരയുടെ പിന്നിലേക്കു ചാഞ്ഞ് കണ്ണുകളടച്ചു; ഏതോ തീവ്രവേദനയുടെ ഒരു ഭാവം മുഖം കടന്നുപോയി; അതോടെ എല്ലാം കഴിയുകയും ചെയ്തു. ഒറ്റക്കുതിപ്പിന്‌ ഞാൻ അയാളുടെ അടുത്തെത്തി ജീവനറ്റു തണുത്ത ആ കൈയിൽ കടന്നുപിടിച്ചു; ഒരു നാഡിമിടിപ്പുമില്ല. അങ്ങനെ അതു കഴിഞ്ഞു. ഹാ, പോട്ടെ, ആൾക്കെന്തായാലും നല്ല പ്രായമായിരിക്കുന്നു. ഇങ്ങനെയൊരു സുഖമരണം ലഭിക്കാനുള്ള ഭാഗ്യം എല്ലാവർക്കുമുണ്ടാവട്ടെ എന്നു നമുക്കാശിക്കുക. പക്ഷേ എന്തൊക്കെ ഇനി ബാക്കി ചെയ്യാൻ കിടക്കുന്നു! ഏറ്റവും അടിയന്തിരമായി ചെയ്യേണ്ടതെന്താണ്‌? ഒരു സഹായത്തിനായി ഞാൻ ചുറ്റും നോക്കി; പക്ഷേ മകൻ തലയ്ക്കു മീതേ കൂടി വിരിപ്പുകൾ വലിച്ചിട്ടു കഴിഞ്ഞു; നിയന്ത്രണം വിട്ടുള്ള ഏങ്ങലടികൾ കേൾക്കാം; പച്ചമീൻ പോലെ തണുത്ത ഏജന്റാവട്ടെ, കെ.യിൽ നിന്നു രണ്ടു ചുവടു മാത്രമകലെ കസേരയിൽ കനപ്പിച്ചിരിക്കുകയുമാണ്‌; വരാനുള്ളതു വരട്ടെ എന്നു തീരുമാനിച്ചിരിക്കുകയാണയാൾ എന്നു വ്യക്തം; അങ്ങനെ എന്തെങ്കിലും ചെയ്യണമെങ്കിൽ ഞാനേയുള്ളു എന്ന സ്ഥിതിയായിരിക്കുന്നു; അതിൽ ആദ്യത്തേതു തന്നെ ഏറ്റവും ദുഷ്കരവും: താങ്ങാവുന്ന ഒരു രൂപത്തിൽ, എന്നുവച്ചാൽ കണ്ടുപിടിച്ചെടുക്കേണ്ട ഒരു രൂപത്തിൽ, ഭാര്യയെ വിവരം ധരിപ്പിക്കുക. അടുത്ത മുറിയിൽ നിന്ന് അവർ വ്യഗ്രതയോടെ നടന്നടുക്കുന്നത് എന്റെ കാതിൽ വീഴുകയും ചെയ്യുന്നു.

പുറത്തു പോയ അതേ വേഷം ധരിച്ചുകൊണ്ടു തന്നെ- വേഷം മാറ്റാനുള്ള നേരം തന്നെ അവർക്കു കിട്ടിയിട്ടില്ല- സ്റ്റൗവിൽ കാട്ടി ചൂടു പിടിപ്പിച്ച ഒരു ഷർട്ട് അവർ എടുത്തുകൊണ്ടു വന്നിരിക്കുന്നു; അതു ഭർത്താവിനെ ഇടീക്കാൻ നോക്കുകയാണവർ. ‘ആളുറക്കമായി,’ എന്ന് ഒരു പുഞ്ചിരിയോടെ തല കുലുക്കിക്കൊണ്ടു പറയുമ്പോഴാണ്‌  ഞങ്ങൾ ഒരനക്കവുമില്ലാതെ ഇരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടത്.അല്പം മുമ്പു മാത്രം ഞാൻ അത്ര അറപ്പോടും പേടിയോടും കൂടെ കൈയിലെടുത്ത ആ കൈ  നിഷ്കളങ്കർക്കു മാത്രമുള്ള അതിരറ്റ ആ വിശ്വാസത്തോടെ അവർ കടന്നുപിടിച്ച് കളിയായിട്ടൊന്നു ചുംബിച്ചു; അപ്പോഴതാ - ഞങ്ങൾ മൂന്നു പേരുടെയും മുഖങ്ങൾ ഒന്നു മനസ്സിൽ കണ്ടുനോക്കൂ! - കെ.യ്ക്ക് അനക്കം വയ്ക്കുന്നു; ഉച്ചത്തിൽ കോട്ടുവായിട്ടുകൊണ്ട് ഷർട്ടിടാൻ ഇരുന്നുകൊടുക്കുന്നു; അത്രയും നീണ്ടൊരു നടത്തയ്ക്കു പോയി സ്വയം ആയാസപ്പെടുത്തിയതിന്‌ ഭാര്യയുടെ സ്നേഹമസൃണമായ ശകാരം പാതി മുഷിഞ്ഞതും പാതി ഒളിപ്പിച്ചതുമായ ഒരു ഭാവത്തോടെ കേട്ടുകൊണ്ടിരിക്കുന്നു; താൻ ഉറങ്ങിപ്പോയതിനുള്ള വിശദീകരണമായി, എന്തോ മടുപ്പിന്റെ കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള മറുപടിയും കൊടുക്കുന്നു. എന്നിട്ടു പിന്നെ, അടുത്ത മുറിയിലേക്കു പോകുന്ന വഴി തണുപ്പടിച്ചാലോ എന്നു കരുതി തല്ക്കാലത്തേക്കയാൾ മകന്റെ കിടക്കയിൽത്തന്നെ ചെന്നു കിടക്കുകയുമാണ്‌; ഭാര്യ ധൃതിയിൽ മകന്റെ കാലിനരികിൽ കൊണ്ടുവച്ചുകൊടുത്ത രണ്ടു കുഷനുകൾ അയാൾക്കു തലയിണയുമായി. ഇതേവരെ കഴിഞ്ഞതൊക്കെ വച്ചു നോക്കുമ്പോൾ അതിൽ വിചിത്രമായിട്ടൊന്നും ഞാൻ കണ്ടതുമില്ല. പിന്നെ അയാൾ സായാഹ്നപത്രം കൊണ്ടുവരാൻ പറഞ്ഞു; തന്നെ കാണാൻ വന്നവരെക്കുറിച്ച് ഒരു വിചാരവുമില്ലാതെ അയാൾ അതെടുത്തു നിവർത്തി; അയാൾ അതു വായിക്കാനൊന്നും പോകാതെ അവിടെയുമിവിടെയുമൊക്കെ ഒന്നോടിച്ചുനോക്കുന്നതേയുള്ളു; അതിനിടയിൽ ഞങ്ങൾ മുന്നോട്ടുവച്ച ഓഫറുകളെക്കുറിച്ച് ഒട്ടും സുഖമില്ലാത പലതരം നിരീക്ഷണങ്ങൾ നടത്തുന്നുമുണ്ട്; അമ്പരപ്പിക്കുന്ന കൗശലം പ്രകടമാക്കുന്ന നിരീക്ഷണങ്ങൾ; ഈ സമയത്തൊക്കെ മറ്റേക്കൈ കൊണ്ട് ആക്ഷേപിക്കുന്ന ചില ചേഷ്ടകളും കാണിക്കുകയാണയാൾ; നാവു നൊട്ടിക്കൊണ്ട് അയാൾ പറയാതെ പറയുകയാണ്‌, ഞങ്ങളുടെ ബിസിനസ് തന്ത്രങ്ങൾ കൊണ്ട് അയാളുടെ വായ വല്ലാതെ കയ്ച്ചിരിക്കുന്നുവെന്ന്. ഏജന്റിന്‌ അസ്ഥാനത്തുള്ള ചില അഭിപ്രായങ്ങൾ പറയാതിരിക്കാൻ കഴിഞ്ഞില്ല; ഈ കഴിഞ്ഞതിനൊക്കെ ഒരു പരിഹാരം വേണമെന്ന് തന്റേതായ വികാരശൂന്യമായ രീതിയിൽ അയാൾക്കും തോന്നിയിട്ടുണ്ടാവണം; എന്നാൽ അതു നേടിയെടുക്കാൻ ഏറ്റവും മോശമായ വഴിയേ അയാൾ തിരഞ്ഞെടുക്കൂ എന്നതിൽ സംശയിക്കാനുമില്ല. ഞാൻ പെട്ടെന്നു തന്നെ യാത്ര പറഞ്ഞിറങ്ങി. അതിന്‌ ഞാൻ ആ ഏജന്റിനോട് നന്ദിയുള്ളവനാണെന്നു തന്നെ പറയണം; അയാൾ ഇല്ലായിരുന്നുവെങ്കിൽ അത്ര വേഗം ഇറങ്ങിപ്പോരാനുള്ള തീരുമാനമെടുക്കാൻ എനിക്കു കഴിഞ്ഞേക്കണമെന്നില്ല.

ഹാളിൽ വച്ച് ഞാൻ ഫ്രൗ.കെ.യെ വീണ്ടും കണ്ടു. അവരുടെ ദൈന്യരൂപം കണ്ടപ്പോൾ അവരെന്റെ അമ്മയെ ചെറുതായിട്ടൊന്നോർമ്മിപ്പിക്കുന്നുവെന്ന് ഞാൻ അറിയാതൊന്നു പറഞ്ഞുപോയി. അവർ ഒന്നും മിണ്ടാതെ നില്ക്കുന്നതു കണ്ടപ്പോൾ ഞാൻ ഇങ്ങനെ കൂട്ടിച്ചേർത്തു: ‘ ആളുകളെന്തു പറഞ്ഞാലും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിവുള്ളവരായിരുന്നു അവർ. ഞങ്ങൾ നശിപ്പിക്കുന്നതൊക്കെ അവർ നേരെയാക്കിയിരുന്നു. ഞാൻ കുട്ടിയായിരിക്കുമ്പോൾത്തന്നെ എനിക്കമ്മയെ നഷ്ടമായി.’അവർക്കു ചെവി പതുക്കെയാണെന്നു ഞാൻ സംശയിച്ചതിനാൽ വളരെ സാവധാനത്തിലും തെളിച്ചുമാണ്‌ ഞാൻ അത്രയും പറഞ്ഞത്. പക്ഷേ അവർക്കു ചെവി കേൾക്കില്ലെന്നു തോന്നി; കാരണം, ഭാവഭേദമില്ലാതെ അവർ ചോദിച്ചതിതാണ്‌: ‘എന്റെ ഭർത്താവിനെ കണ്ടിട്ടെന്തു തോന്നി?’ പിരിയുമ്പോൾ പറഞ്ഞ ചില വാക്കുകളിൽ നിന്ന് ഞാൻ ശ്രദ്ധിക്കുകയും ചെയ്തു, ഞാനും ആ ഏജന്റും തമ്മിൽ അവർക്കു പിശകിപ്പോയിരിക്കുന്നുവെന്ന്; അല്ലെങ്കിൽ അവർ കുറച്ചുകൂടി തുറന്നു സംസാരിച്ചേനേ എന്നു വിശ്വസിക്കാനാണ്‌ എനിക്കിഷ്ടം.

എന്നിട്ടു ഞാൻ പടിയിറങ്ങി. ഇറക്കം കയറ്റത്തേക്കാൾ ആയാസകരമായിരുന്നു; അതുതന്നെ അത്ര എളുപ്പവുമായിരുന്നില്ലല്ലോ. ഹാ, എത്ര ബിസിനസ് സന്ദർശനങ്ങൾ വിഫലമായിപ്പോയിരിക്കുന്നു; പക്ഷേ ഏന്തിവലിഞ്ഞു പോകാതിരിക്കാനുമാവില്ല നിങ്ങൾക്ക്.


 

റില്‍ക്കെ - ചിത്രകാരന്റെ ദൈവം

File:Rublev's saviour.jpg

ഉഷസ്സുകൾക്കു ജന്മം നല്കുമരുണോദയമായവനേ,
സ്വേച്ഛ പോലെ നിന്നെയാലേഖനം ചെയ്യരുതു ഞങ്ങൾ.
അതേ പഴയ ചിമിഴുകളിൽ നിന്നു ഞങ്ങൾ വീണ്ടുമെടുക്കുന്നു
പണ്ടു വിശുദ്ധന്മാർ നിന്റെ മുഖം മറയ്ക്കാൻ തേയ്ച്ച
അതേ ചായങ്ങൾ, വരകൾ, പരിവേഷങ്ങളും.

കനത്ത ചുമരു പോലെ നിന്റെ മുഖം പൊതിയുന്നു
ഞങ്ങൾ വരച്ചുകൂട്ടിയ നിന്റെ രൂപങ്ങൾ;
തേടുന്ന ഹൃദയത്തിനു മുന്നിൽ നീ വെളിപ്പെടരുതെന്നതിനാൽ
ഭക്തിയുടെ കൂപ്പുകൈകൾ കൊണ്ടു നിന്നെ മറയ്ക്കുന്നു ഞങ്ങൾ.


ദൈവത്തിനുള്ള സ്നേഹഗീതങ്ങൾ



ചിത്രം- മിശിഹ- ആന്ദ്രെ റൂബ് ലെവ് (1360-1430)
link to image

റില്‍ക്കെ - പണി തീരാത്ത ദൈവം

File:Odense - Sankt Knuds kirke 2005-07-16.jpeg


കട്ട മേൽ കട്ട വച്ചു നിന്നെപ്പടുക്കുമ്പോൾ
കൈകൾ വിറക്കൊള്ളുന്നു ഞങ്ങൾക്ക്.
ഏതുകാലത്താണിനി ഞങ്ങൾ
നിന്നെ പണിതീർക്കുന്നതു പെരുംകോവിലേ?

എവിടെ റോമാനഗരം?
അതിടിഞ്ഞുവീണിരിക്കുന്നു.
എവിടെയാണു ലോകം?
അതു നശിച്ചുപോകുന്നു
നിന്റെ ഗോപുരങ്ങൾക്കു താഴികയുയരും മുമ്പേ,
ചില്ലുകൾ ചിതറിയ ദൂരങ്ങളിൽ നിന്നു
നിന്റെ മുഖപ്രഭ തെളിയും മുമ്പേ.

എന്നാൽ ചിലനേരം സ്വപ്നങ്ങളിൽ
നിന്റെ ഗർഭഗൃഹത്തിൽ കാലെടുത്തുവയ്ക്കുന്നു ഞാൻ,
എന്റെ കണ്ണുകളിൽ നിറയുന്നു
അടിസ്ഥാനത്തിൽ നിന്നു ശീർഷം വരെ
നിന്റെ വൈപുല്യമങ്ങനെ.

അപ്പോഴെനിക്കു ബോദ്ധ്യം വരുന്നു:
എന്റെ മനസ്സിനു പറഞ്ഞ വേല തന്നെ,
ശേഷിച്ചതു കൂട്ടിച്ചേർത്തു
നിന്നെ പണിതീർക്കുകയെന്നത്.


 ദൈവത്തിനുള്ള സ്നേഹഗീതങ്ങൾ


link to image


റില്‍ക്കെ - മൈക്കലാഞ്ജലോയുടെ ദൈവം

File:Hands of God and Adam.jpg


മൈക്കലാഞ്ജലോയെക്കുറിച്ചു
വായിച്ചറിഞ്ഞിരിക്കുന്നു ഞാൻ;
അളവില്ലാത്തതൊന്നുമില്ലെന്ന വിചാരത്താൽ
ഒരു മുഴക്കോലുമെടുത്തിറങ്ങിപ്പുറപ്പെട്ടൊരാൾ.

ഓരോ യുഗാന്ത്യത്തിലുമൊരാളിങ്ങനെയുണ്ടാവും:
ഒരു കാലത്തിന്റെ ഈടിരിപ്പുകളെ
സഞ്ചയിക്കാൻ മടങ്ങുന്നവൻ;
ഒരു യുഗത്തിന്റെ ഭാരമൊക്കെയുമെടുത്തുയർത്തി
സ്വന്തം നെഞ്ചിന്റെ കയങ്ങളിലേ-
ക്കൂക്കോടെടുത്തെറിയുന്നവൻ.

അയാൾക്കു മുമ്പുള്ളവരറിഞ്ഞതു
വേദനയുമാനന്ദവും മാത്രം;
ജീവിതത്തിന്റെ പ്രമേയമെന്നതെന്തെന്ന്
ഈയാളറിഞ്ഞിരിക്കുന്നു,
സർവതുമൊന്നായിക്കാണാൻ
ഈയാൾ കൊതിച്ചിരിക്കുന്നു-
എന്നിട്ടുമയാളിൽ നിന്നത്രയകെലെയാണു ദൈവം;
അതിനാലത്രേ,
വിരോധഭക്തിയോടയാൾ സ്നേഹിക്കുന്നു,
തന്റെ വരുതിയിൽ വരാത്ത ദൈവത്തെ.


ദൈവത്തിനുള്ള സ്നേഹഗീതങ്ങൾ


Saturday, February 5, 2011

കാഫ്ക-പുതിയ വിളക്കുകൾ


ഇന്നലെ ഞാൻ ആദ്യമായി ഡയറക്റ്റർമാരുടെ ഓഫീസിൽ പോയിരുന്നു. രാത്രി ഷിഫ്റ്റിലെ ജോലിക്കാർ അവരുടെ ആവശ്യങ്ങളുന്നയിക്കാൻ എന്നെയാണു ചുമതലപ്പെടുത്തിയത്; വിളക്കുകളുടെ പണിയും എണ്ണവിതരണവുമൊക്കെ വളരെ അപര്യാപ്തമായിരുന്നതിനാൽ ഞാൻ അവിടെ ചെന്ന് എല്ലാം പറഞ്ഞു ബോദ്ധ്യപ്പെടുത്തി പരിഹാരം വാങ്ങി വരണം. ഓഫീസ് ഇന്നതാണെന്ന് ആളുകൾ ചൂണ്ടിക്കാണിച്ചുതന്നു; ഞാൻ കതകിൽ മുട്ടിയിട്ട് കടന്നുചെന്നു. രക്തപ്രസാദം തീരെയില്ലാത്ത, ശോഷിച്ച ഒരു ചെറുപ്പക്കാരൻ വലിയൊരു മേശയ്ക്കു പിന്നിലിരുന്ന് എന്നെ നോക്കിയൊന്നു മന്ദഹസിച്ചു. അയാൾക്കു തലയനക്കം അല്പം കൂടുതലാണ്‌, ശരിക്കും കൂടുതലാണെന്നും പറയണം. എനിക്കിരിക്കാമോ എന്നു തീർച്ചയാക്കാൻ എനിക്കായില്ല; അടുത്ത് ഒഴിഞ്ഞൊരു കസേരയുണ്ടായിട്ടും, ആദ്യം ചെല്ലുമ്പോൾത്തന്നെ കയറിയിരിക്കുന്നത് ഉചിതമാവില്ല എന്ന വിചാരത്താൽ നിന്നുകൊണ്ടു തന്നെയാണ്‌ ഞാൻ കാര്യം മുഴുവൻ അവതരിപ്പിച്ചത്. പക്ഷേ എന്റെ ഈ എളിമകാട്ടൽ തന്നെ ചെറുപ്പക്കാരനെന്തോ മനക്ളേശമുണ്ടാക്കുന്നുണ്ടെന്നത് ഇടയ്ക്കിടെ അയാൾ മുഖം തിരിക്കുന്നതും പിന്നെ എന്റെ നേരെ നോക്കുന്നതും കണ്ടാൽ  വ്യക്തമായിരുന്നു; അല്ലെങ്കിൽപ്പിന്നെ അയാൾ കസേര നേരെ തിരിച്ചിടണം, അതിനയാൾ തയ്യാറുമല്ല. അതേസമയം അത്രയും നേരം ദൂരെ നോക്കിയും കൊണ്ടിരിക്കാൻ, എത്ര മനഃപൂർവം ശ്രമിച്ചിട്ടും അയാൾക്കു കഴിയുന്നുമില്ല; അതിനാൽ പാതിയ്ക്കു വച്ചു മുഖം തിരിച്ചിട്ട് മച്ചിന്മേൽ ഏറുകണ്ണിട്ടു നോക്കുകയുമാണയാൾ; അതു കണ്ടിട്ട് എനിക്കും അങ്ങോട്ടൊന്നു നോക്കാതിരിക്കാൻ പറ്റുന്നില്ല. ഞാൻ പറഞ്ഞവസാനിപ്പിച്ചപ്പോൾ അയാൾ സാവധാനം എഴുന്നേറ്റ് എന്റെ മുതുകത്ത് ഒന്നു തട്ടിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: ‘ശരി, ശരി- ശരി, ശരി’; എന്നിട്ടയാൾ എന്നെ അടുത്തൊരു മുറിയിലേക്കു തള്ളിക്കൊണ്ടുപോയി. കാടു പിടിച്ച താടിയുമായി ഒരു മാന്യദേഹം ഞങ്ങളെ പ്രതീക്ഷിച്ചിട്ടെന്ന പോലെ ( പണി ബാക്കിയുള്ളതിന്റെ ഒരു സൂചനയും മേശപ്പുറത്തു കാണാനില്ല) അവിടെ ഇരിപ്പുണ്ട്; നിറയെ പൂക്കളും ചെടികളുമുള്ള ഒരു കൊച്ചു പൂന്തോട്ടത്തിലേക്കു തുറക്കുന്ന ഒരു ചില്ലുജാലകവും കാണാനുണ്ട്. ചെറുപ്പക്കാരൻ പിറുപിറുത്ത ചുരുക്കം വാക്കുകൾ മതിയായിരുന്നു ആ മാന്യദേഹത്തിന്‌ ഞങ്ങളുടെ വിവിധങ്ങളായ പരാതികൾ പിടികിട്ടാൻ. പെട്ടെന്നെഴുന്നേറ്റു നിന്നുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘അപ്പോൾ, എന്റെ-’, അദ്ദേഹം ഒന്നു നിർത്തി; എന്റെ പേരറിയണമെന്നുണ്ടാവും എന്നെനിക്കു ചിന്ത പോയിട്ട് സ്വയം പരിചയപ്പെടുത്താൻ ഞാൻ വായ തുറക്കുമ്പോഴേക്കും അദ്ദേഹം ഇടയ്ക്കു കയറി ഇങ്ങനെ പറഞ്ഞു:‘ അതെയതെ, അതൊക്കെ ശരി തന്നെ, എനിക്കു നിങ്ങളുടെ കാര്യമൊക്കെ അറിയാം- നിങ്ങളുടെ അപേക്ഷ, അല്ലെങ്കിൽ നിങ്ങളുടെ സഹപ്രവർത്തകരുടെയും നിങ്ങളുടെയും അപേക്ഷ, തീർത്തും ന്യായം തന്നെ.ഞാനും ഡയറക്റ്റർ ബോർഡിലെ മറ്റംഗങ്ങളും അതു കാണാതെ പോവുക എന്നതുണ്ടാവില്ല. സ്ഥാപനത്തെക്കാൾ ഞങ്ങളുടെ ജോലിക്കാർക്കാണ്‌ ഞങ്ങൾ ഹൃദയത്തിൽ ഇടം കൊടുക്കുന്നതെന്നു ഞാൻ പറഞ്ഞാൽ നിങ്ങളതു വിശ്വസിക്കണം. അങ്ങനെയല്ലേ വേണ്ടതും? ഒരു സ്ഥാപനം പിന്നെയും കെട്ടിപ്പൊക്കാവുന്നതേയുള്ളു; അതിനു പണച്ചിലവേ വരുന്നുള്ളു; പണം പോയിത്തുലയട്ടെ, ഒരു മനുഷ്യജീവൻ പൊലിഞ്ഞാൽ ഒരു മനുഷ്യജീവൻ പൊലിഞ്ഞതു തന്നെ; പിന്നെ നമുക്കു ബാക്കിയാവുന്നത് ഒരു വിധവയും കുട്ടികളുമാണ്‌. ഹാ! അതു കൊണ്ടല്ലേ, പുതിയ സുരക്ഷാ ഏർപ്പാടുകളെക്കുറിച്ചും, ദുരിതാശ്വാസത്തെക്കുറിച്ചും, സുഖസൗകര്യങ്ങളെക്കുറിച്ചുമുള്ള ഏതൊരു നിർദ്ദേശത്തെയും ഞങ്ങൾ അങ്ങേയറ്റം സ്വാഗതം ചെയ്യുന്നതും! അങ്ങനെയൊരു നിർദ്ദേശവുമായി മുന്നോട്ടുവരുന്ന ഏതൊരാളും ഞങ്ങളുടെ സ്വന്തമാളു തന്നെ. അതിനാൽ നിർദ്ദേശങ്ങൾ നിങ്ങൾ ഞങ്ങളെ ഏല്പിച്ചിട്ടു പോവുക; ഞങ്ങൾ അതു സൂക്ഷ്മപരിശോധന ചെയ്യട്ടെ; സമർത്ഥമായ ചെറിയൊരു പുതുമ കൂട്ടിച്ചേർക്കാൻ അതിനായെന്നു വരികിൽ ഒരിക്കലും ഞങ്ങളതു മറച്ചുവയ്ക്കാൻ പോകുന്നില്ല; എല്ലാം പൂർത്തിയായിക്കഴിഞ്ഞാലുടൻ നിങ്ങളുടെ കൂട്ടർക്ക് പുത്തൻ വിളക്കുകൾ കിട്ടുന്നതുമാണ്‌. ഒപ്പം താഴെയുള്ള സഹപ്രവർത്തകരോട് ഇതുകൂടി പറഞ്ഞേക്കൂ: നിങ്ങളുടെ ഖനിയ്ക്കുൾവശം ഒരു സ്വീകരണമുറിയാക്കി മാറ്റിയാലല്ലാതെ ഞങ്ങൾക്കു വിശ്രമമില്ല; ഒന്നാന്തരം തുകലു കൊണ്ടുള്ള ചെരുപ്പുകളും ധരിച്ചുകൊണ്ടാവും അവിടെ നിങ്ങളുടെ അന്ത്യമുണ്ടാവുക എന്നത് ഞങ്ങൾ ഉറപ്പു വരുത്തിയിരിക്കും; അല്ലെങ്കിൽ അങ്ങനെയൊന്നുണ്ടാവുകയുമില്ല. എന്നാൽപ്പിന്നെ, നമുക്കു കാണാം!‘


Entry from A Franz  Kafka Encyclopedia


റില്‍ക്കെ - ദൈവത്തിനുള്ള സ്നേഹഗീതങ്ങൾ - 6

 

File:Segantini Bildnis eines Toten 1886.jpg


***


മൃഗങ്ങളിലും കഷ്ടമാണു ഞങ്ങൾ, ദൈവമേ,
അവയ്ക്കു മരിക്കാനാവുന്നുണ്ടല്ലോ,
തങ്ങളറിയാതെയെങ്കിലും;
മരിച്ചുതീരുന്നില്ല ഞങ്ങളൊരുകാലത്തും.

കഠിനവുമന്യവുമാണു ഞങ്ങൾക്കു മരണം,
ഞങ്ങൾക്കു സ്വന്തമല്ല ഞങ്ങൾ മരിക്കുന്ന മരണം;
ചുഴലി പോലെ ഞങ്ങളെ പറിച്ചെടുത്തുപായുന്ന
മറ്റൊന്നാണു ഞങ്ങളുടെ മരണം.

മരണത്തിന്റെ മധുരക്കനികൾ കായ്ക്കാൻ
ആണ്ടോടാണ്ടു നിന്റെ വളപ്പിൽ
ഞങ്ങൾ നോറ്റുനിൽക്കുന്നു;
വിളയെടുക്കേണ്ട കാലത്തു പക്ഷേ,
നീ വന്ധ്യകളാക്കിയ സ്ത്രീകളെപ്പോലെയാണു ഞങ്ങൾ.
അതിലും ഭേദമല്ലേ മരങ്ങൾ?
അത്രയ്ക്കു വഴങ്ങിക്കൊടുത്ത
യോനിയുമുത്സംഗവുമല്ലേ ഞങ്ങൾ?
നിത്യതയുടെ തേവിടിശ്ശികളായിരുന്നു ഞങ്ങൾ;
ഞങ്ങൾ നൊന്തുപെറ്റതോ,
സ്വന്തം മരണത്തിന്റെ അലസിപ്പോയ ഗർഭങ്ങളെ;
അംഗഭംഗം വന്ന, നികൃഷ്ടമായ,
മരിച്ചുപോയൊരു ഭ്രൂണം:
പേടിച്ചരണ്ടപോലതു കൺകുഴികൾ പൊത്തിയിരിക്കുന്നു,
താനനുഭവിക്കാത്തൊരു വേദന കൊണ്ടതിന്റെ നെറ്റിയിൽ
ഞരമ്പുകൾ പിടഞ്ഞുമിരിക്കുന്നു-
അങ്ങനെ ഞങ്ങൾ മരിക്കുന്നു
മാസമെത്തും മുമ്പേ നോവെടുത്തു
വയറു കീറിയ വേശ്യകളെപ്പോലെ.

III,8


***



അവർ ജീവിക്കും, അവർ വർദ്ധിക്കും,File:Doré, Gustave - Three London pedlars - tall man.jpg
കാലത്തിനടിയറവു പറയുന്ന
ചതുരംഗക്കരുക്കളുമല്ലവർ;
കാട്ടുഞാവൽപ്പഴങ്ങൾ പോലവർ വളരും,
മധുരങ്ങൾ കൊണ്ടവർ നിലം പൊതിയും.

പുറത്തു മഴയുംകൊണ്ടു നിന്നവരത്രേ ധന്യർ,
അവർക്കുള്ളതത്രേ വിളകൾ,
അസംഖ്യമായ കനികളും.

അവരതിജീവിക്കുമുന്മൂലനങ്ങളെ,
അർത്ഥനാശം വന്ന രാജവംശങ്ങളെ;
അന്യവർഗ്ഗങ്ങൾക്കും രാഷ്ട്രങ്ങൾക്കും കൈകൾ കുഴയുമ്പോൾ
വിശ്രമിച്ച കൈകൾ പോലവരുയർന്നുനിൽക്കും.

III,28


മരണത്തിനും ദാരിദ്ര്യത്തിനുമുള്ള ഗീതങ്ങ

link to image

Friday, February 4, 2011

റില്‍ക്കെ - ദൈവത്തിനുള്ള സ്നേഹഗീതങ്ങൾ -5

File:Vsemirnaya Illyustratsia 01.jpg


കെട്ടഴുകുകയാണു നഗരങ്ങൾ, ദൈവമേ,
തീ പിടിച്ച പുരയിൽ നിന്നുള്ള പലായനങ്ങളാണവ-
അവിടെയില്ല സാന്ത്വനം,
ചോർന്നുപോവുകയാണവയുടെ കാലം.

ഇടുങ്ങിക്കൂടിയ വാടകമുറികളിൽ
അരിഷ്ടിച്ചും തപിച്ചും
കൈക്കുഞ്ഞുങ്ങളെക്കാൾ നിസ്സഹായരായി
ജീവിതം പോക്കുകയാണവർ;
പുറത്തു മണ്ണു ശ്വസിച്ചുണരുമ്പോൾ
ജീവനുണ്ടു തങ്ങൾക്കുമെന്നറിയാതെ പോവുകയാണവർ.

ഒരേ ജനാലയുടെ ചതുരത്തിൽ
ഒരേ നിഴൽ മറഞ്ഞു വളരുകയാണു കുഞ്ഞുങ്ങൾ.
ആനന്ദത്തിന്റെ തുറന്ന ലോകം പുറത്തുണ്ടെന്നറിയാതെ,
അവിടെയ്ക്കു  വിളിയ്ക്കുകയാണു പൂക്കളെന്നുമറിയാതെ
കുഞ്ഞുങ്ങളാവാൻ, സങ്കടപ്പെടുന്ന കുഞ്ഞുങ്ങളാവാൻ
വിധിക്കപ്പെട്ടവരാണവർ.

അറിയാത്തവർക്കു മുന്നിൽ വിടരുകയാണു സ്ത്രീകൾ;
ഏതോ കാമനയുടെ സാന്ത്വനം തേടുകയാണവർ;
തങ്ങൾ ദാഹിച്ചതൊന്നും കിട്ടാതെ
വീണ്ടും കൂമ്പിയടങ്ങുകയാണവർ.
ഉൾമുറികളിലവർ മൂടിപ്പൊതിഞ്ഞുവയ്ക്കുന്നു
ആശയറ്റ മാതൃത്വത്തിന്റെ നാളുകൾ,
നീണ്ട രാത്രികളിലറിയാതുതിരുന്ന നിശ്വാസങ്ങൾ,
ബലവും ചുണയും കെട്ടു പാഴടഞ്ഞ വർഷങ്ങൾ.
ഇപ്പോഴവരാശവയ്ക്കുന്നതോ,
ഇരുട്ടത്തകലെക്കിടക്കുന്ന മരണക്കിടക്കകളിൽ.
അവർ മരിക്കുന്നു സാവധാനം,
ചങ്ങലകളിൽ തളഞ്ഞപോലെ;
അവരിറങ്ങിപ്പോകുന്നു,
ഭിക്ഷക്കാരികളെപ്പോലെ.

III,4


link to image


Thursday, February 3, 2011

റില്‍ക്കെ - ദൈവത്തിനുള്ള സ്നേഹഗീതങ്ങൾ - 4

File:El Greco 036.jpg


സാധു നീ, അഗതി നീ.
കിടക്കാനിടമില്ലാത്ത കല്ലു നീ.
തൊടാൻ ഞങ്ങളറയ്ക്കുന്ന രോഗി.
കാറ്റു മാത്രം
നിനക്കുള്ളതായി.

സാധു നീ,
നഗരം തഴുകിപ്പോയ പുതുമഴ പോലെ;
ഒരു ലോകവും കൈക്കൊള്ളാനില്ലാതെ
തടവറയിൽ താഴ്ന്നുകേട്ട മോഹങ്ങൾ പോലെ;
ചരിഞ്ഞുകിടക്കുന്ന ദീനക്കാരനെപ്പോലെ;
തീവണ്ടിയിരമ്പിപ്പായുമ്പോൾ
പാളങ്ങൾക്കരികുപറ്റിനിന്നു വിറയ്ക്കുന്ന
പൂക്കൾ പോലെ;
കരയുമ്പോൾ ഞങ്ങളുടെ മുഖം പൊത്തുന്ന
കൈ പോലെ- സാധു നീ.

തണുക്കുന്ന രാത്രികളിൽ
കിളികളുടെ യാതന നിന്റേത്,
നാളുകൾ വിശന്നുനടക്കുന്ന
നായ്ക്കളുടെ കഷ്ടത നിന്റേത്.
അഴിച്ചുവിടാൻ മറന്ന മൃഗങ്ങളുടെ
നീണ്ട കാത്തുനിൽപ്പിന്റെ വിഷാദം നിന്റേത്.
മുഖം തിരിയ്ക്കുന്ന യാചകൻ നീ,
കൈ നീട്ടാൻ കൂട്ടാക്കാത്ത അഗതി;
കൊടുങ്കാറ്റൂതുമ്പോൾക്കേൾക്കുന്നു
നിന്റെ ഓരിയിടൽ...

III, 18


ചിത്രം - വിശുദ്ധനായ മാര്‍ട്ടിനും യാചകനും – എല്‍ഗ്രെക്കോ


അന്നാ ആഹ് മാത്തോവാ–നീയെനിക്കു തന്നത്…


നീയെനിക്കു തന്നതു കഠിനയൗവനം,
വഴി നിറയെ യാതനയും.
അത്ര വന്ധ്യമായൊരാത്മാവിൽ കായ്ക്കുമോ,
നിനക്കു നിവേദിക്കാനൊരു മധുരഫലം?
പ്രഭോ! ഞാനജ്ഞ.
ലുബ്ധയായൊരാശ്രിത.
എന്റെ പിതാവിന്റെയുദ്യാനത്തിൽ
പനിനീർച്ചെടിയാവില്ല ഞാൻ,
ഒരു പുൽക്കൊടിയുമാവില്ല.
ഒരോ  പൊടി പാറുന്നതു കാണുമ്പോഴും
വിഡ്ഢികളുടെ പുലമ്പലു കേൾക്കുമ്പോഴും
വിറകൊള്ളുകയാണു ഞാൻ.

(ഡിസംബർ 19,1912)


ചിത്രം-മോഡിഗ്ലിയാനി  വരച്ച ആഹ് മതോവ


റില്‍ക്കെ - ദൈവത്തിനുള്ള സ്നേഹഗീതങ്ങൾ-3

File:Wandflower redoute.JPG


***


ദൈവമേ,
ഞങ്ങൾക്കു നല്കുക
ഞങ്ങളുടെ മരണം:
സ്നേഹത്തിന്റെ,
അർത്ഥത്തിന്റെ,
അഭിലാഷത്തിന്റെ
ജീവിതത്തിൽ നിന്ന്
മരണത്തിലേക്കു
കാലെടുത്തുവയ്ക്കുമാറാകട്ടെ
ഞങ്ങൾ.

III,6



***

അറിവായവനേ,
ഇല്ലായ്മയും ഇല്ലായ്മയുടെ സമൃദ്ധിയും
അറിവിനുറവായവനേ,
പരിത്യക്തരാവാതിരിക്കട്ടെ സാധുക്കൾ,
ചവിട്ടടികളിൽ ഞെരിയാതിരിക്കട്ടെയവർ.

വേരു പറിഞ്ഞവരാണന്യർ,
സാധുക്കൾ വേരുകളാഴ്ന്നിറങ്ങിയവരും.
നിരന്നവർ നിൽക്കുന്നതു നോക്കൂ,
മറ്റെവിടെയും വളരാനില്ലാത്ത കാട്ടുപൂക്കളെപ്പോലെ.

III,19


***


അവരെ നോക്കിനില്ക്കൂ,
അവരേതു മാതിരിയെന്നു കാണൂ:

കാറ്റു തട്ടിയുരുട്ടുമ്പോലവർക്കിളക്കം വയ്ക്കുന്നു,
ഒരു കൈ വന്നു തടുത്തപോലവരിളകാതെയുമാവുന്നു.

അവരുടെ കണ്ണുകളിൽ കാണാം
വേനൽമഴ ചാറിപ്പോയ വെയിലിന്റെ പാടങ്ങൾ;
ഇരുട്ടിരുണ്ടുകൂടുകയുമാണവിടങ്ങളിൽ.

III,20



Wednesday, February 2, 2011

റില്‍ക്കെ - ദൈവത്തിനുള്ള സ്നേഹഗീതങ്ങൾ -2

File:Face de Cristo - Madeira - 1970.jpg


നിന്നെത്തേടി നടക്കുന്നവർ
നിന്നെപ്പരീക്ഷിച്ചുനോക്കുന്നു.
നിന്നെക്കണ്ടുകിട്ടുന്നവരോ,
വിഗ്രഹത്തിലും ചേഷ്ടയിലും
നിന്നെ ബന്ധിക്കുന്നു.

നിന്നെ ഞാനറിഞ്ഞോളാം
മണ്ണു നിന്നെയറിയുമ്പോലെ.
ഞാൻ വിളയുമ്പോള്‍
അതിൽ വിളയട്ടെ
നീയായതൊക്കെയും.

നീയുണ്ടെന്നെയറിയിക്കാൻ
ഒരു ജാലവിദ്യയും
നീയെടുക്കേണ്ട.
ഞാനറിയാതെയല്ല,
കാലമല്ല നീയെന്നും.

അത്ഭുതങ്ങൾ പ്രവർത്തിക്കരുതേ.
നിന്റെ നിയമങ്ങൾ
തെളിഞ്ഞുതെളിഞ്ഞു വരട്ടെ,
തലമുറകൾ കടന്നുപോരുമ്പോൾ.

II,15


link to image


Tuesday, February 1, 2011

റില്‍ക്കെ - ദൈവത്തിനുള്ള സ്നേഹഗീതങ്ങൾ- 1

File:Sonnenaufgang, Margret Hofheinz-Döring, Öl, 1991 (WV-Nr.8463).jpg


ആരും ജീവിക്കുന്നില്ല
അവനവന്റെ ജീവിതം.

ബാല്യം മുതലേ വേഷച്ഛന്നരായി,
ഒച്ചകളിൽ നിന്നും, പേടികളിൽ നിന്നും,
കൊച്ചുകൊച്ചുസന്തോഷങ്ങളിൽ നിന്നും
അടുക്കും മുറയുമില്ലാതെ സഞ്ചയിച്ചും
നാം മുതിരുന്നു, മുഖംമൂടികളെപ്പോലെ.

ഒരുനാളും നാവെടുക്കുന്നില്ല
നമ്മുടെ തനിമുഖം.

എവിടെയോ ഉണ്ടാവണം ചില പണ്ടകശാലകൾ,
ഈ ജീവിതങ്ങളൊക്കെക്കൂടി
കൊണ്ടുപോയിത്തള്ളുന്നിടം,
പടച്ചട്ടകൾ പോലെ,
പഴയ വണ്ടികൾ പോലെ,
ചുമരുകളിൽ അഴഞ്ഞുതൂങ്ങിക്കിടക്കുന്ന
കുപ്പായങ്ങൾ പോലെ.

വഴികൾ നീളുന്നതുമവിടെയ്ക്കാകാം,
ജീവിക്കാത്ത ജിവിതങ്ങളുടെ കലവറയിലേക്ക്.

II,12


link to image