Thursday, February 24, 2011

റില്‍ക്കെ - പ്രവാചകന്മാരെക്കുറിച്ച്


ഏപ്രിൽ 7 1900

നിങ്ങൾക്കിടയിലായിരിക്കുമ്പോൾ നിങ്ങളിലാണ്ടുപോവുകയാണു ഞാൻ മനുഷ്യരേ. എന്തെന്നാൽ ഈ തെരുവുകൾ നിങ്ങളുടേതാണല്ലോ, ഇവയിലൂടെ നടക്കുകയും അസാദ്ധ്യം- നിങ്ങളുടെ പിന്നിലല്ലാതെ, നിങ്ങളുടെ മുന്നിലല്ലാതെ, നിങ്ങളോടൊപ്പമല്ലാതെ, തിരക്കിടുന്ന അനേകർക്കിടയിൽ ഒരൊറ്റയാൻ. ഇനിയൊരു നാൾ, നിങ്ങൾക്കു വൈദേശികതയായ ഒരു ദേശത്തു നിന്നു ഞാൻ മടങ്ങിയെത്തുന്ന നാൾ, പകയ്ക്കാതെ നിങ്ങളുടെ തെരുവുകളിലൂടെ ഞൻ കടന്നുപോകും, വ്യത്യസ്തരായ അനേകർക്കിടയിൽ വ്യത്യസ്തനായ മറ്റൊരാൾ.

മനസ്സു കെട്ട ഈ തെരുവുകളിലെ
പൂപ്പൽ പിടിച്ച ശീലങ്ങൾ നിങ്ങൾ പിന്നിൽ വിട്ടു പോകണം,
നിങ്ങൾക്കിന്നുമാശ്രയമായ മൗനസമ്മതങ്ങളുടെ നേരേ
നിങ്ങൾ വാതിൽ കൊട്ടിയടയ്ക്കണം;
നിങ്ങൾക്കെന്നും വിശ്വാസമായ ആ നുണകളൊക്കെയും
കെടുത്തിക്കഴിഞ്ഞാലല്ലാതെ
സ്വന്തമാത്മാവിന്റെ തുടക്കത്തിൽ നിങ്ങൾ ചെന്നുനിൽക്കില്ല,
നിങ്ങൾ മീതേ നടന്നുപോകുന്ന
കടലിനു മുന്നിൽ നിങ്ങളെത്തില്ല,
താനറിയാതെ നിങ്ങൾ പ്രവർത്തിക്കുന്ന അത്ഭുതങ്ങളത്രേ
മനുഷ്യരിൽ നിന്നെന്നെന്നേക്കുമായി നിങ്ങളെ വിച്ഛേദിക്കുന്നതും.

പുറത്തേക്കു കണ്ണും പായിച്ചിരിക്കുന്നവരൊക്കെയും ഇന്നല്ലെങ്കിൽ നാളെ മരുഭൂമിയിലേക്കിറങ്ങിപ്പോകാനുള്ള ത്വരയ്ക്കു വശംവദരാവും. അരിഷ്ടിച്ച ഭക്ഷണവുമായി ഒരു പാറയ്ക്കു മേൽ ചെന്നിരിക്കാൻ, കണ്ണിമകളെ വലിച്ചുതാഴ്ത്തുന്നത്ര ഭാരമേറിയ ചിന്തകളുമായി ചിന്തിച്ചിരിക്കാൻ. എന്നിട്ടും പക്ഷേ, മരുഭൂമി തേടിപ്പോയവരൊക്കെ ഇന്നല്ലെങ്കിൽ നാളെ തങ്ങൾ വിട്ടുപോയവരിലേക്കു തിരിച്ചുവരികയും ചെയ്തിരിക്കുന്നു. സമൂഹജീവികളെ ഏകാന്തതയുടെ പാഠം പഠിപ്പിക്കാൻ അവർ കൊതിച്ചു; ആ ശ്രമത്തിൽ അവർ വാടിത്തളർന്നു, അവരുടെ മനസ്സിടിഞ്ഞു, യാതനപ്പെട്ട നിസ്സാരമരണം അവർ മരിച്ചു. പക്ഷേ നാം പോകേണ്ടത് മരുഭൂമിയ്ക്കുമപ്പുറത്തേക്ക്, ഒരുകാലത്തും ഉദ്ദിഷ്ടദിശയിൽ നിന്നു കണ്ണെടുക്കാതെ. അതിനാവുന്നനേ ഏകാന്തതയ്ക്കപ്പുറത്തെന്താണുള്ളതെന്നറിയുന്നുള്ളൂ- മരുഭൂമിയിലേക്കിറങ്ങിപ്പോകുന്നതെനിന്താണെന്നവനേ അറിയുന്നുള്ളു. അവനു നഷ്ടബോധം തോന്നില്ല, അവനു മനസ്സു തളരലില്ല, അവൻ ഭൂമിയിൽ ജീവിച്ചിരുന്നതേയില്ല എന്ന മട്ടിലായിരിക്കില്ല അവന്റെ മരണത്തിന്റെ പ്രവർത്തനവും.

മരുഭൂമി ഒരു കവാടം മാത്രമാണെന്നോർമ്മവയ്ക്കുക, അവിടെ നിന്നു തിരികെപ്പോരുന്നവർ ഭിക്ഷ കിട്ടിയതിൽപ്പിന്നെ ദേവാലയവാതിൽക്കൽ നിന്നു തിരിഞ്ഞുനടക്കുന്നവരാണെന്നും. അങ്ങനെയൊരു ഭിക്ഷ കിട്ടിയത് അവരെ പിന്നെയും ദരിദ്രരാക്കിയിട്ടേയുള്ളു, അവരുടെ കൈവെള്ളയിലിരിക്കുന്ന ചെമ്പുതുട്ട് ദാരിദ്ര്യത്തിന്‌ ഒരു മൂർത്തരൂപം കിട്ടിയപോലെയുമാണ്‌. ദേവാലയത്തിനുള്ളിലേക്കവർ കടന്നുചെന്നിരുന്നുവെങ്കിൽ കിഴക്കുദിക്കിലേക്കു നീട്ടിപ്പിടിച്ച ഒഴിഞ്ഞ കൈകളുമായി അൾത്താരയും കടന്നവർക്കു പോകാമായിരുന്നു, അവരെ പിന്നെ ഒരുകാലത്തും കാണുകയുമില്ല നാം. ഇപ്പോൾ പക്ഷേ, ശീലമുറച്ച ഗുരുക്കന്മാരെപ്പോലെയാണവർ; കൈയിൽ ഭിക്ഷ കിട്ടിയതുമായി അവർ തിരിച്ചുവരുന്നു; അവരുടെ ചുണ്ടുകളിലുണ്ട് നന്ദിവാക്കുകൾ; ഭിക്ഷ നൽകിയവരുടെ പിന്നാലെ തൂങ്ങിനടക്കുകയാണവ; അവർക്കൊരു ശല്യവും ഭാരവുമാവുകയുമാണവ.

(ഷ്മാർജെൻഡോർഫ് ഡയറിയിൽ നിന്ന്)


 

No comments: