പുഴയൊഴുകും പോലെ...
പുഴയൊഴുകും പോലുള്ളു കൊണ്ടു
പ്രണയമെന്തെന്നറിയാത്തവർ,
ചോലവെള്ളം പോലെ കൈക്കുമ്പിളിൽ
പുലരിയെ കോരിയെടുക്കാത്തവർ,
സായംസന്ധ്യയുടെ സമൃദ്ധി മതി
അത്താഴവിരുന്നിനെന്നു പോരാത്തവർ,
മാറണമെന്നില്ലാതെ മാറിമാറിപ്പോകുന്നവർ,
ഹിതം പോലെ കിടന്നുറക്കമായിക്കോട്ടെയവർ.
വേദപ്പഠിപ്പിനും തട്ടിപ്പിനുമപ്പുറത്താണീ പ്രണയം.
ആ പഠിപ്പു മതി നിങ്ങൾക്കെങ്കിൽ
നിങ്ങളും കിടന്നുറങ്ങിക്കോളൂ.
ഞാനെന്റെ തലയുടെ പിടി വിട്ടുകഴിഞ്ഞു,
ഉടുത്തതു ചീന്തി കാറ്റിലും പറത്തി.
പിറന്ന പടിയല്ല നിങ്ങളെങ്കിൽ
വാക്കുകളുടെ മേത്തരം പട്ടും പുതച്ചു
സുഖം പിടിച്ചു കിടന്നുറങ്ങെന്നേ.
ഇരുളും വെളിച്ചവും
ലോകത്തിനംശമായതു ലോകം വിട്ടുപോകുമോ?
വെള്ളത്തിൽ നിന്നു നനവു വിട്ടുപോകുമോ?
തീയിൽ തീ കോരിയാൽ തീ കെടുമോ?
മുറിവു കഴുകാൻ ചോര വേണമോ?
എങ്ങനെ കുതിച്ചുപാഞ്ഞാലും
ഒപ്പമുണ്ടാവും നിങ്ങളുടെ നിഴൽ.
ചിലനേരത്തതു മുന്നിലുമാവും!
സൂര്യനുച്ചിയിലെത്തിയാലേ
നിഴൽ നിങ്ങളിലൊതുങ്ങൂ.
ആ നിഴൽ തന്നെ
നിങ്ങളെ സേവിച്ചു നടന്നതും.
നിങ്ങളെ നോവിക്കുന്നതു തന്നെ
നിങ്ങൾക്കനുഗ്രഹമാവുന്നതും.
അന്ധകാരം നിങ്ങൾക്കു ദീപം.
നിങ്ങളുടെ അതിരുകൾ
നിങ്ങളുടെ അന്വേഷണവും.
ഇതു ഞാൻ വിശദീകരിക്കാൻ നിന്നാൽ
നിങ്ങളുടെ നെഞ്ചിലൊരു ചില്ലുകൂടു തകരും.
നിഴലും വെളിച്ചവും രണ്ടും വേണം നിങ്ങൾക്കെന്നറിയൂ;
ഭക്തിയുടെ മരത്തണലിൽ ചെന്നു തല ചായ്ക്കൂ.
അതിൽ നിന്നു നിങ്ങൾക്കു മേൽ ചിറകും തൂവലും മുളയ്ക്കുമ്പോൾ
ഒരു മാടപ്രാവു പോലെ മിണ്ടാതനങ്ങാതെയുമിരിക്കൂ.
ഒന്നു കുറുകാൻ പോലും കൊക്കു വിടർത്തുകയുമരുത്.
***
വ്യതിചലിക്കുന്ന ഹൃദയമേ, ഒന്നു വരൂ!
നോവുന്ന കരളേ, ഒന്നു വരൂ!
വാതിലടച്ചിരിക്കുന്നുവെങ്കിൽ
മതിലു കേറി നീ വരൂ!
***
ഗുരോ, ഞാനേതു കിളിയെന്നൊന്നു പറയൂ!
തിത്തിരിയല്ല, പ്രാപ്പിടിയനല്ല,
നല്ലതല്ല, കെട്ടതുമല്ല,
അതുമല്ല, ഇതുമല്ല ഞാൻ.
പൂന്തോപ്പിലെ കുയിലല്ല,
അങ്ങാടിക്കുരുവിയല്ല,
ഒരു പേരെനിക്കു തരൂ, ഗുരോ,
ഒരു പേരെനിക്കെന്നെ വിളിയ്ക്കാൻ!
***
ലോഹമല്ല, മെഴുകല്ല ഞാൻ,
അടിമയല്ല, ഉടമയുമല്ല ഞാൻ,
ആർക്കുമെന്റെ ഹൃദയം കൊടുത്തിട്ടില്ല ഞാൻ,
ആരുടെയും ഹൃദയമെടുത്തിട്ടുമില്ല ഞാൻ.
എന്റെ കൈപ്പിടിയിലല്ല ഞാൻ,
അന്യന്റേതാണിന്നു ഞാൻ;
അവനെന്നെയെവിടെയ്ക്കു വിളിച്ചാലും
അവിടെയ്ക്കു പോയിരിക്കും ഞാൻ.
No comments:
Post a Comment