Saturday, February 19, 2011

ഫെർണാൻഡോ പെസ്സൊവ - അശാന്തിയുടെ പുസ്തകം



6

ജീവിതത്തോട് അധികമൊന്നും ഞാൻ ചോദിച്ചില്ല, അതു പോലും ജീവിതം എനിക്കു നിഷേധിച്ചു.  അടുത്തൊരു പാടം, ഒരു വെയിൽനാളം, ഒരപ്പക്കഷണത്തിനൊപ്പം ഒരല്പം സമാധാനം, ഞാൻ ജീവനോടിരിക്കുന്നു എന്ന ബോധം എനിക്കൊരു ഭാരമാകാതിരിക്കുക, അന്യരെക്കൊണ്ട് ഒരാവശ്യവും എനിക്കുണ്ടാകാതിരിക്കുക, അന്യർക്കെന്നെക്കൊണ്ടും ആവശ്യമൊന്നും ഉണ്ടാകാതിരിക്കുക- ജീവിതം അതെനിക്കു നിഷേധിച്ചു, കൈയിലുള്ള ചില്ലറ നാണയം നാമൊരു യാചകനു നിഷേധിക്കുന്ന പോലെ; അതുപക്ഷേ നാമത്ര പിശുക്കന്മാരായതു കൊണ്ടുമല്ല, കീശയിൽ കൈയിട്ട് അതെടുത്തു കൊടുക്കുന്നതു പോലും ഒരായാസമായി നമുക്കു തോന്നുന്നതു കൊണ്ടു മാത്രം.

ഒച്ചയനക്കമില്ലാത്ത എന്റെ മുറിയിലിരുന്ന് ഞാനെഴുതുകയാണ്‌, എന്നെത്തെയും പോലെ ഏകാകിയായി, ഇനിയെന്നെത്തെയും പോലെ ഏകാകിയായി. ഞാൻ സ്വയം ചോദിക്കുകയുമാണ്‌, അഗണ്യമെന്നു തോന്നുന്ന എന്റെ ശബ്ദത്തിലില്ലേ ആയിരമായിരം ശബ്ദങ്ങളുടെ സാരസംക്ഷേപം, ആയിരങ്ങളായ ജിവിതങ്ങളുടെ ആത്മസാക്ഷാല്ക്കാരത്തിനുള്ള അഭിവാഞ്ഛകൾ, എന്നെപ്പോലെ തങ്ങളുടെ ദൈനന്ദിനജീവിതത്തിനു കീഴടങ്ങിക്കൊടുത്ത ലക്ഷക്കണക്കായ ആത്മാക്കളുടെ സഹനങ്ങൾ, അവരുടെ ഫലിക്കാത്ത സ്വപ്നങ്ങൾ, പ്രതീക്ഷ വേണ്ടാത്ത പ്രതീക്ഷകൾ?. ഇങ്ങനെയുള്ള നിമിഷങ്ങളിൽ എന്റെ ഹൃദയമിടിപ്പു കൂടുകയാണ്‌, കാരണം അതിനെക്കുറിച്ചു ബോധവാനാണു ഞാൻ. എനിക്കല്പം കൂടി ജീവൻ വച്ചപോലെയും തോന്നുന്നു, കാരണം മേഘങ്ങൾക്കിടയിൽ പാറിനടക്കുകയാണു ഞാൻ. മതപരമായ ഒരാവേശം, ഒരുതരം പ്രാർത്ഥന, ഒരുതരം സമൂഹാരവം- ഉള്ളിൽ ഞാനതറിയുന്നു. അപ്പോഴാണ്‌ മനസ്സ് എന്നെ പിടിച്ചിറക്കി ഞാനെവിടെ നില്ക്കുന്നുവെന്ന് എനിക്കു കാണിച്ചുതരുന്നത്... റുവാ ദോ ദുവാർദോയിലെ ഒരു കെട്ടിടത്തിന്റെ അഞ്ചാം നിലയിലാണു ഞാനെന്ന് എനിക്കോർമ്മ വരുന്നു; പാതിയുറക്കത്തിലെന്ന പോലെ ഞാൻ എന്നെത്തന്നെ നോക്കുന്നു. പാതിയെഴുതിയ ഈ താളിൽ നിന്ന് കണ്ണുയർത്തി ഞാൻ നോക്കുകയാണ്‌, വിഫലവും അസുന്ദരവുമായ ജീവിതത്തെ, ചുളിഞ്ഞ ഒപ്പുകടലാസ്സിനപ്പുറത്തുള്ള ആഷ്ട്രേയിൽ ഞാൻ കുത്തിക്കെടുത്താൻ പോവുന്ന വില കുറഞ്ഞ സിഗററ്റിനെ. അഞ്ചാം നിലയിലിരിക്കുന്ന ഈ ഞാൻ ജിവിതത്തെ ചോദ്യം ചെയ്യുകയാണ്‌! ആത്മാക്കളുടെ വികാരങ്ങൾക്കു പ്രകാശനം നല്കുകയാണ്‌! ഒരു ജിനിയസ്സിനെപോലെ, പേരുകേട്ട ഒരെഴുത്തുകാരനെപ്പോലെ സാഹിത്യമെഴുതുകയാണ്‌! ഇവിടെ, ജീനിയസ്സായ ഈ ഞാൻ!...



118

ഞാനെഴുതുന്നത് ആരും വായിക്കുന്നില്ലെന്നതിൽ ഞാനെന്തിനു ചിന്താകുലനാവണം? ജീവിതത്തെ മറക്കാനാണ്‌ ഞാനെഴുതുന്നത്; അതു പ്രസിദ്ധീകരിക്കുന്നെങ്കിൽ കളിയുടെ നിയമങ്ങളിൽ ഒന്ന് അതായതു കൊണ്ടും. ഇനി നാളെ ഞാനെഴുതിയതൊക്കെ നഷ്ടപ്പെട്ടുപോയാൽ എനിക്കു ദുഃഖം തോന്നുമെന്നുള്ളതു തീർച്ച; എന്നുവച്ച് മനസ്സിന്റെ സമനില തെറ്റിക്കുന്നത്ര കടുത്തൊരു ദുഃഖമായിരിക്കുമോ അതെന്നു ഞാൻ സംശയിക്കുന്നു; എന്റെ എഴുത്തിനോടൊപ്പം എന്റെ ജീവിതമാകെയാണു നഷ്ടപ്പെടുന്നതെന്നിരിക്കെ നിങ്ങൾ പ്രതീക്ഷിക്കുന്നതങ്ങനെയാണെങ്കിൽക്കൂടി. മകൻ നഷ്ടപ്പെട്ട് ചില മാസങ്ങൾക്കകം തന്റെ ജീവിതം വീണ്ടെടുക്കുന്ന ഒരമ്മയുടെ അവസ്ഥയാകണം എന്റേതെന്നാണു ഞാൻ വിശ്വസിക്കുക. മലകളെ കാത്തുരക്ഷിക്കുന്ന ഈ മഹിതഭൂമി, അത്രയും വാത്സല്യത്തോടെയല്ലെങ്കിലും , ഞാനെഴുതിയ താളുകളെയും പരിരക്ഷിച്ചുകൊള്ളും. സാരമുള്ളതായിട്ടൊന്നുമില്ല; തങ്ങൾ ജീവിതത്തിൽ കണ്ണു നട്ടിരിക്കെ ഉറങ്ങാതെ കണ്ണും തുറന്നു കിടക്കുന്ന ഈ കുഞ്ഞിനെ ഒരു പൊറുതികേടായിട്ടെടുക്കുന്നവരുണ്ടാവുമെന്നതിൽ എനിക്കു സംശയവുമില്ല; അവർക്കാകെ വേണ്ടത് കുഞ്ഞുറങ്ങിയതിൽപ്പിന്നെ കൈവരുന്ന സമാധാനമത്രെ.


295


പണം മനോഹരമാണ്‌, എന്തെന്നാൽ അതു നമ്മെ മോചിപ്പിക്കുന്നു.

ബെയ്ജിങ്ങിൽ കിടന്നു മരിക്കാൻ ആഗ്രഹം തോന്നുകയും അതിനു സാധിക്കാതെ വരികയും ചെയ്യുക എന്നത് ആസന്നമായ അന്ത്യം പോലെ എന്റെ ഹൃദയത്തിൽ കനം തൂങ്ങുന്ന ചിലതിൽ ഒന്നാണ്‌.

ഉപയോഗമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടുന്നവർ പൊതുവേ കരുതും പോലെ ബുദ്ധിശൂന്യരൊന്നുമല്ല- അവർ വാങ്ങുന്നത് കൊച്ചുകൊച്ചു സ്വപ്നങ്ങളാണ്‌. സമ്പാദിക്കുക എന്ന പ്രവൃത്തിയിലൂടെ കുട്ടികളാവുകയാണവർ. പണമുള്ളവർ നിരുപയോഗമായ ആ കൊച്ചുവസ്തുക്കളുടെ വശ്യതയ്ക്കു കീഴടങ്ങുമ്പോൾ ആ സമ്പാദ്യത്തിലൂടെ അവർക്കു കിട്ടുന്നത് കടൽക്കരയിൽ ചിപ്പികൾ പെറുക്കിക്കൂട്ടുന്ന ഒരു കുട്ടിയുടെ ആഹ്ളാദമത്രേ- ഒരു കുട്ടിയുടെ സന്തോഷത്തെ ഏറ്റവും നന്നായി പ്രകടമാക്കുന്ന ഒരു ചിത്രവുമാണല്ലോ അത്. കടല്ക്കരയിൽ ചിപ്പികൾ പെറുക്കുകയാണവൻ! കുട്ടികൾക്ക് രണ്ടു വസ്തുക്കൾ ഒരിക്കലും ഒരുപോലെയല്ല. ഏറ്റവും മനോഹരമായ രണ്ടെണ്ണം കൈയിൽ പിടിച്ച് അവൻ ഉറക്കമാവുന്നു; അവ കാണാതെ വരുമ്പോൾ, അതുമല്ലെങ്കിൽ അവ എടുത്തുമാറ്റുമ്പോൾ ( എന്തൊരപരാധം! അവന്റെ ആത്മാവിന്റെ തുണ്ടുകളല്ലേ അവർ കൈക്കലാക്കി കടന്നുകളഞ്ഞത്! അവന്റെ സ്വപ്നശകലങ്ങളല്ലേ അവർ മോഷ്ടിച്ചുകൊണ്ടുപോയത്!) താൻ അപ്പോൾ സൃഷ്ടിച്ച ഒരു പ്രപഞ്ചം നഷ്ടപ്പെടുന്ന ഒരു ദൈവത്തെപ്പോലെ തേങ്ങിക്കരയുകയുമാണവൻ.


 

No comments: