Sunday, February 27, 2011

കാഫ്ക - ഫെലിസിന്

File:Gustave flaubert.jpg


1912 നവംബർ 15, രാത്രി പതിനൊന്നര മണി

പ്രിയപ്പെട്ടവളേ, ഇന്നു സ്വന്തം എഴുത്തിലേക്കു തിരിയുന്നതിനു മുമ്പ് ഞാൻ നിനക്കെഴുതുകയാണ്‌, നിന്നെ ഞാൻ കാത്തിരുത്തുകയാണെന്ന തോന്നലൊഴിവാക്കുന്നതിനായി; എനിക്കെതിരെയല്ല, അരികിൽത്തന്നെ നീയുണ്ടാകുന്നതിനായി; സ്വന്തമെഴുത്തിനാവശ്യമായ മനസ്സമാധാനം കിട്ടുന്നതിനായി; ഒരു രഹസ്യം പറഞ്ഞാൽ കഴിഞ്ഞ കുറച്ചു ദിവസമായി അത്ര കുറച്ചേ ഞാനെഴുതിയിട്ടുള്ളു, ഒരു വസ്തുവും എഴുതിയിട്ടില്ലെന്നുതന്നെയും പറയാം. അത്രയ്ക്കു നിന്നിൽ മുഴുകിയിരിക്കുകയാണു ഞാൻ, അത്രയ്ക്കു നിന്നെയുമോർത്തിരിക്കുകയാണു ഞാൻ.

രണ്ടു പുസ്തകങ്ങളിൽ, അവ സമയത്തിനു തന്നെ എത്തിച്ചേരുമോയെന്ന് എനിക്കു സംശയമുണ്ട്, ഒന്നു നിന്റെ കണ്ണുകൾക്കുള്ളതാണ്‌, മറ്റേത് നിന്റെ ഹൃദയത്തിനും. ആദ്യത്തേത്, നല്ലതാണെങ്കിൽത്തന്നെയും, ഞാൻ നോക്കിയെടുത്തതാണെന്നു പറയാൻ വയ്യ; ഇതിനും മുമ്പ് ഞാൻ നിനക്കു തരേണ്ട പുസ്തകങ്ങൾ വേറെ എത്രയോ കിടക്കുന്നു; ഇതുകൊണ്ടു ഞാൻ ഉദ്ദേശിക്കുന്നത് യാദൃശ്ചികമായ ഒന്നു പോലും നമുക്കിടയിൽ അനുവദനീയമാണ്‌, കാരണം അതനിവാര്യമായി മാറുകയാണ്‌ എന്നു കാണിക്കാനാണ്‌. പക്ഷേ പ്രണയപാഠം എത്രയോ വർഷങ്ങളായി എനിക്കെത്ര പ്രിയപ്പെട്ടൊരു പുസ്തകമാണെന്നോ, എനിക്കേറ്റവും ഇഷ്ടമുള്ള രണ്ടോ മൂന്നോ ആളുകളെപ്പോലെ. എപ്പോഴാകട്ടെ, എവിടെയാകട്ടെ, അതൊന്നു തുറന്നുനോക്കുമ്പോഴേക്കും ഞാൻ ഞെട്ടിപ്പോവുകയാണ്‌, അതിനു ഞാൻ അടിപ്പെട്ടുപോവുകയാണ്‌; അതെഴുതിയ മനുഷ്യന്റെ ആത്മീയപുത്രനാണു ഞാനെന്ന്, ബലം കുറഞ്ഞവനും ചാതുര്യമില്ലാത്തവനുമായ ഒരു മകനായിട്ടെങ്കിൽക്കൂടി,  എനിക്കു തോന്നിപ്പോവുകയാണ്‌. നീ ഫ്രഞ്ച് വായിക്കാറുണ്ടോയെന്നൊന്നു പറയൂ. എങ്കിൽ നിനക്കതിന്റെ പുതിയ ഫ്രഞ്ചുപതിപ്പു കൂടി ഞാൻ നല്കാം. നേരല്ലെങ്കിൽക്കൂടി ഫ്രഞ്ചു വായിക്കാറുണ്ടെന്നു തന്നെ നീ പറയൂ; കാരണം അത്ര കേമമാണ്‌ ഈ ഫ്രഞ്ചുപതിപ്പ്.

നിന്റെ പിറന്നാളിന്‌ (നിന്റെ അമ്മയുടെ പിറന്നാളുമായി അതൊത്തുവരുന്നുവല്ലേ, അത്രയ്ക്കും അവരുടെ ജീവിതത്തിന്റെ നേരിട്ടൊരു തുടർച്ചയാണോ നിന്റെ ജീവിതം?) മറ്റാരൊക്കെ ആശംസകൾ നേർന്നാലും ഞാനതു ചെയ്യാൻ പാടില്ല; കാരണം, നിനക്കു നേരാൻ കാര്യങ്ങൾ പലതുണ്ടെങ്കിലും അതൊക്കെ അതേസമയം എനിക്കു നേരേ തിരിയുകയും ചെയ്യും- അതിനാൽ എനിക്കവയെ പുറത്തേക്കെടുക്കാനുമാവില്ല; വെറും സ്വാർത്ഥതാത്പര്യമാവും എന്റെ വായിൽ നിന്നു പുറത്തുവരിക. ഞാനൊന്നും പറയുന്നില്ല, ഒരാശിസ്സുമർപ്പിക്കുന്നില്ല എന്നുറപ്പു വരുത്താനായി, ഒരിക്കൽ മാത്രം എന്നെയൊന്നനുവദിക്കൂ, അതും എന്റെ ഭാവനയിൽ മാത്രം, നിന്റെ ഓമനച്ചുണ്ടുകളിൽ ഒന്നു ചുംബിക്കാൻ.


(പ്രണയപാഠം - ഫ്ളോബേറിന്റെ നോവൽ, education sentimentale)

ചിത്രം – ഫ്ളോബേർ (വിക്കിമീഡിയ )


No comments: