ലോകമവസാനിക്കുന്ന ദിവസം
ഒരു തേനീച്ച ഒരു പയർച്ചെടിയെ വട്ടം ചുറ്റുന്നു,
ഒരു മുക്കുവൻ മിന്നുന്നൊരു വല കേടു പോക്കുന്നു,
കടൽപ്പന്നികൾ പുളച്ചുമദിക്കുന്നു,
ഓവുചാലിന്‍റെ വക്കത്ത് കുരുവിക്കുഞ്ഞുങ്ങൾ കളിക്കുന്നു
തൊലി പൊന്നു പൂശിയതാണു പാമ്പെന്നത്തെയും പോലെ.
ലോകമവസാനിക്കുന്ന ദിവസം
സ്ത്രീകൾ കുടയും ചൂടി പാടത്തു നടക്കുന്നു,
പുല്‍വരമ്പത്തു കിടക്കുന്ന ഒരു കുടിയന് ഉറക്കം വന്നുമുട്ടുന്നു,
പച്ചക്കറിക്കാർ തെരുവിൽ ഒച്ചയിടുന്നു,
മഞ്ഞപ്പായ കെട്ടിയൊരു വഞ്ചി തുരുത്തിൽ വന്നടുക്കുന്നു,
ഒരു വയലിൻനാദം വായുവിൽ തങ്ങിനിൽക്കുന്നു
രാത്രിയിലേക്കു വഴി കാട്ടുന്നു.
ഇടിയും മിന്നലും പ്രതീക്ഷിച്ചിരുന്നവർ
നിരാശരാവുന്നു.
ശകുനങ്ങളും മാലാഖമാരുടെ കാഹളം വിളികളും പ്രതീക്ഷിച്ചവർക്കാവട്ടെ,
ലോകാവസാനമാണ് നടക്കുന്നതെന്നു വിശ്വാസവും വരുന്നില്ല.
സൂര്യനും ചന്ദ്രനും തലയ്ക്കു മേലുള്ള കാലത്തോളം,
പനിനീർപ്പൂക്കളിൽ വണ്ടുകൾ വിരുന്നു ചെല്ലുന്ന കാലത്തോളം,
ചുവന്നുതുടുത്ത കുഞ്ഞുങ്ങൾ പിറന്നുവീഴുന്ന കാലത്തോളം
ലോകാവസാനമായെന്നു വിശ്വസിക്കാൻ ആരും തയ്യാറുമല്ല.
തല നരച്ചൊരു കിഴവൻ മാത്രം,
പ്രവാചകനാവാൻ യോഗ്യൻ,
എന്നാൽ മറ്റു പണിത്തിരക്കുകളാൽ അതു വേണ്ടെന്നു വച്ചൊരാൾ,
അയാൾ മാത്രം തക്കാളികൾ കെട്ടിയെടുക്കുമ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നു:
ഇതല്ലാതൊരു ലോകാവസാനവുമില്ല,
ഇതല്ലാതൊരു ലോകാവസാനവുമില്ല.
painting – The Harvesters- Pieter Brueghel the Elder-1526-1569
No comments:
Post a Comment