Wednesday, February 16, 2011

നെരൂദ - സന്ധ്യനേരത്ത് ഒരാത്മഗതം



ഈ നേരത്തൊരുപക്ഷേ
നാമൊറ്റയ്ക്കായ സ്ഥിതിയ്ക്ക്
തന്നോടെനിക്കു ചിലതു ചോദിക്കാനുണ്ട്-
നമുക്കാണുങ്ങളെപ്പോലെ നേരിട്ടു സംസാരിക്കാം.

തന്നോട്, ആ പോയ ആളോട്,
ഇന്നലെ പിറന്നവരോട്,
മരിച്ചു മണ്ണടിഞ്ഞവരോട്,
നാളെ പിറക്കാനിരിക്കുന്നവരോട്
എനിക്കൊന്നു സംസാരിക്കണം,
അന്യരുടെ കാതിൽപ്പെടാതെ,
അവരുടെ പിറുപിറുക്കൽ കേൾക്കാതെ,
കാതുകൾ പകർന്നുപോവുമ്പോൾ
കാര്യങ്ങൾ ചോർന്നുപോകാതെയും.

ആവട്ടെ, എവിടെ നിന്നു വരുന്നു, എവിടെയ്ക്കു പോകുന്നു?
ഇനിയെന്നാൽ പിറന്നേക്കാമെന്ന്
ഏതൊന്നു കൊണ്ടു താൻ നിശ്ചയിച്ചു?
തനിക്കറിയുമോ ഈ ലോകമെത്ര ചെറുതാണെന്ന്,
കഷ്ടിച്ചൊരാപ്പിളിന്റെ വലിപ്പമേ അതിനുള്ളുവെന്ന്,
ഒരു പാറക്കഷണം പോലെയാണതെന്ന്,
ഒരു പിടി മണ്ണിനു വേണ്ടി
സഹോദരങ്ങൾ തമ്മിൽ കൊല്ലുമെന്ന്?

മരിച്ചുപോയവർക്കോ,
മണ്ണെത്രയെങ്കിലുമാണ്‌!

ഇതിന്നകം തനിക്കു ബോധ്യമായിട്ടുണ്ടോ,
അതോ ബോധ്യമാകുമോ,
കാലമെന്നാൽ ഒരു നാളു പോലുമില്ലെന്ന്,
ഒരു തുള്ളി മാത്രമാണ്‌ ഒരു നാളെന്ന്?

താനെന്താകും, താനെന്തായിരുന്നു?
മനുഷ്യപ്പറ്റുള്ളവനോ, സംസാരപ്രിയനോ,
നിശബ്ദനോ?
ഒപ്പം പിറന്നവരെ
കടന്നുകയറിപ്പോകാൻ നോക്കുകയാണോ താൻ?
അതോ അവരുടെ അരയ്ക്ക്
ഒരു തോക്കിൻ കുഴലെടുത്തു ചൂണ്ടുകയോ?

ശേഷിച്ച നാളുകളിത്രയും കൊണ്ട്,
അതുമല്ല, കിട്ടാതെ പോയ നാളുകൾ കൊണ്ട്
താനെന്തു ചെയ്യാൻ?

തനിക്കറിയുമോ
തെരുവുകളിൽ ആരുമില്ലെന്ന്,
വീടുകളിലും ആരുമില്ലെന്ന്?

ജനാലകളിൽ കണ്ണുകൾ മാത്രമേയുള്ളു.

കിടന്നുറങ്ങാനിടമില്ലെങ്കിൽ
ഒരു വാതിലിൽ ചെന്നു മുട്ടൂ,
അതു തുറക്കും,
ഒരു പരിധി വരെ തുറക്കും,
ഉള്ളിൽ തണുപ്പാണെന്നു നിങ്ങൾക്കു കാണാം,
വീടു ശൂന്യമാണെന്നു നിങ്ങൾക്കു കാണാം,
നിങ്ങളുമായി ഇടപാടൊന്നും വേണമെന്നതിനില്ലെന്നും;
നിങ്ങളുടെ കഥകളൊന്നും വിലപ്പോവില്ല,
എളിമയും കൊണ്ടു നില്ക്കാനാണു ഭാവമെങ്കിൽ
നായയും പൂച്ചയും വന്നു കടിക്കുകയും ചെയ്യും.

താനെന്നെ മറക്കുന്ന ഒരുകാലം വരെ-
ഞാനിതാ പോകുന്നു,
കാറ്റിനോടു ചോദ്യങ്ങളും ചോദിച്ചു കൊണ്ടിരിക്കാൻ
എനിക്കു നേരവുമില്ല.

എനിക്കു നേരേ നടക്കാൻ തന്നെയാവുന്നില്ല,
അത്ര തിരക്കിലാണു ഞാൻ.
എവിടെയോ എന്നെയും കാത്തിരിക്കുകയാണവർ
എന്റെ മേൽ എന്തോ പഴി ചുമത്താൻ;
എനിക്കെന്റെ ഭാഗം വാദിക്കുകയും വേണം;
എന്താണു കാര്യമെന്നാർക്കുമറിയില്ല,
അടിയന്തിരമാണു കാര്യമെന്നേവർക്കുമറിയുകയും ചെയ്യാം.
ഞാൻ ചെന്നില്ലെങ്കിൽ കേസു കഴിയും,
ഞാൻ മുട്ടുമ്പോൾ വാതിലാരും തുറക്കാനില്ലെങ്കിൽപ്പിന്നെ
ഞാനെങ്ങനെയെന്റെ ഭാഗം വാദിക്കും?

അതിനും മുമ്പ് നമുക്കു സംസാരിക്കാം.
അതോ അതിനു ശേഷമോ?
എനിക്കൊന്നുമോർമ്മനിൽക്കുന്നില്ല,
അതോ നാം തമ്മിൽ കണ്ടിട്ടേയില്ലെന്നോ,
നമുക്കന്യോന്യം മനസ്സിലാവില്ലെന്നോ?
ഇങ്ങനെ ചില തലതിരിഞ്ഞ ശീലങ്ങളുണ്ടെനിക്ക്-
ആരോടുമല്ലാതെ വർത്തമാനം പറയും ഞാൻ,
എന്നോടു തന്നെ ചോദ്യങ്ങൾ ഞാൻ ചോദിക്കും,
മറുപടി ഞാൻ പറയുകയുമില്ല.



1 comment:

baiju said...

i like this poem2much