ഇന്നലെയോ മിനിയാന്നോ,
തീയടക്കം പറയുകയായിരുന്നു
വാസനിക്കുന്ന പുകയോട്:
അകിലിനെന്നോടു സ്നേഹമാണെന്നേ,
അതിനെ കെട്ടഴിച്ചു വിടാൻ
എനിക്കറിയാമെന്നതിനാൽ.
ഈ ദഹനം നടന്നാലേ
വല്ലതുമൊന്നു നടന്നുവെന്നാകൂ.
ബീജം അണ്ഡത്തിൽ പോയി മറയുന്നു,
പിന്നെ പുറത്തു വരുന്നതോ,
മുമ്പില്ലാത്തൊരു സൗന്ദര്യവും.
ഉദരത്തിലപ്പവും വെള്ളവും ദഹിച്ചാലേ
ഉടലിനു ശേഷി നിങ്ങൾക്കുണ്ടാവൂ.
അയിരുലയിൽ കാച്ചിയാലേ
പൊൻനാണയമായിട്ടടിച്ചിറങ്ങൂ.
ഇല്ലായ്മ നിങ്ങളറിയണം.
പ്രണയം നിങ്ങളെ നയിക്കുന്നതവിടെയ്ക്ക്.
പുഴയലയ്ക്കുമിടത്തു പോയിക്കിടക്കൂ,
അതു രഹസ്യങ്ങളോതിത്തരട്ടെ.
ഒരേനേരം നിദ്രയാവട്ടെ,
ശുദ്ധമായ കേൾവിയുമാകട്ടെ നിങ്ങൾ.
1 comment:
നിദ്രയും കേള്‍വിയും ഒരേനേരം. കവിതയുടെ മൂഡ് വിവര്‍ത്തനം ചെയ്യാനായി. അഭിനന്ദനങ്ങള്‍
Post a Comment