മൈക്കലാഞ്ജലോയെക്കുറിച്ചു
വായിച്ചറിഞ്ഞിരിക്കുന്നു ഞാൻ;
അളവില്ലാത്തതൊന്നുമില്ലെന്ന വിചാരത്താൽ
ഒരു മുഴക്കോലുമെടുത്തിറങ്ങിപ്പുറപ്പെട്ടൊരാൾ.
ഓരോ യുഗാന്ത്യത്തിലുമൊരാളിങ്ങനെയുണ്ടാവും:
ഒരു കാലത്തിന്റെ ഈടിരിപ്പുകളെ
സഞ്ചയിക്കാൻ മടങ്ങുന്നവൻ;
ഒരു യുഗത്തിന്റെ ഭാരമൊക്കെയുമെടുത്തുയർത്തി
സ്വന്തം നെഞ്ചിന്റെ കയങ്ങളിലേ-
ക്കൂക്കോടെടുത്തെറിയുന്നവൻ.
അയാൾക്കു മുമ്പുള്ളവരറിഞ്ഞതു
വേദനയുമാനന്ദവും മാത്രം;
ജീവിതത്തിന്റെ പ്രമേയമെന്നതെന്തെന്ന്
ഈയാളറിഞ്ഞിരിക്കുന്നു,
സർവതുമൊന്നായിക്കാണാൻ
ഈയാൾ കൊതിച്ചിരിക്കുന്നു-
എന്നിട്ടുമയാളിൽ നിന്നത്രയകെലെയാണു ദൈവം;
അതിനാലത്രേ,
വിരോധഭക്തിയോടയാൾ സ്നേഹിക്കുന്നു,
തന്റെ വരുതിയിൽ വരാത്ത ദൈവത്തെ.
ദൈവത്തിനുള്ള സ്നേഹഗീതങ്ങൾ
1 comment:
ഉദ്ഘാടനം ഞാന്‍ തന്നെയാവട്ടെ....!
രില്കെയും മൈകള്‍ അഞ്ജലോയും...വിശ്വ പ്രസശ്ത കവിയും ചിത്രകാരനും...അത്രയും അറിയാം, ബാക്കി വായിച്ചു പഠിക്കണം..ആശംസകള്‍ !
Post a Comment