യാചകൻ പാടിയത്
പടി തെണ്ടി നടക്കലാണെനിയ്ക്കു പണി,
മഴയിൽ കുതിർന്നും, വെയിലിൽ പൊരിഞ്ഞും;
ചിലനേരം വലതുചെവി വലതുകൈയിൽ ചേർക്കുമ്പോൾ
ആരുടേതാണീയൊച്ചയെന്നോർത്തുപോകാറുമുണ്ടു ഞാൻ.
ആരാണീ നിലവിളിയ്ക്കുന്നതെന്നുമെനിക്കു തീർച്ചയില്ല:
ഞാനോ, ഇനിയൊരാളോ?
ഞാൻ നിലവിളിയ്ക്കുന്നതു ചില്ലിക്കാശിന്,
കവികൾ നിലവിളിയ്ക്കുന്നതതിലും കൂടുതലിന്.
ഒടുവിൽ കണ്ണു രണ്ടും പൂട്ടി ഞാൻ മുഖമടയ്ക്കും.
എന്റെ കൈപ്പടങ്ങളിലതു ഭാരിച്ചുകിടക്കുന്നതു കണ്ടാൽ
വിശ്രമിക്കുകയാണതെന്നേ തോന്നുകയുമുള്ളു.
അതിനാലാരും കരുതാതിരിക്കട്ടെ,
എനിക്കു തല വയ്ക്കാനൊരിടമില്ലെന്നും.
ചിത്രം – ഹോസെ ഡി റിബേറ (1591-1652)
ആത്മഹത്യയ്ക്കൊരുങ്ങിയവൻ പാടിയത്
ശരിശരി: ഒരേയൊരു നിമിഷം കൂടി.
എന്നിട്ടെന്താ,
ആളുകളെന്നെ അറുത്തിട്ടു.
പോയദിവസം ഞാനത്രയ്ക്കടുത്തെത്തിയതായിരുന്നു.
നിത്യതയുടെ ചിലതു ഞാൻ
കുടലിലറിഞ്ഞുതുടങ്ങിയതുമായിരുന്നു.
ജീവിതം കോരിനിറച്ച കരണ്ടി
എന്റെ നേർക്കു നീട്ടിത്തരികയാണവർ.
എനിക്കു വേണ്ട, വേണ്ടേവേണ്ട,
ഞാനതു ഛർദ്ദിച്ചു കളയട്ടെ.
മധുരമനോഹരമാണു ജീവിതമെന്നെനിക്കറിയാത്തതല്ല,
നിറഞ്ഞ വിരുന്നാണു ലോകമെന്നും,
എനിക്കു പക്ഷേ ചോരയിലതു പിടിക്കുന്നില്ല,
എന്റെ തലയ്ക്കു പിടിയ്ക്കുകയാണു ജീവിതം.
അന്യരെ പോഷിപ്പിക്കുന്നതു രോഗിയാക്കുകയാണെന്നെ.
ചിലർക്കു ജീവിതം പിടിയ്ക്കില്ലെന്നൊന്നു മനസ്സിലാക്കൂ.
ഇനിയൊരായിരം കൊല്ലം കൂടി ഞാൻ പഥ്യത്തിലിരിക്കണം.
ചിത്രം - ജൂലിയസ് വോണ്‍ കരോല്സ്ഫെല്ദ് (1794-1872)
കുടിയൻ പാടിയത്
എന്നിലായിരുന്നില്ലത്.
കയറിയിറങ്ങി നടക്കുകയായിരുന്നത്.
ഞാനതിനെ പിടിച്ചുനിർത്താൻ നോക്കിയപ്പോൾ
കള്ളതിനെ പിടിച്ചുവയ്ക്കുകയും ചെയ്തു.
(എന്താണതെന്നെനിക്കിപ്പോളോർമ്മയും വരുന്നില്ല.)
കള്ളു പിന്നെ അതുമിതുമെടുത്തുനീട്ടി,
ഞാനവന്റെ അടിമയുമായി.
വിഡ്ഢി ഞാനേ!
ഇന്നവന്റെ കളിപ്പന്താണു ഞാൻ,
തോന്നിയപടി തട്ടിയെറിയുകയാണവനെന്നെ.
ഇന്നു രാത്രി തന്നെ അവനെന്നെ തട്ടിയിട്ടുകൊടുക്കുമെന്നു തോന്നുന്നു,
ആ പന്നിയ്ക്ക്, മരണത്തിന്.
മരണത്തിനെന്നെക്കിട്ടിയാൽ
അഴുക്കു പിടിച്ച ഈ ചുള്ളി കൊണ്ടവനെന്തു ചെയ്യാൻ:
അതു കൊണ്ടവൻ ചലമൊലിയ്ക്കുന്ന ചൊറി ചുരണ്ടും,
പിന്നെ ചാണകക്കൂനയിലേക്കെന്നെ തട്ടിയെറിയും.
ചിത്രം – ആഡ്രിയൻ ബ്രോവർ(1606-1638)
images from wikimedia commons