തുറന്നുനോക്കാത്ത ഗാനം
പുഴയ്ക്കു മേൽ
കൊതുകുകൾ.
കാറ്റിന്റെയൊഴുക്കുകൾക്കു മേൽ
കിളികൾ.
(ഒഴുക്കിൽപ്പെട്ട സായാഹ്നം.)
ഹാ, എന്റെ ഹൃദയത്തെ നടുക്കുന്ന
ഈ പ്രകമ്പനം!
ഭയക്കേണ്ടാ,
ഞാനകലെയ്ക്കു പൊയ്ക്കൊള്ളാം,
ഒരു മാറ്റൊലി പോലെ.
അകലെയ്ക്കു ഞാൻ പോകാം,
തുഴകളില്ലാത്ത,
പായകളില്ലാത്ത
ഒരു വഞ്ചിയിൽ.
ഹാ, എന്റെ ഹൃദയത്തെ നടുക്കുന്ന
ഈ പ്രകമ്പനം!
പകർച്ച
ഒരു കിളിയേ
പാടുന്നുള്ളു.
പെരുക്കുകയാണ്
വായുവതിനെ.
നാം കേൾക്കുന്നതു
കണ്ണാടികളിലൂടെ.
കളിമ്പം
ഓരോ കണ്ണാടിയ്ക്കു പിന്നിലും
ഒരു തവിഞ്ഞ നക്ഷത്രം,
മയങ്ങുന്നൊരു
മഴവിൽക്കുഞ്ഞും.
ഓരോ കണ്ണാടിയ്ക്കു പിന്നിലും
ഒരു നിശ്ശൂന്യനിത്യത,
പറക്ക മുറ്റാത്ത മൗനങ്ങളുടെ
കിളിക്കൂടും.
കണ്ണാടി
ഉറഞ്ഞ ഉറവ,
വെളിച്ചത്തിന്റെ ചിപ്പി പോലെ
അസ്തമയത്തിലതടയുന്നു.
കണ്ണാടി
ആദിമഹിമബിന്ദു,
ശുഷ്കസന്ധ്യകളുടെ ഗ്രന്ഥം,
ഉടലെടുത്ത മാറ്റൊലി.
ആദിയിൽ
ആദവും ഹവ്വയും.
സർപ്പം കണ്ണാടിയെറിഞ്ഞുടച്ചു,
ആയിരം നുറുങ്ങുകളായി,
ആപ്പിളായിരുന്നു
അവനു പാറ.
ഉറങ്ങുന്ന കണ്ണാടിയ്ക്കൊരു താരാട്ട്
ഉറങ്ങൂ.
അലയുന്ന കണ്ണിനെ
ഭയക്കാതെ
ഉറങ്ങൂ.
താക്കോൽപ്പഴുതിലൂടുള്ളിൽക്കടന്ന
ഒളിഞ്ഞ വെളിച്ചം,
പൂമ്പാറ്റ,
വാക്ക്
നിന്നെ മുറിപ്പെടുത്തില്ല.
ഉറങ്ങൂ.
എന്റെ ഹൃദയം പോലെ
തന്നെ നീ,
എന്റെ കണ്ണാടീ.
എന്റെ കാമുകി
എന്നെ കാത്തിരിയ്ക്കുന്ന
ഉദ്യാനം.
സുഖമായുറങ്ങൂ,
അന്ത്യചുംബനമെന്റെ ചുണ്ടുകളിൽ
പ്രാണനൊടുക്കുമ്പോൾ
ഉണരുകയും ചെയ്യൂ.
വായു
മഴവില്ലുകളുള്ളിലടക്കിയ
വായു
തോപ്പിനുമേലെറിഞ്ഞുടയ്ക്കുന്നു
കണ്ണാടികളെ.
ജലാശയം
ധ്യാനം നിർത്തുന്നു കൂമൻ,
കണ്ണട തുടയ്ക്കുന്നു,
നെടുവീർപ്പിടുന്നു.
ഒരു മിന്നാമിന്നി
കുന്നിഞ്ചരിവുരുമ്മിയിറങ്ങുന്നു,
ഒരു നക്ഷത്രം
തെന്നിവീഴുന്നു.
ചിറകൊന്നുലർത്തുന്നു,
ധ്യാനം തുടരുന്നു,
കിഴവൻ കൂമൻ.
വരാന്ത
വെള്ളം
വെള്ളിച്ചെണ്ട
കൊട്ടുന്നു.
മരങ്ങൾ
കാറ്റിന്റെ
ഇഴയിടുന്നു,
അതിൽ
വാസനയുടെ ചായമിടുന്നു
പനിനീർപ്പൂക്കൾ.
ചന്ദ്രനെ
നക്ഷത്രമാക്കുന്നു
കൂറ്റനൊരു
ചിലന്തി.
നാരകത്തോപ്പ്
നാരകത്തോപ്പേ,
എന്റെ കിനാവിലെ
മിന്നായമേ.
നാരകത്തോപ്പേ,
സുവർണ്ണമായ മാറിടങ്ങളുടെ
കൂടേ.
നാരകത്തോപ്പേ,
കടൽക്കാറ്റുകൾ
മുലകുടിയ്ക്കുന്ന
മാറിടമേ.
നാരകത്തോപ്പേ,
വിളറുന്ന ഓറഞ്ചുതോട്ടമേ,
മരിയ്ക്കുന്ന ഓറാഞ്ചുതോട്ടമേ,
ചോര വാർന്ന ഓറഞ്ചുതോട്ടമേ.
നാരകത്തോപ്പേ,
ഒരു ഗോഷ്ടിയുടെ മഴുവേറ്റ്
എന്റെ പ്രണയം പിളർന്നതു
നീ കണ്ടുവല്ലോ.
നാരകത്തോപ്പേ,
എന്റെ കൈശോരപ്രണയമേ,
ഒരു പൂവുമില്ലാതെ.
ഹാ,യെന്റെ നാരകത്തോപ്പേ.
ആകാശത്തിന്റെ കോണിൽ
പീളയടിഞ്ഞ കണ്ണുകളടയ്ക്കുന്നു
ഒരു വൃദ്ധനക്ഷത്രം.
രാത്രിയെ
നീല മുക്കാൻ മോഹിയ്ക്കുന്നു
ഒരു പുതുനക്ഷത്രം.
(മിന്നാമിന്നികൾ:
മലയിൽ മരങ്ങളിൽ.)
ആകെ
സ്ഥലത്തിന്റെ നെറ്റിത്തലത്തെ
തലോടുന്നു,
കാറ്റിന്റെ കൈകൾ
പിന്നെയും,
പിന്നെയും.
നീലിച്ച കണ്ണിമകളടയ്ക്കുന്നു
നക്ഷത്രങ്ങൾ,
പിന്നെയും, പിന്നെയും.
സ്വരഭേദങ്ങൾ
ഈ മാറ്റൊലിയുടെ ചില്ലകൾക്കടിയിൽ
തളം കെട്ടിയ വായു.
ആ നക്ഷത്രങ്ങളുടെ പടർപ്പിനടിയിൽ
തളം കെട്ടിയ വെള്ളം.
സ്നിഗ്ദ്ധചുംബനങ്ങൾക്കടിയിൽ
തളം കെട്ടിയ നിന്റെയധരം.