Monday, March 7, 2011

കാഫ്ക - ഫെലിസിന്


1912 ഡിസംബർ 25-26

നോവൽ ഒരല്പം മുന്നോട്ടു പോയിരിക്കുന്നു; കഥ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതിനാൽ ഞാനതിൽ വിടാതെ പിടിച്ചിരിക്കുകയുമാണ്‌. കഥയുടെ തുടക്കം മുതല്ക്കു തന്നെ ഞാനെന്നെ വേണ്ടതിലധികം ഞെരുക്കിക്കളഞ്ഞു; തുടക്കത്തിൽ നാലു കഥാപാത്രങ്ങൾ സംസാരിക്കണമെന്നും, സകലതിലും ഊർജ്ജസ്വലമായി പങ്കു കൊള്ളണമെന്നുമാണ്‌ ഉദ്ദേശിച്ചിരുന്നത്. പക്ഷേ, രൂപമെടുത്ത്, കഥയുടെ ഗതിയ്ക്കും ഒഴുക്കിനുമൊപ്പം വികസിക്കുന്നത്രയും കഥാപാത്രങ്ങളെ ഭാവന ചെയ്യാനുള്ള കഴിവേ എനിക്കുള്ളു. തുടങ്ങുമ്പോൾപ്പക്ഷേ, രണ്ടു പേരെ വരുതിയിൽ നിർത്താനേ എനിക്കായുള്ളു; അതേസമയം നാലു പേർ മുന്നോട്ടു വരികയും രംഗം കൈയടക്കാൻ ശ്രമിക്കുകയും, ഒപ്പം എഴുത്തുകാരന്‌ രണ്ടു പേരെ കാണാനുള്ള കണ്ണേയുള്ളുവെന്നും വന്നാൽപ്പിന്നെ ഫലം ദുഃഖകരമാവുന്നു, സാമൂഹ്യമായൊരു വൈഷമ്യം തന്നെയാവുന്നു. ഈ രണ്ടു പേർ മുഖംമൂടിയ്ക്കുള്ളിൽ നിന്നു പുറത്തു വരാൻ വിസമ്മതിക്കുകയാണ്‌. പക്ഷേ എന്റെ കണ്ണുകൾ രംഗമാകെ ഓടിനടക്കുന്നതു കൊണ്ട് ഈ രണ്ടു പേരുടെ ചില നിഴലുകൾ അവയ്ക്കു ഗ്രഹിക്കാനായെന്നും വരാം; അപ്പോൾപ്പക്ഷേ, ഉറപ്പുള്ള മറ്റേ രണ്ടു കഥാപാത്രങ്ങൾ തല്ക്കാലത്തേക്കു പരിത്യക്തരാവുകയും, അനിശ്ചിതത്വത്തിലാവുകയും, ഒടുവിൽ എല്ലാം കൂടി തകർന്നു വീഴുകയും ചെയ്യുകയാണ്‌. എന്തു കഷ്ടം!

ഞാനിപ്പോഴെന്തായാലും ശരിക്കു ക്ഷീണിച്ചിരിക്കുകയാണ്‌; സകലതരത്തിലുമുള്ള തടസ്സങ്ങൾ കാരണം പകൽ ഉറക്കമേ നടന്നിട്ടില്ല; ജോലിയുള്ള ദിവസം ഇതിലുമധികം ഞാൻ ഉറങ്ങും. നിന്നോടു പറയാൻ പലതുമുണ്ട്; ഇപ്പോൾ പക്ഷേ ക്ഷീണം ആ വെള്ളക്കുഴലിന്റെ ടാപ്പടച്ചിരിക്കുന്നു. നോവലെഴുതുന്നതിനു പകരം എന്റെ ആഗ്രഹം പോലെ നിനക്കു ഞാൻ കത്തെഴുതിയിരുന്നെങ്കിൽ! കത്തെഴുതിത്തുടങ്ങാൻ എന്തു വ്യഗ്രതയായിരുന്നെനിക്ക്; നീ കൈയിലെടുക്കുമെന്നതിനാൽ എഴുതും മുമ്പ് ചുംബനങ്ങൾ കൊണ്ട് ഈ കടലാസു മൂടാനും. പക്ഷേ ഞാനിപ്പോൾ ക്ഷീണിതനാണ്‌, എന്റെ മനസ്സും മ്ളാനമാണ്‌; നിന്‍റെ ചുംബനങ്ങളെക്കാൾ എനിക്കിന്നാവശ്യം ഓജസ്സുറ്റ നിന്റെ നോട്ടമാണ്‌; ഇന്നത്തെ ഫോട്ടോയിൽ ഞാനതു കാണുന്നുമുണ്ട്. ആ ചിത്രത്തിൽ എനിക്കു ഹിതകരമല്ലാത്ത ഒന്നിനെക്കുറിച്ചു മാത്രം ഞാനിന്നു പറയട്ടെ: നിന്റെ കണ്ണുകൾ എന്റെ കണ്ണുകളെ നേരിടാൻ വിസമ്മതിക്കുന്നു, അവയെന്നെ അവഗണിക്കുകയാണ്‌; ഞാനത് എങ്ങനെയൊക്കെ പിടിച്ചു നോക്കിയാലും മറ്റെവിടെയ്ക്കോ നോട്ടം മാറ്റാൻ നിനക്കു കഴിയുന്നുണ്ട്, ഒരു വികാരക്ഷോഭവുമില്ലാതെ, മനഃപൂർവം നോട്ടം മാറ്റുകയാണെന്നപോലെ. നേരേ മറിച്ച് ഒരു ചുംബനം കൊണ്ട് മുഖമപ്പാടെ എന്നിലേക്കു വലിച്ചടുപ്പിക്കാനുള്ള അവസരവും എനിക്കുണ്ട്; അതു ഞാൻ പ്രയോജനപ്പെടുത്തുകയാണ്‌, ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് വീണ്ടും ഞാനതു ചെയ്യും, ഉണരുമ്പോൾ പിന്നെയും ഞാനതു ചെയ്യും. പറയത്തക്കതാണിതെങ്കിൽ ഞാൻ പറയട്ടെ, എന്റെ ചുണ്ടുകൾ നിനക്കു മാത്രമുള്ളവയാണ്‌, മറ്റാരെയും ഞാൻ ചുംബിക്കാറില്ല, എന്റെ അച്ഛനമ്മമാരെ, സഹോദരിമാരെ ആരെയും; തടുത്താൽ നില്ക്കാത്ത അമ്മായിമാർക്കു കിട്ടുന്നതോ, വിമുഖമായ കവിളത്തെ ഒരിടവും.


No comments: