1908 മേയ്
പ്രിയപ്പെട്ട മാക്സ്, ഇതാ, രണ്ടു പുസ്തകങ്ങളും ഒരുരുളൻകല്ലും. നിനക്കു തരാൻ പറ്റിയൊരു പിറന്നാൾസമ്മാനം കണ്ടുപിടിയ്ക്കുക എക്കാലത്തും എനിക്കൊരു കഠിനപരിശ്രമായിരുന്നു: മാറ്റം വരാത്തതും, നഷ്ടപ്പെടാത്തതും, മലിനപ്പെടാത്തതും, മറക്കപ്പെടാത്തതുമായ വിധത്തിൽ നിഷ്പക്ഷമായതൊന്ന്. മാസങ്ങളോളം അതിനെക്കുറിച്ചു തല പുകച്ചതിൽപ്പിന്നെ ഒരു പുസ്തകമയയ്ക്കുക എന്ന വിചാരത്തിലേക്കു തന്നെ തിരിച്ചുപോവുകയായിരുന്നു ഞാൻ. പക്ഷേ പുസ്തകങ്ങൾ ഒരു മനശ്ശല്യമാണ്: ഒരു വശത്തു കൂടി നോക്കുമ്പോൾ അവ നിഷ്പക്ഷമാണെങ്കിൽത്തന്നെ, മറ്റൊരു വശത്ത് അത്രയ്ക്കു രസകരവുമാണവ; നിഷ്പക്ഷമായവയിലേക്കെന്നെ ആകർഷിക്കുന്നത് എന്റെ ബോദ്ധ്യങ്ങളാണെങ്കിൽത്തന്നെ, എന്റെ കാര്യത്തിൽ എന്റെ ബോദ്ധ്യങ്ങളാണ് നിർണ്ണായകമെന്നു പറയാനും വയ്യ; ഒടുവിലെന്താ, വീണ്ടും മനസ്സു മാറ്റി അതീവ രസകരമായ ഒരു പുസ്തകവും കൈയിൽ പിടിച്ചു നില്ക്കുന്ന എന്നെയാണു ഞാൻ കാണുക. ഒരുതവണ മനഃപൂർവമായിത്തന്നെ ഞാൻ നിൻന്റെ പിറന്നാൾ മറന്നുകളഞ്ഞു. പുസ്തകമയക്കുന്നതിനെക്കാൾ ഭേദമാണതെങ്കിൽക്കൂടി അതു കൊണ്ടു കാര്യമില്ല. അതിനാൽ ഞാനിതാ, ഒരുരുളൻകല്ലയയ്ക്കുകയാണ്; നാം ജീവിച്ചിരിക്കുന്നിടത്തോളം കാലം ഓരോന്നു ഞാൻ അയച്ചുകൊണ്ടിരിക്കുകയും ചെയ്യും. അതു കീശയിലിട്ടു നടക്കൂ, നിനക്കതൊരു രക്ഷയാവും. മേശവലിപ്പിലാണിടുന്നതെങ്കിൽ അവിടെയും അതു നിഷ്ക്രിയമായിരിക്കില്ല; പക്ഷേ അതു വലിച്ചെറിയുകയാണെങ്കിൽ അതാണേറ്റവും ഭംഗി. നിനക്കറിയാമല്ലോ മാക്സ്, എന്നെക്കാൾ വലുതാണ് എനിക്കു നിന്നോടുള്ള സ്നേഹമെന്നും, അതെന്നിലല്ല, ഞാൻ അതിലാണു കുടിയേറിയിക്കുന്നതെന്നും. എന്റെ അരക്ഷിതപ്രകൃതിയിൽ ദുർബലമായ ഒരാശ്രയമേ അതിനുള്ളുവെങ്കിൽ, ഈ ഉരുളൻകല്ലിലൂടെ പാറയുറപ്പുള്ള ഒരു പാർപ്പിടം കിട്ടുകയാണതിന്, അതിനി ഷാലെൻഗാസ്സെയിലെ വഴിവക്കിലൊരു വിടവിലാണെങ്കിലും. എത്രയോ കാലമായി നിനക്കറിയാവുന്നതിൽ കൂടുതൽ തവണ ഈ സ്നേഹം എന്നെ രക്ഷിച്ചിരിക്കുന്നു; ഇപ്പോഴാകട്ടെ, മുമ്പൊരിക്കലുമില്ലാത്ത മാതിരി ഞാൻ എനിക്കു തന്നെ ഒരു പ്രഹേളികയായിരിക്കുമ്പോൾ, പൂർണ്ണബോധമുള്ളപ്പോൾത്തന്നെ പാതിമയക്കത്തിലാണു ഞാനെന്ന തോന്നലുണ്ടാവുമ്പോൾ, മനസ്സത്ര ശൂന്യമായിത്തോന്നുമ്പോൾ, ജീവനോടുണ്ടോയെന്നുതന്നെ സംശയമായിരിക്കുമ്പോൾ- ഇതുമാതിരി ഒരു സന്ദർഭത്തിൽ ഇങ്ങനെയൊരു ഉരുളൻകല്ല് ലോകത്തിലേക്കു വലിച്ചെറിഞ്ഞ് തീർച്ചയെ തീർച്ചയില്ലായ്മയിൽ വേർതിരിക്കുമ്പോൾ മനസ്സിനതു സ്വസ്ഥത നല്കുന്നു. അതുമായി തട്ടിച്ചു നോക്കുമ്പോൾ പുസ്തകങ്ങളുടെ കാര്യം എന്തു പറയാൻ! ഒരു പുസ്തകം ഒരിക്കൽ നിനക്കൊന്നു മുഷിഞ്ഞാൽ പിന്നെയെന്നും അങ്ങനെ തന്നെയായിരിക്കും; അല്ലെങ്കിൽ നിന്റെ കുട്ടി അതു വലിച്ചുകീറിയെന്നു വരാം; അതുമല്ലെങ്കിൽ കൈയിൽ കിട്ടുമ്പോൾത്തന്നെ അതു തുന്നലു വിട്ടതാണെന്നും വരാം. പക്ഷേ ഒരുരുളൻകല്ല് ഒരിക്കലും നിനക്കു മുഷിയില്ല; അതു ദ്രവിച്ചുപോകലുമില്ല, ആണെങ്കിൽത്തന്നെ അതിവിദൂരമായൊരു ഭാവിയിലുമായിരിക്കും. നിനക്കതിനെ മറക്കാനുമാവില്ല, കാരണം നീയതിനെ ഓർമ്മ വയ്ക്കണമെന്നും ആരും പറഞ്ഞിട്ടില്ലല്ലോ. ഒടുവിലായി, നിനക്കതൊരിക്കലും എന്നെന്നേക്കുമായി നഷ്ടപ്പെടുകയുമില്ല, കാരണം, ഏതെങ്കിലും പഴയൊരു ചരൽപ്പാതയിൽ നിനക്കതു കണ്ടെത്താവുന്നതേയുള്ളു; വെറുമൊരു ഉരുളൻകല്ലല്ലേയത്. ഇനിയും സ്തുതിച്ച് എനിക്കതിനെ ഹാനി വരുത്താനുമാവില്ല. കാരണം പുകഴ്ത്തൽ അതിന്റെ വിഷയത്തെ ഞെരിച്ചമർത്തുകയോ, മുറിപ്പെടുത്തുകയോ, അന്ധാളിപ്പിക്കുകയോ ചെയ്യുമ്പോൾ മാത്രമേ പുകഴ്ത്തൽ ഹാനികരമാവുന്നുള്ളു. പക്ഷേ ഉരുളൻകല്ലോ? ചുരുക്കം പറഞ്ഞാൽ നിനക്കു പറ്റിയ ഒന്നാന്തരം പിറന്നാൾസമ്മാനം കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു ഞാൻ; അതിനെ ഞാൻ നിന്റെയടുത്തേക്കു പറഞ്ഞു വിടുകയും ചെയ്യുന്നു, നീ ജീവിച്ചിരിക്കുന്നതിലുള്ള കൃതജ്ഞത വിലക്ഷണമായിട്ടെങ്കിലും പ്രകടിപ്പിക്കാനുദ്ദേശിച്ചുള്ള ഒരു ചുംബനത്തോടൊപ്പം.
നിന്റെ ഫ്രാൻസ്.
കാഫ്ക സ്നേഹിതനായ മാക്സ് ബ്രോഡിനയച്ച കത്ത്.
ഷാലെൻഗാസ്സെ- ബ്രോഡിന്റെ വീടു നില്ക്കുന്ന തെരുവ്.
No comments:
Post a Comment